പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
17 JAN 2025 2:01PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ നിതിൻ ഗഡ്കരി ജി, ജിതൻ റാം മാഞ്ചി ജി, മനോഹർ ലാൽ ജി, എച്ച്.ഡി. കുമാരസ്വാമി ജി, പിയൂഷ് ഗോയൽ ജി, ഹർദീപ് സിംഗ് പുരി ജി, ഇന്ത്യയിലും വിദേശത്തുമുള്ള മോട്ടോർവാഹന വ്യവസായത്തിലെ പ്രമുഖരെ, മറ്റ് അതിഥികളെ, സ്ത്രീകളേ, മാന്യരേ!
കഴിഞ്ഞ തവണ ഞാൻ നിങ്ങൾക്കിടയിൽ വന്നപ്പോൾ, ലോക്‌സഭാ തെരഞ്ഞെടുപ്പ് വിദൂരമായിരുന്നില്ല. ആ സമയത്ത്, നിങ്ങളുടെ എല്ലാവരുടെയും ഉറപ്പ് കാരണം, അടുത്ത തവണയും ഞാൻ തീർച്ചയായും ഇന്ത്യ മൊബിലിറ്റി എക്‌സ്‌പോയിൽ പങ്കെടുക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. രാജ്യം മൂന്നാം തവണയും നമ്മെ അനുഗ്രഹിച്ചു. നിങ്ങളെല്ലാവരും ഒരിക്കൽ കൂടി എന്നെ ഇവിടേക്ക് ക്ഷണിച്ചു, നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഈ വർഷം ഇന്ത്യ മൊബിലിറ്റി എക്‌സ്‌പോയുടെ വ്യാപ്തി വളരെയധികം വർദ്ധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ വർഷം 800-ലധികം പ്രദർശകർ പങ്കെടുത്തു, 1.5 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു, ഇത്തവണ ഭാരത് മണ്ഡപത്തോടൊപ്പം, ദ്വാരകയിലെ യശോഭൂമിയിലും ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററിലും ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. വരുന്ന 5-6 ദിവസങ്ങളിൽ ധാരാളം ആളുകൾ ഇവിടെയെത്തും. നിരവധി പുതിയ വാഹനങ്ങളും ഇവിടെ പുറത്തിറങ്ങാൻ പോകുന്നു. ഇന്ത്യയിലെ ഗതാഗത ഭാവിക്ക് അനുകൂലമായ അന്തരീക്ഷം ഇത് കാണിക്കുന്നു. ഇവിടെ ചില പ്രദർശനങ്ങൾ സന്ദർശിക്കാനും കാണാനും എനിക്ക് അവസരം ലഭിച്ചു. ഇന്ത്യയുടെ വാഹന വ്യവസായം അതിശയകരവും ഭാവിക്ക് സജ്ജവുമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വാഹന വ്യവസായ മേഖലയിലെ ഇത്രയും വലിയൊരു ചടങ്ങിൽ, ഇന്ന് ഞാൻ രത്തൻ ടാറ്റ ജിയെയും ഒസാമു സുസുക്കി ജിയെയും സ്മരിക്കുന്നു. ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയുടെ വളർച്ചയിലും മധ്യവർഗത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലും ഈ രണ്ട് മഹാന്മാരും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. രത്തൻ ടാറ്റ ജിയുടെയും ഒസാമു സുസുക്കി ജിയുടെയും പാരമ്പര്യം ഇന്ത്യയുടെ മുഴുവൻ
ഗതാഗഗത മേഖലയെയും പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇന്നത്തെ ഇന്ത്യ യുവത്വത്തിന്റെ അഭിലാഷങ്ങൾ നിറഞ്ഞതും, യുവത്വത്തിന്റെ ഊർജ്ജം നിറഞ്ഞതുമാണ്. ഇന്ത്യയുടെ മോട്ടോർ വാഹന വ്യവസായത്തിൽ ഈ അഭിലാഷങ്ങൾ നമുക്ക് കാണാൻ കഴിയും. കഴിഞ്ഞ വർഷം, ഇന്ത്യയുടെ മോട്ടോർ വാഹന വ്യവസായം ഏകദേശം 12 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക (മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്) എന്ന മന്ത്രം പിന്തുടർന്ന്, കയറ്റുമതിയും ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ പല രാജ്യങ്ങളിലെയും ജനസംഖ്യ ഇന്ത്യയിൽ ഓരോ വർഷവും വിൽക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അത്രയുമില്ല. ഒരു വർഷം ഏകദേശം 2.5 കോടി വാഹനങ്ങൾ വിൽക്കുന്നത് ഇന്ത്യയിൽ ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നു. ഗതാഗത മേഖലയുടെ ഭാവിയെക്കുറിച്ച് പറയുമ്പോൾ ഇന്ത്യയെ ഇത്രയധികം പ്രതീക്ഷയോടെ നോക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഒരു പാസഞ്ചർ വാഹന വിപണിയായി നമ്മൾ ഇതിനെ നോക്കുകയാണെങ്കിൽ, ലോകത്തിലെ മൂന്നാം സ്ഥാനത്താണ് നമ്മൾ. ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഉൾപ്പെടുമ്പോൾ നമ്മുടെ മോട്ടോർ വാഹന വിപണി എവിടെയാണെന്ന് സങ്കൽപ്പിക്കുക? വികസിത ഇന്ത്യയുടെ യാത്ര ഗതാഗത മേഖലയുടെ അഭൂതപൂർവമായ പരിവർത്തനത്തിന്റെയും ബഹുമുഖ വികാസത്തിന്റെയും ഒരു യാത്രയായിരിക്കും. ഇന്ത്യയിലെ ഗതാഗത മേഖലയുടെ ഭാവിയെ നയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിലെ വലിയ യുവജനസംഖ്യ, മധ്യവർഗത്തിന്റെ വർദ്ധിച്ചുവരുന്ന അവസരങ്ങൾ, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, മേക്ക് ഇൻ ഇന്ത്യയിലൂടെ നിർമ്മിക്കുന്ന താങ്ങാനാവുന്ന വിലയിലുള്ള വാഹനങ്ങൾ, ഈ ഘടകങ്ങളെല്ലാം ഇന്ത്യയിലെ വാഹന മേഖലയുടെ വളർച്ചയെ മുന്നോട്ട് നയിക്കും, അതിന് പുതിയ ശക്തി നൽകും.
സുഹൃത്തുക്കളേ,
വാഹന വ്യവസായത്തിന്റെ വികസനത്തിന് ആവശ്യങ്ങളും അഭിലാഷങ്ങളും വളരെ പ്രധാനമാണ്. ഭാഗ്യവശാൽ, ഇന്ന് ഇന്ത്യയിൽ രണ്ടും സജീവമാണ്. അടുത്ത കുറച്ച് ദശകങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി തുടരും. ഈ യുവത്വമാണ് നിങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ്. ഇത്രയും വലിയ ഒരു യുവജന സംഘം എത്രത്തോളം ആവശ്യം സൃഷ്ടിക്കുമെന്ന് നിങ്ങൾക്ക് നന്നായി കണക്കാക്കാം. നിങ്ങളുടെ മറ്റൊരു വലിയ ഉപഭോക്താവ് ഇന്ത്യയിലെ മധ്യവർഗമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഈ നവ മധ്യവർഗം അവരുടെ ആദ്യ വാഹനം വാങ്ങുകയാണ്. പുരോഗതി സംഭവിക്കുമ്പോൾ, അവർ അവരുടെ വാഹനങ്ങളും നവീകരിക്കും. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാണ്.
സുഹൃത്തുക്കളേ,
നല്ലതും വീതിയുള്ളതുമായ റോഡുകളുടെ അഭാവം ഒരുകാലത്ത് ഇന്ത്യയിൽ വാഹനങ്ങൾ വാങ്ങാതിരിക്കാൻ കാരണമായിരുന്നു. ഇപ്പോൾ ഈ സ്ഥിതിയും മാറിക്കൊണ്ടിരിക്കുന്നു. യാത്ര സുഗമമാക്കുക എന്നത് ഇന്ന് ഇന്ത്യയ്ക്ക് വലിയ മുൻഗണനയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടിയിലധികം രൂപ വകയിരുത്തി. ഇന്ന്, ഇന്ത്യയിൽ മൾട്ടി-ലെയ്ൻ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും ഒരു ശൃംഖല സ്ഥാപിക്കപ്പെടുന്നു. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിലൂടെ ബഹുതല കണക്റ്റിവിറ്റിക്ക് ശക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നു. ദേശീയ ലോജിസ്റ്റിക്സ് നയം കാരണം, ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത ലോജിസ്റ്റിക്സ് ചെലവുകളുള്ള രാജ്യമായി ഇന്ത്യ മാറാൻ പോകുന്നു. ഈ ശ്രമങ്ങളെല്ലാം കാരണം, വാഹന വ്യവസായത്തിന് നിരവധി പുതിയ സാധ്യതകൾ തുറക്കുന്നു. രാജ്യത്ത് വാഹനങ്ങൾക്കായുള്ള ആവശ്യം വർദ്ധിക്കുന്നതിന് പിന്നിലും ഇത് ഒരു വലിയ കാരണമാണ്.
