WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് 2025: ഓരോ സർഗ പ്രതിഭയെയും താരമാക്കാൻ പ്രാപ്തമാക്കുന്ന ഒരു ജനകീയ പ്രസ്ഥാനം

വേവ്സ് ബസാർ ഒരു ഉജ്ജ്വല വിജയം; 3 ദിവസത്തിനുള്ളിൽ 3000 ലധികം ബി2ബി യോഗങ്ങളിലൂടെ 1328 കോടിയിലധികം രൂപയുടെ ബിസിനസ് ഇടപാടുകൾ നടത്തി; മഹാരാഷ്ട്ര ഗവൺമെന്റ് മാധ്യമ& വിനോദമേഖലയിൽ 8000 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

 Posted On: 04 MAY 2025 7:48PM |   Location: PIB Thiruvananthpuram
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (WAVES 2025) പ്രഥമ പതിപ്പിന് മുംബൈയിൽ ഇന്ന് ഗംഭീര സമാപനമായി. പ്രദർശകർ, വ്യവസായ പ്രമുഖർ , സ്റ്റാർട്ടപ്പുകൾ, നയരൂപകർത്താക്കൾ, അക്കാദമിക വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പരിപാടിക്ക് മികച്ച പ്രതികരണം രേഖപ്പെടുത്തി. മാധ്യമങ്ങളുടെയും വിനോദ ആവാസവ്യവസ്ഥയുടെയും ഒരു പ്രധാന സമന്വയ വേദിയായി ഉച്ചകോടി മാറി.പ്രശസ്ത കലാകാരന്മാർ, സ്വാധീനം ഉളവാക്കുന്ന ഉള്ളടക്ക സ്രഷ്ടാക്കൾ മുതൽ സാങ്കേതിക രംഗത്തെ നൂതനാശയ വിദഗ്ധർ, കോർപ്പറേറ്റ് ശക്തികൾ വരെ- മാധ്യമ, വിനോദ വ്യവസായത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ പങ്കാളിത്തം ഈ ഉച്ചകോടി ആകർഷിച്ചു .പരിപാടിയിൽ വിവിധ പ്രദർശനങ്ങൾ, ഊർജ്ജസ്വലമായ പാനൽ ചർച്ചകൾ, B2B സഹകരണങ്ങൾ എന്നിവയോടൊപ്പം ശ്രദ്ധേയമായ ജനപങ്കാളിത്തവുമുണ്ടായി. മാധ്യമങ്ങളുടെയും വിനോദത്തിന്റെയും വളർന്നുവരുന്ന ആഗോള ശക്തികേന്ദ്രമെന്ന നിലയിൽ ഇത് ഇന്ത്യയുടെ സ്ഥാനം ആവർത്തിച്ചുറപ്പിച്ചു.
 
 സർഗ്ഗാത്മകത, സാങ്കേതികവിദ്യ, കഥാഖ്യാനം എന്നിവയുടെ ഈ ആഘോഷത്തിന്റെ ആദ്യ പതിപ്പ് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന താരനിബിഡമായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ, WAVES എന്നത് കേവലം ഒരു ചുരുക്കപ്പേര് മാത്രമല്ല, സംസ്കാരത്തിന്റെയും സർഗ്ഗാത്മകതയുടെയും സാർവത്രിക കണക്റ്റിവിറ്റിയുടെയും ഒരു തരംഗമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ചലച്ചിത്ര നിർമ്മാണം, ഡിജിറ്റൽ ഉള്ളടക്കം, ഗെയിമിംഗ്, ഫാഷൻ, സംഗീതം, തത്സമയ സംഗീത പരിപാടികൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ വളർന്നുവരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഉള്ളടക്ക സ്രഷ്ടാക്കളോട് വലിയ സ്വപ്നങ്ങൾ കാണാനും അവരുടെ കഥകൾ പറയാനും; നിക്ഷേപക പ്ലാറ്റ്‌ഫോമുകളിൽ മാത്രമല്ല, മനുഷ്യരിൽ നിക്ഷേപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇനിയും പറയാത്ത ശതകോടി കഥകൾ ലോകത്തോട് പറയാൻ ഇന്ത്യൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ ഉദയമായി വേവ്സ് വേദിയെ പ്രഖ്യാപിച്ച അദ്ദേഹം, ഈ സർഗാത്മക കുതിപ്പിന് നേതൃത്വം നൽകാനും ഇന്ത്യയെ ഒരു ആഗോള സർഗ്ഗ ശക്തി കേന്ദ്രമാക്കി മാറ്റാനും യുവാക്കളോട് അഭ്യർത്ഥിച്ചു.
 
