പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-തായ്ലൻഡ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനം
Posted On:
04 APR 2025 6:47PM by PIB Thiruvananthpuram
2025 ഏപ്രിൽ 3, 4 തീയതികളിൽ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്ലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും ബാങ്കോക്കിൽ ആറാമതു ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്തു. ബാങ്കോക്കിലെ ഗവൺമെന്റ് ഹൗസിൽ പ്രധാനമന്ത്രി മോദിക്കു തായ്ലൻഡ് പ്രധാനമന്ത്രി ഷിനവാത് ആചാരപരമായ സ്വീകരണം നൽകി.
ഇന്ത്യക്കും തായ്ലൻഡിനുമിടയിലെ ആഴത്തിലുള്ള നാഗരിക-സാംസ്കാരിക-മത-ഭാഷ ബന്ധങ്ങളെയും 78 വർഷത്തെ നയതന്ത്ര ബന്ധത്തെയും അംഗീകരിച്ച ഇരുനേതാക്കളും പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, സമ്പർക്കസൗകര്യം, ശാസ്ത്ര-സാങ്കേതിക വിദ്യ, നവീകരണം, ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചു വിപുലമായ ചർച്ചകൾ നടത്തി. പരസ്പരതാൽപ്പര്യമുള്ള ഉപ-പ്രാദേശിക, പ്രാദേശിക, ബഹുമുഖ വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി. സഹകരണത്തിന്റെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന നിരവധി ധാരണാപത്രങ്ങൾ ഇരുനേതാക്കളും കൈമാറി. ഇന്ത്യ-തായ്ലൻഡ് കോൺസുലാർ സംഭാഷണം സ്ഥാപിക്കുന്നതിനെയും അവർ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി ഷിനവാത്തും പ്രധാനമന്ത്രി മോദിയും വാട്ട് ഫ്ര ചെതുഫോൺ വിമോൺ മാങ്ഖലരം രാജ്വരമഹാവിഹാൻ സന്ദർശിച്ച് ചരിത്രപ്രസിദ്ധമായ ശയിക്കുന്ന ബുദ്ധനു ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഉഭയകക്ഷി-പ്രാദേശിക തലങ്ങളിൽ മാത്രമല്ല, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ആഗോള സാഹചര്യത്തിലും, നിലവിലുള്ള സഹകരണവും അടുത്ത സഹകരണത്തിനുള്ള സാധ്യതയും കണക്കിലെടുത്ത്, നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇരുനേതാക്കളും സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പൂർണശേഷി സാക്ഷാത്കരിക്കുന്നതിനുള്ള മെച്ചപ്പെട്ട പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തെ ഇത് അടയാളപ്പെടുത്തുന്നു.
ഇരുരാജ്യങ്ങളുടെയും അതതു പ്രദേശങ്ങളുടെയും തുടർച്ചയായ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ് തന്ത്രപരമായ പങ്കാളിത്തം. അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടുത്ത സഹകരണം ഉറപ്പാക്കുന്നതിനും പൊതുവായ വെല്ലുവിളികളോടു സംയുക്തമായി പ്രതികരിക്കുന്നതിനും ഭാവി ലക്ഷ്യമാക്കിയുള്ളതും പരസ്പരപ്രയോജനകരവുമായ പാത രൂപപ്പെടുത്തുന്നതിൽ തന്ത്രപരമായ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും പ്രധാന അടിത്തറയായി വർത്തിക്കും.
രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, സമ്പർക്കസൗകര്യം, വിദ്യാഭ്യാസം, സാമൂഹിക-സാംസ്കാരിക വികസനം, ജനങ്ങൾ തമ്മിലുള്ള വിനിമയം, അതുപോലെ പരസ്പര താൽപ്പര്യമുള്ള മറ്റു മേഖലകൾ എന്നിവയിൽ പങ്കാളിത്തം ഉൾക്കൊള്ളുന്ന നിലവിലുള്ള കരാറുകളുടെയും സഹകരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലാണു തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുക.
