വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് 2025: "മേക്ക്‌ ദി വേൾഡ് വെയർ ഖാദി ” മത്സരത്തിന്റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

'ഖാദിയുടെ പുനരാവിഷ്കാരം'- പരസ്യപ്രചാരണത്തിനായി ലഭിച്ച 750-ലേറെ എൻട്രികളിൽ മികച്ചവയെ വേവ്സ് ആദരിക്കുന്നു

Posted On: 09 APR 2025 5:00PM by PIB Thiruvananthpuram

മെയ് 1 മുതൽ 4 വരെ മുംബൈയിൽ സംഘടിപ്പിച്ചിട്ടുള്ള വേവ്സ് ഉച്ചകോടി 2025 ന്റെ ഭാഗമായി നടക്കുന്ന 32 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളിൽ ഒന്നായ- 'ലോകത്തെ ഖാദി ധരിക്കാൻ പ്രേരിപ്പിക്കുക'
(Make the World Wear Khadi) മത്സരത്തിന്റെ ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചു.



 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മത്സരാർത്ഥികൾ:

  • ഇമാൻ സെൻഗുപ്ത & സോഹം ഘോഷ് - ഹവാസ് വേൾഡ്‌വൈഡ് ഇന്ത്യ
  • കാർത്തിക് ശങ്കർ & മധുമിത ബസു - 22 ഫീറ്റ് ട്രൈബൽ
  • കാജൽ തിർലോത്കർ - ഇന്ററാക്ടീവ് അവന്യൂസ്
  • തൻമയ് റൗൾ & മന്ദർ മഹാദിക് - ഡിഡിബി മുദ്ര ഗ്രൂപ്പ്
  • ആകാശ് മേജരി & കജോൾ ജെസ്വാനി - ഡിഡിബി മുദ്ര ഗ്രൂപ്പ്

 ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രതീകത്തിൽ നിന്ന് സുസ്ഥിര ഫാഷൻ രൂപത്തിലേക്ക് ഖാദിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വത്വത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ, മത്സരാർത്ഥികൾ തങ്ങളുടെ ആവിഷ്കാരത്തിലൂടെ പ്രതിഫലിപ്പിച്ചു.



കാജൽ തിർലോത്കർ ഖാദിയെ "കാലത്തിന്റെ സാക്ഷ്യം... സാവധാനം, തരളമായി,ശ്രദ്ധയോടെ നൂൽക്കുന്നത്" എന്ന് വിശേഷിപ്പിച്ചപ്പോൾ, ദ്രുതഗതിയിലുള്ള ഫാഷൻ രീതികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാനുള്ള ഖാദിയുടെ സവിശേഷത എടുത്തുകാണിച്ചുകൊണ്ട് തന്മയ് റൗളും മന്ദർ മഹാദിക്കും ഇതിനെ "ഭാവിയുടെ വസ്ത്രം" എന്ന് വിശേഷിപ്പിച്ചു. ആകാശ് മേജരിയും കജോൾ ജെസ്വാനിയും പാരിസ്ഥിതിക നാശനഷ്ടങ്ങൾ മാറ്റി പരിസ്ഥിതിയെ "പഴയപടിയാക്കാനുള്ള" ഒരു ബദൽ മാർഗമായി ഖാദിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രവർത്തനങ്ങളെ അവരുടെ പരസ്യത്തിൽ പ്രോത്സാഹിപ്പിച്ചു. അതേ സമയം, ഇമാൻ സെൻഗുപ്തയും സോഹം ഘോഷും ഖാദിയുടെ സാമ്പത്തികവും സാംസ്കാരികവുമായ മൂല്യത്തിൽ ശ്രദ്ധയൂന്നി. ആഗോള ഫാഷനിൽ ഏറ്റവും മികച്ച ഗുണമേന്മയോടെ, ഒരു നിശ്ചിത ഉദ്ദേശ്യത്തോടെയുള്ള തിരഞ്ഞെടുപ്പായി ഖാദിയെ അവർ ഉയർത്തിക്കാട്ടി.

ഖാദിയെ സുസ്ഥിരതയുടെയും സ്വത്വബോധത്തിന്റെയും ഒരു ആഗോള ബിംബമായി പുനരാവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത മത്സരത്തിൽ, രാജ്യത്തുടനീളമുള്ള ക്രിയേറ്റീവ് പ്രൊഫഷണലുകളിൽ നിന്നും ഏജൻസികളിൽ നിന്നുമായി 750-ലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. ഖാദിയെ ഒരു തുണിത്തരമായി മാത്രമല്ല, ആഗോളതലത്തിൽ നൂതനാശയത്തിന്റെയും അവബോധ പൂർണമായ ജീവിതത്തിന്റെയും ശക്തമായ പ്രതീകമായി സ്ഥാപിക്കുന്ന പരസ്യങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു മത്സരം.

പരസ്യ വ്യവസായ മേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു ജൂറി, മൗലികത, സാംസ്കാരിക ആഴം, ആഗോള ആകർഷണം, മത്സരത്തിന്റെ പ്രമേയവുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവയെ അടിസ്ഥാനമാക്കി എൻട്രികൾ വിലയിരുത്തി. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പരസ്യങ്ങൾ, അവയുടെ തന്ത്രപരമായ ചിന്ത, ശ്രദ്ധേയമായ വിവരണങ്ങൾ, ഖാദിയെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റാനുള്ള കഴിവ് എന്നിവയ്ക്ക് പ്രശംസകൾ നേടി.

വേവ്സ് ഉച്ചകോടി 2025-ൽ അന്തിമ വിജയികളെ പ്രഖ്യാപിക്കും. അവിടെ  നയരൂപകർത്താക്കൾ, ആഗോള പ്രതിനിധികൾ, മാധ്യമ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന വിശിഷ്ട പ്രേക്ഷകസദസിന് മുന്നിൽ വിജയികളായ പരസ്യങ്ങൾ അവതരിപ്പിക്കപ്പെടും.

 
*****

(Release ID: 2120627) Visitor Counter : 36