 സ്വാധീനം ചെലുത്തിയ വൈജ്ഞാനിക ചർച്ചകൾ 
 
 കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന വേവ്സ് 2025 പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായി വിവിധ മേഖലകളിലെ മികച്ച ആശയങ്ങളുടെയും കഴിവുകളുടെയും ഉൾക്കാഴ്ചകളുടെയും കൈമാറ്റത്തിനുള്ള ഒരു വേദിയായി പ്രവർത്തിച്ചു. ലോകമെമ്പാടുമുള്ള ചിന്തകർ, വ്യവസായ നേതാക്കൾ, നയരൂപകർത്താക്കൾ, പ്രൊഫഷണലുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനും സംഭാഷണത്തിനും സഹകരണത്തിനുമുള്ള ഒരു സുപ്രധാന വേദിയായി WAVES 2025 ന്റെ കോൺഫറൻസ് ട്രാക്ക് വർത്തിച്ചു. മികച്ച രീതിയിൽ സംഘടിപ്പിച്ച പ്ലീനറി സെഷനുകൾ, ബ്രേക്ക്ഔട്ട് ചർച്ചകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവയിലൂടെ മാധ്യമ, വിനോദ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഉയർന്നുവരുന്ന തന്ത്രങ്ങളും ഉച്ചകോടി പര്യവേക്ഷണം ചെയ്തു. വ്യത്യസ്ത മേഖലകളുടെ സീമകൾക്ക് അതീതമായി അർത്ഥവത്തായ ആശയ കൈമാറ്റം ഇത് സാധ്യമാക്കി.
 
  പ്രക്ഷേപണം , ഇൻഫോടെയ്ൻമെന്റ്, AVGC-XR, ഡിജിറ്റൽ മാധ്യമങ്ങൾ, ഫിലിംസ് എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങളിലെ പ്രഭാഷണത്തിനും ഉയർന്ന നിലവാരത്തിലുള്ള വൈജ്ഞാനിക സെഷനുകൾക്കും വേവ്സിന്റെ പ്രഥമ പതിപ്പ് സാക്ഷ്യം വഹിച്ചു. മൂന്ന് പ്രധാന ഹാളുകളിലായി (ഓരോന്നിലും 1,000-ത്തിലധികം പേർക്ക് പങ്കെടുക്കാം) 100-ലധികം അന്താരാഷ്ട്ര പ്രഭാഷകരെ ഉൾപ്പെടുത്തി 140-ലധികം സെഷനുകൾ നടന്നു. കൂടാതെ 75 മുതൽ 150 വരെ ഇരിപ്പിട ശേഷിയുള്ള അഞ്ച് അധിക ഹാളുകളും ഉച്ചകോടിയിൽ സജ്ജമാക്കിയിരുന്നു. ഇവയിൽ എല്ലായിടത്തും മികച്ച പ്രേക്ഷക പങ്കാളിത്തമുണ്ടായി.പല സെഷനുകളിലും പൂർണ്ണ പങ്കാളിത്തം രേഖപ്പെടുത്തി.
 
പ്ലീനറി സെഷനുകളിൽ മുകേഷ് അംബാനി, ടെഡ് സരന്റോസ്, കിരൺ മജുംദാർ-ഷാ, നീൽ മോഹൻ, ശന്തനു നാരായൺ, മാർക്ക് റീഡ്, ആദം മൊസേരി, നിത അംബാനി തുടങ്ങിയ 50-ലധികം പ്രമുഖർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. വികസിച്ചുകൊണ്ടിരിക്കുന്ന വിനോദ വ്യവസായം, പരസ്യ രംഗം, ഡിജിറ്റൽ പരിവർത്തനം എന്നിവയെക്കുറിച്ചുള്ള അവരുടെ ശക്തമായ ഉൾക്കാഴ്ചകൾ പ്രഭാഷകർ വാഗ്ദാനം ചെയ്തു. ചിരഞ്ജീവി, മോഹൻലാൽ, ഹേമ മാലിനി, അക്ഷയ് കുമാർ, നാഗാർജുന, ഷാരൂഖ് ഖാൻ, ദീപിക പഡുക്കോൺ, അല്ലു അർജുൻ, ശേഖർ കപൂർ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾ (അവരിൽ പലരും വേവ്സ് ഉപദേശക സമിതിയിലെ അംഗങ്ങളുമായിരുന്നു) വെർച്വൽ നിർമ്മാണത്തിന്റെയും നിർമ്മിത ബുദ്ധിയുടെയും യുഗത്തിൽ സിനിമയുടെ ഭാവിയെയും ഉള്ളടക്ക സൃഷ്ടിയെയും കുറിച്ചുള്ള ചിന്തോദ്ദീപകമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു.
 

 

വേവ്സ് 2025 ന്റെ ഭാഗമായി നടത്തിയ 40 മാസ്റ്റർക്ലാസുകൾ പ്രായോഗിക പഠനവും സർഗാത്മക പര്യവേക്ഷണവും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആമിർ ഖാന്റെ ` നടനകല ', ഫർഹാൻ അക്തറിന്റെ 'സംവിധാന തന്ത്രം', മൈക്കൽ ലേമാന്റെ 'ചലച്ചിത്ര നിർമ്മാണത്തിലെ ഉൾക്കാഴ്ചകൾ 'തുടങ്ങിയ സെഷനുകൾ പരിപാടിയുടെ പ്രേക്ഷകർക്ക് വ്യവസായ സാങ്കേതിക വിദ്യകളുമായി നേരിട്ട് പരിചയപ്പെടുന്നതിന് അവസരമൊരുക്കി . ആമസോൺ പ്രൈമിന്റെ 'പഞ്ചായത്ത്' നിർമ്മാണം, AR ലെൻസുകൾ രൂപകൽപ്പന ചെയ്യൽ, AI അവതാരങ്ങൾ സൃഷ്ടിക്കൽ, ജനറേറ്റീവ് AI ഉപയോഗിച്ച് ഗെയിമുകൾ വികസിപ്പിക്കൽ തുടങ്ങി തിരശ്ശീലയ്ക്ക് പിന്നിലെ വിശദാംശങ്ങൾ മറ്റ് സെഷനുകളിൽ പര്യവേക്ഷണം ചെയ്തു. അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന സർഗാത്മക സമ്പദ്‌വ്യവസ്ഥയിൽ മുന്നേറുന്നതിന് പ്രൊഫഷണലുകൾക്കും തല്പരരായ ഉള്ളടക്ക സ്രഷ്ടാക്കൾക്കും പ്രവർത്തനക്ഷമമായ ജ്ഞാനവും സാങ്കേതികവിദ്യയും ഈ സെഷനുകൾ പ്രദാനം ചെയ്തു

 

 

സംപ്രേഷണം, ഡിജിറ്റൽ മാധ്യമങ്ങള്‍, ഒടിടി, എഐ, സംഗീതം, വാർത്തകൾ, തത്സമയ പരിപാടികള്‍, ആനിമേഷൻ, ഗെയിമിംഗ്, വെർച്വൽ ഉള്ളടക്ക സൃഷ്ടി, ഹാസ്യചിത്രങ്ങള്‍, ചലച്ചിത്ര നിര്‍മാണം തുടങ്ങിയ പ്രത്യേക വിഷയങ്ങളെക്കുറിച്ച് ആഴമേറിയ ചർച്ചകൾക്ക് വേദിയൊരുക്കിയ 55 ബ്രേക്ക്ഔട്ട് സെഷനുകളും വേവ്സിന്റെ ഭാഗമായി ഒരുക്കി. മെറ്റ, ഗൂഗ്ൾ, ആമസോൺ, എക്സ്, സ്നാപ്പ്, സ്പോട്ടിഫൈ, ഡിഎൻഇജി, നെറ്റ്ഫ്ലിക്സ്, എൻവിഡിയ എന്നിവയടക്കം പ്രമുഖ കമ്പനികളിലെ മുതിർന്ന വിദഗ്ധരെയും എഫ്ഐസിസിഐ, സിഐഐ, ഐഎംഐ തുടങ്ങിയ വ്യവസായ സ്ഥാപന പ്രതിനിധികളെയും ഈ സംവേദനാത്മക സെഷനുകൾ ഒരുമിച്ചുകൊണ്ടുവന്നു. മേഖലാധിഷ്ഠിത ഉൾക്കാഴ്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ചർച്ചകൾ നിർണായക വെല്ലുവിളികളെ അഭിസംബോധന ചെയ്തതിനൊപ്പം വളർച്ചയ്ക്കും നവീകരണത്തിനും പുതിയ ദിശകൾ രൂപപ്പെടുത്തുകയും ചെയ്തു.

 

1,328 കോടി രൂപയുടെ വ്യാപാര ഇടപാടുകള്‍ സ്വന്തമാക്കി വേവ്സ് ബസാര്‍;  മാധ്യമ-വിനോദ മേഖലയിൽ 8,000 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് മഹാരാഷ്ട്ര സർക്കാർ
 

വേവ്സ് എന്ന വിശാലസംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേവ്സ് ബസാറിന്റെ ഉദ്ഘാടന പതിപ്പ്  സര്‍ഗാത്മക വ്യവസായങ്ങളിലെ അന്താരാഷ്ട്ര വ്യാപാര സഹകരണത്തിന്റെ സുപ്രധാന വേദിയായി അടയാളപ്പെടുത്തയതോടെ മികച്ച വിജയമായി മാറി. ചലച്ചിത്രം, സംഗീതം, റേഡിയോ, വിഷ്വല്‍ എഫക്ട്സ്, ആനിമേഷൻ മേഖലകളിലായി 1,328 കോടി രൂപയുടെ വ്യാപാര ധാരണകളും ഇടപാടുകളുമാണ് രേഖപ്പെടുത്തിയത്. ആകെ കണക്കാക്കിയ ഇടപാടുകളില്‍  971 കോടി രൂപ ബിടുബി കൂടിക്കാഴ്ചകളില്‍നിന്നാണ്. 3,000-ത്തിലധികം ബിടുബി കൂടിക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച ഉപഭോക്തൃ-വിൽപ്പന വിപണിയായിരുന്നു ബസാറിന്റെ പ്രധാന ആകർഷണം. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായ സുപ്രധാന നേട്ടത്തിൽ ഫിലിം ഇന്ത്യ സ്‌ക്രീൻ കലക്ടീവും ന്യൂസിലാൻഡിലെ സ്‌ക്രീൻ കാന്റർബറി എന്‍ഇസഡും ന്യൂസിലാൻഡിൽ ആദ്യ ഇന്ത്യൻ ചലച്ചിത്രമേള ആരംഭിക്കാന്‍  സഹകരണാത്മക നിർദേശം മുന്നോട്ടുവെച്ചു.  റഷ്യയിലും ഇന്ത്യയിലും സാംസ്കാരിക വൈവിധ്യ മേളകളില്‍ സഹകരിക്കാനും ഹാസ്യ -  സംഗീത പരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള ധാരണാപത്രം സംബന്ധിച്ച്  ഒണ്‍ലി മച്ച് ലൗഡര്‍ സിഇഒ തുഷാർ കുമാറും റഷ്യൻ കമ്പനിയായ ഗാസ്പ്രോം മീഡിയ സിഇഒ  അലക്സാണ്ടർ ഷാരോവും നടത്തിയ പ്രഖ്യാപനം മറ്റൊരു നേട്ടമായി. ആഗോളതലത്തിൽ മൂല്യമേറിയ കൊറിയൻ ഉള്ളടക്കം വിതരണം ചെയ്യുന്നതിന് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കി  പ്രൈം വീഡിയോ & സിജെ ഇഎൻഎം മൾട്ടി-ഇയർ സഹകരണ പ്രഖ്യാപനം വേവ്സ് ബസാറിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ഇന്‍ഡോ-യുകെ സഹ-നിർമാണ സംരംഭമായ  'ദേവി ചൗധരാനി' എന്ന ചലച്ചിത്രത്തിന്റെ പ്രഖ്യാപനവും യുകെയിലെ ഫ്യൂഷൻ ഫ്ലിക്സും ജെവിഡി ഫിലിംസും ചേര്‍ന്ന്  നിർമിക്കുന്ന 'വയലേറ്റഡ്' എന്ന ചിത്രവും പരിപാടിയുടെ മറ്റ് നാഴികക്കല്ലുകളിൽ ചിലതാണ്. 

