വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES XR ക്രിയേറ്റർ ഹാക്കത്തോൺ വിജയികളിലൂടെ സ്ക്കൂളുകളിലേക്കും, ചികിത്സാലയങ്ങളിലേക്കും, വീടുകളിലേക്കും XR നൂതനാശയങ്ങൾ എത്തുന്നു
വിജയിക്കുന്ന അഞ്ച് ടീമുകൾ WAVE ഉച്ചകോടിയിൽ സ്വന്തം XR പദ്ധതികൾ പ്രദർശിപ്പിക്കും.
Posted On:
10 APR 2025 9:06PM by PIB Thiruvananthpuram
ഇമ്മേഴ്സീവ് സയൻസ് ലാബുകൾ മുതൽ ക്രോസ്-പ്ലാറ്റ്ഫോം വാർ ഗെയിമുകൾ വരെ, ഇന്ത്യയുടെ എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) മേഖലയിലെ മുൻനിര നൂതനാശയ സംരംഭകരുടെ കൂട്ടായ്മ, നാം എങ്ങനെ പഠിക്കുന്നു, സുഖപ്പെടുത്തുന്നു, സാധങ്ങൾ വാങ്ങുന്നു, യാത്ര ചെയ്യുന്നു എന്നതിനെ പുനർനിർവ്വചിക്കുന്നു! വേവ്ലാപ്സുമായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഭാഗമായി ആരംഭിച്ച ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) സീസൺ-1 ന്റെ ഭാഗമായ XR ക്രിയേറ്റർ ഹാക്കത്തോണിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇമ്മേഴ്സീവ് സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സാന്നിധ്യം ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹാക്കത്തോണിൽ അഞ്ച് പ്രമേയധിഷ്ഠിത വിഭാഗങ്ങളുണ്ടായിരുന്നു - ആരോഗ്യ സംരക്ഷണം-ഫിറ്റ്നസ് ആൻഡ് വെൽനെസ്സ്, വിദ്യാഭ്യാസ പരിവർത്തനം, ഇമ്മേഴ്സീവ് ടൂറിസം, ഡിജിറ്റൽ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ഇ-കൊമേഴ്സ്-ചില്ലറ വില്പന മേഖലയിലെ പരിവർത്തനം എന്നിവ.
ഇന്ത്യയിലുടനീളമുള്ള 2,200-ലധികം പേർ ഹാക്കത്തോണിൽ രജിസ്റ്റർ ചെയ്തു. ത്രിതല മൂല്യനിർണ്ണയത്തിന് ശേഷം, വിവിധ നഗരങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സംരംഭകർ എന്നിവരെ പ്രതിനിധീകരിച്ച് അഞ്ച് ടീമുകളെ വിജയികളായി പ്രഖ്യാപിച്ചു. YouTube ലൈവ് സ്ട്രീമിലൂടെ വെർച്വലായി സംഘടിപ്പിച്ച 'വിന്നേഴ്സ്' സെറിമണിയിലാണ് വിജയിയെ പ്രഖ്യാപിച്ചത്.
വിജയിച്ച ടീമുകളെയും അവരുടെ XR പ്രോജക്റ്റുകളെയും സംബന്ധിച്ച സംക്ഷിപ്ത വിവരണം
1) 'വിദ്യാഭ്യാസ പരിവർത്തനം' എന്ന വിഷയത്തിലെ വിജയി XR റണ്ണേഴ്സ്, അവരുടെ പ്രോജക്റ്റ് 'Eduscape XR'
ഐഐടി ഖരഗ്പൂരിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത വിആർ അധിഷ്ഠിത പ്ലാറ്റ്ഫോമായ 'Eduscape XR, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഹാൻഡ്-ട്രാക്കിംഗും നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രതികരണങ്ങളും ഉപയോഗിച്ച് യാഥാർത്ഥ്യത്തോടടുത്ത് നിൽക്കുന്നതും ആഴത്തിലുള്ളതുമായ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. പല സ്ക്കൂളുകളിലും കോളേജുകളിലും ലബോറട്ടറി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇത് പരിഹരിക്കുന്നു. “രാജ്യത്തിന്റെ പല ഭാഗങ്ങളിലും, വിദ്യാർത്ഥികൾ യഥാർത്ഥ പരീക്ഷണങ്ങൾ നടത്താതെ ശാസ്ത്രം പഠിക്കേണ്ടി വരുന്നു. അതിൽ ഒരു പരിവർത്തനം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിൽ STEM പ്രാക്ടിക്കലുകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്,” സാഹിൽ പട്ടേലൈനും ശൗര്യ ബരൻവാളിനും ഒപ്പം സംഘത്തെ നയിച്ച വേദാന്ത ഹസ്ര വ്യക്തമാക്കി.
2) 'ആരോഗ്യ സംരക്ഷണം, ഫിറ്റ്നസ് ആൻഡ് വെൽനെസ്' എന്ന പ്രമേയത്തിലെ വിജയി ടീം കോഗ്നിഹാബ്, അവരുടെ പ്രോജക്റ്റ് കോഗ്നിഹാബ്.
