ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യയുടെ (ഒസിഐ) പുതിയ പോര്‍ട്ടല്‍ ന്യൂഡൽഹിയിൽ പുറത്തിറക്കി
പുതുക്കിയ ഒസിഐ പോർട്ടൽ നിലവിലെ വെബ്സൈറ്റ് അഡ്രസില്‍ ലഭ്യം: https://ociservices.gov.in
Posted On:
19 MAY 2025 6:34PM by PIB Thiruvananthpuram
വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ (ഒസിഐ) പുതിയ പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ, ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒസിഐ കാർഡുടമകളായ പൗരന്മാർക്ക് ലോകോത്തര ഇമിഗ്രേഷൻ സൗകര്യങ്ങൾ നൽകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം നിരന്തരം പരിശ്രമിച്ചുവരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. വിദേശത്തെ പൗരന്മാരുടെ രജിസ്ട്രേഷൻ പ്രക്രിയ ലളിതവല്‍ക്കരിക്കുന്നതിനാണ് പുതുക്കിയ ഉപയോക്തൃ രൂപഘടനയോടെ നവീകരിച്ച ഒസിഐ പോർട്ടൽ പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകമെങ്ങും ഇന്ത്യൻ വംശജരായ നിരവധി പൗരന്മാർ വിവിധ രാജ്യങ്ങളിൽ വസിക്കുന്നുണ്ടെന്നും ഇന്ത്യ സന്ദർശിക്കുമ്പോഴോ രാജ്യത്ത് താമസിക്കുമ്പോഴോ അവർക്ക് ഒരു അസൗകര്യവും നേരിടുന്നില്ലെന്ന് നാം ഉറപ്പാക്കണമെന്നും ശ്രീ ഷാ എടുത്തുപറഞ്ഞു.
നിലവിലെ 5 ദശലക്ഷത്തിലധികം ഒസിഐ കാർഡുടമകൾക്കും പുതിയ ഉപയോക്താക്കൾക്കും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും നൂതന സുരക്ഷയും ഉപയോക്തൃ സൗഹൃദ അനുഭവവും പുതിയ പോർട്ടൽ ഉറപ്പാക്കും. നിലവിലെ വെബ്സൈറ്റ് അഡ്രസില്‍തന്നെ പുതിയ ഒസിഐ പോർട്ടൽ ലഭ്യമാണ്: https://ociservices.gov.in
1955-ലെ പൗരത്വ നിയമത്തിലെ ഭേദഗതിയിലൂടെ 2005-ലാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദ്ധതി അവതരിപ്പിച്ചത്. 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരന്മാരായിരുന്നവരോ ആ തീയതിയിൽ പൗരന്മാരാകാൻ അർഹതയുണ്ടായിരുന്നവരോ ആയ ഇന്ത്യൻ വംശജരെ വിദേശത്തെ ഇന്ത്യന്‍ പൗരന്മാരായി രജിസ്റ്റർ ചെയ്യാന്‍ ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും പാകിസ്ഥാനിലെയോ ബംഗ്ലാദേശിലെയോ പൗരന്മാര്‍ക്കും പൗരന്മാരായിരുന്നവര്‍ക്കും മാതാപിതാക്കളോ മുത്തച്ഛന്മാരോ മുതുമുത്തച്ഛന്മാരോ ഈ രാജ്യങ്ങളിലെ പൗരന്മാരായിരുന്നവര്‍ക്കും പദ്ധതിയുടെ ഭാഗമാകാനാവില്ല.
2013-ൽ വികസിപ്പിച്ച നിലവിലെ ഒസിഐ സേവന പോർട്ടൽ വിദേശത്തെ 180 ലധികം ഇന്ത്യൻ ദൗത്യങ്ങളിലും 12 വിദേശി പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകളിലും (എഫ്ആര്‍ആര്‍ഒ) പ്രവർത്തിക്കുന്നു. പ്രതിദിനം ഏകദേശം 2000 അപേക്ഷകളാണ് പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദശകത്തിലെ ഗണ്യമായ സാങ്കേതിക പുരോഗതിയും ഒസിഐ കാർഡ് ഉടമകളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളും കണക്കിലെടുത്ത് നിലവിലെ പരിമിതികൾ പരിഹരിക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നവീകരിച്ച ഒസിഐ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.

പുതിയ ഒസിഐ പോർട്ടൽ അവതരിപ്പിക്കുന്ന നിരവധി ഉപയോക്തൃ-സൗഹൃദ സവിശേഷതകളില്‍ ചിലത്:
• ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുറക്കാനും രജിസ്റ്റര്‍ ചെയ്യാനും വ്യത്യസ്ത മെനു
• രജിസ്ട്രേഷൻ ഫോമുകളിൽ ഉപയോക്തൃ പ്രൊഫൈൽ വിശദാംശങ്ങള്‍ സ്വയമേവ പൂരിപ്പിക്കല്‍
• പൂർത്തീകരിച്ചതും ഭാഗികമായി പൂരിപ്പിച്ചതുമായ അപേക്ഷകൾ പ്രദർശിപ്പിക്കുന്ന ഡാഷ്‌ബോർഡ്
• എഫ്ആര്‍ആര്‍ഒ-കളിൽ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് സംയോജിത ഓൺലൈൻ പണമിടപാട് സംവിധാനം.
