പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
കഴിഞ്ഞ 10 വർഷത്തിനിടെ ബനാറസിന്റെ വികസനത്തിനു പുതിയ ഗതിവേഗം കൈവന്നു: പ്രധാനമന്ത്രി
മഹാത്മാ ജ്യോതിബ ഫുലെയും സാവിത്രിബായി ഫുലെയും അവരുടെ ജീവിതകാലമാകെ സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ആത്മവിശ്വാസത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനുമായി പ്രവർത്തിച്ചു: പ്രധാനമന്ത്രി
ബനാസ് ഡയറി കാശിയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതിച്ഛായയും ഭാഗധേയവും മാറ്റിമറിച്ചു: പ്രധാനമന്ത്രി
കാശി ഇപ്പോൾ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ തലസ്ഥാനമായി മാറുകയാണ്: പ്രധാനമന്ത്രി
ഇന്ന്, കാശിയിൽ പോകുന്നവരെല്ലാം അടിസ്ഥാനസൗകര്യങ്ങളെയും മറ്റു സൗകര്യങ്ങളെയും പ്രശംസിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യ ഇന്നു വികസനവും പൈതൃകവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു; നമ്മുടെ കാശി ഇതിന്റെ ഏറ്റവും മികച്ച മാതൃകയായി മാറുകയാണ്: പ്രധാനമന്ത്രി
ഉത്തർപ്രദേശ് ഇനി സാധ്യതകളുടെ നാടു മാത്രമല്ല, കഴിവുകളുടെയും നേട്ടങ്ങളുടെയും കൂടി നാടാണ്!: പ്രധാനമന്ത്രി
Posted On:
11 APR 2025 12:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“കഴിഞ്ഞ 10 വർഷത്തിനിടെ, ബനാറസിന്റെ വികസനം പുതിയ ഗതിവേഗം കൈവരിച്ചു” -കാശി ആധുനികത സ്വീകരിച്ചുവെന്നും അതിന്റെ പൈതൃകം സംരക്ഷിച്ചുവെന്നും ശോഭനമായ ഭാവി സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കാശി ഇപ്പോൾ പുരാതനം മാത്രമല്ല, പുരോഗമനാത്മകമാണെന്നും, ഇപ്പോൾ പൂർവാഞ്ചലിന്റെ സാമ്പത്തിക ഭൂപടത്തിന്റെ കാമ്പിലാണു സ്ഥാനം പിടിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാദേവൻ നയിക്കുന്ന കാശിയാണ് ഇപ്പോൾ പൂർവാഞ്ചലിന്റെ വികസനത്തിന്റെ രഥം നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശിയുമായും പൂർവാഞ്ചലിന്റെ വിവിധ ഭാഗങ്ങളുമായും ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പരാമർശിച്ച ശ്രീ മോദി, അടിസ്ഥാനസൗകര്യപദ്ധതികളിലൂടെ സമ്പർക്കസൗകര്യം ശക്തിപ്പെടുത്തൽ, എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്നതിനുള്ള യജ്ഞം, വിദ്യാഭ്യാസ-ആരോഗ്യ-കായിക സൗകര്യങ്ങളുടെ വിപുലീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി. ഓരോ പ്രദേശത്തിനും കുടുംബത്തിനും യുവാക്കൾക്കും മികച്ച സൗകര്യങ്ങൾ നൽകാനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംരംഭങ്ങൾ പൂർവാഞ്ചലിനെ വികസിത മേഖലയാക്കി മാറ്റുന്നതിൽ നാഴികക്കല്ലുകളായി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാശിയിലെ ഓരോ നിവാസിക്കും ഈ പദ്ധതികളിൽനിന്നു വളരെയധികം പ്രയോജനം ലഭിക്കുമെന്നും ഈ വികസനശ്രമങ്ങൾക്ക് ബനാറസിലെയും പൂർവാഞ്ചലിലെയും ജനങ്ങൾക്ക് ആശംസയേകുന്നതായും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനുമായി മഹാത്മാ ജ്യോതിബ ഫുലെയും സാവിത്രിബായി ഫുലെയും നടത്തിയ ആജീവനാന്ത സമർപ്പണത്തെ ആദരിച്ച പ്രധാനമന്ത്രി ഇന്ന് മഹാത്മാ ജ്യോതിബ ഫുലെയുടെ ജന്മവാർഷിക ദിനം ആഘോഷിച്ചു. സ്ത്രീശാക്തീകരണത്തിനായുള്ള അവരുടെ കാഴ്ചപ്പാടും പ്രതിജ്ഞാബദ്ധതയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വത്തിലാണ് ഗവണ്മെന്റ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂർവാഞ്ചലിലെ കന്നുകാലി വളർത്തൽ കുടുംബങ്ങളെ, പ്രത്യേകിച്ച് കഠിനാധ്വാനികളായ സ്ത്രീകളെ, അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. അവർ മേഖലയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സ്ത്രീകളിൽ വിശ്വാസം അർപ്പിക്കവേ, ചരിത്രം സൃഷ്ടിക്കപ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ ബനാസ് ഡയറി പ്ലാന്റുമായി ബന്ധപ്പെട്ട കന്നുകാലി വളർത്തൽ കുടുംബങ്ങൾക്ക് ബോണസ് വിതരണം ചെയ്യുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ₹100 കോടി കവിയുന്ന ഈ ബോണസ് സമ്മാനമല്ലെന്നും അവരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനുമുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതത്തെയും ഭാഗധേയത്തെയും പുനർനിർമിച്ച കാശിയിലെ ബനാസ് ഡയറിയുടെ പരിവർത്തനാത്മക സ്വാധീനത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, ക്ഷീരകർഷകർ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുകയും അഭിലാഷങ്ങൾക്ക് ചിറകുകൾ നൽകുകയും ചെയ്തതെങ്ങനെയെന്ന് എടുത്തുപറഞ്ഞു. പൂർവാഞ്ചലിലെ നിരവധി സ്ത്രീകളെ “ലഖ്പതി ദീദികൾ” ആകാൻ പ്രാപ്തരാക്കിയെന്നും, ഉപജീവനത്തെക്കുറിച്ചുള്ള ആശങ്കകളിൽനിന്ന് സമൃദ്ധിയുടെ പാതയിലേക്ക് മാറാൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. ബനാറസിലും ഉത്തർപ്രദേശിലും മാത്രമല്ല, രാജ്യത്തുടനീളം ഈ പുരോഗതി പ്രകടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കഴിഞ്ഞ ദശകത്തിൽ പാൽ ഉൽപ്പാദനത്തിൽ ഏകദേശം 65% വർധനയോടെ ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാഷ്ട്രമായി മാറിയിരിക്കുന്നു” - ദശലക്ഷക്കണക്കിന് കർഷകരും കന്നുകാലി ഉടമകളുമാണ് ഈ വിജയത്തിന് കാരണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇത്തരം നേട്ടങ്ങളെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ക്ഷീരമേഖലയെ ദൗത്യമെന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഏറ്റെടുത്ത സംരംഭങ്ങൾ, കന്നുകാലി ഉടമകളെ കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യങ്ങളുമായി കൂട്ടിയിണക്കൽ, വായ്പാ പരിധി വർധിപ്പിക്കൽ, സബ്‌സിഡി പദ്ധതികൾ അവതരിപ്പിക്കൽ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നുകാലികളെ സംരക്ഷിക്കുന്നതിനായി കുളമ്പുരോഗത്തിനെതിരെ സൗജന്യ വാക്സിനേഷൻ പദ്ധതിയും, ലക്ഷക്കണക്കിന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സംഘടിത പാൽ ശേഖരണത്തിനായി 20,000-ത്തിലധികം സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിൽ തദ്ദേശീയ കന്നുകാലി ഇനങ്ങളെ വികസിപ്പിക്കുന്നതിലും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കന്നുകാലി ഉടമകളെ പുതിയ വികസന പാതകൾ, മികച്ച വിപണികൾ, അവസരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. പൂർവാഞ്ചലിലുടനീളം ഈ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുവന്നതിന് കാശിയിലെ ബനാസ് ഡയറി സമുച്ചയത്തെ അദ്ദേഹം പ്രശംസിച്ചു. ബനാസ് ഡയറി ഈ മേഖലയിൽ ഗിർ പശുക്കളെ വിതരണം ചെയ്തിട്ടുണ്ട്. അവയുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നു. കൂടാതെ ബനാറസിൽ മൃഗങ്ങളുടെ തീറ്റയ്ക്കുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂർവാഞ്ചലിലെ ഒരുലക്ഷത്തോളം കർഷകരിൽനിന്ന് പാൽ ശേഖരിച്ച് അവരെ ശാക്തീകരിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുകയും ചെയ്തതിന് അദ്ദേഹം ഡയറിയെ പ്രശംസിച്ചു.