 

വേവ്സിൽ 8,000 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉച്ചകോടിയുടെ വ്യാപാരമൂല്യം വർധിപ്പിച്ചു. യോർക്ക് സർവകലാശാലയുമായും വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയുമായും 1,500 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചപ്പോൾ പ്രൈം ഫോക്കസുമായും ഗോദ്‌റെജുമായും സംസ്ഥാന വ്യവസായ വകുപ്പ് യഥാക്രമം 3,000 കോടി രൂപയുടെയും 2,000 കോടി രൂപയുടെയും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.

 

2025-ലെ ആഗോള മാധ്യമ സംവാദത്തില്‍ 'വേവ്സ് പ്രഖ്യാപനം’ അംഗീകരിച്ച് അംഗരാജ്യങ്ങൾ 

 

മുംബൈയിൽ  ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയില്‍ (വേവ്സ് 2025) 77 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ  നാഴികക്കല്ലായി മാറിയ ആഗോള മാധ്യമ സംവാദം ആഗോള മാധ്യമ-വിനോദ മേഖലയിലെ ഇന്ത്യയുടെ നിർണായക പങ്കിനെ അടിവരയിട്ടു. സാംസ്കാരിക സംവേദനക്ഷമതകള്‍ മാനിച്ചുകൊണ്ട് സർഗത്മകത വളർത്തുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി സംവാദത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.  ഡിജിറ്റൽ വിടവ് നികത്തേണ്ടതിന്റെയും  ആഗോള സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തേണ്ടതിന്റെയും അടിയന്തരപ്രാധാന്യം എടുത്തുപറയുന്ന ‘വേവ്സ് പ്രഖ്യാപനം’  അംഗരാജ്യങ്ങൾ കൂട്ടായി അംഗീകരിച്ചു. വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്നതിൽ ചലച്ചിത്രങ്ങളുടെ ആഴമേറിയ പങ്കിനെയും സാങ്കേതിക പുരോഗതിമൂലം സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളുടെ വര്‍ധിച്ച സമ്പദ്‌വ്യവസ്ഥയിൽ വ്യക്തിഗത കഥാഖ്യാനത്തിന്റെ ഉയര്‍ന്ന പ്രാധാന്യത്തെയും ചർച്ചകൾ അടിവരയിട്ടു.

 

നൈപുണ്യ വികസനത്തിലൂടെയും നൂതനാശയങ്ങളിലൂടെയും യുവശാക്തീകരണത്തിനായി വാദിച്ച  വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്ശങ്കർ  സാങ്കേതികവിദ്യയും പാരമ്പര്യവും തമ്മിലെ  സമന്വയത്തിന്റെ അനിവാര്യത പ്രത്യേകം എടുത്തുപറഞ്ഞു.  ഉള്ളടക്ക സൃഷ്ടിയിൽ സാങ്കേതികവിദ്യയുടെ പരിവർത്തനാത്മക സ്വാധീനത്തിനൊപ്പം  പ്രാദേശിക ഉള്ളടക്കം, സഹ-നിർമ്മാണ കരാറുകൾ, സംയുക്ത ധനസഹായ സംരംഭങ്ങൾ എന്നിവ പരിപോഷിപ്പിക്കേണ്ടതിന്റെ നിർണായക പ്രാധാന്യം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. 700-ലധികം ആഗോള സര്‍ഗാത്മക ഉള്ളക്ക നിര്‍മാതാക്കളെ വിജയകരമായി തിരിച്ചറിഞ്ഞ  ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ മത്സരങ്ങള്‍ ഉച്ചകോടിയില്‍ പ്രദർശിപ്പിക്കുകയും  അടുത്ത പതിപ്പിൽ 25 ഭാഷകളിലേക്ക് അവ വ്യാപിപ്പിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു.  സൃഷ്ടിപരമായ മികവിനും ധാർമിക ഉള്ളടക്ക നിർമാണത്തിനും ഊന്നൽ നൽകിയ ഉച്ചകോടി മാധ്യമ - വിനോദ രംഗത്ത് ഭാവി ആഗോള സഹകരണത്തിന് ശക്തമായ അടിത്തറയിട്ടു.

