രാജ്യരക്ഷാ മന്ത്രാലയം
"ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം പ്രധാനമന്ത്രി മോദി പുനർനിർവചിച്ചു. ഇന്ത്യൻ മണ്ണിനെതിരായ ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കും": രക്ഷാ മന്ത്രി ശ്രീനഗറിൽ
“ഭീകര പ്രവർത്തനങ്ങളും ചർച്ചകളും ഒരുമിച്ച് നടത്താനാവില്ല ; ഭീകരതയെയും പാക് അധീന കശ്മീരിനെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച ഉണ്ടാകൂ "
Posted On:
15 MAY 2025 3:32PM by PIB Thiruvananthpuram
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം പുനർനിർവചിച്ചു. ഇനി ഇന്ത്യൻ മണ്ണിനെതിരായ ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കും" ഇന്ന് (2025 മെയ് 15 ന്) ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിൽ ധീരരായ ഇന്ത്യൻ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ എപ്പോഴും സമാധാനത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ഒരിക്കലും യുദ്ധത്തെ പിന്തുണച്ചിട്ടില്ലെന്നും രക്ഷാ മന്ത്രി പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ പരമാധികാരം ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടർന്നാൽ, അതിന് കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരതയ്‌ക്കെതിരെ ഇന്ത്യ സ്വീകരിച്ച ഏറ്റവും വലിയ ചരിത്ര നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്നും, ഭീകരതയുടെ ഭീഷണി ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്നും ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. "പ്രതിരോധം നടപ്പാക്കുക മാത്രമല്ല, ആവശ്യമുള്ളപ്പോഴെല്ലാം ധീരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും എന്ന പ്രതിജ്ഞാബദ്ധതയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഭീകരരുടെ എല്ലാ ഒളിത്താവളങ്ങളിലും എത്തി അവരെ നശിപ്പിക്കുക എന്നത് ഓരോ സൈനികന്റെയും സ്വപ്നമായിരുന്നു. വളരെ ധൈര്യത്തോടെയും വിവേചനാധികാരത്തോടെയും പഹൽഗാമിന് അവർ പ്രതികാരം ചെയ്തു" അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാനിൽ ഒളിച്ചിരിക്കുന്ന ഭീകര സംഘടനകൾക്കും അവരുടെ നേതാക്കൾക്കും അവർ എവിടെയും സുരക്ഷിതരല്ല എന്ന ശക്തമായ സന്ദേശം നൽകിയതായി രക്ഷാ മന്ത്രി പ്രസ്താവിച്ചു. "നമ്മുടെ സൈന്യം ലോകത്തിന് മുന്നിൽ അവരുടെ ലക്ഷ്യം സ്പഷ്ടവും കൃത്യവുമാണെന്ന് തെളിയിച്ചു. നാശത്തിന്റെ എണ്ണം കണക്കാക്കുന്ന ജോലി ശത്രുക്കൾക്ക് വിട്ട് നൽകിയിരിക്കുന്നു " അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ ആണവ ഭീഷണികൾക്ക് ഇന്ത്യ വഴങ്ങിയില്ല എന്ന യഥാർഥ്യത്തിൽ നിന്ന്, ഈ തീരുമാനം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ അചഞ്ചലമായ ദൃഢ നിശ്ചയമാണെന്ന് മനസ്സിലാക്കാമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഇസ്ലാമാബാദ് എത്ര നിരുത്തരവാദപരമായി ന്യൂഡൽഹിക്കെതിരെ ആണവ ഭീഷണികൾ ഉയർത്തിയിട്ടുണ്ടെന്നതിന് ലോകം പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാൻ ലോകത്തിന് മുന്നിൽ ഈ ചോദ്യം ഉന്നയിക്കുന്നു: ഇത്രയും ഉത്തരവാദിത്വമില്ലാത്ത ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? പാകിസ്ഥാന്റെ ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) വഹിക്കണം,” അദ്ദേഹം പറഞ്ഞു.