• അപേക്ഷാ ഘട്ടങ്ങളിലുടനീളം ഏത് ഘട്ടത്തിലേക്കും തിരിച്ചെത്താനും മുന്നോട്ടുപോകാനും സൗകര്യം.
• അപേക്ഷാ തരം അടിസ്ഥാനമാക്കി സമര്‍പ്പിക്കേണ്ട രേഖകളുടെ വർഗീകരണം.
• അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഏത് ഘട്ടത്തിലും അപേക്ഷയില്‍ മാറ്റം വരുത്താന്‍ അവസരം
• പോർട്ടലിൽ സംയോജിത പതിവുചോദ്യങ്ങള്‍
• അന്തിമ സമർപ്പണത്തിന് മുമ്പ് വിവരങ്ങൾ പരിശോധിക്കാൻ ഓർമപ്പെടുത്തൽ.
• തിരഞ്ഞെടുത്ത അപേക്ഷാ തരം അടിസ്ഥാനമാക്കി യോഗ്യതാ മാനദണ്ഡങ്ങളും ആവശ്യമായ രേഖകളുടെ വിവരങ്ങളും പ്രദർശിപ്പിക്കല്‍
• അപേക്ഷകന്റെ ചിത്രവും ഒപ്പും സമര്‍പ്പിക്കുന്നതിന് ചിത്രം ക്രോപ് ചെയ്യാന്‍ സംയോജിത ഉപകരണങ്ങള്‍.
സാങ്കേതിക സവിശേഷതകൾ:
1. അടിസ്ഥാന സൗകര്യ ആധുനികവൽക്കരണം
ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ റെഡ്ഹാറ്റ് 9-ൽ ഒന്നിലധികം വെബ് സെർവറുകളും ലോഡ് ബാലൻസറും ഉള്‍പ്പെടുത്തി ലഭ്യത ഉയര്‍ത്തുന്നു.
2. സോഫ്റ്റ്‌വെയർ, പ്ലാറ്റ്‌ഫോം പുതുക്കല്‍
• ഫ്രെയിംവർക്ക് അപ്‌ഡേറ്റുകൾ: വിവിധ ഉപകരണങ്ങളില്‍ അനുയോജ്യമായ ലഭ്യതയ്ക്കായി ജെഡികെ, സ്ട്രറ്റ്സ് 2.5.30, ബൂട്ട്‌സ്‌ട്രാപ്പ് 5.3.0 എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് മാറുന്നു
3. മികച്ച സുരക്ഷാ സംവിധാനങ്ങള്‍
• എസ്എസ്എല്‍/ടിഎല്‍എസ് എൻക്രിപ്ഷൻ: വിവരങ്ങളുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പാക്കുന്നു
• വിവര സുരക്ഷയുടെ പതിവ് പരിശോധനയും പ്രശ്നപരിഹാരവും സാധ്യമാക്കുന്നു.
4. പ്രക്രിയകളുടെ യാന്ത്രിക സംയോജനം
• പ്രക്രിയകള്‍ യാന്ത്രികവല്‍ക്കരിക്കല്‍: പിന്നണി പ്രവർത്തനങ്ങളും പ്രവര്‍ത്തനഘടനകളും ഏകീകരിക്കുന്നു.
5. വിവര നിര്‍വഹണം
വിവര സംഭരണത്തിന്റെയും ലഭ്യതയുടെയും കേന്ദ്രീകരണവും അനുയോജ്യപ്പെടുത്തലും
6. ഉപയോക്തൃ അനുഭവം (യുഎക്സ്) മെച്ചപ്പെടുത്തല്‍
• പ്രതികരണാത്മക വെബ്സൈറ്റ് രൂപകല്പന: എല്ലാ ഉപകരണങ്ങൾക്കും അനുയോജ്യമായ തരത്തില്‍ സജ്ജീകരിക്കുന്നു.
• വേഗത്തിലും മൊബൈല്‍ ഫോണിനനുയോജ്യമായ തരത്തിലും ലഭ്യമാകുന്നു.
7. സൈബർ സുരക്ഷ മെച്ചപ്പെടുത്തല്‍
• ബഹുതല സാധൂകരണം (എംഎഫ്എ)
• സെർവർ ഹാർഡനിങും ഏറ്റവും പുതിയ എവി സംയോജനവും
*********************
(Release ID: 2129744)