നിരവധി മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയ വന്ദന കാർഡുകൾ വിതരണം ചെയ്യാൻ ഭാഗ്യം ലഭിച്ചതു പ്രധാനമന്ത്രി പരാമർശിച്ചു. അവരുടെ മുഖത്ത് പ്രകടമായ സംതൃപ്തി എടുത്തുകാട്ടി, പദ്ധതിയുടെ വിജയത്തിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. വയോധികരുടെ ആരോഗ്യസംരക്ഷണത്തിൽ കുടുംബങ്ങൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, 10-11 വർഷങ്ങൾക്ക് മുമ്പ് വൈദ്യചികിത്സയുമായി ബന്ധപ്പെട്ട് പൂർവാഞ്ചലിലുടനീളം നേരിട്ട ബുദ്ധിമുട്ടുകൾ ഓർമിപ്പിച്ചു. മേഖലയിലെ വലിയ പുരോഗതി ചൂണ്ടിക്കാട്ടിയ അദ്ദേഹം, “കാശി ഇപ്പോൾ ആരോഗ്യതലസ്ഥാനമായി മാറുകയാണ്” എന്ന് പറഞ്ഞു. ഒരുകാലത്ത് ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന വികസിത ആശുപത്രികൾ ഇപ്പോൾ ജനങ്ങളുടെ വീടുകൾക്കു സമീപം ലഭ്യമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതാണു വികസനത്തിന്റെ സത്തയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ ആരോഗ്യസംരക്ഷണത്തിൽ കൈവരിച്ച ഗണ്യമായ മുന്നേറ്റങ്ങൾ എടുത്തുകാട്ടി, ആശുപത്രികളുടെ എണ്ണം വർധിപ്പിക്കുകയും രോഗികളുടെ അന്തസ്സ് വർധിപ്പിക്കുകയും ചെയ്ത ആയുഷ്മാൻ ഭാരത് പദ്ധതി പാവപ്പെട്ടവർക്ക് അനുഗ്രഹമാണെന്നും ചികിത്സയ്ക്കൊപ്പം ആത്മവിശ്വാസവും അതു നൽകുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. വാരാണസിയിലെ ആയിരക്കണക്കിനു ജനങ്ങളും ഉത്തർപ്രദേശിലുടനീളമുള്ള ലക്ഷക്കണക്കിന് ജനങ്ങളും ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നും, ഓരോ ചികിത്സയും, ശസ്ത്രക്രിയയും, ആശ്വാസവും അവരുടെ ജീവിതത്തിൽ പുതിയ തുടക്കം കുറിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ ആയുഷ്മാൻ ഭാരത് പദ്ധതി അവർക്കായി കോടിക്കണക്കിന് രൂപ ലാഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുഷ്മാൻ വയ വന്ദന പദ്ധതി ആരംഭിക്കുന്നതിലേക്ക് നയിച്ച, മുതിർന്ന പൗരന്മാർക്ക് സൗജന്യചികിത്സ നൽകുമെന്ന തന്റെ വാഗ്ദാനം അനുസ്മരിച്ച പ്രധാനമന്ത്രി, 70 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഈ സംരംഭമാണിതെന്ന് എടുത്തുപറഞ്ഞു. വാരാണസിയിലാണ് ഏറ്റവും കൂടുതൽ വയ വന്ദന കാർഡുകൾ വിതരണം ചെയ്തതെന്നും ഏകദേശം 50,000 കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വെറും സ്ഥിതിവിവരക്കണക്കല്ലെന്നും മറിച്ച് സേവനത്തോടുള്ള പ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്കു ഭൂമി വിൽക്കേണ്ടിയും വായ്പയെടുക്കേണ്ടിയും വൈദ്യചികിത്സയ്ക്കായി നിസ്സഹായരാകേണ്ടിയും വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ കാർഡ് വഴി, അവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള സാമ്പത്തിക ഉത്തരവാദിത്വം ഇപ്പോൾ ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കാശിയുടെ അടിസ്ഥാനസൗകര്യങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും ശ്രദ്ധേയമായ പരിവർത്തനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് സന്ദർശകരുടെ വ്യാപകമായ പ്രശംസ നേടി. ദശലക്ഷക്കണക്കിനുപേർ ദിവസവും ബനാറസ് സന്ദർശിക്കുന്നുണ്ടെന്നും ബാബ വിശ്വനാഥന് പ്രാർത്ഥനകൾ അർപ്പിക്കുകയും പുണ്യ ഗംഗയിൽ കുളിക്കുകയും ചെയ്യുന്നുണ്ടെന്നും പലരും നഗരത്തിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദം മുമ്പുള്ള അതേ അവസ്ഥയിൽ കാശിയിലെ റോഡുകളും റെയിൽവേകളും വിമാനത്താവളവും തുടർന്നിരുന്നെങ്കിൽ നേരിടേണ്ടിയിരുന്ന വെല്ലുവിളികൾ അദ്ദേഹം എടുത്തുപറഞ്ഞു. ചെറിയ ഉത്സവങ്ങളിലെ ഗതാഗതക്കുരുക്കുകൾ അദ്ദേഹം ഓർമിപ്പിച്ചു. അവിടെ യാത്രക്കാർക്ക് പൊടിയും ചൂടും സഹിച്ച് നഗരം മുഴുവൻ സഞ്ചരിക്കേണ്ടിവന്നു. ഫുൽവാരിയ മേൽപ്പാലത്തിന്റെ നിർമാണത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ദൂരം കുറയ്ക്കുകയും സമയം ലാഭിക്കുകയും ദൈനംദിന ജീവിതത്തിന് ആശ്വാസം നൽകുകയും ചെയ്തു. ജൗൻപുർ, ഗാസീപുർ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ താമസക്കാർക്കും ബല്ലിയ, മൗ, ഗാസീപുർ ജില്ലകളിൽ നിന്നുള്ളവർക്കും വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറച്ച്, മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയ റിങ് റോഡിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രദേശത്തിലെ മെച്ചപ്പെട്ട ഗതാഗതബന്ധം വിലയിരുത്തികൊണ്ട്, ഗാസിപൂർ, ജൗൻപുർ, മിർസാപുർ, അസംഗഢ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്ര ഇപ്പോൾ കൂടുതൽ വേഗമേറിയതും സൗകര്യപ്രദവുമാണെന്ന് ശ്രീ മോദി പറഞ്ഞു. ഒരിക്കൽ ഗതാഗതക്കുരുക്കിൽ വലഞ്ഞിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വീതി കൂട്ടിയ റോഡുകൾ വഴി, വികസനത്തിന്റെ വേഗത കൈവരിച്ച സ്ഥലങ്ങളായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ വാരാണസിയിലും പരിസര പ്രദേശങ്ങളിലും ഗതാഗതബന്ധം വർദ്ധിപ്പിക്കുന്നതിന് ഏകദേശം 45,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ നിക്ഷേപം അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല, വിശ്വാസ്യതയേയും പരിവർത്തനം ചെയ്തുവെന്നും ഇത് കാശിക്കും അയൽ ജില്ലകൾക്കും ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ തറക്കല്ലിടൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങളും ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനടുത്തുള്ള ആറു വരി ഭൂഗർഭ തുരങ്കത്തിന്റെ നിർമ്മാണവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭാദോഹി, ഗാസിപൂർ, ജൗൻപൂർ എന്നിവയുമായി ബന്ധിപ്പിക്കുന്ന പദ്ധതികളുടെ ആരംഭവും ഭിഖാരിപൂരിലും മണ്ടുവാഡിയിലും ദീർഘകാലമായി കാത്തിരുന്ന ഫ്ലൈഓവറുകളുടെ നിർമ്മാണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബനാറസ് നഗരത്തെയും സാരാനാഥിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണവും അദ്ദേഹം പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നിന്നും വരുന്നവർക്ക് നഗരത്തിൽപ്രവേശിക്കാതെ സാരാനാഥിലെത്തിച്ചേരാൻ ഈ പാലം വഴിയൊരുക്കും.
നിലവിലുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ വരും മാസങ്ങളിൽ ബനാറസിലെ യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പുരോഗതി, മേഖലയിലെ യാത്രാ വേഗതയും ബിസിനസ് പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു. ഉപജീവനത്തിനും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കുമായി ബനാറസ് സന്ദർശിക്കുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാശിയിലെ സിറ്റി റോപ്പ്‌വേയുടെ പരീക്ഷണം ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആഗോളതലത്തിൽ ഇത്തരമൊരു സൗകര്യം ലഭ്യമായ ഏതാനും നഗരങ്ങളിൽ ഒന്നായി ബനാറസിനെ ഇത് ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരാണസിയിലെ ഓരോ വികസന, അടിസ്ഥാന സൗകര്യ പദ്ധതിയും പൂർവാഞ്ചലിലെ യുവാക്കൾക്ക് പ്രയോജനകരമാണെന്ന് അടിവരയിട്ട ശ്രീ മോദി, കാശിയിലെ യുവാക്കൾക്ക് കായികരംഗത്ത് മികവ് പുലർത്താൻ തുടർച്ചയായ അവസരങ്ങൾ നൽകുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എടുത്തുപറഞ്ഞു. ബനാറസിലെ പുതിയ സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തെക്കുറിച്ചും യുവ അത്‌ലറ്റുകൾക്കായി മികച്ച സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. വാരാണസിയിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങക്ക് പരിശീലനം നേടാൻ കഴിയുന്ന പുതിയ കായിക സമുച്ഛയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം ചൂണ്ടിക്കാട്ടി. എംപി കായിക മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഈ മൈതാനങ്ങളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
വികസനവും പൈതൃകവും സന്തുലിതമാക്കുന്നതിനുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുപറഞ്ഞു. കാശിയെ ഈ മാതൃകയുടെ ഏറ്റവും മികച്ച ഉദാഹരണമായി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി ഗംഗയുടെ പ്രവാഹത്തെയും ഇന്ത്യയുടെ ബോധത്തെയും കുറിച്ച് പരാമശർശിച്ചു. "ഇന്ത്യയുടെ ആത്മാവിനെയും വൈവിധ്യത്തെയും ഏറ്റവും മനോഹരമായി പ്രതിനിധീകരിക്കുന്നത് കാശിയാണ് " എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കാശിയിലെ പാതയോരങ്ങളിൽ തൊട്ടടുത്ത ഓരോ പ്രദേശങ്ങളിലെ അതുല്യമായ സംസ്കാരവും ഇന്ത്യയുടെ വ്യത്യസ്തമായ വർണങ്ങളും ദൃശ്യമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യത്തെ ശക്തിപ്പെടുത്തുന്ന കാശി-തമിഴ് സംഗമം പോലുള്ള ഉദ്യമങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒരൊറ്റ ഇടത്ത് ലഭ്യമാകുന്ന വിധത്തിൽ, ഇന്ത്യയുടെ വൈവിധ്യം പ്രതിനിധീകരിക്കുന്ന ഏകതാ മാൾ കാശിയിൽ താമസിയാതെ തുറക്കപ്പെടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഉത്തർപ്രദേശ് അതിന്റെ സാമ്പത്തിക ഭൂപ്രകൃതിയിൽ മാത്രമല്ല, കാഴ്ചപ്പാടിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സമീപ വർഷങ്ങളിൽ ഉണ്ടായ പരിവർത്തങ്ങൾ എടുത്തുപറഞ്ഞു. ഉത്തർപ്രദേശ് ഇനി സാധ്യതകളുടെ നാടല്ല, മറിച്ച് കഴിവുകളുടെയും നേട്ടങ്ങളുടെയും നാടായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ 'മെയ്ഡ് ഇൻ ഇന്ത്യ' എന്നതിന്റെ വർദ്ധിച്ചുവരുന്ന അംഗീകാരം ഊന്നിപ്പറഞ്ഞ അദ്ദേഹം ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ഇപ്പോൾ ആഗോള ബ്രാൻഡുകളായി മാറുന്നു വെന്ന് ചൂണ്ടിക്കാട്ടി. ഭൗമ സൂചിക (ജിഐ) ടാഗുകളുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് അംഗീകാരം ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ടാഗുകൾ വെറും ലേബലുകൾ എന്നതിലുപരി അവ ഭൂപ്രദേശങ്ങളുടെ തിരിച്ചറിയൽ സർട്ടിഫിക്കറ്റുകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഉൽപ്പന്നം അതിന്റെ ഭൂപ്രദേശത്തിന്റെ സൃഷ്ടിയാണെന്നും എവിടെയെല്ലാം ജിഐ ടാഗുകൾ എത്തുന്നുണ്ടോ അവിടെയെല്ലാം കൂടുതൽ വിപണി വിജയത്തിലേക്കുള്ള വഴികൾ തുറക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള ജിഐ ടാഗിംഗിൽ ഉത്തർപ്രദേശിന്റെ മുൻനിര സ്ഥാനം അടിവരയിട്ടുകൊണ്ട്, സംസ്ഥാനത്തിന്റെ കല, കരകൗശല വസ്തുക്കൾ, വൈദഗ്ധ്യം എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. വാരാണസിയിൽ നിന്നും പരിസര ജില്ലകളിൽ നിന്നുമുള്ള 30-ലധികം ഉൽപ്പന്നങ്ങൾക്ക് ജിഐ ടാഗുകൾ ലഭിച്ചിട്ടുണ്ടെന്നും, ഈ ഇനങ്ങൾക്കുള്ള തിരിച്ചറിയൽ പാസ്‌പോർട്ടായി അവ വിശേഷിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാണസിയിലെ തബല, ഷെഹ്‌നായി, ചുമർചിത്രങ്ങൾ, തണ്ടായി, സ്റ്റഫ്ഡ് റെഡ് ചില്ലി, റെഡ് പേഡ, തിരംഗ ബർഫി തുടങ്ങിയ ഉൽപ്പന്നങ്ങൾ അദ്ദേഹം അക്കമിട്ടുനിരത്തി. ജൗൻപൂരിലെ ഇമാർതി, മഥുരയിലെ സാഞ്ജി കല, ബുന്ദേൽഖണ്ഡിലെ കതിയ ഗോതമ്പ്, പിലിഭിത്തിന്റെ ഓടക്കുഴൽ, പ്രയാഗ്‌രാജിന്റെ മുൻജ് കല, ബറേലിയിലെ സർദോസി, ചിത്രകൂട്ടിന്റെ മരപ്പണി, ലഖിംപൂർ ഖേരിയുടെ തരു സർദോസി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അടുത്തിടെ ജിഐ ടാഗുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. "ഉത്തർപ്രദേശിലെ മണ്ണിന്റെ സുഗന്ധം ഇപ്പോൾ അതിർത്തികൾ കടന്ന് അതിന്റെ പാരമ്പര്യത്തിലൂടെ വിദൂരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു.", അദ്ദേഹം കൂട്ടിച്ചേർത്തു.
കാശിയെ സംരക്ഷിക്കുക എന്നാൽ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുക എന്നതാണെന്ന് പ്രധാനമന്തി പറഞ്ഞു. കാശിയെ നിരന്തരം ശാക്തീകരിക്കുന്നതിനും അതിനെ മനോഹരമായി നിലനിർത്തുന്നതിനും അതിന്റെ പുരാതന ചൈതന്യത്തെ ആധുനിക സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള കൂട്ടായ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്തി പ്രസംഗം ഉപസംഹരിച്ചു.
ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
വാരാണസിയിൽ 3,880 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പ്രത്യേകിച്ച് വാരാണസിയിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി, മേഖലയിലെ വിവിധ റോഡ് പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനവും നിർവഹിക്കുകയും ചെയ്തു. കൂടാതെ, വാരാണസി റിംഗ് റോഡിനും സാരനാഥിനും ഇടയിലുള്ള പാലം, നഗരത്തിലെ ഭിഖാരിപൂർ, മണ്ടുവാഡി ക്രോസിംഗുകളിലെ മേൽപ്പാലങ്ങൾ വാരാണസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ NH-31-ൽ 980 കോടിയിലധികം രൂപയുടെ ഹൈവേ അണ്ടർപാസ് റോഡ് ടണൽ എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു.
വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്ക് ഉത്തേജനം നൽകിക്കൊണ്ട്, വാരാണസി ഡിവിഷനിലെ ജൗൻപൂർ, ചന്ദൗലി, ഗാസിപൂർ ജില്ലകളിൽ 1,045 കോടിയിലധികം രൂപയുടെ രണ്ട് 400 കെവി, ഒരു 220 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകളും അനുബന്ധ ട്രാൻസ്മിഷൻ ലൈനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വാരാണസിയിലെ ചൗക്കഘട്ടിൽ 220 കെവി, ഗാസിപൂരിൽ 132 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകൾക്കും വാരാണസി നഗര വൈദ്യുതി വിതരണ സംവിധാനത്തിന്റെ വിപുലീകരണത്തിനും 775 കോടി രൂപയിലധികം ചെലവുവരുന്ന നിർമ്മാണപ്രവർത്തനങ്ങൾക്കും അദ്ദേഹം തറക്കല്ലിട്ടു.
സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പോലീസ് ലൈനിൽ ഒരു ട്രാൻസിറ്റ് ഹോസ്റ്റലും പിഎസി രാംനഗർ കാമ്പസിലെ ബാരക്കുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലെ പുതിയ ഓഫീസ് കെട്ടിടങ്ങളുടെയും പോലീസ് ലൈനിൽ ഒരു റെസിഡൻഷ്യൽ ഹോസ്റ്റലിന്റെയും ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.
എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന തന്റെ ദർശനത്തിന് അനുസൃതമായി, പിന്ദ്രയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജ്, ബർക്കി ഗ്രാമത്തിലെ സർദാർ വല്ലഭായ് പട്ടേൽ ഗവൺമെന്റ് കോളേജ്, 356 ഗ്രാമീണ ലൈബ്രറികൾ, 100 അങ്കണവാടി കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് സിറ്റി മിഷന് കീഴിലുള്ള 77 പ്രൈമറി സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനും വാരാണസിയിലെ ചോളപൂരിൽ കസ്തൂർബ ഗാന്ധി സ്കൂളിനായി ഒരു പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനും അദ്ദേഹം തറക്കല്ലിട്ടു. നഗരത്തിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഉദയ് പ്രതാപ് കോളേജിൽ ഫ്ലഡ്‌ലൈറ്റുകളും ഗാലറിയും ഉള്ള സിന്തറ്റിക് ഹോക്കി ടർഫിനും ശിവ്പൂരിൽ ഒരു മിനി സ്റ്റേഡിയത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
ഗംഗാ നദിയിലെ സാംനെ ഘട്ടിന്റെയും ശാസ്ത്രി ഘട്ടിന്റെയും പുനർവികസനം, ജൽ ജീവൻ മിഷന്റെ കീഴിലുള്ള 345 കോടിയിലധികം രൂപയുടെ 130 ഗ്രാമീണ കുടിവെള്ള പദ്ധതികൾ, വാരാണസിയിലെ ആറ് മുനിസിപ്പൽ വാർഡുകളുടെ മെച്ചപ്പെടുത്തൽ, വാരാണസിയിലെ വിവിധ സ്ഥലങ്ങളിൽ ലാൻഡ്‌സ്കേപ്പിംഗ്, ശില്പങ്ങൾ സ്ഥാപിക്കൽ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കരകൗശല വിദഗ്ധർക്കായുള്ള എംഎസ്എംഇ യൂണിറ്റി മാൾ, മോഹൻസരായ്യിലെ ട്രാൻസ്‌പോർട്ട് നഗർ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, ഡബ്ല്യുടിപി ഭേലുപൂരിലെ 1 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ്, 40 ഗ്രാമപഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹാളുകൾ, വാരാണസിയിലെ വിവിധ പാർക്കുകളുടെ സൗന്ദര്യവൽക്കരണം എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
തബല, പെയിന്റിംഗ്, തണ്ടായി, തിരംഗ ബർഫി എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക ഇനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും പ്രധാനമന്ത്രി ഭൗമ സൂചികാ (ജിഐ) സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ബനാസ് ഡയറിയുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ പാൽ വിതരണക്കാർക്ക് 105 കോടിയിലധികം രൂപയുടെ ബോണസും അദ്ദേഹം കൈമാറി.
***
SK
(Release ID: 2120921)
Visitor Counter : 42
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada