ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

78-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ ആഗോള ആരോഗ്യ പ്രതിബദ്ധത ഇന്ത്യ ആവര്‍ത്തിച്ചു

Posted On: 21 MAY 2025 2:31PM by PIB Thiruvananthpuram

'ആരോഗ്യകരമായ ഒരു ലോകം' എന്ന വിഷയത്തില്‍ ആരോഗ്യ മേഖലയോടുള്ള പക്ഷപാതരഹിതമായ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു കൊണ്ട് ഇന്ത്യ ഇന്ന് 78-ാമത് ലോകാരോഗ്യ അസംബ്ലിയുടെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധാനം ചെയ്ത്, കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അദ്ധ്യക്ഷന്മാരെ അഭിനന്ദിക്കുകയും അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമുള്ള അവസരത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

 

സമഗ്രവും സാര്‍വ്വത്രികവുമായ ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ച ശ്രീമതി ശ്രീവാസ്തവ, ആയുഷ്മാന്‍ ഭാരത് പോലുള്ള മുന്‍നിര സംരംഭങ്ങള്‍ക്ക് കീഴില്‍ ഉണ്ടായ പരിവര്‍ത്തനാത്മക മുന്നേറ്റങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. 'ഈ പദ്ധതി സമഗ്ര ആരോഗ്യ സംരക്ഷത്തിനുള്ള പ്രാപ്യത വിപുലീകരിച്ചു, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, നൂതന ചികിത്സകള്‍ക്കു സാമ്പത്തിക സുരക്ഷ ഉറപ്പാക്കി, ആരോഗ്യപരിപാലനത്തില്‍ ഡിജിറ്റല്‍ രീതികളുടെ സ്വീകാര്യത ത്വരിതപ്പെടുത്തി-ഇത് സമഗ്ര ആരോഗ്യ സംരക്ഷണത്തിനു വഴിയൊരുക്കി', എന്ന് അവര്‍ പറഞ്ഞു.

 

മാതാവിന്റെ ആരോഗ്യം, കുടുംബാസൂത്രണം എന്നിവ മെച്ചപ്പെടുത്തുന്നതിനും, ശിശു മരണ നിരക്ക്, ഗർഭസ്ഥശിശു മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ ഫണ്ട്, യുഎന്‍ ഇന്റര്‍-ഏജന്‍സി ഗ്രൂപ്പ് എന്നിവയുള്‍പ്പടെയുള്ള ആഗോള സംഘടനകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എടുത്തു പറഞ്ഞു. ട്രാക്കോമ മുക്ത രാജ്യമായി ഇന്ത്യയെ അടുത്തിടെ ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ക്ഷയം, കുഷ്ഠം, ലിംഫെറ്റിക് ഫൈലേറിയാസിസ്, അഞ്ചാം പനി, റൂബല്ല, കാലാ-അസര്‍ തുടങ്ങിയ രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന്' അവര്‍ അറിയിച്ചു.

 

നയപരമായ ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയില്‍, സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ, 70 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ആരോഗ്യ പരിരക്ഷ ഇന്ത്യ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. "ഭാവിയിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തില്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 380ല്‍ നിന്നും 780 ആക്കി", അവര്‍ പ്രസ്താവിച്ചു.

 

രാജ്യങ്ങളുടെ പരമാധികാരത്തെയും കഴിവുകളെയും ബഹുമാനിക്കുന്നതിനൊപ്പം ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനു നിയമപരവും നിര്‍ബന്ധിതവുമായ ഒരു ചട്ടക്കൂടിനുള്ള ഇന്തയുടെ ശക്തമായ പിന്തുണ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവര്‍ത്തിച്ചു. "ആരോഗ്യ പ്രതിരോധ നടപടികള്‍, സമയബന്ധിതവും സുതാര്യവുമായ ഡാറ്റ, രോഗാണുക്കളെക്കുറിച്ചുള്ള അറിവ് എന്നിവയുടെ പങ്കിടല്‍ എന്നിവ പക്ഷപാതരഹിതമായി പ്രാപ്യമാക്കുന്നത് ഉറപ്പാക്കുന്നതും; പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തിനു വേണ്ടി സാങ്കേതികവിദ്യ പങ്കിടലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും പ്രോത്സാഹിപ്പിക്കുന്നതുമായിരിക്കണം പകര്‍ച്ചവ്യാധി ഉടമ്പടിയെന്ന്", അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, ആരും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയോടെ ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും പകര്‍ച്ചവ്യാധി ഉടമ്പടിയുമായി മുന്നോട്ടു പോകുന്നതില്‍ കൈവരിച്ച ചരിത്രപരമായ പുരോഗതിക്ക് ലോകാരോഗ്യ സംഘടനയെയും അംഗരാജ്യങ്ങളെയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

 

*******************


(Release ID: 2130369)