WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് ബസാർ വിപണികളിലൂടെ 250 കോടിയിലേറെ രൂപയുടെ ഇടപാടുകൾ സാധ്യമാക്കുകയും സുപ്രധാന അന്താരാഷ്ട്ര സഖ്യങ്ങൾ രൂപീകരിക്കുകയും ചെയ്‌തെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു

 Posted On: 02 MAY 2025 9:33PM |   Location: PIB Thiruvananthpuram

 

വേവ്സ് ഉച്ചകോടിയുടെ സുപ്രധാന ആഗോള വിപണി സംരംഭമായ വേവ്സ് ബസാർ മാധ്യമ - വിനോദ വ്യവസായത്തിലെ അന്താരാഷ്ട്ര സഹകരണത്തിന് ശക്തമായ ഉത്തേജകമായി ഉയർന്നുവന്നിരിക്കുന്നു. സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെ നിക്ഷേപകരുമായും ഉപഭോക്താക്കളുമായും സഹകാരികളുമായും   ബന്ധിപ്പിക്കുന്നതിനായി രൂപീകരിച്ച  വേവ്‌സ് ബസാർ ഇന്ത്യയെ ഉള്ളടക്ക വ്യാപാരത്തിന്റെ  തന്ത്രപരമായ കേന്ദ്രമാക്കി മാറ്റാനൊരുങ്ങുകയാണ്. വേവ്സ് ബസാർ വിപണികളിലൂടെ 250 കോടിയിലേറെ രൂപ നേടിയെന്നും സുപ്രധാന അന്താരാഷ്ട്ര സഖ്യങ്ങൾ രൂപീകരിച്ചുവെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു മുംബൈയില്‍ അറിയിച്ചു.  

 

ഉദ്ഘാടന പതിപ്പിൽ ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ്എ, ജർമ്മനി, റഷ്യ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ് ഉള്‍പ്പെടെ 22-ലധികം രാജ്യങ്ങളിലെ  മുൻനിര ശക്തികളെ ഒരുമിച്ചുകൊണ്ടുവന്ന വേവ്സ് ബസാർ  95 ആഗോള ഉപഭോക്താക്കളുടെയും 224 വിൽപ്പനക്കാരുടെയും പങ്കാളിത്തം സാധ്യമാക്കി. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, മെറ്റ, ഡിസ്നി സ്റ്റാര്‍, സീ എന്‍റര്‍ടെയിന്‍മെന്റ്, ബനിജയ് ഏഷ്യ, വാര്‍ണര്‍ ബ്രോസ്, ഡിസ്കവറി, സോണിലിവ്, വൈആര്‍എഫ്, ധര്‍മ, ജിയോ സ്റ്റുഡിയോസ്, റോട്ടർഡാം ചലച്ചിത്രമേള, റഷ്ലെയ്ക്ക് മീഡിയ എന്നിവയായിരുന്നു പ്രധാന ഉപഭോക്താക്കള്‍.

വ്യൂവിങ് റൂമും വിപണി പ്രദര്‍ശനങ്ങളും 

115 ചലച്ചിത്ര നിർമാതാക്കൾ പൂർത്തീകരിച്ച സൃഷ്ടികള്‍  അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് സമർപ്പിച്ചു. വ്യൂവിങ് റൂമില്‍ മികച്ചവയായി തിരഞ്ഞെടുത്ത 15  സൃഷ്ടികള്‍ ‌തത്സമയം പ്രദർശിപ്പിച്ചു. ഈ ചലച്ചിത്ര പ്രവർത്തകരെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര അഭിനന്ദിക്കുകയും തിരഞ്ഞെടുത്ത ഒരു പ്രൊജക്ടിന് പിന്തുണ നല്‍കാന്‍ നടൻ ടൈഗർ ഷ്രോഫ് സന്നദ്ധനാവുകയും ചെയ്തു. വിപണി പ്രദര്‍ശനത്തില്‍ പ്രതിഭാധനരായ ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധേയവും പ്രശംസനീയവുമായ 15 സൃ്ഷ്ടികളാണ് പ്രദർശിപ്പിച്ചത്.  

 

പിച്ച് റൂം: സമർപ്പിച്ച 104 പ്രൊജക്ടുകളില്‍നിന്ന് തത്സമയ ആശയാവതരണത്തിന് തിരഞ്ഞെടുക്കപ്പെട്ട 16 പ്രൊജക്ടുകൾ പ്രാരംഭ ഘട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേവ്സ് ബസാറിന്റെ  രണ്ടുദിവസങ്ങളില്‍ വ്യവസായ പങ്കാളികളുമായി നേരിട്ട് ഇടപഴകാന്‍  വേദിയൊരുക്കുന്നു.  

ബിടുബി ഉപഭോക്തൃ-വില്പന വിപണി: എഫ്ഐസിസിഐ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി) യുമായി സഹകരിച്ച് വേവ്സ് ബസാര്‍ മെയ് 1 മുതൽ 3 വരെ സംഘടിപ്പിച്ച രാജ്യത്തെ ആദ്യ പ്രത്യേക ബിടുബി ഉപഭോക്തൃ-വില്പന വിപണി യോഗങ്ങള്‍  ലക്ഷ്യബോധമുള്ള ഇടപാടുകൾ നടത്താനും സൃഷ്ടിപരമായ വിപണി വികസനം സാധ്യമാക്കാനും സഹായിക്കുന്നു.

 ആദ്യഘട്ട വിപണി നേട്ടങ്ങള്‍: 

വിപണിയുടെ ആദ്യ ഒന്നര ദിവസത്തിനകം സിനിമ, സംഗീതം, ആനിമേഷൻ, റേഡിയോ, വിഎഫ്എക്സ് മേഖലകളിലായി 250 കോടി രൂപയുടെ സ്ഥിരീകരിച്ച ഇടപാടുകളാണ് വേവ്സ് ബസാർ രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസങ്ങളിൽ ഈ കണക്ക് ഗണ്യമായി ഉയരുമെന്നും 400 കോടി രൂപ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

2025 മെയ് 2-ലെ ശ്രദ്ധേയ ഇടപാടുകളും ചരിത്ര പ്രഖ്യാപനങ്ങളും

  • മികച്ചവയുടെ പട്ടികയില്‍ തിരഞ്ഞെടുത്ത ചിത്രം - ഖിഡ്കി ഗാവ് ഏഷ്യൻ സിനിമാ ഫണ്ടുമായി പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് കരാർ സ്വന്തമാക്കി. ഫിക്ഷൻ, ഡോക്യുമെന്ററി പ്രൊജക്ടുകൾ എന്നിവയടക്കം ഏഷ്യൻ സിനിമകൾക്ക് ധനസഹായം നൽകുന്ന ഏഷ്യൻ സിനിമ ഫണ്ട് (എസിഎഫ്) ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പിന്തുണാ സംരംഭമാണ്. 
  • ഇന്‍ഡോ-യൂറോപ്യൻ ആനിമേഷൻ സഖ്യം (30 മില്യണ്‍ യൂറോ)

ബ്രോഡ്‌വിഷൻ പേഴ്സ്‌പെക്റ്റീവ്‌സും (ഇന്ത്യ) ഫാബ്രിക് ഡി ഇമേജസ് ഗ്രൂപ്പും (യൂറോപ്പ്) നാല് ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് 30 മില്യൺ യൂറോയുടെ സഹ-നിർമാണ കരാർ പ്രഖ്യാപിച്ചു. 7 മുതല്‍ 8 മില്യൺ യൂറോ വരെ  ബജറ്റ് നിജപ്പെടുത്തിയ ഓരോ ചിത്രവും ഇന്‍ഡോ-ഫ്രഞ്ച്, ഇന്‍ഡോ-ബെൽജിയൻ ഉടമ്പടി ചട്ടക്കൂടുകൾ പ്രകാരം വികസിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ആനിമേഷൻ സഹകരണങ്ങൾക്ക്  പുതിയ മാനദണ്ഡം സ്ഥാപിച്ചുകൊണ്ട് മാർക്ക് മെർട്ടൻസും (എഫ്ഡിഐ ഗ്രൂപ്പ് സിഒഒ) ശ്രീറാം ചന്ദ്രശേഖരനും (ബ്രോഡ് വിഷൻ സ്ഥാപകനും സിഇഒയും) ചേർന്ന് ഈ സഖ്യത്തിന് അംഗീകാരം നല്‍കി.

  • ഇന്ത്യ-യുകെ സഹ-നിർമാണ ധാരണാപത്രം ഒപ്പുവച്ചു

ഇന്ത്യയുടെ കൊളോണിയൽ ചരിത്രം പര്യവേക്ഷണം ചെയ്യുന്ന  വസ്തുതാ പരമ്പര വികസിപ്പിക്കുന്നതിന് അമാൻഡ ഗ്രൂമും (യുകെയിലെ ദി ബ്രിഡ്ജ് സ്ഥാപകയും സിഇഒയും) മുഞ്ജൽ ഷ്രോഫും (ഇന്ത്യയിലെ ഗ്രാഫിറ്റി സ്റ്റുഡിയോസ് സഹസ്ഥാപകൻ)  ധാരണാപത്രം ഒപ്പുവച്ചു. ഫിലിം ബസാർ രൂപീകൃതമായത് മുതൽ വർഷങ്ങളുടെ സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്തതും കൺടെന്റ് ഇന്ത്യയിൽ കൈവരിച്ചതുമായ ഈ പങ്കാളിത്തം അന്തർദേശീയ കഥാഖ്യാനത്തിലെ സുപ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു.

  • ടിവി ആസാഹി ആരംഭിച്ച "ഷിൻ ചാൻ ഇന്ത്യ ഇയർ" സംരംഭം

ഇന്ത്യയിലെ ഫ്രാഞ്ചൈസിയുടെ മികച്ച ജനപ്രീതി ആഘോഷിക്കുന്നതിന് ടിവി ആസാഹി "ഷിൻ ചാൻ ഇന്ത്യ ഇയര്‍" പ്രഖ്യാപിച്ചു. സവിശേഷതകളില്‍ ചിലത്:  

  • ഷിൻ ചാൻ: ഔർ ദിനോസർ ഡയറി നാടകം മെയ് 9 ന് പുറത്തിറക്കുന്നു. 
  • 2025 ലെ ദീപാവലിക്ക്   'ദി സ്‌പൈസി കസുകബെ ഡാൻസേഴ്‌സ്'  എന്ന രണ്ടാമത്തെ ചിത്രം ഇന്ത്യയിൽ പുറത്തിറക്കുന്നു.
  • അനീം ഇന്ത്യ (ഓഗസ്റ്റ്) മെലാ മേല ജപ്പാന്‍ (സെപ്റ്റംബർ) എന്നീ ആരാധക പരിപാടികൾ

ആഗോള ആനിമേഷൻ ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെ അടയാളപ്പെടുത്തുന്ന ഈ സംരംഭം  ഇന്‍ഡോ-ജാപ്പനീസ് സാംസ്കാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

****************

 


Release ID: (Release ID: 2126474)   |   Visitor Counter: 16