സുഹൃത്തുക്കളേ,
ഇന്ന്, നല്ല അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം, പുതിയ സാങ്കേതികവിദ്യയും സംയോജിപ്പിക്കപ്പെടുന്നു.ഫാസ്റ്റ് ടാഗിലൂടെ ഇന്ത്യയിലെ ഡ്രൈവിംഗ് വളരെ സുഗമമാക്കിയിരിക്കുന്നു. ദേശീയ പൊതു ഗതാഗത കാർഡ് (നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) ഇന്ത്യയിൽ സുഗമമായ യാത്രയ്ക്കുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇപ്പോൾ നമ്മൾ സ്മാർട്ട് മൊബിലിറ്റിയിലേക്ക് നീങ്ങുകയാണ്. കണക്റ്റഡ് വാഹനങ്ങളുടെയും ഓട്ടോണമസ് ഡ്രൈവിംഗിന്റെയും ദിശയിലും ഇന്ത്യ വേഗത്തിൽ പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ചാ സാധ്യതകളിൽ മെയ്ക്ക് ഇൻ ഇന്ത്യയുടെ ശക്തിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പിഎൽഐ പദ്ധതികളിൽ നിന്ന് മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് പുതിയ പ്രചോദനം ലഭിച്ചു. പിഎൽഐ പദ്ധതി 2.25 ലക്ഷം കോടിയിലധികം രൂപയുടെ വിൽപ്പനയ്ക്ക് സഹായിച്ചു. ഈ പദ്ധതിയിലൂടെ മാത്രം ഈ മേഖലയിൽ 1.5 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നിങ്ങൾക്കറിയാവുന്നതുപോലെ, നിങ്ങൾ നിങ്ങളുടെ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, മറ്റ് മേഖലകളിലും ഇത് ഗുണിത ഫലമുണ്ടാക്കുന്നു. നമ്മുടെ എംഎസ്‌എംഇ മേഖല ധാരാളം ഓട്ടോമൊബൈൽ ഭാഗങ്ങൾ നിർമ്മിക്കുന്നു. ഓട്ടോമൊബൈൽ മേഖല വളരുമ്പോൾ, എംഎസ്‌എംഇകളുടെ ലോജിസ്റ്റിക്സ്, ടൂർ, ഗതാഗത മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ സ്വയമേവ വർദ്ധിക്കാൻ തുടങ്ങും.
സുഹൃത്തുക്കളേ,
ഇന്ത്യൻ ഗവണ്മെൻ്റ് എല്ലാ തലത്തിലും ഓട്ടോമൊബൈൽ മേഖലയെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഈ വ്യവസായത്തിൽ എഫ്ഡിഐ, സാങ്കേതിക കൈമാറ്റം, ആഗോള പങ്കാളിത്തം എന്നിവയുടെ പുതിയ വഴികൾ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ, മുപ്പത്തിയാറ് ബില്യൺ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ഈ മേഖലയിൽ വന്നു. വരും വർഷങ്ങളിൽ, ഇത് പല മടങ്ങ് വർദ്ധിക്കും. ഇന്ത്യയിൽ തന്നെ ഓട്ടോമൊബൈൽ നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ ആവാസവ്യവസ്ഥയും വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം.
