WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഇന്ത്യയിൽ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് പ്രഥമ സ്ഥാനം നൽകുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ

വേവ്സ് 2025-ൽ ഇന്ത്യയുടെ വിനോദ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് സുപ്രധാന റിപ്പോർട്ട് പുറത്തിറക്കി മോഷൻ പിക്ചർ അസോസിയേഷൻ

 Posted On: 03 MAY 2025 8:55PM |   Location: PIB Thiruvananthpuram

ഇന്ത്യയുടെ സിനിമ - ടെലിവിഷൻ - സ്ട്രീമിംഗ് മേഖലകൾ ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനം വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ട് മുംബൈയിൽ ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) മൂന്നാം ദിനം മോഷൻ പിക്ചർ അസോസിയേഷൻ (എംപിഎ) പുറത്തിറക്കി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, എംപിഎ ചെയർമാനും സിഇഒയുമായ ചാൾസ് റിവ്കിൻ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

 

എംപിഎയുടെ ആഗോള നേതൃത്വത്തെ പ്രശംസിച്ച കേന്ദ്രസഹമന്ത്രി ഡോ. മുരുകൻ രാജ്യാന്തര പ്രേക്ഷകരിൽ ഇന്ത്യൻ സിനിമയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ അംഗീകരിച്ചു. ആർആർആർ, ബാഹുബലി തുടങ്ങിയ സിനിമകൾ വിവിധ ഭാഷകളിലും ഭൂപ്രദേശങ്ങളിലുമുടനീളം ഇന്ത്യൻ കഥകളുടെ പ്രതിധ്വനി തെളിയിച്ചതായി ഡോ. മുരുകൻ പറഞ്ഞു.

നയങ്ങളുടെയും ഉൽപ്പാദന പ്രോത്സാഹനത്തിന്റെയും ശക്തമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെയും പിന്തുണയോടെ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് പ്രഥമസ്ഥാനം നൽകുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള സർക്കാര്‍ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. ഉള്ളടക്ക മോഷണത്തിനെതിരെ നടപ്പാക്കിയ സമീപകാല പരിഷ്കാരങ്ങളെ ഉദ്ധരിച്ച് ഡിജിറ്റൽ യുഗത്തിൽ ഉള്ളടക്ക നിര്‍മാതാക്കളുടെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. 

 

സിനിമ ഒരു സാമ്പത്തിക യന്ത്രം മാത്രമല്ലെന്നും നയതന്ത്രപരവും സാംസ്കാരികവുമായ സുപ്രധാന പാലമാണെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ആദരിക്കപ്പടുന്ന സുരക്ഷിത സർഗാത്മക വ്യവസായം സഹകരണത്തിലൂടെ സൃഷ്ടിക്കുന്നതിന് മോഷൻ പിക്ചർ അസോസിയേഷന്റെ പങ്കാളിത്തം ആഴത്തിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

ഇന്ത്യയുമായി എം‌പി‌എയുടെ തുടർച്ചയായ പങ്കാളിത്തം രാജ്യത്തിന്റെ വിനോദ വ്യവസായത്തിന് ‘നിർണ്ണായക നിമിഷ’മാണെന്ന് ചാൾസ് റിവ്കിൻ വിശേഷിപ്പിച്ചു. ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥ അസാധാരണ വളർച്ചയ്ക്ക് ഒരുങ്ങിയിരിക്കുന്നുവെന്നും ഈ യാത്രയെ പിന്തുണയ്ക്കുന്നതിൽ എം‌പി‌എ അഭിമാനിക്കുന്നുവെന്നും റിവ്കിൻ പറഞ്ഞു.

ഇന്ത്യൻ സിനിമ, ടിവി, സ്ട്രീമിംഗ് വ്യവസായങ്ങൾ 2.6 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും വാർഷിക സാമ്പത്തിക ഉൽപ്പാദനമനുസരിച്ച് 60 ബില്യൺ ഡോളറിലധികം സൃഷ്ടിച്ചുവെന്നും റിപ്പോർട്ട് അനാച്ഛാദനം ചെയ്ത ശേഷം പ്രധാന കണ്ടെത്തലുകൾ പങ്കുവെച്ചുകൊണ്ട് റിവ്കിൻ പറഞ്ഞു. നിക്ഷേപങ്ങൾ, പങ്കാളിത്തങ്ങൾ, ഭാവി-അധിഷ്ഠിത നയങ്ങള്‍ക്കായുള്ള വാദങ്ങൾ എന്നിവയിലൂടെ ഇന്ത്യന്‍ വിനോദ മേഖലയുടെ വളർച്ച പരിപോഷിപ്പക്കാന്‍ എംപിഎയുടെ ഭാഗമായ സ്റ്റുഡിയോകൾ ഏറെ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 

 

കഥാഖ്യാനം. വിഷ്വൽ എഫക്റ്റുകൾ, ആഗോള ഉള്ളടക്ക കയറ്റുമതി എന്നിവയിൽ ഇന്ത്യയുടെ ശക്തി എടുത്തുകാണിച്ച റിവ്കിന്‍, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും എംപിഎയുടെ ലക്ഷ്യങ്ങളും തമ്മിലെ സമാനതകള്‍ അടിവരയിട്ടു. 

 

സഹകരണം, നവീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിലധിഷ്ഠിതമായ ഭാവിയ്ക്ക് നയരൂപകര്‍ത്താക്കള്‍ക്കും ആഗോള മാധ്യമ നേതാക്കൾക്കുമിടയിലെ പങ്കാളിത്ത കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്ന എംപിഎ റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങളുടെ വീഡിയോ അവതരണത്തോടെയാണ് സെഷൻ അവസാനിച്ചത്.

 

SKY

******************


Release ID: (Release ID: 2126630)   |   Visitor Counter: 19