വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

WAM!: മാംഗ, ആനിമെ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം

WAVES ആഭിമുഖ്യത്തിലുള്ള ആനിമേഷൻ, മാംഗ മത്സരം പ്രതിഭാശാലികളെ വിജയത്തിലേക്ക് നയിക്കുന്നതെങ്ങനെ

Posted On: 07 APR 2025 9:54AM by PIB Thiruvananthpuram
രേഷം തൽവാർ എപ്പോഴും ശബ്ദത്തിന്റെ ശക്തിയിൽ ഉറച്ചു വിശ്വസിച്ചിരുന്നു. കാഴ്ച പരിമിതിയുള്ള ഒരു കലാകാരി എന്ന നിലയിൽ, തന്റെ ശബ്ദത്തിലൂടെ വാക്കുകൾ മാത്രമല്ല, വികാരങ്ങളും, ആശയങ്ങളും ആവിഷ്‌ക്കരിക്കാനും കഥാപാത്രങ്ങളെ ജീവസുറ്റതാക്കാനും ഉള്ള കഴിവ് തനിക്കുണ്ടെന്ന് അവർക്കറിയാമായിരുന്നു. തന്റെതായ പരിമിതികളുടെ വെളിച്ചത്തിൽ, തന്നെ നിർവചിക്കാൻ അവർ അനുവദിച്ചില്ല. പകരം, മത്സരാധിഷ്ഠിതമായ ശബ്ദാഭിനയ ലോകത്ത് അവർ തനിക്കായി സ്വന്തം ഇടം സൃഷ്ടിച്ചു. ഡൽഹിയിൽ നടന്ന WAVES ആനിമേഷൻ & മാംഗ മത്സരത്തിൽ (WAM!) ശബ്ദാഭിനയ വിഭാഗത്തിൽ വിജയിച്ചത് അവരെ പുതിയ തലത്തിലേക്ക് ഉയർത്തി. കലാരംഗത്ത്, പ്രതിഭയിലൂടെ ഏത് തടസ്സങ്ങളെയും മറികടക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. റേഡിയോ ജോക്കിയിംഗ്, വോയ്‌സ് ഓവറുകൾ, ഓഡിയോ എഡിറ്റിംഗ് എന്നിവയിലെ തന്റെ പ്രതിഭയും വൈദഗ്ദ്ധ്യവും രേഷം വളരെ മുമ്പേ തന്നെ തെളിയിച്ചിരുന്നു. പക്ഷേ WAM!! അവരെ ഒരു വലിയ വേദിയിലേക്ക് ആനയിച്ചു. അവരുടെ പ്രതിഭ വ്യവസായ പ്രമുഖരുമായി സംഗമിച്ചു. വളരെക്കാലമായി അടഞ്ഞുകിടന്ന വാതിലുകൾ തുറന്നു. WAM!! ഒരു മത്സരം മാത്രമല്ല, സർഗ്ഗാത്മക വ്യവസായത്തെ പിടിച്ചുലയ്ക്കുന്ന ഒരു പ്രസ്ഥാനമാണെന്ന് വെളിവാക്കുന്നത് അവരുടേതുപോലുള്ള കഥകളാണ്.
 

 

മീഡിയ ആൻഡ് എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI) യുമായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പരിവർത്തനാത്മക സംരംഭം, സർഗ്ഗ സ്രഷ്ടാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുന്നതിലൂടെ, ആനിമേഷനോടും മാംഗയോടുമുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവേശം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇന്ത്യയിലെയും ആഗോളതലത്തിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ട്, പ്രസിദ്ധീകരണം, വിതരണം, വ്യവസായിക പ്രവേശനം എന്നിവയ്ക്കുള്ള അവസരങ്ങൾ പ്രദാനം ചെയ്ത്, കലാപരമായ ആവിഷ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയും വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ജനപ്രിയ ജാപ്പനീസ് ശൈലികളുടെ പ്രാദേശികവത്കൃത സൃഷ്ടിഭേദങ്ങൾ വികസിപ്പിക്കാൻ WAM!! കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 11 നഗരങ്ങളിലായി സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കും. മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി  (WAVES) 2025-ൽ നടക്കുന്ന മഹത്തായ ദേശീയ ഫിനാലെയോടെ ഇത് അവസാനിക്കും.
 

മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വിപുലമായ WAVES 2025 ൽ WAM!. ഒരു നാഴിക്കലായി മാറും. ദാവോസ്, കാൻ തുടങ്ങിയ ജനപ്രീതിയാർജ്ജിച്ച ഒത്തുചേരലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാധ്യമ, വിനോദ മേഖലകളിൽ ഇന്ത്യയെ ആഗോള ശക്തിയാക്കുക എന്നതാണ് WAVES ലക്ഷ്യമിടുന്നത്. സിനിമകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, കോമിക്‌സ്, ഡിജിറ്റൽ മീഡിയ, നിർമ്മിതബുദ്ധി, വളർന്നുവരുന്ന AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖല എന്നിവയെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഇത്തരത്തിലുള്ള ആദ്യ ഉച്ചകോടിയാണിത്. 2029 ഓടെ 50 ബില്യൺ ഡോളർ വിപണി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായം വൻ മുന്നേറ്റത്തിന് ഒരുങ്ങുമ്പോൾ, ആഗോള കഥാകഥനത്തിന്റെ മുന്നണിയിലേക്ക് രാജ്യത്തെ ആനയിക്കുന്നതിനുള്ള പ്രേരകശക്തയായി WAVES മാറും.

വൈവിധ്യമാർന്നതും സർഗ്ഗാത്മകവുമായ കലാമേഖലകളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മത്സര പരമ്പരയായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ് (CIC) ആണ് WAVES-ന്റെ കാതൽ. CIC-യുടെ സീസൺ 1 ഇതിനോടകം വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. 35 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം പേർ ഉൾപ്പെടെ 77,000-ത്തിലധികം എൻട്രികൾ ലഭിച്ചു. ഈ വിശാലമായ എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട, 725-ലധികം അതുല്യ സർഗ്ഗ പ്രതിഭകൾ  WAVES 2025-ന്റെ ഗ്രാൻഡ് ഫിനാലെയിൽ ഒത്തുചേരും. അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ആഗോള അംഗീകാരത്തിനായി മത്സരിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഭാഷാപരവും സാംസ്‌ക്കാരികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന, പ്രാദേശിക കഥാകഥനത്തിന്റെ സമ്പന്നമായ ചിത്രകഥാ പാരമ്പര്യത്തെയും ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ് ആഘോഷിക്കുന്നു. CIC-യുടെ കീഴിലുള്ള മികച്ച സംരംഭങ്ങളിലൊന്നായ WAM!!, ആനിമേഷൻ, മാംഗ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമച്വർ,  പ്രൊഫഷണൽ കലാകാരന്മാർക്ക് തിളങ്ങാൻ ഒരു വേദി വാഗ്ദാനം ചെയ്യുന്നു. മറഞ്ഞിരിക്കുന്ന രത്നങ്ങളെ  കണ്ടെത്തുക മാത്രമല്ല, രാകി മിനുക്കാത്ത പ്രതിഭകൾക്കും വ്യവസായിക അവസരങ്ങൾക്കും മധ്യേയുള്ള വിടവ് നികത്തുകയും സ്വപ്നങ്ങളെ മൂർത്തമായ തൊഴിലുകളാക്കി മാറ്റുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനം കൂടിയാണിത്.

