പ്രധാനമന്ത്രിയുടെ ഓഫീസ്
തായ്‌ലൻഡിൽ ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Posted On:
04 APR 2025 2:29PM by PIB Thiruvananthpuram
നിലവിലെ അധ്യക്ഷരായ തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. "ബിംസ്റ്റെക്: സമൃദ്ധവും, പ്രതിരോധശേഷിയുള്ളതും, തുറന്നതും" എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ബിംസ്റ്റെക് മേഖലയിലെ നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങളുടെയും, മുൻഗണനകളും, ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് പങ്കിട്ട വളർച്ച ഉറപ്പാക്കുന്നതിൽ ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിച്ചു.
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഗ്രൂപ്പിനെ വിജയകരമായി നയിച്ചതിന് പ്രധാനമന്ത്രി ഷിനവത്രയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ദക്ഷിണേഷ്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള ഒരു സുപ്രധാന പാലമായി ബിംസ്റ്റെക്കിനെ ഉയർത്തിക്കാട്ടിക്കൊണ്ട്, പ്രാദേശിക സഹകരണത്തിനും ഏകോപനത്തിനും പുരോഗതിക്കും ഒരു സ്വാധീനമുള്ള വേദിയായി ഗ്രൂപ്പ് മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇക്കാര്യത്തിൽ, ബിംസ്റ്റെക്കിന്റെ അജണ്ടയും ശേഷിയും കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിംസ്റ്റെക്കിൽ സ്ഥാപനപരവും ശേഷി വികസനത്തിനുള്ളതുമായി ഇന്ത്യ നയിക്കുന്ന നിരവധി സംരംഭങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദുരന്തനിവാരണ, സുസ്ഥിര സമുദ്ര ഗതാഗതം, പരമ്പരാഗത വൈദ്യശാസ്ത്രം, കൃഷിയിലെ ഗവേഷണ പരിശീലനങ്ങൾ എന്നിവയെക്കുറിച്ചുള്ള ബിംസ്റ്റെക് മികവിന്റെ കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. യുവാക്കളെ നൈപുണ്യവൽക്കരിക്കുന്നതിനായി ബോധി [BIMSTEC for Organized Development of Human Resource Infrastructure] എന്ന പുതിയ പരിപാടിയും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്റെ കീഴിൽ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ, നയതന്ത്രജ്ഞർ, മറ്റുള്ളവർ എന്നിവർക്ക് പരിശീലനവും സ്കോളർഷിപ്പുകളും നൽകും. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡി പി ഐ) സൗകര്യങ്ങളിലെ പ്രാദേശിക ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യ ഒരു പൈലറ്റ് പഠനവും മേഖലയിലെ കാൻസർ പരിചരണത്തിനുള്ള ശേഷി വർദ്ധിപ്പിക്കൽ പരിപാടിയും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടുതൽ പ്രാദേശിക സാമ്പത്തിക സംയോജനത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ബിംസ്റ്റെക് ചേംബർ ഓഫ് കൊമേഴ്‌സ് സ്ഥാപിക്കാനും ഇന്ത്യയിൽ എല്ലാ വർഷവും ബിംസ്റ്റെക് ബിസിനസ് ഉച്ചകോടി സംഘടിപ്പിക്കാനും വാഗ്ദാനം ചെയ്തു.
മേഖലയെ ഒന്നിപ്പിക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം ഇന്ത്യ ഒരു ബിംസ്റ്റെക് അത്‌ലറ്റിക്സ് മീറ്റും 2027 ൽ ഗ്രൂപ്പ് അതിന്റെ 30-ാം വാർഷികം ആഘോഷിക്കുമ്പോൾ ആദ്യത്തെ ബിംസ്റ്റെക് ഗെയിംസും നടത്തും. ഒരു ബിംസ്റ്റെക് പരമ്പരാഗത സംഗീതോത്സവത്തിനും ഇന്ത്യ ആതിഥേയത്വം വഹിക്കും. മേഖലയിലെ യുവാക്കൾ കൂടുതൽ അടുക്കുന്നതിനായി, പ്രധാനമന്ത്രി യുവ നേതാക്കളുടെ ഉച്ചകോടി, ഹാക്കത്തോൺ, യുവ പ്രൊഫഷണൽ വിസിറ്റേഴ്സ് പ്രോഗ്രാം എന്നിവ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച സംരംഭങ്ങളുടെ പൂർണ്ണ പട്ടിക ഇവിടെ കാണാം.
ഉച്ചകോടി ഇനിപ്പറയുന്നവ അംഗീകരിച്ചു:
i. ഉച്ചകോടി പ്രഖ്യാപനം
ii. മേഖലയുടെ കൂട്ടായ അഭിവൃദ്ധിക്കുള്ള റോഡ് മാപ്പ് വ്യക്തമാക്കുന്ന ബിംസ്റ്റെക് ബാങ്കോക്ക് വിഷൻ 2030 രേഖ.
iii. കപ്പലുകൾ, ജീവനക്കാർ, ചരക്ക് എന്നിവയ്ക്കുള്ള ദേശീയ പരിഗണനയും സഹായവും; സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവയുടെ പരസ്പര അംഗീകാരം; സംയുക്ത ഷിപ്പിംഗ് ഏകോപന സമിതി; തർക്ക പരിഹാര സംവിധാനം എന്നിവ സാധ്യമാക്കുന്ന ബിംസ്റ്റെക് സമുദ്ര ഗതാഗത കരാറിൽ ഒപ്പുവയ്ക്കൽ.
ⅳ. ബിംസ്റ്റെക്കിന്റെ ഭാവി ദിശാസൂചനകൾക്കായി ശുപാർശകൾ നൽകുന്നതിനായി രൂപീകരിച്ച ബിംസ്റ്റെക് പ്രമുഖ വ്യക്തികളുടെ ഗ്രൂപ്പിന്റെ റിപ്പോർട്ട്.
***
SK
(Release ID: 2119010)
Visitor Counter : 14
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada