WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മാധ്യമ, വിനോദ മേഖലയുമായി ബന്ധപ്പെട്ട നിർണ്ണായക വൈജ്ഞാനിക അവലോകനങ്ങൾ (Knowledge Reports) കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ WAVES 2025-വേദിയിൽ പുറത്തിറക്കി; ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ച റിപ്പോർട്ട് വിശദീകരിക്കുന്നു.

 Posted On: 04 MAY 2025 1:50PM |   Location: PIB Thiruvananthpuram

ഇന്ത്യയുടെ ചലനാത്മകവും അതിദ്രുതം വികാസം പ്രാപിക്കുന്നതുമായ മാധ്യമ, വിനോദ ആവാസവ്യവസ്ഥയുടെ സമഗ്രമായ അവലോകനം അവതരിപ്പിക്കുന്ന അഞ്ച് സുപ്രധാന റിപ്പോർട്ടുകൾ കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുകൻ മുംബൈയിലെ WAVE ഉച്ചകോടി വേദിയിൽ ഇന്നലെ പുറത്തിറക്കി.

പ്രശസ്ത ദേശീയ, അന്തർദേശീയ ഏജൻസികൾ തയ്യാറാക്കിയ ഈ റിപ്പോർട്ടുകൾ, സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ, ഉള്ളടക്ക നിർമ്മാണം, നിയമപരമായ ചട്ടക്കൂടുകൾ,ലൈവ് ഇവന്റ്സ് വ്യവസായം, ഡാറ്റാ പിന്തുണയിലധിഷ്ഠിതമായ നയ പിന്തുണ എന്നിവ സംബന്ധിച്ച വിലപ്പെട്ട വീക്ഷണങ്ങൾ പങ്കു വയ്ക്കുന്നു.

 



 

സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്ക് ഓൺ മീഡിയ ആൻഡ് എന്റർടൈൻമെന്റ് 2024-25

ഡാറ്റാധിഷ്ഠിത നയങ്ങൾക്കും തീരുമാനമെടുക്കൽ പ്രക്രിയയ്ക്കുമുള്ള ഒരു അവശ്യ വിഭവമായി വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്ക് വർത്തിക്കുന്നു. മേഖലയിലെ  പ്രവണതകൾ, പ്രേക്ഷകരുടെ അഭിരുചി, വരുമാന വളർച്ചാ രീതികൾ, പ്രാദേശികവും ദേശീയവുമായ  പ്രവണതകൾ എന്നിവ കൈപ്പുസ്തകം വിവരിക്കുന്നു. ഭാവിയിലെ നയരൂപീകരണത്തെയും വ്യാവസായിക തന്ത്രങ്ങളെയും മുന്നോട്ട് നയിക്കുന്നതിനും അതിനു വേണ്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് കൈപ്പുസ്തകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അവ അനുഭവവേദ്യമായ തെളിവുകളിലും പ്രായോഗിക യാഥാർത്ഥ്യങ്ങളിലും അധിഷ്ഠിതമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്കിന്റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു:

PRGI യിൽ രജിസ്റ്റർ ചെയ്ത പ്രസിദ്ധീകരണങ്ങൾ:

1957-ൽ 5,932 ആയിരുന്നത് 2024–25-ൽ 154,523 ആയി വർദ്ധിച്ചു, സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) 4.99%.

പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ പുസ്തകങ്ങൾ:

കുട്ടികളുടെ സാഹിത്യം, ചരിത്രം, സ്വാതന്ത്ര്യസമരം, ശാസ്ത്രം, പരിസ്ഥിതി, ജീവ ചരിത്രം തുടങ്ങിയ മേഖലകളിൽ 2024–25-ൽ പ്രസിദ്ധീകൃതമായ 130 പുസ്തകങ്ങൾ.

ദൂരദർശന്റെ സൗജന്യ ഡിഷ് സേവനം:

2004-ൽ 33 ചാനലുകളിൽ നിന്ന് 2025-ൽ 381 ആയി വികസിച്ചു.

DTH  സേവനം:

2025 മാർച്ചോടെ 100% ഭൂമിശാസ്ത്രപരമായ കവറേജ് സാധ്യമാക്കി.

ഓൾ ഇന്ത്യ റേഡിയോ (AIR):

ഇപ്പോൾ ഇന്ത്യൻ ജനസംഖ്യയുടെ 98% ലും (2025 മാർച്ച് വരെ) എത്തിച്ചേരുന്നു.

2000-ൽ 198 ആയിരുന്ന AIR സ്റ്റേഷനുകളുടെ എണ്ണം 2025-ൽ 591 ആയി വർദ്ധിച്ചു.

സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾ:

2004–05-ൽ 130 ആയിരുന്നത് 2024–25-ൽ 908 ആയി വർദ്ധിച്ചു.

സ്വകാര്യ FM സ്റ്റേഷനുകൾ 2001 ലെ 4 ൽ നിന്ന് 2024 ൽ 388 ആയി ഉയർന്നു; 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് സംസ്ഥാന തിരിച്ചുള്ള കണക്ക് റിപ്പോർട്ട് വിശദീകരിക്കുന്നു.

കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ (CRS):

സംസ്ഥാന/ജില്ല/സ്ഥലം തിരിച്ചുള്ള വിശദാംശങ്ങളിൽ, 2005 ലെ 15 ൽ നിന്ന് 2025 ൽ 531 ആയി വർദ്ധിച്ചതായി വ്യക്തമാക്കുന്നു.

ഫിലിം സർട്ടിഫിക്കേഷൻ:

സർട്ടിഫൈ ചെയ്ത ഇന്ത്യൻ ചലച്ചിത്രങ്ങളുടെ എണ്ണം 1983 ലെ 741 ൽ നിന്ന് 2024–25 ൽ 3,455 ആയി വർദ്ധിച്ചു. 2024–25 ഓടെ ആകെ 69,113 സിനിമകൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.

ചലച്ചിത്ര മേഖലയിലെ വികസനങ്ങൾ:

പുരസ്‌ക്കാരങ്ങൾ, അന്താരാഷ്ട്ര ചലച്ചിത്രമേളകൾ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ഡോക്യുമെന്ററികൾ എന്നിവയെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുന്നു.

ഡിജിറ്റൽ മീഡിയയും സർഗ്ഗസൃഷ്ടി സമ്പദ് വ്യവസ്ഥയും:

WAVES OTT, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT), ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) എന്നിവയ്ക്ക് കീഴിലുള്ള നേട്ടങ്ങൾ ഉൾക്കൊള്ളുന്നു.

ചരിത്രപ്രാധാന്യമുള്ള നാഴിക്കല്ലുകൾ :

PRGI, ആകാശവാണി, ദൂരദർശൻ, INSAT അധിഷ്ഠിത ടിവി സേവനങ്ങൾ, സ്വകാര്യ FM റേഡിയോ എന്നിവ സ്ഥാപിച്ചത്   ഉൾപ്പെടെവാർത്താ വിതരണ പ്രക്ഷേപണ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകൾ ഇതിൽ ഉൾപ്പെടുന്നു.

നൈപുണ്യ സംരംഭങ്ങൾ:

മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെയും പരിശീലനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ.

ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടികൾ:

മാധ്യമങ്ങൾക്കും ഉള്ളടക്ക സ്രഷ്ടാക്കൾക്കും നടപടിക്രമങ്ങൾ ലളിതവും സുതാര്യവും സുഗമമായി അനുഭവപ്പെടുന്നതിന് നടപ്പിലാക്കിയ പദ്ധതികൾ .

‘ഫ്രം കണ്ടന്റ് ടു കോമേഴ്‌സ്: മാപ്പിംഗ് ഇന്ത്യാസ് ക്രിയേറ്റർ ഇക്കോണമി’ - ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (BCG) റിപ്പോർട്ട്

ഡിജിറ്റൽ യുഗത്തിൽ ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ അഭൂതപൂർവമായ വ്യാപ്തിയും സ്വാധീനവും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 2 മുതൽ 2.5 ദശലക്ഷം വരെ സജീവ ഡിജിറ്റൽ സ്രഷ്ടാക്കളുമായി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സർഗ്ഗാത്മക ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ് ഇന്ത്യ. ഈ സ്രഷ്ടാക്കൾ വാർഷിക ഉപഭോക്തൃ ചെലവിൽ 350 ബില്യൺ ഡോളറിലധികം സ്വാധീനം ചെലുത്തുന്നു - 2030 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടി വർദ്ധിച്ച് 1 ട്രില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നു.

സംഖ്യാത്മകമായ കണക്കുകൾക്കപ്പുറം, കഥാകാരന്മാർ, സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നവർ, സമ്പദ് വ്യവസ്ഥയുടെ ചാലകങ്ങൾ എന്നീ നിലകളിലുള്ള സർഗ്ഗ സ്രഷ്ടാക്കളുടെ പരിണാമാത്മക പങ്കിനെ അംഗീകരിക്കാനും റിപ്പോർട്ട് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. ബിസിനസുകളെ സംബന്ധിച്ചിടത്തോളം,  ഈ പരിവർത്തനം ഇടപാട് സംബന്ധമായ സ്വാധീനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനെയും ആധികാരികത, വിശ്വാസം, സൃഷ്ടിപരമായ ചടുലത എന്നിവയിൽ വേരൂന്നിയ ദീർഘകാല പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനെയും സൂചിപ്പിക്കുന്നു.

ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 'എ സ്റ്റുഡിയോ കാൾഡ് ഇന്ത്യ' - ഇന്ത്യയെ ഒരു ആഗോള ഉള്ളടക്ക കേന്ദ്രമായി വിഭാവനം ചെയ്യുന്നു

ഇന്ത്യയെ ഉള്ളടക്കങ്ങളുടെ ഉപഭോക്തൃ രാഷ്ട്രമെന്നതിലുപരിയായി, ലോകത്തിന് മുന്നിലെ ഒരു സ്റ്റുഡിയോ ആയി റിപ്പോർട്ട് വിഭാവനം ചെയ്യുന്നു. അതിർത്തികൾ ഭേദിച്ച് ആഖ്യാനങ്ങൾ ചമയ്ക്കാൻ ഇന്ത്യയെ  സഹായിക്കുന്ന ശക്തിവിശേഷങ്ങൾ- ഭാഷാ വൈവിധ്യം, സാംസ്ക്കാരിക സമ്പന്നത, സാങ്കേതികമായി പ്രാവീണ്യമുള്ള ഒരു പ്രതിഭാ വൈപുല്യം- എന്നിവ റിപ്പോർട്ട് അടിവരയിടുന്നു.

ആനിമേഷനിലും VFX സേവനങ്ങളിലും ഇന്ത്യ 40% മുതൽ 60% വരെ കുറഞ്ഞ ചെലവ് വാഗ്ദാനം ചെയ്യുന്നു. ഇതിന്  അതിവൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയുടെ പിന്തുണയുണ്ട്. ഇന്ത്യൻ കഥാകഥനത്തിന്റെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആകർഷണം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ OTT ഉള്ളടക്കങ്ങളുടെ 25%  ഇപ്പോൾ വിദേശ പ്രേക്ഷകരാണ്. ഈ പ്രതിഭാസം വാണിജ്യപ്രധാനം മാത്രമല്ല - സാംസ്ക്കാരിക നയതന്ത്രത്തിന്റെ വിജയത്തെക്കൂടിയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ കഥകൾ ഭൂഖണ്ഡങ്ങളിലുടനീളം വൈകാരികവും സാംസ്ക്കാരികവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു.

ഖൈതാൻ ആൻഡ് കോ. യുടെ ‘ലീഗൽ കറന്റ്സ്: എ റെഗുലേറ്ററി ഹാൻഡ്‌ബുക്ക് ഓൺ ഇന്ത്യാസ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് സെക്ടർ 2025’

സർഗ്ഗാത്മകതയും നിയന്ത്രണ ചട്ടക്കൂടുകളും അനുപൂരകമാകണമെന്ന വ്യക്തമായ തിരിച്ചറിവിൽ നിന്നാണ്, ഖൈതാൻ ആൻഡ് കോ. മാധ്യമ, വിനോദ മേഖലകൾക്കായി വിശദമായ നിയമ, നിയന്ത്രണ കൈപ്പുസ്തകം തയ്യാറാക്കിയത്. നിർമ്മാതാക്കൾ, സ്റ്റുഡിയോകൾ, സ്വാധീന ശക്തികൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവയ്‌ക്കുള്ള ഒരു പ്രായോഗിക മാർഗ്ഗ ദർശനമെന്ന നിലയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഹാൻഡ്‌ബുക്ക് ഇനിപ്പറയുന്ന പ്രധാന നിയമ വിഷയങ്ങൾ ഉൾക്കൊള്ളുന്നു:

  • ആഭ്യന്തര, വിദേശ സ്ഥാപനങ്ങൾക്കുള്ള അനുവർത്തന മാനദണ്ഡങ്ങൾ
  • അന്താരാഷ്ട്ര നിർമ്മാണങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതികൾ
  • ഇൻഫ്ലുവൻസർ മാർക്കറ്റിംഗും ഡിജിറ്റൽ ഉള്ളടക്കവും സംബന്ധിച്ച നിയമപരമായ ചട്ടക്കൂടുകൾ
  • ചരക്ക് സേവന നികുതി ഉൾപ്പെടെയുള്ള ഗെയിമിംഗ് മേഖലയിലെ നിർവ്വനങ്ങളും നികുതി ഘടനയും
  • സെലിബ്രിറ്റി അവകാശങ്ങളുടെ സംരക്ഷണം
  • AI- അധിഷ്ഠിത ഉള്ളടക്കത്തിന്റെ ധാർമ്മിക പരിഗണനകളും നിയന്ത്രണ നിർവ്വഹണവും


സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ ആത്മവിശ്വാസത്തോടെയും, അനുവർത്തനത്തോടെയും, ഉത്തരവാദിത്തത്തോടെയും ഇടപെടുന്നതിനുള്ള ഉപാധികൾ പങ്കാളികൾക്ക് ലഭ്യമാക്കുകയെന്നതാണ്  ഈ കൈപ്പുസ്തകത്തിന്റെ ലക്ഷ്യം.

