രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി സ്ലൊവാക്യ-ഇന്ത്യ ബിസിനസ് ഫോറത്തെഅഭിസംബോധന ചെയ്തു

കോൺസ്റ്റാന്റിൻ ദി ഫിലോസഫർ സർവ്വകലാശാല രാഷ്‌ട്രപതിയ്ക്ക് ഹോണറിസ് കോസ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.

‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിൽ പങ്ക് ചേരാൻ സ്ലൊവാക് കമ്പനികളെ ക്ഷണിച്ച് രാഷ്‌ട്രപതി

Posted On: 10 APR 2025 8:54PM by PIB Thiruvananthpuram
സ്ലോവാക്യ സന്ദർശനത്തിന്റെ രണ്ടാം ദിനം (ഏപ്രിൽ 10, 2025), രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ബ്രാറ്റിസ്ലാവയിൽ സംഘടിപ്പിച്ച സ്ലോവാക്യ-ഇന്ത്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു.

ഇന്ത്യയും സ്ലോവാക്യയും ചരിത്രപരമായി തന്നെ ഊഷ്മളവും സൗഹാർദ്ദ പൂർണ്ണവുമായ ബന്ധങ്ങൾ പങ്കിടുന്നതായി  സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാഷ്‌ട്രപതി പറഞ്ഞു. വർഷങ്ങളായി, ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. നമ്മുടെ വ്യാപാര ബന്ധങ്ങളുടെ വൈവിധ്യവത്ക്കരണം പര്യവേക്ഷണം ചെയ്യേണ്ട സമയമാണിത്.

സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സുസ്ഥിര വികസനം എന്നിവയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയർന്നുവരുന്ന ഇന്ത്യ ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ, ടെലികോം, വാഹനനിർമ്മാണവും  ഘടകഭാഗനിർമ്മാണവും, ഔഷധനിർമ്മാണം, ജൈവ സാങ്കേതികവിദ്യ, ബഹിരാകാശം, ഫിൻടെക് തുടങ്ങിയ മേഖലകളിൽ നാം ഗണ്യമായ വിജയം നേടിയിട്ടുണ്ട്. താമസിയാതെ ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ലോവാക്യ പോലുള്ള  സുഹൃദ്  രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കാനാകുമെന്ന്  നാം പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയെന്നും, ശക്തമായ വ്യാവസായിക അടിത്തറയും യൂറോപ്പിൽ തന്ത്രപ്രധാനമായ സ്ഥാനവുമുള്ള സ്ലൊവാക്യ, ആഴത്തിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾക്ക് മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനിലെ സുപ്രധാന അംഗമെന്ന നിലയിലും വാഹനനിർമ്മാണം, പ്രതിരോധം, ഹൈടെക് വ്യവസായങ്ങൾ എന്നിവയുടെ കേന്ദ്രമെന്ന നിലയിലും, ഇന്ത്യയുടെ വിശാലമായ ഉപഭോക്തൃ വിപണി, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയിൽ നിന്ന് സ്ലൊവാക്യയ്ക്ക് പ്രയോജനം നേടാനാകും. നമ്മുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിൽ പങ്ക് ചേരാൻ രാഷ്‌ട്രപതി സ്ലൊവാക്യൻ കമ്പനികളെ ക്ഷണിച്ചു.

സമാനതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഉഭയകക്ഷി പ്രയോജനകരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള മികച്ച വേദിയായി സ്ലൊവാക്യ-ഇന്ത്യ ബിസിനസ് ഫോറം പ്രവർത്തിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. അവസരങ്ങൾ പ്രയോജനപ്പെടുത്താനും അവയെ 
മൂർത്തമായ ഗുണഫലങ്ങളാക്കി മാറ്റാനും അവർ ബിസിനസ്സ് പ്രമുഖരോട് അഭ്യർത്ഥിച്ചു. ഫോറത്തിലെ ചർച്ചകൾ ശാശ്വത പങ്കാളിത്തത്തിലേക്ക് നയിക്കുമെന്ന ആത്മവിശ്വാസം രാഷ്‌ട്രപതി പ്രകടിപ്പിച്ചു.

തുടർന്ന്, നിട്രയിലെ കോൺസ്റ്റാന്റിൻ ദി ഫിലോസഫർ സർവ്വകലാശാല രാഷ്ട്രപതി സന്ദർശിച്ചു. അവിടെ നടന്ന ചടങ്ങിൽ, പൊതുസേവനം, ഭരണനിർവ്വഹണം, സാമൂഹിക നീതി, സർവ്വാശ്ലേഷിത്വം എന്നീ മേഖലകളിലെ പ്രവർത്തനത്തിനും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാംസ്‌ക്കാരിക, ഭാഷാ വൈവിധ്യം എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ഉള്ള അംഗീകാരമായി രാഷ്ട്രപതിയ്ക്ക്  ഹോണറിസ് കോസ ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.

പൗരാണിക കാലം മുതൽ സമാധാനത്തിന്റെയും ജ്ഞാനത്തിന്റെയും ദീപസ്തംഭമായി നിലനിന്ന ഒരു രാഷ്ട്രത്തിനും  സംസ്‌കാരത്തിനും  ലഭിക്കുന്ന ബഹുമതിയാണിത് എന്ന് സ്വീകരണ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. തത്ത്വചിന്തകനായ വിശുദ്ധ കോൺസ്റ്റന്റൈൻ സിറിലിന്റെ പേരിലുള്ള സ്ഥാപനത്തിൽ നിന്ന് ഈ ബിരുദം ലഭിച്ചതെന്നത് തികച്ചും അർത്ഥവത്താണ്.
 

