ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പാകിസ്ഥാനോടും നേപ്പാളിനോടും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സുരക്ഷാ അവലോകന യോഗം ചേർന്നു.

യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിയെയും മൂന്ന് സായുധ സേനാ വിഭാഗങ്ങളെയും അഭിനന്ദിച്ചു.

Posted On: 07 MAY 2025 7:12PM by PIB Thiruvananthpuram
പാകിസ്ഥാനോടും നേപ്പാളിനോടും  അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും ചേർന്ന് ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ സുരക്ഷാ അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. ജമ്മു കശ്മീർ, ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർമാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ, സിക്കിം സർക്കാരിന്റെ ഒരു പ്രതിനിധി എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ (IB), അതിർത്തി സുരക്ഷാ സേന (BSF) ഡയറക്ടർ ജനറൽ, കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (CISF) ഡയറക്ടർ ജനറൽ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിലെ (MHA) മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
 


2025 ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഹീനമായ ഭീകരാക്രമണത്തിന് ശേഷം, ആക്രമണം നടത്തിയ കുറ്റവാളികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും രാജ്യം ഉചിതമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കിയ കാര്യം യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്വീകരിച്ച ഉറച്ച ദൃഢനിശ്ചയത്തിനും തീരുമാനത്തിനും ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു. ഇന്ത്യൻ അതിർത്തികളെയും സൈന്യത്തെയും പൗരന്മാരെയും വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടവർക്ക് ഭാരതം നൽകിയ ഉചിതമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് യോഗത്തിൽ പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും പ്രധാനമന്ത്രി മോദിയെയും മൂന്ന് സായുധ സേനാ വിഭാഗങ്ങളെയും അഭിനന്ദിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ തെല്ലും അലംഭാവം കാണിക്കാതെ, ഓപ്പറേഷൻ സിന്ദൂറിലൂടെ ഉചിതമായ മറുപടി നൽകിയതായും ഇതിലൂടെ ലോകത്തിന് ശക്തമായ സന്ദേശം നൽകിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വ്യക്തമായ വിവര ശേഖരണത്തിന് ശേഷം ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ സായുധ സേന ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ, ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം എന്ന മോദി സർക്കാരിന്റെ നയത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് രാജ്യം പ്രദർശിപ്പിക്കുന്ന ഐക്യം രാജ്യത്തെ പൗരന്മാരുടെ മനോവീര്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു.

2025 മെയ് 6-7 തീയതികളിലെ, രാത്രിയിൽ ഇന്ത്യൻ സായുധ സേന ഭീകരരുമായി ബന്ധമുള്ള ഒമ്പത്  സ്ഥലങ്ങൾ ആക്രമിച്ച് അടിസ്ഥാന സൗകര്യങ്ങൾ തകർത്തതായി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷനിൽ, ഭീകര പരിശീലന ക്യാമ്പുകൾ, ആയുധ കേന്ദ്രങ്ങൾ, ലഷ്കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ അടക്കമുള്ള  ഭീകര ഗ്രൂപ്പുകകളുടെ ഒളിത്താവളങ്ങൾ എന്നിവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

മോക്ക് ഡ്രില്ലിനായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചു. ആശുപത്രികൾ, അഗ്നിശമന സേന തുടങ്ങിയ അവശ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും അവശ്യവസ്തുക്കളുടെ തടസ്സരഹിത വിതരണം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ സേനകൾ, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ വിഭാഗങ്ങളെ ജാഗ്രതയോടെ സജ്ജരാക്കാൻ ആഭ്യന്തര മന്ത്രി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പൗരന്മാരിലൂടെയും സർക്കാരിതര സംഘടനകളിലൂടെയും പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ കർശനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഏജൻസികളുമായും ഏകോപിപ്പിച്ച് ഉടനടി നടപടി സ്വീകരിക്കണമെന്നും ശ്രീ അമിത് ഷാ ആവശ്യപ്പെട്ടു. തടസ്സരഹിത ആശയവിനിമയം നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭയം പടർത്തുന്നത് അവസാനിപ്പിക്കാനും കിംവദന്തികൾക്കെതിരെ ജനങ്ങളിൽ അവബോധം വളർത്താൻ നടപടികൾ സ്വീകരിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തദ്ദേശ ഭരണകൂടങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
 
*****
 

(Release ID: 2127622) Visitor Counter : 20