സുഹൃത്തുക്കൾ
ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സെവൻ (ഏഴ്)-സിയുടെ ദർശനത്തെക്കുറിച്ച് ഞാൻ ചർച്ച ചെയ്തത് ഓർക്കുന്നു. നമ്മുടെ ഗതാഗത പരിഹാരങ്ങൾ പൊതുവായതും, ബന്ധിപ്പിക്കുന്നതും, സൗകര്യപ്രദവും, തിരക്ക് രഹിതവും, ചാർജ്ജ് ചെയ്‌തതും, ശുദ്ധവും, അത്യാധുനികവുമായിരിക്കണം. ഹരിത ഗതാഗതത്തിലുള്ള നമ്മുടെ ശ്രദ്ധ ഈ ദർശനത്തിന്റെ ഭാഗമാണ്. ഇന്ന് നമ്മൾ സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും പിന്തുണയ്ക്കുന്ന അത്തരമൊരു ഗതാഗത സംവിധാനം നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി പണം കുറയ്ക്കുന്ന ഒരു സംവിധാനം. അതിനാൽ, ഇന്ന് നമ്മൾ ഹരിത സാങ്കേതിക വിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധനം, ജൈവ ഇന്ധനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകളുടെ വികസനത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ ഇലക്ട്രിക് മൊബിലിറ്റി ദൗത്യം , ഹരിത ഹൈഡ്രജൻ മിഷൻ തുടങ്ങിയ പ്രചാരണങ്ങൾ ഈ ദർശനത്തോടെയാണ് ആരംഭിച്ചത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, ഇലക്ട്രിക് വാഹന വിൽപ്പന 640 മടങ്ങ് വർദ്ധിച്ചു. പത്ത് വർഷം മുമ്പ്, ഒരു വർഷം ഏകദേശം 2600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ വിറ്റഴിച്ചിരുന്നുള്ളൂ, എന്നാൽ 2024 ൽ 16 ലക്ഷത്തി 80 ആയിരത്തിലധികം വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു. അതായത്, 10 വർഷം മുമ്പ് ഒരു വർഷം മുഴുവൻ വിറ്റതിന്റെ ഇരട്ടി ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് ഒരു ദിവസം വിൽക്കപ്പെടുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ, ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 8 മടങ്ങ് വരെ വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വിഭാഗത്തിൽ നിങ്ങൾക്ക് എത്രത്തോളം സാധ്യതകൾ വർദ്ധിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്ത് ഇലക്ട്രിക് ഗതാഗത മേഖല വികസിപ്പിക്കുന്നതിനും വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുമായി ഗവണ്മെൻ്റ് നിരന്തരം നയപരമായ തീരുമാനങ്ങൾ എടുക്കുന്നു. FAME-2 പദ്ധതി 5 വർഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ കീഴിൽ 8,000 കോടിയിലധികം രൂപയുടെ ഇൻസെൻ്റീവുകൾ നൽകിയിട്ടുണ്ട്. ഈ തുകയിൽ നിന്ന്, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി നൽകുകയും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇത് 16 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളെ പിന്തുണച്ചു, അതിൽ 5,000-ത്തിലധികം ഇലക്ട്രിക് ബസുകളാണ്. ഡൽഹിയിലും, ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 1200-ലധികം ഇലക്ട്രിക് ബസുകൾ ഓടുന്നുണ്ട്. ഞങ്ങളുടെ മൂന്നാം ടേമിൽ, ഞങ്ങൾ പിഎം ഇ ഡ്രൈവ് പദ്ധതി കൊണ്ടുവന്നു. ഇതിന് കീഴിൽ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇ-ആംബുലൻസുകൾ, ഇ-ട്രക്കുകൾ എന്നിങ്ങനെ ഏകദേശം 28 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സഹായം നൽകും. ഏകദേശം 14,000 ഇലക്ട്രിക് ബസുകളും വാങ്ങും. രാജ്യത്തുടനീളം വ്യത്യസ്ത വാഹനങ്ങൾക്കായി 70,000-ത്തിലധികം ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കും. മൂന്നാം ടേമിൽ തന്നെ, പിഎം ഇ-ബസ് സർവീസും ആരംഭിച്ചു. ഇതിന്റെ കീഴിൽ, രാജ്യത്തെ ചെറു നഗരങ്ങളിൽ ഏകദേശം മുപ്പത്തിയെണ്ണായിരം ഇ-ബസുകൾ ഓടിക്കാൻ കേന്ദ്ര ഗവണ്മെൻ്റ് സഹായം നൽകും. വൈദ്യുത വാഹന നിർമ്മാണ വ്യവസായത്തെ ഗവണ്മെൻ്റ് തുടർച്ചയായി പിന്തുണയ്ക്കുന്നു. വൈദ്യുത വാഹന നിർമ്മാണത്തിനായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകർക്കായി വഴികളും സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഗുണനിലവാരമുള്ള വൈദ്യുത വാഹന നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഇത് സഹായിക്കും.