പഹൽഗാം സംഭവത്തിലൂടെ ഇന്ത്യയുടെ സാമൂഹിക ഐക്യം തകർക്കാൻ ശ്രമം നടന്നതായും,ഈ ഭീകരാക്രമണത്തിന് പകരമായി എതിരാളിയുടെ ഹൃദയത്തിലാണ് സായുധ സേന പ്രഹരിച്ചതെന്നും ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഏകദേശം 21 വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ മുന്നിൽവച്ച് ഭീകരവാദം ഇനി ഒരിക്കലും അവരുടെ മണ്ണിൽ നിന്ന് ഉണ്ടാകില്ലെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത് അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്ഥാൻ ഇന്ത്യയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യാ വിരുദ്ധരെയും ഭീകരവാദ സംഘടനകളെയും സംരക്ഷിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും അവരുടെ ഭൂമി ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നാണ്യ നിധിയിൽ (IMF) നിന്ന് വായ്പ തേടേണ്ട അവസ്ഥയിലേക്ക് പാകിസ്ഥാൻ എത്തിയിരിക്കുന്നുവെന്നും, ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ IMF-ന് ഫണ്ട് നൽകുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെടുന്നതെന്നും രക്ഷാ മന്ത്രി കൂട്ടിച്ചേർത്തു.
അതിർത്തിക്കപ്പുറത്ത് നിന്ന് അനാവശ്യമായ ഒരു നടപടിയും സ്വീകരിക്കരുതെന്നും ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനമെന്നും ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. ഭീകരതയും ചർച്ചകളും ഒരുമിച്ച് നടക്കില്ലെന്നും, ചർച്ചകൾ നടന്നാൽ അത് ഭീകരതയെയും പാക് അധീന കശ്മീരിനെയും കുറിച്ച് മാത്രമായിരിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിച്ചു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ സാധാരണക്കാർക്കും, ഓപ്പറേഷൻ സിന്ദൂറിൽ മാതൃരാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കും രക്ഷാ മന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. പരിക്കേറ്റ സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച അദ്ദേഹം അവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു
അതിർത്തിക്കപ്പുറമുള്ള പാകിസ്ഥാൻ പോസ്റ്റുകളും ബങ്കറുകളും നശിപ്പിച്ച് കൊണ്ട് ശത്രുവിന് വ്യക്തമായ സന്ദേശം നൽകിയ ധീരരായ സൈനികരോട് ശ്രീ രാജ്‌നാഥ് സിംഗ് നന്ദി അറിയിച്ചു "'നമ്മുടെ സേനയിൽ നാം അഭിമാനിക്കുന്നു" എന്ന രാജ്യത്തെ ജനങ്ങളുടെയാകെ സന്ദേശവുമായാണ് താൻ ഇന്ന് ഇവിടെ എത്തിയത് അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനയുടെ ധീരതയെയും സമർപ്പണത്തെയും പ്രശംസിച്ച രക്ഷാ മന്ത്രി, സൈനികരെ നൂതന ആയുധങ്ങളും പ്ലാറ്റ്‌ഫോമുകളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും നൽകി സജ്ജമാക്കുന്നത് തുടരാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയും ആവർത്തിച്ചു. "നമ്മുടെ സൈന്യം ഏത് സാഹചര്യത്തിനും സജ്ജമാണെന്ന് ഞങ്ങളുടെ ഗവണ്മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. ആധുനിക റൈഫിളുകൾ, മിസൈൽ പ്രതിരോധ കവചങ്ങൾ, ഡ്രോണുകൾ തുടങ്ങിയ നിരവധി പുതു തലമുറ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ വേഗത്തിൽനിർമ്മിക്കപ്പെടുന്നു.മുമ്പെങ്ങുമില്ലാത്തവിധം വിപുലമായി എൽഒസിയിലും എൽഎസിയിലും കണക്റ്റിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ സൈനികരുടെ രാജ്യ സേവനത്തിനുള്ള സമർപ്പണത്തിനും സന്നദ്ധതയ്ക്കും പകരമായി, അവരെ സേവിക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഗവണ്മെന്റും ജനങ്ങളും ഓരോ ഘട്ടത്തിലും, എല്ലാ സാഹചര്യത്തിലും സായുധ സേനയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് ഒരുമിച്ച് നിൽക്കുന്നുവെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ അശുഭകരമായി നോക്കാൻ പോലും ആരും ധൈര്യപ്പെടാത്ത വിധം,സൈന്യത്തിന്റെ സഹകരണത്തോടെ മേഖലയിൽ നിന്ന് ഇന്ത്യ ഉടൻ തന്നെ ഭീകരതയെ തുടച്ചുനീക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിംഗ്, ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

****
(Release ID: 2128891)