ഇന്ത്യയിലെ ലൈവ് ഇവന്റ്സ് വ്യവസായത്തെക്കുറിച്ചുള്ള ധവളപത്രം

ഇന്ത്യയുടെ ലൈവ് ഇവന്റ് വ്യവസായത്തെക്കുറിച്ചുള്ള ധവളപത്രം മേഖലയുടെ ശക്തമായ വളർച്ചയെയും പരിവർത്തനാത്മകമായ ഉപഭോക്തൃ ചലനാത്മകതയെയും വിശദീകരിക്കുന്നു. 15% വാർഷിക വളർച്ചാ നിരക്കോടെ, 2024 ൽ മാത്രം വ്യവസായം ₹13 ബില്യൺ വരുമാനം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഏകദേശം അഞ്ച് ലക്ഷം ആസ്വാദകർ  നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ഇവന്റ് അധിഷ്ഠിത വിനോദ സഞ്ചാരത്തിന്റെ ആവിർഭാവത്തെ ശക്തിപ്പെടുത്തുന്നു. പ്രീമിയം, ക്യൂറേറ്റഡ് അനുഭവങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. കൂടാതെ ഷില്ലോങ്, വഡോദര, ജംഷഡ്പൂർ തുടങ്ങിയ രണ്ടാം നിര നഗരങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങളായി ഉയർന്നുവരുന്നു. 

 

ഈ വേഗതയെ പിന്തുണയ്ക്കുന്നതിനും  വർദ്ധിപ്പിക്കുന്നതിനും, ധവളപത്രം ഇനിപ്പറയുന്ന കാര്യങ്ങളുടെ ആവശ്യകത എടുത്തുകാണിക്കുന്നു:

  • നൂതനമായ  ലൈവ് ഇവന്റ്സ് അടിസ്ഥാന സൗകര്യങ്ങൾ  
  • ക്രമീകൃതവും ലളിതവത്ക്കരിച്ചതുമായ ലൈസൻസിംഗ് പ്രക്രിയകൾ
  • ശക്തവും കൂടുതൽ സുതാര്യവുമായ സംഗീത അവകാശ ചട്ടക്കൂടുകൾ
  • സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖലയ്ക്കും ക്രിയേറ്റീവ് ഇക്കണോമി നയങ്ങൾക്കും കീഴിൽ തത്സമയ ലൈവ് ഇവന്റ്സ് മേഖലയ്ക്ക് ഔപചാരിക അംഗീകാരം.


ആഗോള സാംസ്ക്കാരിക രംഗത്ത് വെറുമൊരു കാഴ്ചക്കാരൻ എന്നതിലുപരിയായി, അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായി ഇന്ത്യയെ പുനർനിർവ്വചിക്കാൻ  റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

വാർത്താ വിതരണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു; വാർത്താ വിതരണ മന്ത്രാലയത്തിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ ആർ.കെ. ജെന; വാർത്താ വിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീമതി മീനു ബത്ര; വാർത്താ വിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡിയുമായ ശ്രീ പൃഥുൽ കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിജ്ഞാന പങ്കാളികളെ പ്രതിനിധീകരിച്ച് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും പാർട്ണറുമായ ശ്രീ വിപിൻ ഗുപ്ത, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പാർട്ണർ ശ്രീമതി പായൽ മേത്ത; ഏണസ്റ്റ് ആൻഡ് യങ്ങിന്റെ പാർട്ണർ ശ്രീ ആശിഷ് ഫെർവാനി; ഏണസ്റ്റ് ആൻഡ് യങ്ങിന്റെ പാർട്ണർ ശ്രീ അമിയ സ്വരൂപ്; ഖൈതാൻ ആൻഡ് കോ.യുടെ ടെക്നോളജി ആൻഡ് മീഡിയ പാർട്ണർ ശ്രീ തനു ബാനർജി; ഖൈതാൻ ആൻഡ് കോ.യുടെ പാർട്ണർ ശ്രീ ഇഷാൻ ജോഹ്രി; EVENTS FAQ Live ഡയറക്ടർ ശ്രീ വിനോദ് ജനാർദൻ; EVENTS FAQ  എംഡി ശ്രീ ദീപക് ചൗധരി എന്നിവരും മുംബൈയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

 
******************

Release ID: (Release ID: 2126809)   |   Visitor Counter: 16