തന്ത്രപരമായ ഈ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിലൂടെ, സ്വതന്ത്രവും തുറന്നതും സുതാര്യവും നിയമാധിഷ്ഠിതവും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും സ്ഥിരതയുള്ളതുമായ ഇൻഡോ-പസഫിക് മേഖലയിൽ ഇരുനേതാക്കളും പൊതുവായ താൽപ്പര്യങ്ങൾ ആവർത്തിച്ചുറപ്പിക്കുകയും ആസിയാൻ കേന്ദ്രീകരണത്തിനായുള്ള കരുത്തുറ്റ പിന്തുണ ആവർത്തിക്കുകയും ചെയ്തു. മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള ആസിയാൻ ഇൻഡോ-പസഫിക് കാഴ്ചപ്പാട് (AOIP) സംബന്ധിച്ച സഹകരണത്തെക്കുറിച്ചുള്ള ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന നടപ്പിലാക്കുന്നതിനുള്ള ദൃഢമായ പ്രവർത്തനങ്ങൾ അനാവരണം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അവർ ആവർത്തിച്ചു. AOIPയും ഇന്തോ-പസഫിക് സമുദ്ര സംരംഭവും (IPOI) തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലൂടെ, ഓസ്ട്രേലിയയുമായി IPOIയുടെ സമുദ്ര പരിസ്ഥിതി സ്തംഭത്തിനു സഹ-നേതൃത്വം നൽകുന്നതിൽ തായ്ലൻഡിന്റെ സൃഷ്ടിപരമായ പങ്കും ഇതിൽ ഉൾപ്പെടുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വിശാലമാക്കുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള ശ്രമത്തിൽ, ഇരുനേതാക്കളും ഇനിപ്പറയുന്ന കാര്യങ്ങളിൽ ധാരണയായി:
രാഷ്ട്രീയ സഹകരണം
പൊതുവായ പ്രാദേശിക താൽപ്പര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാദേശിക-ആഗോള സുരക്ഷ വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ബഹുമുഖ യോഗങ്ങൾക്ക് അനുബന്ധമായി ഉൾപ്പെടെ, നേതൃത്വതലത്തിൽ പതിവ് ഉന്നതതല വിനിമയങ്ങളിലൂടെ രാഷ്ട്രീയ ഇടപെടൽ ശക്തിപ്പെടുത്തൽ.
വിദേശമന്ത്രിതലത്തിലുള്ള ഉഭയകക്ഷിസഹകരണത്തിനായുള്ള സംയുക്തസമിതിയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ തലത്തിലുള്ള വിദേശകാര്യ ഓഫീസ് പര്യാലോചനകളുടെയും നിലവിലുള്ള സംവിധാനങ്ങൾക്കു കീഴിൽ വിദേശകാര്യ മന്ത്രിമാരും അതതു വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ പതിവായി കൂടിക്കാഴ്ചകൾ നടത്തൽ.
ഇരുരാജ്യങ്ങളും തമ്മിലുള്ള പാർലമെന്ററി വിനിമയങ്ങൾ പതിവായി പ്രോത്സാഹിപ്പിക്കൽ.
പ്രതിരോധ-സുരക്ഷാ സഹകരണം
പ്രതിരോധ സഹകരണത്തിന്റെ നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ; അതുപോലെ പ്രതിരോധ സാങ്കേതികവിദ്യ, പ്രതിരോധ വ്യവസായം, ഗവേഷണം, പരിശീലനം, വിനിമയങ്ങൾ, വ്യായാമങ്ങൾ, ശേഷിവികസനം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകി ഇരുരാജ്യങ്ങളുടെയും പ്രതിരോധ മേഖലകൾ തമ്മിലുള്ള കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കൽ.
തായ്ലൻഡ് ദേശീയ സുരക്ഷാസമിതിയും ഇന്ത്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറിയറ്റും തമ്മിലുള്ള ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്/സെക്രട്ടറി ജനറൽ തലത്തിലുള്ള തന്ത്രപരമായ സംഭാഷണം ഉൾപ്പെടുത്തി, ബന്ധപ്പെട്ട സുരക്ഷ-നിയമ നിർവഹണ ഏജൻസികൾ/സംഘടനകൾ തമ്മിലുള്ള പതിവു സംഭാഷണങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും സുരക്ഷാ സഹകരണം മെച്ചപ്പെടുത്തൽ. വർദ്ധിച്ചുവരുന്ന വെല്ലുവിളി നിറഞ്ഞ ആഗോള-പ്രാദേശിക സുരക്ഷ അന്തരീക്ഷത്തെ അഭിസംബോധന ചെയ്യുന്നതിനും പ്രതിരോധം, സമുദ്രസുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദം നേരിടൽ, നിയമ നിർവഹണ പ്രശ്നങ്ങൾ എന്നിവയിൽ സഹകരിക്കുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യ-മയക്കുമരുന്ന്-ആയുധ-വന്യജീവി കടത്ത് തുടങ്ങിയ അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും പരമ്പരാഗതവും പാരമ്പര്യേതരവുമായ സുരക്ഷാ വിഷയങ്ങളിൽ സഹകരിക്കൽ. വിവരങ്ങളുടെയും രഹസ്യാന്വേഷണത്തിനെറയും കൈമാറ്റം, മികച്ച രീതികൾ പങ്കിടൽ എന്നിവയിലൂടെയാണ് ഇതു സാധ്യമാക്കുക.
സാമ്പത്തിക-വ്യാപാര-നിക്ഷേപ സഹകരണം
ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള സംയുക്ത വ്യാപാര സമിതിയുടെ നിലവിലുള്ള സംവിധാനത്തിനു കീഴിൽ വാണിജ്യ/വാണിജ്യ-വ്യവസായ മന്ത്രാലയങ്ങൾക്കിടയിൽ പതിവായി യോഗങ്ങളും കൈമാറ്റങ്ങളും സംഘടിപ്പിക്കൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങളുടെ വാർഷിക യോഗങ്ങൾ ഉറപ്പാക്കൽ; ആഗോള വിതരണശൃംഖലയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി വ്യാപാരം സുഗമമാക്കലും വിപണി പ്രവേശന പ്രശ്നങ്ങൾ പരിഹരിക്കലും; പരസ്പര സമ്മതമുള്ള മേഖലകളുടെ യോജിപ്പ്, തുല്യത, മാനദണ്ഡങ്ങളുടെ പരസ്പര അംഗീകാരം എന്നിവയിലെ സഹകരണം; പുനരുൽപ്പാദക ഊർജം, വൈദ്യുത വാഹനങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഐസിടി, ബഹിരാകാശ സാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, സർഗാത്മക വ്യവസായം, സ്റ്റാർട്ടപ്പുകൾ തുടങ്ങി ഭാവിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിൽ, പ്രത്യേകിച്ച് വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പുതിയ മേഖലകൾക്കായി തയ്യാറെടുക്കൽ എന്നിവയ്ക്കു ധാരണയായി.
2023-24ൽ ഏകദേശം 15 ശതകോടി അമേരിക്കൻ ഡോളറിലെത്തിയ വർദ്ധിച്ചുവരുന്ന ഉഭയകക്ഷിവ്യാപാരത്തെ സ്വാഗതം ചെയ്യുകയും സാധ്യതയുള്ള മേഖലകളിലെ സാമ്പത്തിക ബന്ധങ്ങളുടെ വികാസത്തിലൂടെ അതിന്റെ പൂർണശേഷി സാക്ഷാത്കരിക്കുന്നതിനു സുസ്ഥിര ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യൽ. മൂല്യവർദ്ധിത സമുദ്ര ഉൽപ്പന്നങ്ങൾ, സ്മാർട്ട്ഫോണുകൾ, വൈദ്യുത വാഹനങ്ങൾ, ഭക്ഷ്യസംസ്കരണം, പെട്രോളിയം ഉൽപ്പന്നങ്ങൾ, വാഹന ഘടകങ്ങൾ, സേവനങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ സുസ്ഥിര വ്യാപാരം പ്രോത്സാഹിപ്പിക്കൽ.
തായ്ലൻഡിനും ഇന്ത്യക്കുമിടയിൽ സമഗ്ര സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിനുള്ള ചട്ടക്കൂടു കരാറും ആസിയാൻ-ഇന്ത്യ വ്യാപാര ചരക്കു കരാറും (AITIGA) ഉൾപ്പെടെ നിലവിലുള്ള കരാറുകളുടെയും ചട്ടക്കൂടുകളുടെയും കീഴിലുള്ള വ്യാപാര സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യൽ. പ്രാദേശിക കറൻസി അധിഷ്ഠിത ഇടപാടു സംവിധാനം സ്ഥാപിക്കുന്നത് അനാവരണം ചെയ്ത് ഉഭയകക്ഷി വ്യാപാരത്തിനു കൂടുതൽ പ്രചോദനം നൽകൽ.