 

WAVEX: മാധ്യമ-വിനോദ മേഖലയിൽ ഉയരങ്ങൾ കൊതിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ഉത്തേജനം
 
പ്രമുഖ നിക്ഷേപകരായ ലുമികായ്, ജിയോ, CABIL, വാംഅപ്പ് വെഞ്ച്വേഴ്‌സ് തുടങ്ങി 45 സുപ്രധാന നിക്ഷേപകരിലേക്ക് നേരിട്ട് ആശയങ്ങൾ കൈമാറുന്നതിന്, WAVES സ്റ്റാർട്ട്-അപ്പ് ആക്സിലറേറ്റർ 30 മാധ്യമ-വിനോദ (M&E) സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തു.  ആയി‌രത്തിലധികം രജിസ്ട്രേഷനുകൾക്കു സാക്ഷ്യംവഹിച്ച ഈ സംരംഭം 50 കോടി രൂപയുടെ നിക്ഷേപചർച്ചകൾക്കു തുടക്കമിട്ടു. ഇതിനുപുറമെ, പ്രത്യേക സ്റ്റാർട്ട്-അപ്പ് പവലിയനിൽ നിക്ഷേപകർക്കു മുന്നിൽ നൂറിലധികം സ്റ്റാർട്ടപ്പുകൾ അവരുടെ ആശയങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. മാധ്യമ-വിനോദ മേഖലയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച നിക്ഷേപകശൃംഖലയ്ക്കു രൂപംനൽകി, സ്റ്റാർട്ടപ്പുകൾക്ക് അഭിവൃദ്ധി പ്രാപിക്കാനും വളരാനും കഴിയുന്ന വ്യക്തമായ നിക്ഷേപ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് WAVEX ലക്ഷ്യമിടുന്നത്. ഒന്നാം നിര-രണ്ടാം നിര നഗരങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ WAVEX-ൽ മികവുകാട്ടുകയും അവയുടെ സ്ഥാപകർ കേന്ദ്രബിന്ദുവാകുകയും ചെയ്തു. അത്തരം സ്രഷ്ടാക്കളെ മികച്ച രീതിയിൽ സഹായിക്കുന്നതിനും കൈത്താങ്ങേകുന്നതിനുമായി സമർപ്പിത ഉപദേഷ്ടാക്കളും പ്രാഥമിക മൂലധന നിക്ഷേപത്തിനായി നിക്ഷേപകരുമുള്ള ഉത്ഭവകേന്ദ്രങ്ങളുടെ ശൃംഖല WAVEX സ്ഥാപിക്കും. ഇതുവരെ വ്യക്തമായ ഉൽപ്പന്നം ഇല്ലാത്തതും എന്നാൽ കരുത്തുറ്റ സാധ്യതകളുള്ളതുമായ ആശയങ്ങൾക്കു സൗകര്യമൊരുക്കുന്നതിനാൽ സവിശേഷമായി മാറുകയാണ് WAVEX.

WAVES 2025-ൽ പുറത്തിറക്കിയ പ്രധാന റിപ്പോർട്ടുകൾ

മുംബൈയിൽ നടന്ന 2025ലെ WAVES ഉച്ചകോടിയിൽ കേന്ദ്ര വാർത്താവി‌തരണ-പ്രക്ഷേപണ-പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ അഞ്ചു സുപ്രധാന റിപ്പോർട്ടുകൾ പ്രകാശനം ചെയ്തു. ഉള്ളടക്കനിർമ്മാണം, നയചട്ടക്കൂടുകൾ, തത്സമയ പരിപാടികൾ തുടങ്ങിയ പ്രധാന വശങ്ങൾ ഉൾക്കൊള്ളുന്ന, ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന മാധ്യമ-വിനോദ ആവാസവ്യവസ്ഥയുടെ സമഗ്രമായ അവലോകനം ഈ റിപ്പോർട്ടുകൾ നൽകുന്നു.

* മാധ്യമ-വിനോദ മേഖല 2024-25ന്റെ സ്ഥിതിവിവരകണക്കുകളുടെ ലഘുലേഖ: വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ സ്ഥിതിവിവരകണക്കുകളുടെ ലഘുലേഖ, ഇന്ത്യയുടെ മാധ്യമമേഖലയെക്കുറിച്ചുള്ള വിലപ്പെട്ട വസ്തുതാധിഷ്ഠിത ഉൾക്കാഴ്ചകൾ നൽകുന്നു. പ്രക്ഷേപണം, ഡിജിറ്റൽ മാധ്യമങ്ങൾ, ചലച്ചിത്ര അംഗീകാരങ്ങൾ, പൊതു മാധ്യമ സേവനങ്ങൾ എന്നിവയിലെ വളർച്ചാപ്രവണതകൾ ഇത് എടുത്തുകാട്ടുന്നു. അനുഭവപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭാവി നയരൂപീകരണത്തിനും വ്യവസായ തന്ത്രങ്ങൾക്കും ആവശ്യമായ വിവരങ്ങൾ ഇതു നൽകുന്നു.

• ബിസിജിയുടെ ‘ഉള്ളടക്കത്തിൽനിന്നു വാണിജ്യത്തിലേക്ക്’: ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ റിപ്പോർട്ട് ഇന്ത്യയുടെ സർഗസ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയുടെ സ്ഫോടനാത്മക വളർച്ച എടുത്തുകാട്ടുന്നു. രണ്ടുമുതൽ രണ്ടര ദശലക്ഷംവരെ സജീവ ഡിജിറ്റൽ സ്രഷ്ടാക്കളുള്ളതായാണു കണക്കാക്കുന്നത്. ഈ സ്രഷ്ടാക്കൾ വാർഷിക ചെലവിൽ 350 ശതകോടി ഡോളറിലധികം സ്വാധീനം ചെലുത്തുന്നു. ഇത് 2030 ആകുമ്പോഴേക്കും ഒരു ട്രില്യൺ ഡോളർ കവിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. സ്രഷ്ടാക്കളുമായുള്ള ഇടപെടലുകളിലൂടെ ദീർഘകാലവും ആധികാരികവുമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഇത് ഊന്നൽ നൽകുന്നു.

* ഏൺസ്റ്റ് & യങ്ങിന്റെ ‘എ സ്റ്റുഡിയോ കോൾഡ് ഇന്ത്യ’: ഏൺസ്റ്റ് & യങ്ങിന്റെ റിപ്പോർട്ട് ഇന്ത്യയെ ആഗോള ഉള്ളടക്ക കേന്ദ്രമായി വിഭാവനം ചെയ്യുന്നു. ഭാഷാവൈവിധ്യം, സമ്പന്നമായ സംസ്കാരം, സാങ്കേതിക വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്താൻ രാജ്യത്തിനാകുമെന്നാണു വിലയിരുത്തൽ. അനിമേഷനിലും വിഎഫ്എക്സ് സേവനങ്ങളിലും 40%-60% മാത്രം ചെലവുവരുന്ന നിലയിലുള്ള ഇന്ത്യയുടെ നേട്ടവും ഇന്ത്യൻ ഒടിടി ഉള്ളടക്കത്തിനായി വർധിക്കുന്ന അന്താരാഷ്ട്ര ആവശ്യകതയും ആഗോള സാംസ്കാരിക നയതന്ത്രത്തിൽ ഇന്ത്യയുടെ പങ്കു ശക്തിപ്പെടുത്തുന്നതും ഇത് എടുത്തുകാട്ടുന്നു.

* ലീഗൽ കറന്റ്സ് ആൻഡ് ലൈവ് ഇവന്റ്സ് ഇൻഡസ്ട്രി റിപ്പോർട്ട്സ്: ഖൈതാൻ & കമ്പനിയുടെ നിയമ ലഘുലേഖ മാധ്യമപങ്കാളികളെ ഇൻഫ്ലുവൻസർ മാർക്കറ്റിങ്, നിബന്ധന മാനദണ്ഡങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ, ഇന്ത്യയുടെ കാര്യനിർവഹണ ആവാസവ്യവസ്ഥ മനസിലാക്കാൻ സഹായിക്കുന്നു. കൂടാതെ, ഇന്ത്യയിലെ തത്സമയ പരിപാടികൾ സംബന്ധിച്ച വ്യവസായത്തെക്കുറിച്ചുള്ള ധവളപത്രം, മേഖലയുടെ 15% വളർച്ചനിരക്കു വിശദീകരിക്കുന്നു. വളർന്നുവരുന്ന മേഖലയെ പിന്തുണയ്ക്കുന്നതിനായി നവീകരിച്ച അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യക്ഷമമായ ലൈസൻസിങ് പ്രക്രിയകൾക്കും വേണ്ടി നിലകൊള്ളുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി: മികവിന്റെ ദേശീയ കേന്ദ്രം

മുംബൈയിൽ സ്ഥാപിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (IICT), മികവിന്റെ ദേശീയ കേന്ദ്രമെന്ന നിലയിൽ സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ ശേഷി വർധിപ്പിക്കുന്നതിൽ നാഴികക്കല്ലാകാൻ ഒരുങ്ങുകയാണ്. AVGC-XR മേഖലയ്ക്കു മാത്രമായി സമർപ്പിച്ചിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട‌ിനു ‘വേവ്സ് 2025’-ന്റെ മൂന്നാം ദിനത്തിൽ ഔപചാരികമായി തുടക്കംകുറിച്ചു. മാധ്യമ-വിനോദ മേഖലയിലെ ലോകോത്തര സ്ഥാപനമായി IICT-യെ മാറ്റുന്നതിനായി വ്യവസായ അസോസിയേഷനുകളുമായി തന്ത്രപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുന്നതിനും WAVES സാക്ഷ്യം വഹിച്ചു. ഈ തന്ത്രപ്രധാന സഹകരണങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ച കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, മാധ്യമ-വിനോദ മേഖലയിൽ ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള ഇന്ത്യയുടെ കഴിവിന് ഊന്നൽ നൽകി. IIT-കളും IIM-കളും സാങ്കേതികവിദ്യയിലും മാനേജ്മെന്റ് വിദ്യാഭ്യാസത്തിലും മാനദണ്ഡങ്ങളായി മാറിയതുപോലെ, IICT അതിന്റെ മേഖലയിലെ പ്രധാന സ്ഥാപനമായി പരിണമിക്കുന്നതിനുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ജിയോസ്റ്റാർ, അഡോബ്, ഗൂഗിളും യൂട്യൂബും, മെറ്റാ, വാകോം, മൈക്രോസോഫ്റ്റ്, NVIDIA എന്നിവ ദീർഘകാല സഹകരണത്തിനായി മുന്നോട്ടുവന്ന ചില കമ്പനികളാണ്.

ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചും ക്രിയേറ്റോസ്ഫിയറും: സർഗാത്മക പ്രതിഭയുടെ ആഗോള ആഘോഷം

WAVES 2025-ലെ ശ്രദ്ധേയ സവിശേഷതകളിലൊന്ന് ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ ചലഞ്ച് (CIC) ഒന്നാം സീസണിന്റെ മഹത്തായ പര്യവസാനമായിരുന്നു. അറുപതി‌ലധികം രാജ്യങ്ങളിൽനിന്ന് ഏകദേശം ഒരുലക്ഷത്തോളം രജിസ്ട്രേഷനാണ് ഈ മത്സരത്തിനുണ്ടായത്. WAVES-നു കീഴിൽ മുൻനിര സംരംഭമായി ആരംഭിച്ച CIC, അനിമേഷൻ, XR, ഗെയിമിങ്, നിർമിതബുദ്ധി, ചലച്ചിത്ര നിർമാണം, ഡിജിറ്റൽ സംഗീതം തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള സ്രഷ്ടാക്കളെ ഒരുമിച്ചു കൊണ്ടുവന്നു. പങ്കെടുത്ത എല്ലാ സ്രഷ്ടാക്കളെയും താരമാക്കി മാറ്റാൻ ഈ സംരംഭത്തിനായി.

1100-ലധികം അന്താരാഷ്ട്ര പങ്കാളികളുടെ സാന്നിധ്യത്തിനു സാക്ഷ്യംവഹിച്ച ഭാവനാത്മകവും ഭാവിസജ്ജവുമായ 32 ചലഞ്ചുകളിൽനിന്ന് 750-ലധികം ഫൈനലിസ്റ്റുകൾ ഉയർന്നുവന്നു. കഴിവുറ്റ ഈ വ്യക്തികൾ WAVES-ലെ സമർപ്പിത നൂതനാശയ മേഖലയായ ക്രിയേറ്റോസ്ഫിയറിൽ അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. പ്രോജക്ടുകൾ അവതരിപ്പിക്കാനും സാധ്യതയുള്ള സഹകരണങ്ങൾക്കായി വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും അതിലൂടെ സർഗസ്രഷ്ടാക്കൾക്കു കഴിഞ്ഞു.

മത്സരം എന്നതിനപ്പുറം, പാരമ്പര്യത്തിലും സാങ്കേതികവിദ്യയിലും വേരൂന്നിയ വൈവിധ്യം, യൗവനോർജം, കഥപറച്ചിൽ എന്നിവ ആഘോഷിക്കുന്ന മുന്നേറ്റമായി ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ ചലഞ്ച് പരിണമിച്ചു. 12 മുതൽ 66 വയസ്സ് വരെയുള്ള ഫൈനലിസ്റ്റുകളെയും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള കരുത്തുറ്റ പങ്കാളികളെയും പങ്കെടുപ്പിച്ച ഈ സംരംഭം, ഉൾക്കൊള്ളലും ഉത്കർഷേച്ഛയും ഉൾപ്പെടുന്നതാണ്. താഴേത്തട്ടിലുള്ള നവീകരണം, ഡ്രോൺ കഥപറച്ചിൽ, നാളെയുടെ സർഗാത്മക ഇന്ത്യയുടെ നേർക്കാഴ്ച നൽകുന്ന ഭാവിക്കനുയോജ്യമായ ഉള്ളടക്കം തുടങ്ങിയ വിഷയങ്ങൾക്കായുള്ള വിക്ഷേപണത്തറ കൂടിയായിരുന്നു ക്രിയേറ്റോസ്ഫിയർ. സിഐസി പുരസ്കാരദാനച്ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതുപോലെ, “പ്രയാണം ആരംഭിച്ചിട്ടേയുള്ളൂ”. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി പോലുള്ള സംരംഭങ്ങൾ വന്നതോടെ, ഗതിവേഗം കൂടുതൽ കരുത്താർജിക്കുകയാണ്.

8-ാമതു ദേശീയ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനവും സിആർമാർക്കുള്ള ദേശീയ പുരസ്കാരങ്ങളും

WAVES-ന്റെ ഭാഗമായി സംഘടിപ്പിച്ച എട്ടാമതു ദേശീയ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ 12 മികച്ച കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്കു ദേശീയ കമ്മ്യൂണിറ്റി റേഡിയോ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വിജയികളെ അഭിനന്ദിച്ച ഡോ. എൽ. മുരുകൻ, നവീകരണത്തിലൂടെയും ഉൾക്കൊള്ളലിലൂടെയും സ്വാധീനത്തിലൂടെയും ഇന്ത്യയിലെ കമ്മ്യൂണിറ്റി മാധ്യമ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണു ദേശീയ സമ്മേളനം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള 400-ലധികം കമ്മ്യൂണിറ്റി റേഡിയോ (CR) സ്റ്റേഷനുകളിൽ നിന്നുള്ള പ്രതിനിധികളെ ഒരു വേദിയിൽ കൊണ്ടുവന്നു ചർച്ചകൾക്കും സഹകരണത്തിനും ഈ സമ്മേളനം അവസരമൊരുക്കി. നിലവിൽ, രാജ്യത്തുടനീളം 531 CR സ്റ്റേഷനുകളുണ്ട്.