ലേസി ഐ (ആംബ്ലിയോപിയ), പക്ഷാഘാതം, ഉത്കണ്ഠ എന്നിവയിൽ നിന്ന് കരകയറാൻ സഹായിക്കുന്ന XR-അധിഷ്ഠിത പുനരധിവാസ പരിഹാരങ്ങൾ കോഗ്നിഹാബ് വാഗ്ദാനം ചെയ്യുന്നു. “യഥാർത്ഥ മെഡിക്കൽ ക്രമീകരണങ്ങളിലെ ഫലങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ഹാക്കത്തോൺ നമ്മുടെ സമീപനത്തിന് മൂർച്ച കൂട്ടാനും പുതിയ പങ്കാളികളിലേക്ക് എത്താനും ഞങ്ങളെ സഹായിച്ചു,” സംഘത്തെ നയിച്ച ഋഷഭ് കപൂർ പറഞ്ഞു. XR-അധിഷ്ഠിത ആരോഗ്യ സാങ്കേതികവിദ്യയിൽ വിദഗ്ദ്ധനായ പിന്റു കുമാർ അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടുന്നു.
3) 'ഇമ്മേഴ്സീവ് ടൂറിസം' എന്ന പ്രമേയത്തിലെ വിജയികൾ ടീം LumeXR, അവരുടെ പ്രോജക്റ്റ് 'ഇമ്മേഴ്സീവ് ട്രാവൽ ഗൈഡ്'
LumeXR ഒരു മിക്സഡ്-റിയാലിറ്റി ടൂറിസം ഗൈഡ് വികസിപ്പിച്ചെടുത്തു. ലക്ഷ്യസ്ഥാനങ്ങൾ വെർച്വലായി പര്യവേക്ഷണം ചെയ്യാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഈ അനുഭവത്തിനായി ഒരു 3D മാപ്പ് ഇന്റർഫേസ്, ഡ്രോൺ-ഷോട്ട് ഫോട്ടോഗ്രാമെട്രി, എംബഡഡ് വീഡിയോ സ്റ്റോറികൾ എന്നിവ പ്രയോജനപ്പെടുത്തുന്നു. ഇത് യാത്രാ ആസൂത്രണത്തെ കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കുന്നു. പരമ്പരാഗത ബ്രോഷറുകൾക്കോ വീഡിയോകൾക്കോ ഉപരിയായി XR-അധിഷ്ഠിത പ്രിവ്യൂകൾ വാഗ്ദാനം ചെയ്യാനും പ്ലാറ്റ്ഫോം ടൂറിസം ബ്രാൻഡുകളെ പ്രാപ്തമാക്കുന്നു. "ഇത് വെറുമൊരു യാത്രാ ആപ്പ് അല്ല - ഇത് ആഴത്തിലുള്ള സാംസ്കാരിക കഥാകഥനമാണ്. നമ്മുടെ പ്രോജക്റ്റിന്റെ സഹായത്തോടെ, ഉപയോക്താക്കൾക്ക് ഇപ്പോൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ലക്ഷ്യസ്ഥാനത്തെ 'അനുഭവവേദ്യമാക്കാൻ' കഴിയും," LumeXR സംഘത്തെ നയിക്കുന്ന സാവിയോ പറഞ്ഞു.
4) 'ഇ-കൊമേഴ്സ് & റീട്ടെയിൽ ട്രാൻസ്ഫോർമേഷൻ' പ്രമേയത്തിലെ വിജയികൾ ടീം ‘EMO’ പ്രോജക്റ്റ് 'ഹെവൻ എസ്റ്റേറ്റ്'
തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് AR, 3D എന്നിവയിൽ ഇന്റീരിയർ ഡിസൈനുകൾ ദൃശ്യവത്ക്കരിക്കാൻ ഹെവൻ എസ്റ്റേറ്റ് വീട്ടുടമസ്ഥരെ സഹായിക്കുന്നു. ഉപയോക്തൃ-ഡിസൈനർ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. - പരിശോധിച്ച ഇന്റീരിയർ ഡിസൈനർമാർ ഇടപാടുകാരെ സ്വന്തം സ്ഥലത്ത് പ്രിവ്യൂ വീക്ഷിക്കാൻ കഴിയും വിധം ദൃശ്യവത്കൃത ശകലങ്ങൾ അപ്ലോഡ് ചെയ്യുന്നു. "വീടുടമസ്ഥർക്കും പ്രൊഫഷണലുകൾക്കും മദ്ധ്യേ യഥാർത്ഥ പാലമാകാൻ ഞങ്ങൾ ആഗ്രഹിച്ചു," ഹിമാൻഷു മഹ്തോ, അശുതോഷ് മിശ്ര, ഇഷിത ഗ്വാർ എന്നിവരോടൊപ്പം പ്രോജക്റ്റ് നിർമ്മിച്ച EMO സംഘത്തലവൻ ഉത്കർഷ് റായ് പറഞ്ഞു. അവരുടെ ഡിസൈനും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തിയ ഹാക്കത്തോണിന്റെ മെന്റർഷിപ്പിന് ടീം ‘EMO’ അഭിനന്ദനം അറിയിച്ചു.
5) 'ഡിജിറ്റൽ മീഡിയ & എന്റർടൈൻമെന്റ്' എന്ന പ്രമേയത്തിലെ വിജയികൾ ടീംYouth Buzz, പ്രോജക്റ്റ് 'ഇമ്മേഴ്സീവ് വാർഫെയർ സിമുലേറ്റർ'
വിആർ (വെർച്വൽ റിയാലിറ്റി) ഹെഡ്സെറ്റുകളിലും മൊബൈലിലും കളിക്കാവുന്ന മൾട്ടിപ്ലെയർ യുദ്ധ ഗെയിമായ 'ദി ഗെയിം ഓഫ് ഡൈമൻഷൻസ്' Youth Buzz സൃഷ്ടിയാണ്. ഇത് ഒരു ഇമ്മേഴ്സീവ് ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു. "പ്ലാറ്റ്ഫോമുകളിൽ യാഥാർത്ഥ്യത്തോടടുത്ത നിൽക്കുന്ന ഗെയിമിംഗ് അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു," സംഘത്തെ നയിച്ച മോഹിത് കുമാർ ശർമ്മ പറഞ്ഞു. അനീഷ് ഡോംബാലെ, എ ശിവം രാജ്, യാഷ് സാധുഖാൻ എന്നിവരാണ് സംഘാംഗങ്ങൾ.
കൂടുതൽ XR നൂതനാശയ സംരംഭകരും വരുന്നത് ടയർ 2, 3 നഗരങ്ങളിൽ നിന്ന്
ചെങ്കൽപേട്ട്, മണിപ്പാൽ, വെരാവൽ എന്നിവയുൾപ്പെടെ ടയർ 2, 3 നഗരങ്ങളിൽ നിന്നുള്ള 66% പേർ ഹാക്കത്തോണിൽ പങ്കെടുത്തു. 17 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു അവർ. 40 ഫൈനലിസ്റ്റുകളിൽ 53% വിദ്യാർത്ഥികളും 33% പ്രൊഫഷണലുകളും 14% സ്വയം തൊഴിൽ ചെയ്യുന്ന സംരംഭകരും ആയിരുന്നു. ഫൈനലിസ്റ്റുകളിൽ 19% വനിതകളായിരുന്നു എന്നത് ശ്രദ്ധേയമാണ് - XR നൂതനാശയ മേഖലയിലെ വളരുന്ന ലിംഗ സമത്വത്തിന്റെ ശക്തമായ സൂചനയാണിത്.
വേവ്ലാപ്സ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, രണ്ട് മുൻനിര XR സമൂഹങ്ങളായ BharatXR, XDG എന്നിവയുടെ പിന്തുണയോടെ, ഫൈനലിസ്റ്റുകൾ ഇപ്പോൾ ലോക വേദിയിലേക്ക് ചുവടുവെക്കുകയാണ് - ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും ഹോം സ്റ്റുഡിയോകളിലും ജനിച്ച ആശയങ്ങൾ ഉടൻ തന്നെ ആഗോള ഉപയോക്താക്കളിലേക്ക് എത്തിയേക്കാം. വിജയികളെ പ്രഖ്യാപിച്ചുകഴിഞ്ഞെങ്കിലും, XR ക്രിയേറ്റർ ഹാക്കത്തോൺ ഇതുവരെ അവസാനിച്ചിട്ടില്ല. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ഒരു ആഗോള ദൃശ്യ, ശ്രാവ്യ, വിനോദ പരിപാടിയായ വേവ്സ് ഉച്ചകോടിയിൽ അവരുടെ പ്രോജക്ടുകൾ പ്രദർശിപ്പിക്കാൻ അഞ്ച് ടീമുകളും തയ്യാറെടുക്കുകയാണ്.
“XR ക്രിയേറ്റർ ഹാക്കത്തോൺ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുക മാത്രമല്ല - അത് ഒരു പുതിയ ഡിജിറ്റൽ ഇന്ത്യയ്ക്കുള്ള അടിത്തറ പാകുകയും ചെയ്യുന്നു. ഈ പരിഹാരങ്ങൾ നാം എങ്ങനെ പഠിക്കുന്നു, സുഖപ്പെടുത്തുന്നു, സാധങ്ങൾ വാങ്ങുന്നു, യാത്ര ചെയ്യുന്നു എന്നതിനെ പുനർനിർവ്വചിക്കുന്നു.” വേവ്ലാപ്സിന്റെ സ്ഥാപകനും സിഇഒയുമായ അശുതോഷ് കുമാർ പറഞ്ഞു.
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
(Release ID: 2120914)
|