WAM!! എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു എന്ന് മനസ്സിലാക്കാൻ,  പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാക്കാൻ  മാംഗയും ആനിമേഷനും എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.. ജപ്പാനിൽ ആരംഭിച്ച ഒരു തരം കോമിക് പുസ്തകം അഥവാ ഗ്രാഫിക് നോവൽ ആണ് മാംഗ. നിങ്ങൾ വായിച്ചിട്ടുള്ള കോമിക്സുകൾ പോലെ തന്നെയാണ് ഇതും. ആവേശപൂർണ്ണമായ സാഹസിക കഥകളും, മധുരമായ പ്രണയകഥകളും, ഭ്രമാത്മകവും ഭയാനകവുമായ കഥകളും, മാന്ത്രിക ഫാന്റസികളും ഉൾപ്പെടെ എല്ലാത്തരം കഥകളും മാംഗ ഉൾക്കൊള്ളുന്നു. മാംഗയെ സവിശേഷമാക്കുന്നത് അതിന്റെ രൂപഭാവമാണ്: കഥാപാത്രങ്ങൾക്ക് പലപ്പോഴും വലുതും ചടുലവുമായ കണ്ണുകളുണ്ട്. ചിത്രകല കഥയെ ആശ്രയിച്ച് ലളിതമോ വിശദാംശങ്ങളിലൂന്നിയതോ ആകാം. മറ്റ് പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി, നിങ്ങൾ മാംഗയെ വലത്തുനിന്ന് ഇടത്തോട്ടാണ് വായിക്കേണ്ടത്. കൂടാതെ ഇത് സാധാരണയായി മാസികകളിൽ ചെറു രൂപത്തിൽ ആരംഭിക്കുകയും "ടാങ്കോബൺ" എന്ന് വിളിക്കപ്പെടുന്ന പുസ്തകങ്ങളിൽ ഒരുമിച്ച് ചേർക്കുകയും ചെയ്യുന്നു. മറുവശത്ത്, ആനിമേഷൻ മാംഗയെ ജീവസുറ്റതാക്കുന്നു - നിങ്ങൾ ഒരു സ്ക്രീനിൽ കാണുന്ന കാർട്ടൂൺ പതിപ്പാണിത്. ഒരേ തരത്തിലുള്ള കഥകളിൽ ചലനങ്ങളും ശബ്ദങ്ങളും ചേർത്തിരിക്കുന്നു. എല്ലാവർക്കും വേണ്ടത് എന്തെങ്കിലും ഇതിൽ ഉണ്ടാകും: ആക്ഷനും സൗഹൃദവും നിറഞ്ഞ  'ഷോനെൻ' ആൺകുട്ടികൾക്കുള്ളതാണ്. പ്രണയത്തിന് പ്രാധാന്യം നൽകുന്ന  'ഷോജോ' പെൺകുട്ടികൾക്കുള്ളതാണ്. ആഴമേറിയ ആശയങ്ങളുള്ള  'സീനൻ' മുതിർന്ന പുരുഷന്മാർക്കുള്ളതാണ് . ദൈനംദിന ജീവിതവും പ്രണയകഥകളും ഉള്ള 'ജോസെയ്' മുതിർന്ന വനിതകൾക്കുള്ളതാണ്.

മാംഗയുടെയും ആനിമേഷന്റെയും സുഗമമായ ലഭ്യതയും, അവയെ സ്നേഹിക്കുന്ന ആവേശഭരിതരായ ആരാധകരും കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ, ഈ മേഖല അവിശ്വസനീയമാംവിധം ജനപ്രിയമായി മാറിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 180 ദശലക്ഷം ആനിമേഷൻ ആരാധകരുണ്ട്.  ഇത് ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ ആനിമേഷൻ വിപണിയാക്കി മാറ്റുന്നു. ചൈനയ്ക്ക് തൊട്ടുപിന്നിൽ. ആഗോളതലത്തിൽ ആനിമേഷനെ കൂടുതൽ ജനപ്രിയമാക്കുന്നതിൽ ഈ ആരാധകർ വലിയ പങ്കുവഹിക്കുന്നു. ആനിമേഷന്റെ വളർച്ചയുടെ 60% വും ഇന്ത്യൻ വിപണിയെ ആസ്പദമാക്കിയാണ്. “നരുട്ടോ,” “ഡ്രാഗൺ ബോൾ,” “വൺ പീസ്,” “അറ്റാക്ക് ഓൺ ടൈറ്റൻ,” “മൈ ഹീറോ അക്കാദമിയ” തുടങ്ങിയ ഷോകൾ വൻ ഹിറ്റുകളായി മാറി. ഇന്ത്യയിലുടനീളം വൻതോതിൽ ആരാധകരെ നേടുന്നത് ഇവിടെയുള്ള ജനങ്ങൾ ഈ കഥകളെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു.
 

 

2023-ൽ $1,642.5 മില്യൺ ആയിരുന്നു ഇന്ത്യയിലെ ആനിമേഷൻ വിപണി. 2032 ആകുമ്പോഴേക്കും $5,036.0 മില്യണായി വളരും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ക്രഞ്ചിറോൾ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ആനിമേഷൻ കാണുന്നത് എളുപ്പമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രേക്ഷകർക്ക് അവ ആസ്വദിക്കാനാകും വിധം സബ്‌ടൈറ്റിലുകൾ ചേർക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-വാണിജ്യ ഭീമന്മാർ ഇതുമായി ബന്ധപ്പെട്ട കോമിക് പുസ്‌തകങ്ങൾ വിൽക്കുന്നതും,  പ്രത്യേക കടകൾ ഉയർന്നുവരുന്നതും, മാംഗ കണ്ടെത്തുന്നത് എളുപ്പമാക്കിയിരിക്കുകയാണ്. എന്നിരുന്നാലും, ഈ കുതിച്ചുചാട്ടം ദൃശ്യമായിട്ടും, ആനിമേഷൻ, മാംഗ വ്യവസായത്തിൽ വൈദഗ്ധ്യമുള്ള പ്രതിഭകളുടെ  ഗുരുതരമായ ക്ഷാമം ഇന്ത്യ നേരിടുന്നു. തദ്ദേശീയ സ്രഷ്ടാക്കളെ വളർത്തിയെടുക്കുന്നതിലൂടെ WAM ഈ വിടവ് നികത്താൻ തീരുമാനിച്ചു.

രേഷമിന്റെ വിജയം WAM!-ൽ നിന്ന് പുറത്തുവരുന്ന നിരവധി അത്ഭുതകരമായ കഥകളിൽ ഒന്ന് മാത്രമാണ്!. വാരണാസിയിലെ സൺബീം വരുണയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഏഞ്ചൽ യാദവിനെ എടുക്കുക. WAM വാരണാസിയിലെ മാംഗയിൽ (വിദ്യാർത്ഥി വിഭാഗം) വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയ അവരുടെ കലാസൃഷ്ടികൾ കൊൽക്കത്തയിലെ വൈഭവി സ്റ്റുഡിയോയെ ഹഠാദാകർഷിച്ചു. യുവാക്കൾക്ക് പോലും ഈ മേഖലയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ജോലിയും വാഗ്ദാനം ചെയ്യപ്പെട്ടു. WAM! ഭുവനേശ്വറിലെ പ്രൊഫഷണൽ മാംഗ കലാകാരനായ രൺദീപ് സിംഗിന് പറയാനുള്ളത് മറ്റൊരു വിജയ കഥയാണ്. വിധികർത്താക്കൾക്ക്  അദ്ദേഹത്തിന്റെ കൃതികൾ ഇഷ്ടപ്പെട്ടു. അത് അച്ചടിക്കാൻ പര്യാപ്തമാണെന്ന് അവർ അംഗീകരിച്ചു. സ്വന്തം മാംഗ സൃഷ്ടിയിൽ മുഴുകുമ്പോഴും വൈഭവി സ്റ്റുഡിയോയിൽ നിന്ന് അദ്ദേഹത്തിന് പ്രതിഫലത്തോടെയുള്ള  പ്രൊജെക്ടുകൾ ലഭിക്കുന്നുണ്ട്. WAM! ജീവിതങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു, സർഗ്ഗ സൃഷ്ടി നടത്താനുള്ള ത്വരയെ കരിയറായി എങ്ങനെ പരിവർത്തനം ചെയ്യുന്നു, വ്യവസായിക മേഖലയിലെ പ്രമുഖർ എങ്ങനെ പിന്തുണയ്ക്കുന്നു എന്ന്  ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.

WAM!-നുള്ള പിന്തുണ വ്യക്തിഗത വിജയങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുകയാണ്. വൻകിട ബിസിനസ് സ്ഥാപനങ്ങളെ ഇത് ആകർഷിക്കുന്നു. BOB പിക്ചേഴ്സിന്റെ ഡയറക്ടർ ശ്രീകാന്ത് കൊനാതം, ഭാവിയിലെ എല്ലാ WAM-ലും പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു! പ്രതിഭകളെ കണ്ടെത്താൻ ആകാംക്ഷയോടെ, രംഗത്തിറങ്ങാനുള്ള സന്നദ്ധതയാണത്. ടൂൺസൂത്രയിലെ നവീൻ മിറാൻഡ വിജയികൾക്ക് വെബ്‌ടൂൺ മേഖലയിൽ വിതരണ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇടിവി ബാൽ ഭാരതിലെ രാജേശ്വരി റോയ് ആനിമേഷനിൽ പിച്ചിംഗ് അവസരങ്ങൾ നൽകാൻ തയ്യാറാണ്. മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ ആനിമേഷൻ സ്റ്റുഡിയോയുടെ സ്ഥാപകനായ നിലേഷ് പട്ടേൽഒരു പാടി കൂടി കടന്ന്, വിജയികൾക്ക് പ്ലേസ്‌മെന്റുകളും ഫൈനലിസ്റ്റുകൾക്ക് ഇന്റേൺഷിപ്പും വാഗ്ദാനം ചെയ്യുന്നു. ഈ വ്യാവസായിക പിന്തുണ വെറും വാഗ്ദാനമല്ല, ജീവശ്വാസമാണ്.  WAM! പങ്കെടുക്കുന്നവർ മത്സരിക്കുക മാത്രമല്ല, മത്സരാധിഷ്ഠിതമായ ഒരു ആഗോള വിപണിയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.

സർഗ്ഗാത്മകതയെ ജനാധിപത്യവത്ക്കരിക്കാനുള്ള ശേഷിയാണ് WAM! നെ വേറിട്ടു നിർത്തുന്നത്. രേഷമിനെപ്പോലെ കാഴ്ച പരിമിതിയുള്ള ഒരു ശബ്ദാഭിനയ പ്രതിഭയ്ക്ക്, ഏഞ്ചലിനെപ്പോലെയുള്ള ഒരു കൗമാര മാംഗ പ്രതിഭയ്ക്ക് രൺദീപിനെപ്പോലുള്ള പരിചയസമ്പന്നനായ ഒരു പ്രൊഫഷണലിനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ അവസരമൊരുക്കുന്ന വേദിയാണിത്. WAVES 2025 ന്റെ ഭാഗമായ WAM! ഒരു മത്സരമെന്നതിലുപരി, ഒരു വിപ്ലവമാണ്. ഇന്ത്യയുടെ സർഗ്ഗാത്മക ശേഷി എങ്ങനെ കണ്ടെത്തപ്പെടുന്നു, പരിപോഷിപ്പിക്കപ്പെടുന്നു, ആഘോഷിക്കപ്പെടുന്നു എന്നതിനെ WAM പുനർനിർമ്മിക്കുന്നു. ഉച്ചകോടിയോടടുക്കുമ്പോൾ, നാടോടിക്കഥകളുടെ പാരമ്പര്യത്തിൽ വേരൂന്നിയതും ഇപ്പോൾ ആനിമേഷൻ, മാംഗ പോലുള്ള ആധുനിക മാധ്യമങ്ങളെ സ്വീകരിക്കുന്നതുമായ ഇന്ത്യൻ കഥാകാരന്മാർ ശ്രദ്ധാകേന്ദ്രമായി മാറുന്നതിന് ലോകം സാക്ഷ്യം വഹിക്കും. രേഷമിനും മറ്റ് എണ്ണമറ്റവർക്കും, WAM! കേവലമൊരു വിജയം മാത്രമല്ല, വർഷം കഴിയുന്തോറും തിളക്കമേറുന്ന ഒരു പൈതൃകത്തിന്റെ തുടക്കമാണ്.

ഉറവിടം: വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 
 
******

(Release ID: 2119708) Visitor Counter : 19