2025ൽ ഗണ്യമായ പൂർത്തീകരണത്തിലെത്താനും ഇന്ത്യക്കും ആസിയാൻ രാജ്യങ്ങൾക്കും ഇടയിലുള്ള വിതരണശൃംഖലകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട്, ആസിയാൻ-ഇന്ത്യ വ്യാപാര ചരക്കു കരാർ (AITIGA) കൂടുതൽ ഉപയോക്തൃസൗഹൃദപരവും ലളിതവും വ്യാപാരസൗഹൃദവുമാക്കുന്നതിന് അതിന്റെ പുനരവലോകനത്തെ പിന്തുണയ്ക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യൽ.
നിലവിലുള്ള നിക്ഷേപ നയങ്ങളും പദ്ധതികളും കൂടുതൽ പ്രയോജനപ്പെടുത്താൻ സഹായകരമായ രീതിയിൽ തായ്ലൻഡ് ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റും ഇൻവെസ്റ്റ് ഇന്ത്യയും ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും നിക്ഷേപ പ്രോത്സാഹന ഏജൻസികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. പ്രത്യേകിച്ച്, ഇഗ്നൈറ്റ് തായ്ലൻഡ് എന്ന ദൗത്യം, കിഴക്കനേഷ്യ നയവും മേക്ക് ഇൻ ഇന്ത്യ ഉദ്യമവുമായി സഹകരിച്ച് മുന്നോട്ടു കൊണ്ടുപോകാനും ഇരുരാജ്യങ്ങളിലുമുള്ള പ്രത്യേക സാമ്പത്തിക മേഖലകളെയും (SEZs) വ്യാവസായിക ഇടനാഴികളെയും ഉപയോഗപ്പെടുത്തി ദ്വിപക്ഷ നിക്ഷേപം വർദ്ധിപ്പിക്കാനും ഈ സഹകരണം ഉപകരിക്കണം.
ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള വിനിമയത്തിനും സംയുക്ത പദ്ധതികളുടെയും സഹകരണത്തിന്റെയും പ്രോത്സാഹനത്തിനുമുള്ള പ്രധാന സംവിധാനമായി ഇന്ത്യ-തായ്ലൻഡ് സംയുക്ത ബിസിനസ് ഫോറത്തിന്റെ (ITJBF) വാർഷിക യോഗങ്ങൾ പതിവായി സംഘടിപ്പിക്കുക.
സംരംഭകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉചിതമായ സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യുക. ഇന്ത്യയിലും തായ്ലൻഡിലും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ ശേഷി വികസനം, വിപണി പ്രവേശനം വർദ്ധിപ്പിക്കൽ എന്നീ പൊതു തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻ നിറുത്തി പരസ്പര പ്രാധാന്യമുള്ള മേഖലകളിൽ മെന്റർഷിപ്പ് പ്രോഗ്രാമുകളും വിദഗ്ദ്ധ സെഷനുകളും, ഉറച്ച നിക്ഷേപത്തിൽ ശ്രദ്ധകേന്ദ്രീകരിക്കൽ, കോർപ്പറേറ്റുകളുമായും ബിസിനസ് അസോസിയേഷനുകളുമായും ബിസിനസ് കൂടിക്കാഴ്ചകൾ, നവീകരണ വെല്ലുവിളികൾ, ഇരു രാജ്യങ്ങളിലെയും അക്കാദമിക് സ്ഥാപനങ്ങളുടെ സംയോജനം, ക്രോസ്-ഇൻകുബേഷൻ മോഡലുകളെ പിന്തുണയ്ക്കൽ എന്നിവയുൾപ്പെടെ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ഇരുപക്ഷവും തീരുമാനിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ധനകാര്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വ്യാപാരം, നിക്ഷേപം, അതിർത്തി കടന്നുള്ള പണ വിനിമയം എന്നിവ സുഗമമാക്കുന്നതിന് ഇന്ത്യയിലെയും തായ്ലൻഡിലെയും ധനകാര്യ സേവന ദാതാക്കൾക്കിടയിൽ കൂടുതൽ അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കുക.
ബയോ-സർക്കുലർ-ഗ്രീൻ ഇക്കണോമി, ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് എന്നിവയുൾപ്പെടെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക. പ്രത്യേകിച്ച് പുനരുപയോഗ ഊർജ്ജം, ഊർജ്ജ കാര്യക്ഷമതാ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ
സഹകരണം ശക്തിപ്പെടുത്തുക. ഇതുവഴി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഇരുപക്ഷത്തെയും ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുക.
