വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

60-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം ഒരു ലക്ഷം രജിസ്ട്രേഷനുകളുമായി 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' ഒരു ആഗോള സംരംഭമായി മാറി

 Posted On: 18 APR 2025 4:32PM |   Location: Mumbai
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഭാഗമായ പ്രധാന സംരംഭമായി ആരംഭിച്ച ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) സീസൺ 1 ന്, 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ ഗംഭീര സമാപനമാകും. 32 മത്സരങ്ങളുടെയും രജിസ്ട്രേഷൻ ഔദ്യോഗികമായി അവസാനിച്ചു.1,100-ലധികം അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷത്തോളം രജിസ്ട്രേഷനുകളുമായി ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഈ പ്രഥമ സംരംഭത്തിലേക്കുള്ള ആഗോള ആകർഷണവും വിശാലതയും പ്രതിഫലിപ്പിക്കുന്ന ഈ മത്സരങ്ങളിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ ഉണ്ടായിരുന്നു. വേവ്സ് 2025 ന്റെ ഭാഗമായി,പ്രത്യേകം ക്യൂറേറ്റ് ചെയ്ത വേദിയായ ക്രിയേറ്റോസ്ഫിയറിൽ, ആനിമേഷൻ, കോമിക്സ്, AI, XR, ഗെയിമിംഗ്, സംഗീതം എന്നിവയിലായി ഫൈനൽ മത്സരങ്ങൾ അരങ്ങേറും. അപേക്ഷിച്ച മികവുറ്റ പ്രതിഭകളിൽ നിന്ന് 750 ഫൈനലിസ്റ്റുകൾക്ക് ഈ വേദിയിൽ അവരുടെ സർഗാത്മകത പ്രദർശിപ്പിക്കാൻ അവസരം നൽകും. ഈ മത്സരങ്ങളിലെ വിജയികൾക്ക് പരിപാടിയുടെ രണ്ടാം ദിവസം നടക്കുന്ന ഗംഭീരമായ റെഡ് കാർപെറ്റ് ചടങ്ങിൽ 'WAVES ക്രിയേറ്റർ പുരസ്‌കാരം ' നൽകും.
 
 
വേവ്സ് ന്റെ ക്രിയേറ്റോസ്ഫിയർ ശ്രദ്ധേയമായ ആഗോള പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും.സർഗ്ഗാത്മകതയുടെ ഈ ആഘോഷത്തിന് ഒരു യഥാർത്ഥ അന്താരാഷ്ട്ര മാനം നൽകിക്കൊണ്ട് ഇവിടെ 43 അന്താരാഷ്ട്ര ഫൈനലിസ്റ്റുകൾ അവരുടെ സർഗ്ഗ ശേഷി പ്രദർശിപ്പിക്കും. അർജന്റീന, നേപ്പാൾ, ജർമ്മനി, ബെർമുഡ (BOT), യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗ്രീസ്, ഇന്തോനേഷ്യ, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഇറ്റലി, ലാവോസ്, തായ്‌ലൻഡ്, തജിക്കിസ്ഥാൻ, ഈജിപ്ത്, ശ്രീലങ്ക, റഷ്യ, മാലദ്വീപ്, മലേഷ്യ, ജപ്പാൻ എന്നിവയുൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഈ ഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്നു. ശ്രീലങ്ക, നേപ്പാൾ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 6 വീതം ഫൈനലിസ്റ്റുകളുണ്ട്. ഇന്തോനേഷ്യ, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്ന് 5 പേർ വീതവും മൗറീഷ്യസിൽ നിന്ന് 4 പേരും ഫൈനൽ പട്ടികയിലുണ്ട്. അമേരിക്കയിൽ നിന്ന് 2 പേർ പ്രതിനിധീകരിക്കുമ്പോൾ, റഷ്യ, കാനഡ, അർജന്റീന, ലാവോസ്, മലേഷ്യ, ബെർമുഡ, ഈജിപ്ത്, തായ്‌ലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും മത്സര രംഗത്തുണ്ട്. വൈവിധ്യമാർന്ന ഈ അന്താരാഷ്ട്ര സാന്നിധ്യം ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ ആഗോള ആകർഷണത്തെയും വിശാലതയെയും എടുത്തു കാണിക്കുന്നു.
 
