പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​മത്സ്യബന്ധനമേഖലയ്ക്കു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ അവലോകനംചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു


EEZ, സ്വതന്ത്ര സമുദ്രമേഖല എന്നിവിടങ്ങളിലെ മത്സ്യബന്ധനത്തെക്കുറിച്ചു ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു

മത്സ്യബന്ധനവും മത്സ്യത്തൊഴിലാളിസുരക്ഷയും മെച്ചപ്പെടുത്താൻ ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു​

സ്മാർട്ട് ഹാർബറുകൾ, ഡ്രോൺ ഗതാഗതം, മൂല്യവർധിത വിതരണശൃംഖലകൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന്റെ ആധുനികവൽക്കരണത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി

കാർഷികമേഖലയിലെ കാർഷിക സാങ്കേതികവിദ്യയുടെ മാതൃകയിൽ, ഉൽപ്പാദനം, സംസ്കരണം, വിപണനം എന്നിവ മെച്ചപ്പെടുത്താൻ മത്സ്യബന്ധനമേഖലയിൽ മികച്ച രീതിയിൽ മത്സ്യസാങ്കേതികവിദ്യ സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു

അമൃതസരോവരങ്ങളിലെ മത്സ്യബന്ധനത്തെക്കുറിച്ചും ഉപജീവനമാർഗത്തിനായി അലങ്കാര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ചചെയ്തു

മരുന്നുകളിലും മറ്റു മേഖലകളിലും ഇന്ധന ആവശ്യങ്ങൾക്കായി കടൽപ്പായൽ, പോഷക ചേരുവകൾ എന്നിവയുടെ വൈവിധ്യമാർന്ന ഉപയോഗം പരിശോധിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു

കരബന്ധിതമേഖലകളിൽ മത്സ്യവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രത്തിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു


Posted On: 15 MAY 2025 8:26PM by PIB Thiruvananthpuram

മത്സ്യബന്ധനമേഖലയുടെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ ഉന്നതതലയോഗം ചേർന്നു. പ്രത്യേക സാമ്പത്തിക മേഖലയിലും (EEZ) സ്വതന്ത്ര സമുദ്രമേഖലയിലുമുള്ള മത്സ്യബന്ധനത്തിനു ചർച്ചയിൽ പ്രാധാന്യമേകി.

മത്സ്യസമ്പത്തു മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിലും മത്സ്യത്തൊഴിലാളികൾക്കു സുരക്ഷാനിർദേശങ്ങൾ നൽകുന്നതിലും ഉപഗ്രഹസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്മാർട്ട് ഹാർബറുകളിലൂടെയും വിപണികളിലൂടെയും മേഖലയുടെ ആധുനികവൽക്കരണം, മത്സ്യങ്ങൾ കൊണ്ടുപോകുന്നതിനും വിപണനത്തിലും ഡ്രോണുകളുടെ ഉപയോഗം എന്നിവയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. വിതരണശൃംഖലയിൽ മൂല്യവർധനയ്ക്കായി ആരോഗ്യകരമായ പ്രവർത്തനസംവിധാനത്തിലേക്കു നീങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, വ്യോമയാന​സംവിധാനവുമായി കൂടിയാലോചിച്ച്, ഉൽപ്പാദനകേന്ദ്രങ്ങളിൽനിന്നു നഗരങ്ങളിലെയും പട്ടണങ്ങളിലെയും വലിയ വിപണികളിലേക്കു പുതിയ മത്സ്യം കൊണ്ടുപോകാൻ, സാങ്കേതിക നടപടിക്രമങ്ങൾ അനുസരിച്ചു ഡ്രോണുകളുടെ ഉപയോഗം പരിശോധിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.