ഭാരത് പവലിയൻ - കലയിൽനിന്നു കോഡിലേക്കുള്ള ഇന്ത്യയുടെ പ്രയാണം

WAVES 2025-ൽ ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യങ്ങളുടെ തുടർച്ചയിലൂടെ സന്ദർശകരെ കൊണ്ടുപോയ അതിമനോഹരമായ ദൃശ്യമേഖലയായ ഭാരത് പവലിയനു പൊതുജനങ്ങളിൽനിന്നു മികച്ച സ്വീകരണവും പ്രതികരണവും ലഭിച്ചു. “കലയിൽനിന്നു കോഡിലേക്ക്” എന്ന പ്രമേയത്തിലുള്ള പവലിയൻ, വാമൊഴി, ദൃശ്യപാരമ്പര്യങ്ങൾ തുടങ്ങി അത്യാധുനിക ഡിജിറ്റൽ നവീകരണങ്ങൾ വരെയുള്ള മാധ്യമ-വിനോദ മേഖലയിൽ ഇന്ത്യയുടെ പരിണാമത്തിന്റെ ശ്രദ്ധേയമായ ആഖ്യാനമൊരുക്കി.

നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക പുരോഗതിയുടെ പുതിയ തരംഗങ്ങളുമായി കോർത്തിണക്കിയ പവലിലൻ ഇന്ത്യയുടെ ആത്മാവിനെയാണ് അവതരിപ്പിച്ചത്. WAVES 2025-ന്റെ ഉദ്ഘാടനദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പവലിയൻ സന്ദർശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസ്, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയ്‌ശങ്കർ, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് തുടങ്ങി നിരവധി പ്രമുഖർ പവലിയൻ സന്ദർശിച്ച് ഭാരതത്തിന്റെ കഥ പറയുന്നതിൽ അതിന്റെ പങ്കിനെ അഭിനന്ദിച്ചു. പവലിയനിൽ വൻ ജനാവലിയാണെത്തിയത്. നമ്മുടെ രാജ്യത്തിന്റെ നിരവധി നിധികൾ കണ്ടെത്താനായതിൽ ജനങ്ങൾ അത്ഭുതപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുടെ സർഗാത്മക പ്രയാണം ആഘോഷിക്കുന്ന ഭാരത് പവലിയൻ ഉള്ളടക്കത്തിന്റെ പ്രദർശനം മാത്രമായിരുന്നില്ല; മറിച്ച്, സ്രഷ്ടാവ് എന്ന നിലയിൽ ഇന്ത്യയുടെ കരുത്തുറ്റ പ്രകടനം കൂടി‌യായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക ആഴം, കലാപരമായ മികവ്, ആഗോള കഥപറച്ചിലിൽ കൈവരുന്ന ആധിപത്യം എന്നിവ ഇതു പ്രദർശിപ്പിച്ചു.

സർഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്കു ശോഭനമായ ഭാവി വാഗ്ദാനംചെയ്ത് WAVES-നു പരിസമാപ്തി

സർഗാത്മകത, വാണിജ്യം, സഹകരണം എന്നിവ സുഗമമായി സംയോജിപ്പിക്കുന്ന ആഗോളവേദിയെന്ന നിലയിൽ WAVES 2025 മാനദണ്ഡം സ്ഥാപിച്ചു. ദീർഘവീക്ഷണമുള്ള നയപ്രഖ്യാപനങ്ങളും നാഴികക്കല്ലായ അന്താരാഷ്ട്ര കരാറുകളും മുതൽ കരുത്തുറ്റ വ്യവസായ നീക്കങ്ങളും ബൃഹത്തായ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളും വരെ, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയിൽ ആഗോളതലത്തിലെ മുൻനിരക്കാരെന്ന നിലയിൽ ഇന്ത്യയുടെ വളർന്നുവരുന്ന നിലവാരത്തിന് ഉച്ചകോടി അടിവരയിട്ടു. പങ്കെടുക്കുന്ന 77 രാജ്യങ്ങൾ WAVES പ്രഖ്യാപനം അംഗീകരിച്ചതും WAVES ബസാറിന്റെയും WAVEX ആക്സിലറേറ്ററിന്റെയും വിജയവും നവീകരണം, ഉൾക്കൊള്ളൽ, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവയിൽ അധിഷ്ഠിതമായ ഭാവിയെ സൂചിപ്പിക്കുന്നു. ചരിത്രപരമായ ആദ്യപതിപ്പിനു തിരശീല വീഴുമ്പോൾ, WAVES ഇന്ത്യയുടെ സർഗാത്മകപ്രതിഭ പ്രദർശിപ്പിക്കുക മാത്രമല്ല ചെയ്തത്. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കളുടെ ശബ്ദങ്ങൾ പ്രചോദിപ്പിക്കുകയും അവയിൽ നിക്ഷേപിക്കുകയും ഉയർത്തുകയും ചെയ്യുന്ന സുസ്ഥിര ആഗോള മുന്നേറ്റത്തിനും ഇത് ഊർജം പകർന്നു.

 

***


Release ID: (Release ID: 2126883)   |   Visitor Counter: 23

Read this release in: English , Urdu , Marathi , Gujarati