വ്യക്തി ശാക്തീകരണത്തിന് മാത്രമല്ല, ദേശീയ വികസനത്തിനും വിദ്യാഭ്യാസം ഒരു മാർഗ്ഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യ ദേശീയ വികസന തന്ത്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് വിദ്യാഭ്യാസത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ജനസംഖ്യയുടെ പകുതിയിലേറെയും 25 വയസ്സിന് താഴെയുള്ള ഇന്ത്യയിൽ, നാളെയുടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ ഇന്ത്യ യുവാക്കളിൽ നിക്ഷേപം നടത്തുന്നു.

ഇന്ത്യ ആധുനികതയും സാങ്കേതികവിദ്യയും സ്വീകരിക്കുമ്പോഴും, നമ്മുടെ മുന്നോട്ടുള്ള പ്രയാണം നമ്മുടെ പൗരാണിക ദാർശനിക പാരമ്പര്യങ്ങളുടെ ജ്ഞാനത്തിൽ വേരൂന്നിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിശുദ്ധ കോൺസ്റ്റന്റൈൻ സിറിലിന്റെ കൃതികൾ സ്ലാവിക് ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തിന് അടിത്തറയിട്ടതുപോലെ, ഇന്ത്യൻ ദാർശനിക പാരമ്പര്യങ്ങൾ നമ്മുടെ സമൂഹത്തിന്റെ ബൗദ്ധികവും ആത്മീയവുമായ ഘടനയെ ഏറെക്കാലമായി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അവർ പ്രസ്താവിച്ചു. ആത്മാവലോകനത്തിനും ധാർമ്മിക ചിന്തകൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, ഉണ്മയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പര്യവേക്ഷണം ആണ് ഇന്ത്യൻ തത്ത്വചിന്ത മുന്നോട്ടു വയ്ക്കുന്നത്. ഇത് വ്യത്യസ്തത കാഴ്ചപ്പാടുകളുടെയും ആത്മജ്ഞാനത്തിന്റെയും ആന്തരിക അനുഭവങ്ങളുടെയും പ്രാധാന്യം എടുത്തുകാട്ടുന്നു. ഉപനിഷത്തുകളിലെ കാലാതിവർത്തിയായ ജ്ഞാനം സ്ലൊവാക്യയിലും പ്രതിധ്വനിക്കുന്നത് കാണാനിടയായതിൽ രാഷ്‌ട്രപതി സന്തോഷം അറിയിച്ചു.

പിന്നീട് നടന്ന പരിപാടിയിൽ, പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിക്കൊപ്പം രാഷ്‌ട്രപതി മുർമ്മു ബ്രാറ്റിസ്ലാവയിലെ ജാഗ്വാർ ലാൻഡ് റോവർ ഫാക്ടറി സന്ദർശിക്കുകയും പ്ലാന്റിന്റെ നിർമ്മാണ സൗകര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.

രാവിലെ, സ്ലോവാക് കുട്ടികളുടെ ചിത്രങ്ങളുടെ പ്രദർശനം രാഷ്ട്രപതി വീക്ഷിച്ചു. സ്ലോവാക്-ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, ഇന്ത്യൻ എംബസിയുമായി സഹകരിച്ച്, 2015 മുതൽ 'കുട്ടിക്കഥകളിൽ  മറഞ്ഞിരിക്കുന്ന സൗന്ദര്യം - സ്ലോവാക് കുട്ടികളുടെ ദൃഷ്ടിയിലൂടെയുള്ള ഇന്ത്യ' എന്ന ചിത്രരചനാ മത്സരം സംഘടിപ്പിച്ചുവരുന്നു. ശ്രീമതി ലെങ്ക മുക്കോവയുടെ രാമായണം പ്രതിപാദ്യമാക്കിയ പാവക്കൂത്തും അവർ വീക്ഷിച്ചു. 30 വർഷമായി പാവക്കൂത്തിലൂടെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്ന പ്രെസോവിലെ ബാബദ്‌ലോ പാവക്കൂത്ത് നാട്യശാലയുടെ ഭാഗമാണ് ശ്രീമതി ലെങ്ക.

ഇന്നലെ വൈകുന്നേരം (2025 ഏപ്രിൽ 9), ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി ഇന്ത്യൻ രാഷ്ട്രപതിയുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ച വിരുന്നിൽ ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

വിരുന്നിനിടെ സ്ലോവാക് കലാകാരന്മാർ ദേശീയഗാനം ഉൾപ്പെടെയുള്ള ആകർഷകമായ സംഗീത പ്രകടനങ്ങൾ അവതരിപ്പിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്‌ക്കാരിക ബന്ധത്തെ സൂചിപ്പിക്കുന്നു.ഇത്  https://www.youtube.com/watch?v=_9EgakGJ_QMhttps://www.youtube.com/watch?v=sJVciPS5WDI എന്ന ലിങ്കിൽ വീക്ഷിക്കാവുന്നതാണ്.

 ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും വിരുന്നിൽ പങ്കെടുത്ത രാഷ്ട്രപതി, സ്ലോവാക്യൻ സർക്കാരിനും ജനങ്ങൾക്കും നന്ദി പറഞ്ഞു. യോഗ, ആയുർവേദം ഇന്ത്യൻ പാചകകല തുടങ്ങി, സ്ലോവാക്യയിലെ ഇന്ത്യൻ സംസ്കാരത്തോടുള്ള സ്നേഹം ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ശക്തമായ തെളിവാണെന്ന് അവർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അവർ ഊട്ടിയുറപ്പിച്ചു.

(Release ID: 2120859) Visitor Counter : 18