ഉൽ‌പ്പന്നങ്ങളുടെ സംസ്കരണവും പാക്കേജിങ്ങും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. സ്വകാര്യമേഖലാനിക്ഷേപങ്ങൾ സുഗമമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു പരാമർശിക്കവേ, കാർഷികമേഖലയിലെ കാർഷിക സാങ്കേതികവിദ്യപോലെ ഉൽപ്പാദനം, സംസ്കരണം, വിപണനം എന്നിവ മെച്ചപ്പെടുത്താൻ മത്സ്യമേഖലയിലും മത്സ്യസാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

അമൃതസരോവരങ്ങളിൽ മത്സ്യോൽപ്പാദനം നടത്തുന്നത് ഈ ജലാശയങ്ങളുടെ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വരുമാനമുണ്ടാക്കുന്നതിനുള്ള മാർഗമായി അലങ്കാര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തിന് ഉയർന്ന ആവശ്യകതയുള്ളതും എന്നാൽ വേണ്ടത്ര ലഭ്യതയില്ലാത്തതുമായ കരബന്ധിതമേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തന്ത്രം ആവിഷ്കരിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഔഷധനിർമാണത്തിലും മറ്റു മേഖലകളിലും ഇന്ധന ആവശ്യങ്ങൾക്കായി, പോഷകചേരുവകളായി കടൽപ്പായൽ ഉപയോഗിക്കുന്നതു പരിശോധിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. കടൽപ്പായൽ മേഖലയിൽ ആവശ്യമായ ഉൽപ്പാദനവും ഫലങ്ങളും സൃഷ്ടിക്കുന്നതിനു ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കണമെന്നും സാങ്കേതികവിദ്യ ഉപയോഗിച്ചു സമ്പൂർണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക മത്സ്യബന്ധനരീതികളിൽ മത്സ്യത്തൊഴിലാളികളുടെ വൈദഗ്ധ്യം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മേഖലയുടെ വളർച്ചയ്ക്കു തടസംസൃഷ്ടിക്കുന്ന വിലക്കപ്പെട്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതി‌ലൂടെ ഈ പ്രതിസന്ധികൾ മറികടക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ വിപണനം സുഗമമാക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള കർമപദ്ധതികൾ തയ്യാറാക്കാൻ കഴിയും.

യോഗത്തിൽ, പ്രധാനപ്പെട്ട സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി, കഴിഞ്ഞ അവലോകനത്തിൽ നൽകിയ നിർദേശങ്ങൾ പാലിക്കൽ എന്നിവ വിലയിരുത്തി. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയെയും (EEZ) സ്വതന്ത്ര സമുദ്ര മേഖലയെയും അടിസ്ഥാനമാക്കി മത്സ്യബന്ധന സാധ്യതകൾ ദീർഘകാലത്തേക്കു സംരക്ഷിച്ചുപയോഗിക്കാനുള്ള സുപ്രധാന നിർദേശങ്ങൾ ഉൾപ്പെടെയുള്ള അവതരണവും നടന്നു.

കേന്ദ്ര ഗവണ്മെന്റ് 2015 മുതൽ, നീല വിപ്ലവ പദ്ധതി, മത്സ്യബന്ധനവും ജലജീവിക്കൃഷി അടിസ്ഥാനസൗകര്യ വികസനനിധിയും (എഫ്‌ഐ‌ഡി‌എഫ്), പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി‌എം‌എം‌എസ്‌വൈ), പ്രധാനമന്ത്രി മത്സ്യ സമൃദ്ധി സഹ് യോജന (പി‌എം-എം‌കെ‌എസ്‌എസ്‌വൈ), കിസാൻ ക്രെഡിറ്റ് കാർഡ് (കെ‌സിസി) തുടങ്ങിയ വിവിധ ഗവൺമെന്റ് പദ്ധതികളിലൂടെയും പരിപാടികളിലൂടെയും 38,572 കോടി രൂപയായി നിക്ഷേപം വർധിപ്പിച്ചു. 2024-25ൽ ഇന്ത്യ 195 ലക്ഷം ടൺ വാർഷിക മത്സ്യോൽപ്പാദനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേഖലയിൽ 9 ശതമാനത്തിൽ കൂടുതൽ വളർച്ചനിരക്കോടുകൂടിയാണ് ഈ നേട്ടം.

യോഗത്തിൽ കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എന്ന ലലൻ സിങ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, മത്സ്യബന്ധന സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

****

SK


(Release ID: 2128971)