വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ബോളിവുഡ്, ഇതിഹാസം മനോജ് കുമാറിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് വേവ്സ് 2025
Posted On:
01 MAY 2025 5:47PM
|
Location:
PIB Thiruvananthpuram
'പ്രഗൽഭ സംവിധായകനും യഥാർത്ഥ ദേശീയ വാദിയുമായ മനോജ് കുമാറിനെ അനുസ്മരിക്കുമ്പോൾ' എന്ന സെഷനിലൂടെ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസവും ദേശസ്നേഹത്തിന്റെ വക്താക്കളിൽ ഒരാളുമായ മനോജ് കുമാറിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് വേവ്സ് 2025 ലെ ചലച്ചിത്ര സംബന്ധിയായ ചർച്ചകൾ കൂടുതൽ സമഗ്രമായി. പ്രശസ്ത ചലച്ചിത്ര നിരൂപകനും പോഡ്‌കാസ്റ്ററുമായ മായങ്ക് ശേഖർ മോഡറേറ്ററായി. ഇതിഹാസ നടനും, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ മനോജ് കുമാറിന്റെ സിനിമ പൈതൃകത്തെ പ്രതിഫലിപ്പിച്ച ഈ സെഷനിൽ ചലച്ചിത്രരംഗത്ത് നിന്നും സാഹിത്യ ലോകത്തു നിന്നുമുള്ള പ്രമുഖർ ഒത്തുചേർന്നു.
1937 ൽ ജനിച്ച മനോജ് കുമാറിന്റെ യഥാർത്ഥ പേര് ഹരികിഷൻ ഗിരി ഗോസ്വാമി എന്നാണ്. അദ്ദേഹത്തിന്റെ സിനിമകളെപ്പോലെ നാടകീയവും പ്രചോദനാത്മകവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. സിനിമാ ബന്ധങ്ങൾ ഒന്നുമില്ലായിരുന്ന അദ്ദേഹം മനസ്സ് നിറയെ സ്വപ്നങ്ങളുമായി വിഭജന സമയത്ത് ബോംബെയിൽ എത്തി. ഉറുദുവിൽ തിരക്കഥകൾ എഴുതിതുടങ്ങിയ ഈ കഥാകാരൻ, മുഖ്യധാരാസിനിമകളിൽ ആഴത്തിലുള്ള ദേശ സ്നേഹവും സാമൂഹിക അവബോധവും സമന്വയിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു ചലച്ചിത്രധാര സൃഷ്ടിക്കുകയും തന്റെ സിനിമകളെ ആകർഷണീയമാക്കുകയും ചെയ്തു .
മനോജ് കുമാറിന്റെ മകനും നടനുമായ കുനാൽ ഗോസ്വാമിയുടെ ഹൃദയസ്പർശിയായ ഓർമ്മകളോടെ സെഷൻ ആരംഭിച്ചു: “വിഭജനകാലത്ത് എന്റെ പിതാവിന് എല്ലാം നഷ്ടപ്പെട്ടു.പക്ഷേ ഒരിക്കലും അദ്ദേഹത്തിന് വീക്ഷണം നഷ്ടപ്പെട്ടിരുന്നില്ല. അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നത് മുതൽ ഉറുദുവിൽ ഇതിഹാസ കഥകൾ എഴുതുന്നത് വരെയുള്ള അദ്ദേഹത്തിന്റെ യാത്ര, പുനരുജീവനത്തിന്റെ ഒരു സാക്ഷ്യമാണ്. 'ഷഹീദ്’ എന്ന സിനിമയുടെ ആദ്യപ്രദർശനത്തിന് ഭഗത് സിംഗിന്റെ അമ്മയെ അദ്ദേഹം കൊണ്ടുവന്നു - അത്രമാത്രം വ്യക്തിപരമായിരുന്നു അദ്ദേഹത്തിന്റെ ദേശസ്‌നേഹം. ദേശീയത നിറഞ്ഞ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനായി - ഒരു അപൂർവ നേട്ടമാണിത് .”