സുഹൃത്തുക്കളേ,
ആഗോളതാപനത്തിന്റെയും കാലാവസ്ഥയുടെയും വെല്ലുവിളിയെ നേരിടാൻ, സൗരോർജ്ജവും ബദൽ ഇന്ധനവും പ്രോത്സാഹിപ്പിക്കുന്നത് തുടരേണ്ടതുണ്ട്. ജി-20 അധ്യക്ഷ കാലത്ത് ഇന്ത്യ ഒരു ഹരിത ഭാവിക്ക് വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ന്, ഇലക്ട്രിക് വൈദ്യുതിയോടൊപ്പം, ഇന്ത്യയിൽ സൗരോർജ്ജവുമായി ബന്ധപ്പെട്ട് വളരെ വലിയ തലത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പിഎം സൂര്യഘർ- സൗജന്യ വൈദ്യുതി പദ്ധതിയുമായി ചേർന്ന് പുരപ്പുറ സൗരോർജ്ജത്തിൻ്റെ ഒരു വലിയ ദൗത്യം നടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ബാറ്ററികൾക്കും സംഭരണ സംവിധാനങ്ങൾക്കുമുള്ള ആവശ്യം ഈ മേഖലയിലും തുടർച്ചയായി വർദ്ധിക്കാൻ പോകുന്നു. അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെൻ്റ് 18,000 കോടി രൂപയുടെ പിഎൽഐ പദ്ധതി ആരംഭിച്ചു. അതായത് ഈ മേഖലയിൽ വലിയ നിക്ഷേപം നടത്തുന്നതിന് നിങ്ങൾക്ക് ഇതാണ് ശരിയായ സമയം. ഊർജ്ജ സംഭരണ മേഖലയിൽ സ്റ്റാർട്ട് അപ് ആരംഭിക്കാൻ രാജ്യത്തെ കൂടുതൽ കൂടുതൽ യുവാക്കളെ ഞാൻ ക്ഷണിക്കുന്നു. ഇന്ത്യയിൽ തന്നെ ലഭ്യമായ വസ്തുക്കളിൽ നിന്ന് ബാറ്ററികളും സംഭരണ സംവിധാനങ്ങളും നിർമ്മിക്കാൻ കഴിയുന്ന അത്തരം നൂതനാശയങ്ങളിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, പക്ഷേ അത് ദൗത്യ രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് പ്രധാനമാണ്.
സുഹൃത്തുക്കളേ,
കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഉദ്ദേശ്യവും പ്രതിബദ്ധതയും വളരെ വ്യക്തമാണ്. പുതിയ നയങ്ങൾ രൂപീകരിക്കുക എന്നതായാലും പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നതായാലും, ഞങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്. ഇപ്പോൾ നിങ്ങൾ അവ മുന്നോട്ട് കൊണ്ടുപോകണം, അവ പ്രയോജനപ്പെടുത്തണം. ഇപ്പോൾ ഒരു വാഹന സ്ക്രാപ്പിംഗ് നയമുണ്ട്. എല്ലാ നിർമ്മാതാക്കളും ഈ നയം പ്രയോജനപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കമ്പനിയിൽ ഒരു പ്രോത്സാഹന പദ്ധതി കൊണ്ടുവരാനും നിങ്ങൾക്ക് കഴിയും. ഇതോടെ, കൂടുതൽ കൂടുതൽ ആളുകൾ അവരുടെ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ മുന്നോട്ട് വരും. ഈ പ്രചോദനം വളരെ പ്രധാനമാണ്. രാജ്യത്തിന്റെ പരിസ്ഥിതിക്ക് നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു മികച്ച സേവനവുമാണിത്.
സുഹൃത്തുക്കളേ,
ഓട്ടോമോട്ടീവ് വ്യവസായം നവീകരണത്താൽ നയിക്കപ്പെടുന്നതും സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതുമാണ്. നൂതനാശയം, സാങ്കേതികവിദ്യ, വൈദഗ്ദ്ധ്യം അല്ലെങ്കിൽ ആവശ്യകത ഏതുമാകട്ടെ, ഭാവി പൗരസ്ത്യ മേഖലകളുടേതാണ്, ഏഷ്യ, ഇന്ത്യ എന്നിവയുടേതാണ്. ഗതാഗത മേഖലയിൽ ഭാവി കാണുന്ന എല്ലാ മേഖലകൾക്കും നിക്ഷേപകർക്കും ഇന്ത്യ ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്. ഗവണ്മെൻ്റ് എല്ലാ വിധത്തിലും നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ നിങ്ങൾക്കെല്ലാവർക്കും വീണ്ടും ഉറപ്പുനൽകുന്നു. ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക (മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്) എന്ന മന്ത്രവുമായി മുന്നോട്ട് പോകുക. നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ.
നന്ദി!
-SK-
(Release ID: 2127742)
Read this release in:
Odia
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada