പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദംപുർ വ്യോമസേനാ താവളത്തിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളുമായും സൈനികരുമായും സംവദിച്ചു
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ നമ്മുടെ വ്യോമസേനാ യോദ്ധാക്കളുടെയും സൈനികരുടെയും ധൈര്യവും പ്രൊഫഷണലിസവും പ്രശംസനീയമാണ്: പ്രധാനമന്ത്രി
‘ഭാരത് മാതാ കീ ജയ്’ എന്നതു വെറും മുദ്രാവാക്യമല്ല; രാജ്യത്തിന്റെ അഭിമാനത്തിനും അന്തസ്സിനുമായി ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികന്റെയും പ്രതിജ്ഞയാണത്: പ്രധാനമന്ത്രി
ഇന്ത്യയുടെ നയം, ഉദ്ദേശ്യം, നിർണായക ശേഷി എന്നീ മൂന്നു ഘടകങ്ങൾ അടങ്ങിയതാണ് ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രി
നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചപ്പോൾ, ഒളിത്താവളങ്ങളിലെത്തി നാം ഭീകരരെ തകർത്തു: പ്രധാനമന്ത്രി
ഇന്ത്യക്കെതിരെ തിരിയുന്നതു നാശത്തിലേക്കല്ലാതെ മറ്റൊന്നിലേക്കും നയിക്കില്ലെന്നു ഭീകരതയുടെ സൂത്രധാരന്മാർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്: പ്രധാനമന്ത്രി
പാകിസ്ഥാനിലെ ഭീകരതാവളങ്ങളും വ്യോമസേനാ താവളങ്ങളും നശിപ്പിക്കപ്പെട്ടുവെന്നു മാത്രമല്ല, അവരുടെ ദുരുദ്ദേശ്യങ്ങളും അഹന്തയും പരാജയപ്പെടുകയും ചെയ്തു: പ്രധാനമന്ത്രി
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖ ഇപ്പോൾ വ്യക്തമാണ്; ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കും; അതു നിർണായക പ്രതികരണമായിരിക്കും: പ്രധാനമന്ത്രി
Posted On:
13 MAY 2025 5:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദംപുരിലെ വ്യോമസേനാ സ്റ്റേഷനിൽ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി. സൈനികരെ അഭിസംബോധന ചെയ്യവേ, ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശക്തി അദ്ദേഹം എടുത്തുപറഞ്ഞു. ലോകം അതിന്റെ ശക്തിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു മന്ത്രമല്ലെന്നും, ഭാരതമാതാവിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഓരോ സൈനികനും ചെയ്യുന്ന ഗൗരവമേറിയ പ്രതിജ്ഞയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാനും അർഥവത്തായ സംഭാവന നൽകാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് ഈ മുദ്രാവാക്യമെന്നും പറഞ്ഞു. യുദ്ധക്കളത്തിലും നിർണായക ദൗത്യങ്ങളിലും ‘ഭാരത് മാതാ കീ ജയ്’ പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈനികർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുമ്പോൾ, അത് ശത്രുവിന്റെ നട്ടെല്ലിൽ വിറയൽ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സൈനിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യൻ ഡ്രോണുകൾ ശത്രുവിന്റെ കോട്ടകൾ തകർക്കുമ്പോഴും മിസൈലുകൾ കൃത്യതയോടെ ആക്രമിക്കുമ്പോഴും ശത്രു ഒരു വാചകം മാത്രമേ കേൾക്കൂ – ‘ഭാരത് മാതാ കീ ജയ്’. ഏറ്റവും ഇരുണ്ട രാത്രികളിൽ പോലും, ശത്രുവിനെ രാജ്യത്തിന്റെ അജയ്യമായ ചൈതന്യം കാണാൻ നിർബന്ധിതരാക്കുംവിധത്തിൽ ആകാശത്തെ പ്രകാശിപ്പിക്കാൻ ഇന്ത്യക്കു കഴിവുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ സൈന്യം ആണവ ഭീഷണികൾ ഇല്ലാതാക്കുമ്പോൾ, ‘ഭാരത് മാതാ കീ ജയ്’ എന്ന സന്ദേശം ആകാശത്തും ആഴങ്ങളിലും പ്രതിധ്വനിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സായുധ സേനയുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ച അദ്ദേഹം, ദശലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അവർ അഭിമാനം നിറച്ചുവെന്നു വ്യക്തമാക്കി. സൈനികരുടെ സമാനതകളില്ലാത്ത ധീരതയും ചരിത്ര നേട്ടങ്ങളും കാരണം ഓരോ ഇന്ത്യക്കാരനും ഇന്ന് ഔന്നത്യത്തിലെത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്കുശേഷം രാജ്യത്തിന്റെ ധീരതയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോൾ, ഈ ദൗത്യത്തിന് നേതൃത്വം നൽകുന്ന സൈനികർ ഏറ്റവും ആഘോഷിക്കപ്പെടുന്ന വ്യക്തികളായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഈ വീരന്മാരെ സന്ദർശിക്കുന്നത് തീർച്ചയായും വലിയ ഭാഗ്യമാണെന്നു കൂട്ടിച്ചേർത്തു. ധീരരായ യോദ്ധാക്കളുടെ നാട്ടിൽനിന്നു സായുധ സേനകളെ അഭിസംബോധന ചെയ്ത്, വ്യോമസേന, നാവികസേന, കരസേന, അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) എന്നിവയിലെ ധീര ഉദ്യോഗസ്ഥരെ അദ്ദേഹം അഭിവാദ്യം ചെയ്തു. അവരുടെ വീരോചിത പരിശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം, ഓപ്പറേഷൻ സിന്ദൂറിന്റെ അലയൊലികൾ രാജ്യമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്ന് പറഞ്ഞു. ഓപ്പറേഷൻ സമയത്ത്, ഓരോ ഇന്ത്യക്കാരനും സൈനികർക്കൊപ്പം ഉറച്ചുനിന്നു. പ്രാർഥനകളും അചഞ്ചലമായ പിന്തുണയും നൽകി എന്ന് അദ്ദേഹം പറഞ്ഞു. സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങളെ അംഗീകരിച്ച്, രാജ്യത്തിന്റെയാകെ അഗാധമായ നന്ദി അദ്ദേഹം പ്രകടിപ്പിച്ചു.
“ഓപ്പറേഷൻ സിന്ദൂർ സാധാരണ സൈനിക നീക്കമല്ല; മറിച്ച്, ഇന്ത്യയുടെ നയം, ഉദ്ദേശ്യം, നിർണായക ശേഷി എന്നീ മൂന്നു ഘടകങ്ങൾ അടങ്ങിയ ഒന്നാണ്” – അദ്ദേഹം പറഞ്ഞു. ഇന്ത്യ ബുദ്ധന്റെയും ഗുരു ഗോബിന്ദ് സിങ് ജിയുടെയും നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഒരു യോദ്ധാവിനെ 1,25,000 പേർക്കെതിരെ പോരാടാൻ ഞാൻ പ്രേരിപ്പിക്കും... പരുന്തുകളെ തോൽപ്പിക്കാൻ ഞാൻ കുരുവികളെ പ്രേരിപ്പിക്കും... അപ്പോൾ മാത്രമേ എന്നെ ഗുരു ഗോബിന്ദ് സിങ് എന്നു വിളിക്കൂ” എന്ന് പ്രഖ്യാപിച്ച ഗുരു ഗോബിന്ദ് സിങ് ജിയുടെയും നാടാണ് ഇന്ത്യ എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നീതി സ്ഥാപിക്കുന്നതിനായി അനീതിക്കെതിരെ ആയുധങ്ങൾ ഉയർത്തുന്നത് എല്ലായ്പ്പോഴും ഇന്ത്യയുടെ പാരമ്പര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരർ ഇന്ത്യയുടെ പെൺമക്കളെ ആക്രമിക്കാനും ഉപദ്രവിക്കാനും തുനിഞ്ഞപ്പോൾ, ഇന്ത്യൻ സൈന്യം അവരെ അവരുടെ സ്വന്തം ഒളിത്താവളങ്ങളിൽ തകർത്തുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ ആക്രമണകാരികൾ വെല്ലുവിളിച്ചത് ആരെയാണെന്ന് അവർ ഓർത്തില്ല. ശക്തരായ ഇന്ത്യൻ സായുധ സേനയെ അവർ ഓർത്തില്ല. പ്രധാന ഭീകര കേന്ദ്രങ്ങൾ നേരിട്ട് ആക്രമിച്ച് തകർത്ത ഇന്ത്യൻ സൈനികരുടെ ധീരതയെ അദ്ദേഹം പ്രശംസിച്ചു. ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു. നൂറിലധികം ഭീകരരെ ഇല്ലാതാക്കി. ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന്റെ നിഷേധിക്കാനാകാത്ത പരിണതഫലം പൂർണമായ നാശമാണെന്ന് ഇപ്പോൾ ഭീകരതയുടെ സൂത്രധാരന്മാർ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിരപരാധികളുടെ രക്തം ചൊരിയാനുള്ള ഏതൊരു ശ്രമവും നാശത്തിലേക്ക് മാത്രമേ നയിക്കൂ എന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, ഈ ഭീകരർക്ക് അഭയം നൽകിയ പാകിസ്ഥാൻ സൈന്യത്തെ ഇന്ത്യൻ കര-വ്യോമ-നാവിക സേനകൾ നിർണായകമായി പരാജയപ്പെടുത്തിയെന്ന് അടിവരയിട്ടു. “ഭീകരർക്ക് സുരക്ഷിത താവളമില്ല എന്ന വ്യക്തമായ സന്ദേശം ഇന്ത്യൻ സായുധ സേന പാകിസ്ഥാന് നൽകിയിട്ടുണ്ട്”. ഇന്ത്യ അവരുടെ സ്വന്തം പ്രദേശത്തിനുള്ളിൽ അവരെ ആക്രമിക്കുമെന്നും രക്ഷപ്പെടാനുള്ള സാധ്യത അവശേഷിപ്പിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. പാകിസ്ഥാന് അവയെക്കുറിച്ച് ചിന്തിച്ചു ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുംവിധത്തിൽ ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാറാണ പ്രതാപിന്റെ പ്രശസ്ത കുതിരയായ ചേതക്കിനെക്കുറിച്ച് എഴുതിയ വരികൾ ഉദ്ധരിച്ച്, ഈ വാക്കുകൾ ഇപ്പോൾ ഇന്ത്യയുടെ നൂതന ആധുനിക ആയുധങ്ങളുമായി തികച്ചും യോജിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനു കരുത്തേകി. രാജ്യത്തെ ഏകീകരിച്ചു. ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചു. ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോയി” - ശ്രീ മോദി പറഞ്ഞു, സായുധ സേനയുടെ അസാധാരണ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അവരുടെ പ്രവർത്തനങ്ങൾ അഭൂതപൂർവവും, സങ്കൽപ്പത്തിന് അതീതവും ശ്രദ്ധേയവുമാണെന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണങ്ങളുടെ അഗാധമായ കൃത്യത അദ്ദേഹം എടുത്തുകാട്ടി, പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ അവർ വിജയകരമായി ലക്ഷ്യം വച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും 20-25 മിനിറ്റിനുള്ളിൽ, ഇന്ത്യൻ സൈന്യം അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തി കൃത്യമായ ലക്ഷ്യങ്ങൾ നേടിയതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ആധുനികവും, സാങ്കേതികമായി സജ്ജവും, ഉയർന്നതോതിൽ പ്രൊഫഷണലുമായ സേനയ്ക്ക് മാത്രമേ അത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യയുടെ സൈന്യത്തിന്റെ വേഗതയെയും കൃത്യതയെയും അദ്ദേഹം പ്രശംസിച്ചു. അവരുടെ വേഗത്തിലുള്ളതും നിർണായകവുമായ പ്രവർത്തനങ്ങൾ ശത്രുവിനെ പൂർണമായും സ്തംഭിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്ക് അവരുടെ ശക്തികേന്ദ്രങ്ങൾ തകർന്നപ്പോൾ നിലതെറ്റിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് പ്രധാന ഭീകരരെ ഇല്ലാതാക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്ന് പറഞ്ഞ ശ്രീ മോദി, യാത്രാവിമാനങ്ങൾ മറയാക്കി പാകിസ്ഥാൻ അവരുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും, ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയോടെയും കൃത്യതയോടെയുമാണ് പ്രതികരിച്ചതെന്ന് പറഞ്ഞു. ജാഗ്രതയും ഉത്തരവാദിത്വവും നിലനിർത്തി, ദൗത്യം വിജയകരമായി നിർവഹിച്ചതിന് സായുധ സേനയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സൈനികർ തികഞ്ഞ കൃത്യതയോടും ദൃഢനിശ്ചയത്തോടും കൂടി ലക്ഷ്യങ്ങൾ നിറവേറ്റിയതായി അദ്ദേഹം അഭിമാനത്തോടെ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങളും വ്യോമതാവളങ്ങളും നശിപ്പിക്കുക മാത്രമല്ല, അവരുടെ ദുരുദ്ദേശ്യങ്ങളും അഹന്തയും ഈ ഓപ്പറേഷൻ തകർത്തുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം, ശത്രു നിരാശനായി വിവിധ ഇന്ത്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിടാൻ ആവർത്തിച്ച് ശ്രമിച്ചതായി ശ്രീ മോദി പ്രസ്താവിച്ചു. എന്നിരുന്നാലും, ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ഓരോ ശ്രമവും നിർണായകമായി പരാജയപ്പെടുത്തി. ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തിനു മുന്നിൽ പാകിസ്ഥാൻ ഡ്രോണുകൾ, യുഎവികൾ, വിമാനങ്ങൾ, മിസൈലുകൾ എന്നിവയെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തയ്യാറെടുപ്പും സാങ്കേതികശക്തിയും ശത്രുവിന്റെ ഭീഷണികളെ പൂർണമായും നിർവീര്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വ്യോമതാവളങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നേതൃത്വത്തിന് അദ്ദേഹം അഗാധമായ നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യൻ വ്യോമസേനയുടെ ഓരോ യോദ്ധാവിനും ഹൃദയംഗമമായ ആദരം അർപ്പിക്കുകയും ചെയ്തു. രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അവരുടെ മികച്ച പ്രവർത്തനത്തെയും അചഞ്ചലമായ അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യക്കെതിരെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, രാജ്യം നിർണായകമായും കരുത്തോടെയും പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ചു. മുൻകാല മിന്നലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും ഇന്ത്യ സ്വീകരിച്ച ഉറച്ച നടപടികൾ അദ്ദേഹം അനുസ്മരിച്ചു. ഭീഷണികൾ നേരിടുന്നതിൽ ഓപ്പറേഷൻ സിന്ദൂർ ഇപ്പോൾ രാജ്യത്ത് സാധാരണമെന്ന പുതിയ രീതി കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞ മൂന്ന് പ്രധാന തത്വങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഒന്നാമതായി, ഇന്ത്യ ഭീകരാക്രമണത്തിന് ഇരയായാൽ, പ്രതികരണം സ്വന്തം നിബന്ധനകളിലും വ്യവസ്ഥകളിലും ആയിരിക്കും. രണ്ടാമതായി, ഇന്ത്യ ഒരുതരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ല. മൂന്നാമതായി, ഭീകരതയുടെ സൂത്രധാരന്മാരെയും അവർക്ക് അഭയം നൽകുന്ന ഗവണ്മെന്റുകളെയും ഇന്ത്യ ഇനി വേർതിരിച്ചു കാണില്ല. “ലോകം ഇപ്പോൾ പുതിയതും ദൃഢനിശ്ചയമുള്ളതുമായ ഈ ഇന്ത്യയെ അംഗീകരിക്കുന്നു. ദേശീയ സുരക്ഷയ്ക്കും ഭീകരതയ്ക്കും എതിരായ ഉറച്ച സമീപനവുമായി പൊരുത്തപ്പെടുന്നു” - പ്രധാനമന്ത്രി പറഞ്ഞു.
“ഓപ്പറേഷൻ സിന്ദൂറിന്റെ ഓരോ നിമിഷവും ഇന്ത്യയുടെ സായുധ സേനയുടെ കരുത്തിന്റെയും കഴിവിന്റെയും തെളിവാണ്” - ശ്രീ മോദി അഭിപ്രായപ്പെട്ടു. കര-നാവിക-വ്യോമസേനകളുടെ അസാധാരണമായ ഏകോപനത്തെ പ്രശംസിച്ച അദ്ദേഹം, അവരുടെ സമന്വയം ശ്രദ്ധേയമാണെന്ന് എടുത്തുപറഞ്ഞു. കടലിനു മുകളിലുള്ള നാവികസേനയുടെ ആധിപത്യം, കരസേനയുടെ അതിർത്തികളിലെ കരുത്ത്, ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യൻ വ്യോമസേനയ്ക്കുള്ള ഇരട്ടവിഹിതം എന്നിവ അദ്ദേഹം എടുത്തുകാട്ടി. അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) മറ്റു സുരക്ഷാ സേനകളുടെയും മികച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ സംയോജിത വ്യോമ-കര പോരാട്ട സംവിധാനങ്ങളുടെ ഫലപ്രാപ്തിക്ക് അദ്ദേഹം അടിവരയിട്ടു. ഈ സംയുക്ത നിലവാരം ഇപ്പോൾ ഇന്ത്യയുടെ സൈനിക ശക്തിയെ നിർവചിക്കുന്ന സവിശേഷതയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ മനുഷ്യശക്തിയും നൂതന സൈനിക സാങ്കേതികവിദ്യയും തമ്മിലുള്ള ശ്രദ്ധേയമായ ഏകോപനം എടുത്തുകാട്ടിയ പ്രധാനമന്ത്രി, വിവിധ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ പരമ്പരാഗത വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ആകാശ് പോലുള്ള തദ്ദേശീയ പ്ലാറ്റ്‌ഫോമുകളും എസ്-400 പോലുള്ള ആധുനികവും ശക്തവുമായ സംവിധാനങ്ങളും കരുത്തേകിയതായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ശക്തമായ സുരക്ഷാ കവചം നിർണായക ശക്തിയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്കിടയിലും, ഇന്ത്യൻ വ്യോമതാവളങ്ങളും പ്രധാന പ്രതിരോധ അടിസ്ഥാനസൗകര്യങ്ങളും പൂർണമായും സുരക്ഷിതമായി തുടർന്നു. അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന ഓരോ സൈനികന്റെയും, ഓപ്പറേഷനിൽ ഉൾപ്പെട്ട ഓരോ വ്യക്തിയുടെയും, സമർപ്പണവും വീര്യവുമാണ് ഈ വിജയത്തിന് പിന്നിലെന്നു പറഞ്ഞ പ്രധാനമന്ത്രി അവർക്കു നന്ദി അറിയിച്ചു. ഇന്ത്യയുടെ അചഞ്ചലമായ ദേശീയ പ്രതിരോധത്തിന്റെ അടിത്തറയായി അവരുടെ പ്രതിജ്ഞാബദ്ധതയെ അദ്ദേഹം അംഗീകരിച്ചു. പാകിസ്ഥാന് കിടപിടിക്കാൻ കഴിയാത്ത അത്യാധുനിക സാങ്കേതികവിദ്യ ഇപ്പോൾ ഇന്ത്യക്കുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ വ്യോമസേനയും മറ്റ് സൈനിക ശാഖകളും ലോകത്തിലെ ഏറ്റവും നൂതനമായ ചില പ്രതിരോധ സാങ്കേതികവിദ്യകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഗണ്യമായ വെല്ലുവിളികൾ ഉയർത്തുന്നുവെന്നും സങ്കീർണ സംവിധാനങ്ങൾ പരിപാലിക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും അപാരമായ വൈദഗ്ധ്യവും കൃത്യതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക യുദ്ധത്തിൽ മികവ് പ്രകടിപ്പിക്കുന്നതിനും തന്ത്രപരമായ വൈദഗ്ധ്യവുമായി സാങ്കേതികവിദ്യയെ തടസ്സമില്ലാതെ സംയോജിപ്പിക്കുന്നതിനും ഇന്ത്യയുടെ സായുധ സേനയെ പ്രശംസിച്ച ശ്രീ മോദി, ആയുധങ്ങൾ മാത്രമല്ല, ഡേറ്റയും ഡ്രോണുകളും ഉപയോഗിച്ച് എതിരാളികളെ നേരിടുന്നതിൽ ഇന്ത്യൻ വ്യോമസേന പ്രാവീണ്യം നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് ഇന്ത്യയുടെ സൈനിക നടപടി താൽക്കാലികമായി നിർത്തിവച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാൻ കൂടുതൽ ഭീകരപ്രവർത്തനങ്ങളിലോ സൈനിക പ്രകോപനങ്ങളിലോ ഏർപ്പെട്ടാൽ, ഇന്ത്യ പൂർണശക്തിയോടെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ പ്രതികരണം സ്വന്തം നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ സായുധ സേനയുടെ ധൈര്യം, ശൗര്യം, ജാഗ്രത എന്നിവയ്ക്കാണ് ഈ നിർണായക നിലപാടിനുള്ള ഖ്യാതി അദ്ദേഹം നൽകിയത്. സൈനികർ അചഞ്ചലമായ ദൃഢനിശ്ചയം, അഭിനിവേശം, സന്നദ്ധത എന്നിവ നിലനിർത്തണമെന്നു ചൂണ്ടിക്കാട്ടി, ഇന്ത്യ എല്ലായ്‌പ്പോഴും ജാഗ്രതയോടെയും സജ്ജമായും തുടരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സമാധാനം ആഗ്രഹിക്കുന്ന, എന്നാൽ മാനവികതയ്ക്ക് ഭീഷണിയുണ്ടായാൽ എതിരാളികളെ തകർക്കാൻ മടിക്കാത്ത, പുതിയ ഇന്ത്യയാണ് ഇതെന്നു പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.
Interacted with the air warriors and soldiers at AFS Adampur. Their courage and professionalism in protecting our nation are commendable. https://t.co/hFjkVIUl8o
— Narendra Modi (@narendramodi) May 13, 2025
भारत माता की जय! pic.twitter.com/T39ApxBbVc
— PMO India (@PMOIndia) May 13, 2025
Operation Sindoor is a trinity of India's policy, intent and decisive capability. pic.twitter.com/UcG2soTyza
— PMO India (@PMOIndia) May 13, 2025
When the Sindoor of our sisters and daughters was wiped away, we crushed the terrorists in their hideouts. pic.twitter.com/1fsN508Hfj
— PMO India (@PMOIndia) May 13, 2025
The masterminds of terror now know that raising an eye against India will lead to nothing but destruction. pic.twitter.com/4LG4opZ5Py
— PMO India (@PMOIndia) May 13, 2025
Not only were terrorist bases and airbases in Pakistan destroyed, but their malicious intentions and audacity were also defeated. pic.twitter.com/zLzwhIfEJG
— PMO India (@PMOIndia) May 13, 2025
India's Lakshman Rekha against terrorism is now crystal clear.
If there is another terror attack, India will respond and it will be a decisive response. pic.twitter.com/6Aq6yifonP
— PMO India (@PMOIndia) May 13, 2025
Every moment of Operation Sindoor stands as a testament to the strength of India's armed forces. pic.twitter.com/kMBH4fF9gD
— PMO India (@PMOIndia) May 13, 2025
If Pakistan shows any further terrorist activity or military aggression, we will respond decisively. This response will be on our terms, in our way. pic.twitter.com/rJmvdRktRv
— PMO India (@PMOIndia) May 13, 2025
This is the new India! This India seeks peace... But if humanity is attacked, India also knows how to crush the enemy on the battlefield. pic.twitter.com/9rC7qmui3n
— PMO India (@PMOIndia) May 13, 2025
*****
SK
(Release ID: 2128494)
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada