സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമായുള്ള തിരുപ്പതി-പാക്കാല-കാട്പാടി സിംഗിൾ റെയിൽവേ പാത (104 കിലോമീറ്റർ ദൂരം), 1332 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.


യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും, ചരക്ക് നീക്ക ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ ഉദ്യമം ഉപകരിക്കും.

നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി 400 ഓളം ഗ്രാമങ്ങളിലെ ഗതാഗതബന്ധം വർദ്ധിപ്പിക്കുകയും 14 ലക്ഷത്തോളം ജനങ്ങൾക്ക് സഹായകമാവുകയും ചെയ്യും.

തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുപ്പതിയിലേക്കുള്ള ഗതാഗതബന്ധം വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിദിനം 75,000 വും വിശേഷ ദിവസങ്ങളിൽ 1.5 ലക്ഷത്തോളവും തീർത്ഥാടകർ എത്തുന്ന ക്ഷേത്രമാണിത്.

നിർമ്മാണ ഘട്ടത്തിൽ 35 ലക്ഷത്തോളം മനുഷ്യ ദിവസങ്ങൾക്ക് നേരിട്ടുള്ള തൊഴിൽ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായിക്കും

Posted On: 09 APR 2025 3:06PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും തിരുപ്പതി - പാക്കാല - കാട്പാടി സിംഗിൾ റെയിൽവേ പാത (104 കിലോമീറ്റർ ദൂരം), 1332 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. 

പാതയുടെ ശേഷി വർദ്ധിപ്പിക്കുന്നത് യാത്രാ-ചരക്കുനീക്ക സൗകര്യങ്ങൾ  മെച്ചപ്പെടുത്തുകയും ഇന്ത്യൻ റയിൽവെയുടെ കാര്യക്ഷമതയും സേവന വിശ്വസനീയതയും കൂടുതൽ ഉറപ്പാക്കുകയും ചെയ്യും. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി റെയിൽവേ പ്രവർത്തനങ്ങൾ ലഘൂകരിക്കുകയും തിരക്ക് കുറയ്ക്കുകയും ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ വിഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന ദർശനവുമായി പൊരുത്തപ്പെടുന്നതാണ് ഈ പദ്ധതി. മേഖലയിലെ ജനങ്ങളെ സമഗ്രമായ വികസനത്തിലൂടെ "ആത്മനിർഭർ" ആക്കി അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കും.

മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കായുള്ള പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഫലമായി രൂപകൽപന ചെയ്തതാണ് ഈ പദ്ധതി. സംയോജിത ആസൂത്രണത്തിലൂടെ സാധ്യമാക്കുന്ന നിർദിഷ്ട പദ്ധതി ആളുകളുടെയും സാധന-സേവനങ്ങളുടെയും ചലനത്തിന് തടസ്സമില്ലാത്ത ഗതാഗതബന്ധം ഉറപ്പാക്കും.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ദൈർഘ്യം ഏകദേശം113 കിലോമീറ്റർ കൂടി വർദ്ധിപ്പിക്കും.

തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള ഗതാഗതബന്ധത്തിനൊപ്പം ശ്രീ കാളഹസ്തി ശിവക്ഷേത്രം, കാണിപ്പകം വിനായക ക്ഷേത്രം, ചന്ദ്രഗിരി കോട്ട തുടങ്ങിയ മറ്റ് പ്രമുഖ സ്ഥലങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റിയും പദ്ധതി വിഭാവനം ചെയ്യുന്നു. ഇത് രാജ്യത്തുടനീളമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കും.

നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി 400 ഓളം ഗ്രാമങ്ങളിലെ ഗതാഗതബന്ധം വർദ്ധിപ്പിക്കുകയും14 ലക്ഷത്തോളം ജനങ്ങൾക്ക് സഹായകമാവുകയും ചെയ്യും.

കൽക്കരി, കാർഷികോൽപ്പന്നങ്ങൾ, സിമൻറ്, മറ്റ് ധാതുക്കൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ ഒരു പാതയാണിത്. ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിവർഷം 4 ദശലക്ഷം ടൺ അധിക ചരക്ക് നീക്കം സാധ്യമാക്കും. പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും  ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി (4 കോടി ലിറ്റർ) എന്നിവ കുറയ്ക്കുന്നതിനും ഒരു കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ കാർബൺ ബഹിർഗമനം (20 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും.

***

NK


(Release ID: 2120417) Visitor Counter : 38