കല്‍ക്കരി മന്ത്രാലയം
കൽക്കരി മന്ത്രാലയത്തിന്റെ പുതിയ പ്രോത്സാഹന പദ്ധതികൾ, ഇന്ത്യയുടെ ഭൂഗർഭ കൽക്കരി ഖനനത്തിന് വലിയ ഉത്തേജനം നൽകുന്നു
Posted On:
24 APR 2025 11:05AM by PIB Thiruvananthpuram
രാജ്യത്തെ കൽക്കരി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പിൽ, ഭൂഗർഭ കൽക്കരി ഖനനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര കൽക്കരി മന്ത്രാലയം പരിവർത്തനപരമായ നിരവധി നയനടപടികൾ അവതരിപ്പിച്ചു. ഉയർന്ന മൂലധന നിക്ഷേപം, ഫലം ലഭിക്കുന്നതിന് വേണ്ടിവരുന്ന ദീർഘമായ കാലയളവ് എന്നീ പരമ്പരാഗത വെല്ലുവിളികളെ ഈ പരിഷ്കണ നടപടികൾ അഭിസംബോധന ചെയ്യുന്നു. സുസ്ഥിര വികസനത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി യോജിപ്പിച്ച് കൽക്കരി ആവാസവ്യവസ്ഥയെ നവീകരിക്കാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയത്തെ ഇത് ആവർത്തിച്ചുറപ്പിക്കുന്നു.
ഭൂഗർഭ കൽക്കരി ഖനനത്തിന്റെ വളർച്ച/പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന്, കൽക്കരി മന്ത്രാലയം ശക്തമായ പ്രോത്സാഹന പദ്ധതി അവതരിപ്പിച്ചു:
1. അടിസ്ഥാന വരുമാന വിഹിതം കുറയ്ക്കല്‍:
ഭൂഗർഭ കൽക്കരി ഖനികളുടെ അടിസ്ഥാന വരുമാന വിഹിതം 4 ശതമാനത്തില്‍നിന്ന് 2 ശതമാനമായി കുറച്ചു. ലക്ഷ്യമിട്ട ഈ കുറവ് കാര്യമായ സാമ്പത്തിക ആശ്വാസം നല്‍കുകയും ഭൂഗർഭ പദ്ധതികളുടെ സാമ്പത്തിക സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
2. മുൻകൂർ പണമടയ്ക്കൽ ഒഴിവാക്കൽ: ഭൂഗർഭ ഖനന സംരംഭങ്ങൾക്കുള്ള നിർബന്ധിത മുൻകൂർ പണമടയ്ക്കൽ ആവശ്യകത പൂർണ്ണമായും ഒഴിവാക്കി. ഈ നടപടി സാമ്പത്തിക തടസ്സം ഇല്ലാതാക്കുന്നു, സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും പദ്ധതി നിർവഹണം വേഗത്തിലാക്കുകയും ചെയ്യുന്നു.
ഈ കിഴിവുകൾക്ക് പുറമേ,ഭൂഗർഭ കൽക്കരി ബ്ലോക്കുകളുടെ പ്രകടന സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള 50% റിബേറ്റ്, ഈ മേഖലയിലെ പ്രവേശന നിരക്ക് കുറയ്ക്കുകയും പദ്ധതി നിർവ്വഹണം സുഗമമാക്കുകയും ചെയ്യുന്നു.
മന്ത്രാലയത്തിന്റെ ഈ പരിഷ്കരണാധിഷ്ഠിത സമീപനം ഭാവിക്ക് അനുയോജ്യമായതും നിക്ഷേപ സൗഹൃദപരവും നൂതനാശയത്തെ അടിസ്ഥാനമാക്കിയുള്ളതുമായ കൽക്കരി വ്യവസായ മേഖലയെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭ ഖനനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഗവണ്മെന്റ് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക മാത്രമല്ല, ഈ വ്യവസായത്തെ കൂടുതൽ കാര്യക്ഷമത, സുരക്ഷ, തൊഴിലവസരങ്ങളുടെ ലഭ്യത എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഓപ്പൺകാസ്റ്റ് ഖനനവുമായി താരതമ്യം ചെയ്യുമ്പോൾ ഭൂഗർഭ കൽക്കരി ഖനനം സ്വാഭാവികമായും കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. കാരണം ഇത് ഓപ്പൺകാസ്റ്റ് പ്രവർത്തനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ഉപരിതല തടസ്സങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനൊപ്പം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന തുടർച്ചയായ ഖനികൾ, ലോങ്വാൾ സംവിധാനങ്ങൾ, റിമോട്ട് സെൻസിംഗ് ഉപകരണങ്ങൾ, എ ഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെ ഈ നയ നടപടികൾ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പുരോഗമന നടപടികൾ ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ കൽക്കരി ഖനന രീതികളിലേക്കുള്ള തന്ത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യയിലെ ഭൂഗർഭ ഖനനത്തിന്റെ വിശാലമായ സാധ്യതകൾ അനാവരണം ചെയ്യാനും, നൂതനാശയം പ്രോത്സാഹിപ്പിക്കാനും, കാർബൺ ബഹിർഗമനം കുറയ്ക്കാനും, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും സ്വാശ്രയ ഭാരതമെന്ന ലക്ഷ്യ പൂർത്തീകരണത്തിനും അർത്ഥവത്തായ സംഭാവന നൽകാനും അവ സജ്ജമാണ്.
പുരോഗമനപരമായ ഈ രൂപരേഖയിലൂടെ, കൽക്കരി മന്ത്രാലയം കൽക്കരി ഖനനത്തിന്റെ ഭാവി പുനർനിർമ്മിക്കുക മാത്രമല്ല, സ്വാശ്രയവും പരിസ്ഥിതി ഉത്തരവാദിത്വമുള്ളതുമായ വ്യാവസായിക വളർച്ചയിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ ഒരു ഉത്തേജകമായി നിലകൊള്ളുകയും ചെയ്യുന്നു.
*****
(Release ID: 2124333)