രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പദ്ധതി- 'അന്തസ്സോടെ വാർദ്ധക്യം'- സംരംഭങ്ങൾക്ക് രാഷ്ട്രപതി തുടക്കം കുറിച്ചു

Posted On: 02 MAY 2025 2:02PM by PIB Thiruvananthpuram
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള 'അന്തസ്സോടെ വാർദ്ധക്യം' - സംരംഭങ്ങളുടെ ഭാഗമായി ഇന്ന് (മെയ് 2, 2025) രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഒരു പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പോർട്ടലിന്റെ ഉദ്ഘാടനം, മുതിർന്ന പൗരന്മാർക്കായുള്ള ഭവനങ്ങളുടെ വെർച്വൽ ഉദ്ഘാടനം, സഹായ ഉപകരണങ്ങളുടെ വിതരണം, സാമൂഹിക നീതി-ശാക്തീകരണ വകുപ്പും ബ്രഹ്മകുമാരീസ് സംഘടനയും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കൽ എന്നിവ നടന്നു.
 
മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സാധാരണയായി കുടുംബങ്ങളിൽ കുട്ടികൾ അവരുടെ മുത്തശ്ശി-മുത്തശ്ശൻമാരുമായി ചേർന്ന് വളരെ സന്തോഷത്തോടെ കഴിയുന്നത് കാണാം. കുടുംബത്തിന്റെ വൈകാരിക സ്തംഭമാണ് മുതിർന്നവർ. കുടുംബം അഭിവൃദ്ധി പ്രാപിക്കുന്നത് കാണുമ്പോഴാണ് മുതിർന്നവർ ശാരീരികമായും വൈകാരികമായും ആരോഗ്യത്തോടെ ഇരിക്കുന്നത്.
 
 
ഇന്നത്തെ മത്സരബുദ്ധിയുള്ളതും വേഗതയേറിയതുമായ ജീവിത രീതിയിൽ, മുതിർന്ന പൗരന്മാരുടെ പിന്തുണയും പ്രചോദനവും മാർഗനിർദേശവും നമ്മുടെ യുവതലമുറയ്ക്ക് വളരെ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മുതിർന്ന പൗരന്മാർക്കുള്ള അനുഭവങ്ങളുടെയും അറിവിന്റെയും സമ്പത്ത്, സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാൻ യുവതലമുറയെ സഹായിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ആത്മീയമായി സ്വയം ശാക്തീകരിക്കാനും, സ്വന്തം ജീവിതത്തെയും പ്രവർത്തനങ്ങളെയും വിശകലനം ചെയ്യാനും, അർത്ഥവത്തായ ജീവിതം നയിക്കാനുമുള്ള ഒരു ഘട്ടം കൂടിയാണ് വാർദ്ധക്യം എന്ന് അവർ പറഞ്ഞു. ആത്മീയമായി ശാക്തീകരിക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് രാജ്യത്തെയും സമൂഹത്തെയും കൂടുതൽ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കാൻ കഴിയും.നമ്മെ  ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും  ഭാവിയിലേക്കുള്ള വഴികാട്ടിയുമാണ് മുതിർന്നവർ എന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ മുതിർന്നവർ അവരുടെ വാർദ്ധക്യം അന്തസ്സോടെയും സജീവമായും ജീവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിവിധ സംരംഭങ്ങളിലൂടെ ഗവണ്മെന്റ് മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. പ്രായമായവരുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാനും അവരുടെ മാർഗ്ഗനിർദ്ദേശത്തെ വിലമതിക്കാനും, അവരുടെ വിലയേറിയ സൗഹൃദം ആസ്വദിക്കാനും രാഷ്ട്രപതി എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.
 
*****

(Release ID: 2126118) Visitor Counter : 23