പേജ് 3, ചാന്ദ്‌നി ബാർ, ഫാഷൻ തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകൻ മധുർ ഭണ്ഡാർക്കർ, മനോജ് കുമാറിന്റെ അതിശയകരമായ സിനിമാറ്റിക് സാങ്കേതികവിദ്യയെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഗാന ചിത്രീകരണ രീതി അവിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു. മനോജ് കുമാർ സ്വന്തം കൃതികളിൽ പ്രതിധ്വനിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ദേശീയതയും സാമൂഹിക യാഥാർത്ഥ്യബോധവും അദ്ദേഹത്തിന്റെ സിനിമകളിലും ദൃശ്യമാണെന്ന് ഭണ്ഡാർക്കർ കൂട്ടിച്ചേർത്തു. 'ചാന്ദ്‌നി ബാർ 'പല തരത്തിലും മനോജ് കുമാറിന്റെ ധാർമ്മികതയ്ക്കുള്ള ഒരു പരോക്ഷ ശ്രദ്ധാഞ്ജലിയാണ് എന്ന് ഭണ്ഡാർക്കർ പറഞ്ഞു.
മുതിർന്ന എഴുത്തുകാരനും ഗാനരചയിതാവുമായ രാജീവ് ശ്രീവാസ്തവ് ഒരു വിസ്മയകരമായ കഥ പങ്കുവെച്ചു:
“ഡൽഹിയിൽ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി പങ്കെടുത്ത ‘ഷഹീദ്’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ, പ്രധാനമന്ത്രി മനോജ് കുമാറിനോട് തന്റെ മുദ്രാവാക്യമായ ‘ജയ് ജവാൻ ജയ് കിസാൻ’ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുംബൈയിലേക്കുള്ള ട്രെയിനിലുള്ള മടക്കയാത്രയിൽ ഒരു രാത്രികൊണ്ട് 'ഉപ്കാർ'ന്റെ കഥ മനോജ് കുമാർ എഴുതി. സാധാരണക്കാരോട് സംവദിക്കുക എന്ന ഒരു സിനിമാറ്റിക് ദൗത്യമായിരുന്നു മനോജ് കുമാറിന്റെ ജീവിതം. ഈ രീതിയിലുള്ള അദ്ദേഹത്തിന്റെ ആശയം തന്നെയാണ് ഇവിടെ 'വേവ്സി'ന്റെ സത്തയിൽ പ്രതിഫലിക്കുന്നതും.”
പ്രമുഖ കോളമിസ്റ്റും ജീവചരിത്രകാരനുമായ ഭാരതി എസ്. പ്രധാൻ വികാരഭരിതമായ ഒരു അനുസ്മരണം നടത്തി:
“ വൻ വിജയങ്ങളിലൂടെ പ്രശസ്തനായിരുന്നപ്പോഴും അദ്ദേഹത്തെ ആർക്കും സമീപിക്കാനാവുമായിരുന്നു എന്നത് അവിശ്വസനീയമായിരുന്നു. അനാരോഗ്യത്തിനിടയിലും, അദ്ദേഹം തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സിനിമയോടുള്ള ആവേശം - എപ്പോഴും പ്രതീക്ഷ നിർഭരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .”
അനശ്വരമായ പൈതൃകം :
ഭരത് കുമാർ എന്നറിയപ്പെടുന്ന മനോജ് കുമാറിന് പത്മശ്രീ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ സിനിമകളായ ഷഹീദ്, പുരബ് ഔർ പശ്ചിമ്, റൊട്ടി കപ്ഡ ഔർ മകാൻ, ഉപ്കാർ, ക്രാന്തി എന്നിവ ചലച്ചിത്രപരമായും സാംസ്കാരികപരമായും അനേകം നാഴികക്കല്ലുകൾ സൃഷ്ടിച്ചവയാണ്. ദേശസ്‌നേഹത്തെ കാവ്യാത്മകവും കഥാഖ്യാനത്തെ ഉദാത്തവുമാക്കിയ മനോജ് കുമാർ എന്ന പ്രതിഭയോടുള്ള കൃതജ്ഞത പ്രേക്ഷകസദസ്സ് നിറഞ്ഞ കൈയടിയോടെ പ്രകടിപ്പിച്ചുകൊണ്ടാണ് സെഷൻ ഉപസംഹരിച്ചത്.
Release ID:
(Release ID: 2126034)
| Visitor Counter:
11