കണക്റ്റിവിറ്റി
ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള ഭൗതിക, ഡിജിറ്റൽ, സാമ്പത്തിക ബന്ധങ്ങളുടെ എല്ലാ രീതികളും മെച്ചപ്പെടുത്തുകയും മേഖലയിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക. ഇന്ത്യ-മ്യാൻമർ-തായ്ലൻഡ് ത്രിരാഷ്ട്ര ഹൈവേയും അതിന്റെ കിഴക്കൻ മേഖലാ വിപുലീകരണവും, ഇന്ത്യ, മ്യാൻമർ, തായ്ലൻഡ് മോട്ടോർ വാഹന കരാറും ത്വരിതപ്പെടുത്തുക, തീരദേശ കപ്പൽ ഗതാഗതത്തിലൂടെ മേഖലയിലെ സമുദ്ര ബന്ധം ശക്തിപ്പെടുത്തുക, തുറമുഖങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ തുടരാൻ ഇരു രാജ്യങ്ങളിലെയും സിവിൽ വ്യോമയാന അധികൃതരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസ, മേഖലകളിലും ജനങ്ങൾ തമ്മിലുമുള്ള വിനിമയങ്ങൾ
ഇരു രാജ്യങ്ങൾക്കുമിടയിലെ ജനങ്ങൾ തമ്മിലുള്ള ഇടപഴകൽ കൂടുതൽ ശക്തിപ്പെടുത്തുകയും വിനോദസഞ്ചാര സാധ്യതയുള്ള മേഖലകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
വിദ്യാഭ്യാസ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യതകളുടെ പരസ്പര അംഗീകാരം, ഇന്ത്യയിലും തായ്ലൻഡിലും സർവകലാശാലാതല വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ വർദ്ധന, വിദ്യാർത്ഥി കൈമാറ്റങ്ങൾ, സംയുക്ത ഗവേഷണം, ഫെലോഷിപ്പുകൾ എന്നിവ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക. നൈപുണ്യ വികസനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ- പരിശീലനം (ടിവിഇടി), തായ്, ഹിന്ദി ഭാഷാ പഠനം, ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക.
കലാപരിപാടികൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, പുരാവസ്തുശാസ്ത്രം, പുരാവസ്തുസംരക്ഷണം, മ്യൂസിയങ്ങൾ, ഗവേഷണം, ഡോക്യുമെന്റേഷൻ, സാംസ്കാരിക വിനിമയ പരിപാടി (സിഇപി) ഉത്സവങ്ങൾ എന്നിവയുൾപ്പെടെ സാംസ്കാരിക ബന്ധങ്ങളും സഹകരണവും വളർത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക.
കായികരംഗത്തെ സഹകരണ സാധ്യതയുള്ള മേഖലകളായ കായിക സമഗ്രത, കായിക ഭരണ സ്ഥാപനങ്ങൾ, കായിക ശാസ്ത്രവും ഗവേഷണവും, കായിക വ്യവസായം, കായിക വിനോദസഞ്ചാരം എന്നിവ പര്യവേക്ഷണം ചെയ്യുക. കൂടാതെ, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ വിദഗ്ധരും പ്രവൃത്തിപരിചയമുള്ളവരും തമ്മിൽ ആശയങ്ങൾ കൈമാറുന്നതിനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുമായി (NER) കൂടുതൽ അടുത്ത സഹകരണം സ്ഥാപിക്കുന്നതിൽ, പ്രത്യേകിച്ച് വിനോദസഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതിക സഹകരണം എന്നീ മേഖലകളിലുള്ള വിനിമയങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കുക.
കൃഷി, ജൈവ സാങ്കേതികവിദ്യ, ഐസിടി, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിലെ സംയുക്ത ഗവേഷണ പദ്ധതികൾ, ശില്പശാലകൾ, കൈമാറ്റങ്ങൾ എന്നിവയിലൂടെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സഹകരണം ശക്തിപ്പെടുത്തുക.
ആരോഗ്യം, മെഡിക്കൽ ഉൽപ്പന്നങ്ങൾ, പരമ്പരാഗത വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണങ്ങളെ വിവരവിനിമയം, ഗവേഷണവും വികസനവും, മനുഷ്യവിഭവശേഷി വികസനം എന്നിവയിലൂടെ പ്രോത്സാഹിപ്പിക്കുക.
വനിതാ സംരംഭകത്വം വർദ്ധിപ്പിക്കുന്നതിന് നേതൃത്വം, തീരുമാനമെടുക്കൽ, തൊഴിൽ വൈദഗ്ധ്യം എന്നിവയുൾപ്പെടെ വനിതകളുടെ സമഗ്ര വികസനത്തിനായി കൈമാറ്റങ്ങളും സഹകരണ സംവിധാനങ്ങളും സ്ഥാപിക്കുക.
മേഖലാ, ബഹുരാഷ്ട്ര, അന്താരാഷ്ട്ര സഹകരണം
പരസ്പര ആശങ്കയും താൽപ്പര്യവുമുള്ള ആഗോള വിഷയങ്ങളിൽ ഇരുപക്ഷത്തിന്റെയും ക്രിയാത്മകമായ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക.
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ), അയേവാടി-ചാവോ ഫ്രായ-മെക്കോംഗ് ഇക്കണോമിക് കോ-ഓപ്പറേഷൻ സ്ട്രാറ്റജി (ACMECS), മെക്കോംഗ്-ഗംഗ കോ-ഓപ്പറേഷൻ (MGC), ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (BIMSTEC), ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA), ഏഷ്യ കോ-ഓപ്പറേഷൻ ഡയലോഗ് (ACD), ഇന്തോനേഷ്യ-മലേഷ്യ-തായ്ലൻഡ് ഗ്രോത്ത് ട്രയാംഗിൾ (IMT-GT) എന്നിവയുൾപ്പെടെ മേഖലാ, ഉപ-മേഖലാ ചട്ടക്കൂടുകൾക്കുള്ളിൽ ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ഈ മേഖലകളിലെ വെല്ലുവിളികളെ സമഗ്രമായും ഫലപ്രദമായും നേരിടാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
വികസ്വര രാജ്യങ്ങളുടെ ശബ്ദം സംയുക്തമായി ഉയർത്തിക്കേൾപ്പിക്കുന്നതിന് G77, ദക്ഷിണ-ദക്ഷിണ സഹകരണം തുടങ്ങിയ ബഹുരാഷ്ട്ര ഘടനകളിൽ തായ്ലൻഡും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക.
2022-ൽ ഫ്നോം പെനിൽ നടന്ന 19-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ, ആസിയാൻ-ഇന്ത്യ സംഭാഷണ ബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്നതിന് രൂപീകരിച്ച ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം സംയുക്തമായി ശക്തിപ്പെടുത്തുക. കൂടാതെ, ആസിയാൻ കേന്ദ്രീകരണത്തിനും വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക ഘടനയിൽ ആസിയാൻ നയിക്കുന്ന സംവിധാനങ്ങളിൽ സജീവ സഹകരണത്തിനും ഇന്ത്യയുടെ തുടർച്ചയായ പിന്തുണയെ സ്വാഗതം ചെയ്യുക.
മെകോംഗ്-ഗംഗ സഹകരണ (എംജിസി) ചട്ടക്കൂടിന് കീഴിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും, നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക.
അടുത്തകാലത്തായി അംഗീകരിച്ച ബിംസ്റ്റെക്ക് ചാർട്ടറിന്റെ പ്രതിബദ്ധതയും ദക്ഷിണേഷ്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി ബിംസ്റ്റെക്ക് നിലകൊള്ളുന്നതിന്റെ പ്രത്യേകതയും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയും BIMSTEC-ന്റെ സ്ഥാപകാംഗങ്ങളും ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളും ആയ ഇന്ത്യയും തായ്ലൻഡും ബംഗാൾ ഉൾക്കടൽ മേഖലയിലെ സമൃദ്ധിയും പ്രതിരോധക്ഷമതയും നിലനിർത്തുന്നതിൽ നേതൃത്വപരവും സജീവവുമായ പങ്ക് വഹിക്കണമെന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഗതാഗത ബന്ധങ്ങൾക്കായുള്ള ബിംസ്റ്റെക്കിന്റെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിലൂടെയും സമുദ്ര ഗതാഗത സഹകരണ കരാർ ഉൾപ്പെടെയുള്ള അനുബന്ധ കരാറുകളിലൂടെയും ഗതാഗത കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക.
തന്ത്രപരമായ പങ്കാളിത്തം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഒരു സംയുക്ത കർമ്മ പദ്ധതി രൂപീകരിക്കുന്നതിനും അതിനായി ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതിന് തായ്ലൻൻഡിലെയും ഇന്ത്യയിലെയും വിദേശകാര്യ മന്ത്രാലയങ്ങളെ ചുമതലപ്പെടുത്താനും ഇരുപ്രധാനമന്ത്രിമാരും തീരുമാനിച്ചു.
***
(Release ID: 2126989)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada