രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു
Posted On:
16 MAY 2025 6:30PM by PIB Thiruvananthpuram
ന്യൂഡൽഹി, 16 മെയ് 2025
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മെയ് 16, 2025) ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌കൃത പണ്ഡിതൻ ജഗദ്ഗുരു റാംഭദ്രാചാര്യ ജിക്ക് 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി ജഗദ്ഗുരു റാംഭദ്രാചാര്യയെ അഭിനന്ദിച്ചു. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ ഗുൽസാറിനും ജ്ഞാനപീഠ പുരസ്‌കാര നേട്ടത്തിൽ രാഷ്‌ട്രപതി അഭിനന്ദനം അറിയിച്ചു . ഗുൽസാർ ജി ഉടൻ തന്നെ പൂർണ്ണ ആരോഗ്യവാനും സജീവനുമായി മാറുകയും കല, സാഹിത്യം, സമൂഹം, രാജ്യം എന്നിവയ്ക്ക് സംഭാവന നൽകുന്നത് തുടരുകയും ചെയ്യട്ടെ എന്ന് അവർ ആശംസിച്ചു.
സാഹിത്യം സമൂഹത്തെ ഒന്നിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ സാമൂഹിക ഉണർവ് മുതൽ 20-ാം നൂറ്റാണ്ടിലെ നമ്മുടെ സ്വാതന്ത്ര്യസമരം വരെ, ജനങ്ങളെ ബന്ധിപ്പിക്കുന്നതിൽ കവികളും എഴുത്തുകാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച 'വന്ദേമാതരം' എന്ന ഗാനം ഏകദേശം 150 വർഷമായി ഭാരതമാതാവിന്റെ മക്കളെ ഉണർത്തുന്നു, എന്നും അങ്ങനെ തന്നെ തുടരും. നിത്യ കവികളായ വാൽമീകി, വ്യാസൻ, കാളിദാസൻ മുതൽ രവീന്ദ്രനാഥ ടാഗോർ വരെയുള്ള കവികളുടെ കൃതികളിലൂടെ, ജീവിക്കുന്ന ഇന്ത്യയുടെ സ്പന്ദനം നമുക്ക് അനുഭവപ്പെടുന്നു. ഈ സ്പന്ദനം ഭാരതീയതയുടെ ശബ്ദമാണ്.

1965 മുതൽ വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യകാരന്മാരെ ആദരിച്ചു വരുന്ന ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിനെ രാഷ്ട്രപതി പ്രശംസിച്ചു. ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്ന ഈ പ്രക്രിയയിലൂടെ , ഭാരതീയ ജ്ഞാനപീഠ അവാർഡിന്റെ സെലക്ടർമാർ മികച്ച സാഹിത്യകാരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവന്ന് ഈ അവാർഡിന്റെ അന്തസ്സ് സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അവർ പ്രസ്താവിച്ചു.
ആശാപൂർണ ദേവി, അമൃത പ്രീതം, മഹാദേവി വർമ്മ, ഖുറാത്തുൽ-ഐൻ-ഹൈദർ, മഹാശ്വേതാ ദേവി, ഇന്ദിര ഗോസ്വാമി, കൃഷ്ണ സോബ്തി, പ്രതിഭ റേ തുടങ്ങിയ ജ്ഞാനപീഠ അവാർഡ് ജേതാക്കളായ വനിതാ എഴുത്തുകാർ ഇന്ത്യൻ പാരമ്പര്യത്തെയും സമൂഹത്തെയും പ്രത്യേക സംവേദനക്ഷമതയോടെ നിരീക്ഷിക്കുകയും അനുഭവിക്കുകയും നമ്മുടെ സാഹിത്യത്തെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സഹോദരിമാരും പെൺമക്കളും സാഹിത്യ സൃഷ്ടിയിൽ സജീവമായി പങ്കെടുക്കണമെന്നും ഈ വനിതാ എഴുത്തുകാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ സാമൂഹിക ചിന്തയെ കൂടുതൽ സംവേദനക്ഷമമാക്കണമെന്നും അവർ പറഞ്ഞു.
ശ്രീ റാംഭദ്രാചാര്യ ജി മികവിന്റെ പ്രചോദനാത്മകമായ ഒരു മാതൃക സ്ഥാപിച്ചു എന്ന് രാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിന്റെ ബഹുമുഖ സംഭാവനകളെ അവർ പ്രശംസിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടും, തന്റെ ദിവ്യ ദർശനത്തിലൂടെ സാഹിത്യത്തിനും സമൂഹത്തിനും അദ്ദേഹം അസാധാരണമായ സേവനം നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭാവി തലമുറകൾ സാഹിത്യ സൃഷ്ടിയിലും സമൂഹനിർമ്മാണത്തിലും രാഷ്ട്രനിർമ്മാണത്തിലും ശരിയായ പാതയിൽ മുന്നോട്ട് പോകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************
(Release ID: 2129181)