ഈ സംരംഭത്തിന്റെ യഥാർത്ഥ ദേശീയ സാന്നിധ്യത്തെ എടുത്തുകാണിച്ചുകൊണ്ട് മത്സരങ്ങളിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ആവേശകരമായ പങ്കാളിത്തമുണ്ടായിരുന്നു.പ്രാദേശിക പ്രാതിനിധ്യം കൊണ്ടും ഫൈനലിസ്റ്റുകളുടെ പട്ടിക ശ്രദ്ധേയമാണ്. കിഴക്ക് അസം, മേഘാലയ മുതൽ പടിഞ്ഞാറ് ഗുജറാത്ത് വരെയും വടക്ക് ഹിമാചൽ പ്രദേശ് മുതൽ തെക്ക് കേരളം വരെയുമുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കുന്നു.
 
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിൽ പ്രധാനമായും യുവതയുടെ ഊർജ്ജമാണ് ആഘോഷിക്കപ്പെടുന്നത്. 20 വയസ്സ് പ്രായമുള്ള യുവ കോളേജ് വിദ്യാർത്ഥികൾ, തുടക്കക്കാരായ കരിയർ പ്രൊഫഷണലുകൾ, കൗമാര പ്രതിഭകൾ എന്നിവരുടെ ഊർജ്ജസ്വലമായ പങ്കാളിത്തം ഈ ആവാസവ്യവസ്ഥയിൽ പ്രതിഫലിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഫൈനലിസ്റ്റിന് കേവലം 12 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായം കൂടിയയാൾക്ക് 66 വയസ്സാണ്.ഈ സംരംഭം പ്രായഭേദങ്ങൾക്കുമപ്പുറം സമഗ്രവും യഥാർത്ഥവുമായ ഒരു സർഗാത്മക വേദിയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.
 
ക്രിയേറ്റ് ഇൻ ഇന്ത്യ,ലക്ഷ്യത്തിലും പങ്കാളിത്തത്തിലും വൈവിധ്യത്തെ ആഘോഷിക്കുന്നതിനൊപ്പം, നൂതനാശയത്തെയും പിന്തുണയ്ക്കുന്നു.എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനുള്ള 'ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ്' മത്സരം മുതൽ ഇന്ത്യയുടെ തുണിത്തര പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള " ഖാദി ധരിക്കാൻ ലോകത്തെ പ്രേരിപ്പിക്കുക" മത്സരം വരെ പാരമ്പര്യത്തിലും സാങ്കേതികവിദ്യയിലും ഈ മത്സരങ്ങൾ വൈവിധ്യമുള്ളതായിരിക്കുന്നു. കഥപറച്ചിലിനും സാമൂഹ്യ ശാക്തീകരണത്തിനുമായുള്ള രീതികളും ഈ സംരംഭത്തിൽ കാണാം. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ചലച്ചിത്ര നിർമ്മാതാക്കളും ഡ്രോൺ ദിദിമാരും ആകർഷകമായ ആകാശ ദൃശ്യങ്ങളിലൂടെ "ഇന്ത്യ: ഒരു വിഹഗ വീക്ഷണം"എന്ന പേരിൽ രാജ്യത്തിന്റെ ചൈതന്യത്തെ പകർത്തിയിരിക്കുന്നു.
 
 വേവ്സ് 2025 ന്റെ ആവേശം പാരമ്യത്തിലെത്തുമ്പോൾ, ഇന്ത്യയുടെ കരുത്തുറ്റ സർഗ്ഗാത്മക ശക്തിയുടെ പ്രകടനമായി ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് മാറിയിരിക്കുന്നു. ഇത് സർഗ്ഗ പ്രതിഭകൾക്ക് പുതിയ അവസരങ്ങൾ നൽകുകയും ആഗോള മാധ്യമ-വിനോദ മേഖലയുടെ നേതൃനിരയിൽ രാജ്യത്തിന്റെ ഉയർന്നുവരുന്ന സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ആഭ്യന്തര, അന്തർദേശീയ പങ്കാളിത്തത്തിന്റെ ഊർജ്ജസ്വലമായ സങ്കരമായ, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് ഒരു ചലനാത്മക ആഗോള വേദിയായി മാറിയിരിക്കുന്നു. " വേവ്സ് -എല്ലാ വീട്ടിലും എല്ലാ ഹൃദയങ്ങളിലും എത്തണം" എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തെ യഥാർത്ഥ അർഥത്തിൽ  ഉൾക്കൊണ്ട് കൊണ്ട്, പ്രദേശങ്ങളുടെയും തലമുറകളുടെയും വ്യത്യസ്ത ആവിഷ്കാരങ്ങളെ ഈ സംരംഭം ശാക്തീകരിക്കുന്നു.
 
 
****************

Release ID: (Release ID: 2122761)   |   Visitor Counter: Visitor Counter : 31