വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ സ്റ്റാർട്ടപ്പ് മഹാകുംഭ് ഉദ്ഘാടനം ചെയ്യും

സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ രണ്ടാം പതിപ്പ് 2025 ഏപ്രിൽ 3 മുതൽ 5 വരെ ഭാരത് മണ്ഡപത്തിൽ നടക്കും

45-ലധികം ഗോത്ര സംരംഭകർ പങ്കെടുക്കും

50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിക്ക് സാക്ഷ്യം വഹിക്കും

Posted On: 02 APR 2025 7:47PM by PIB Thiruvananthpuram
2025 ഏപ്രിൽ 3 മുതൽ 5 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ രണ്ടാം പതിപ്പ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായി സംഭാവന നൽകുകയും ഭാരതത്തിന്റെ പുരോഗതിയുടെ യാത്ര ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായം, ഇലക്ട്രോണിക്സ് - ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ പ്രത്യേക അഭിസംബോധന നടത്തും.

പങ്കെടുക്കുന്നവരുടെ വൈപുല്യവും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടി സംരംഭകർക്കും നിക്ഷേപകർക്കും ആശയവിദഗ്ധർക്കും ഒത്തുചേരാനും ആശയങ്ങൾ പങ്കിടാനും സഹകരണം സൃഷ്ടിക്കാനുമായി അമൂല്യമായ ഒരു വേദി നൽകും. നൂതനാശയങ്ങളും സഹകരണവും വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സംരംഭക വിജയത്തിന്റെ അടുത്ത തരംഗത്തിന് സ്റ്റാർട്ടപ്പ് മഹാകുംഭ് അടിത്തറ പാകും. ഈ വർഷത്തെ പതിപ്പിൽ,  45-ലധികം സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തോടെ ഗോത്ര സംരംഭകരും പരിപാടിയുടെ ഭാഗമാകും. ഇതിൽ ഐഐഎം കൊൽക്കത്ത, ഐഐഎം കാശിപൂർ, ഐഐടി ഭിലായ് എന്നിവിടങ്ങളിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു.

 “ രാജ്യത്തെ വിവിധ ജില്ലകളിലെയും ലോകത്തെയും സ്റ്റാർട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും മഹാരഥൻമാരുടെയും ഒരു യഥാർത്ഥ ‘സംഗമം’ ആയിരിക്കും സ്റ്റാർട്ടപ്പ് മഹാകുംഭ് എന്ന് പരിപാടിയുടെ  ' ജില്ലകൾ മുതൽ ലോകം വരെ' എന്ന  പ്രമേയം വിശദീകരിച്ചുകൊണ്ട് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജീവ് പറഞ്ഞു. രാജ്യത്തെ വിവിധ ജില്ലകളിൽ നിന്നും 50 രാജ്യങ്ങളിൽ നിന്നുമുള്ള പ്രാതിനിധ്യത്തോടെ, ഈ പരിപാടി പരസ്പരം സംവദിക്കാനും സഹകരിക്കാനുമുള്ള മികച്ച അവസരമായിരിക്കും. "ഒരു വശത്ത് ഇന്ത്യയിൽ നിർമ്മിച്ച ഒരു പറക്കും ടാക്സി നമ്മൾ പ്രദർശിപ്പിക്കുന്നു. മറുവശത്ത് കൊറിയ പോലുള്ള രാജ്യങ്ങൾ 11 സ്റ്റാർട്ടപ്പുകളുടെ ഒരു പവലിയൻ സ്ഥാപിക്കുന്നു. നേപ്പാൾ പോലുള്ള രാജ്യങ്ങൾ, ഏറ്റവും വലിയ പവലിയൻ സ്ഥാപിക്കുന്നു. അവിടത്തെ ഒരു  സ്റ്റാർട്ടപ്പ് സുസ്ഥിര ഹൈബ്രിഡ് പ്രൊപ്പൽഷൻ റോക്കറ്റ് എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട്-ഘട്ട റോക്കറ്റ് പ്രദർശിപ്പിക്കുന്നു. ഞാൻ ശരിക്കും ആവേശത്തിലാണ്. അടുത്ത മൂന്ന് ദിവസം നിർണായകമായ ആശയങ്ങളും സമ്പന്നമായ ചർച്ചകളും പ്രതീക്ഷിക്കുന്നു." അദ്ദേഹം പറഞ്ഞു.

ഈ സ്റ്റാർട്ടപ്പ് പരിപാടിയുടെ ആദ്യ പതിപ്പ്, 26-ലധികം സംസ്ഥാനങ്ങളിൽ നിന്നും 14 ലധികം രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച സ്റ്റാർട്ടപ്പുകൾ, സൂണികോൺ, യൂണികോൺ, എന്നിവയുൾപ്പെടെ 1306 പ്രദർശകരുടെയും 48,581-ലധികം ബിസിനസ്സ് സന്ദർശകരുടെയും പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 300-ലധികം ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ 200-ലധികം പ്രമുഖ ഏഞ്ചൽ നിക്ഷേപർ, വീഡിയോ കോൺഫെറെൻസുകൾ, ഫാമിലി ഓഫീസുകൾ എന്നിവയ്ക്കും ആതിഥേയത്വം വഹിച്ചു.

സംരംഭകർ, നിക്ഷേപകർ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖർ എന്നിവരുൾപ്പെടെ രാജ്യത്തെ മുഴുവൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെയും സ്റ്റാർട്ടപ്പ് മഹാകുംഭ് ഒരുമിച്ച് കൊണ്ടുവരുന്നു. സിഡ്ബി, ജി ഇ എം, ഇസിജിസി, ഇലക്ട്രോണിക്സ് മന്ത്രാലയം, ഡിപിഐ ഐടി സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ  എഫ് ഐ സി സി ഐ , അസോച്ചം ( ASSOCHAM), ഐ വി സി എ, ബൂട്ട് സ്ട്രാപ് അഡ്വൈസറി ആൻഡ് ഫൗണ്ടേഷൻ എന്നിവയാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്, www.startupmahakumbh.org സന്ദർശിക്കുക.

(Release ID: 2118123) Visitor Counter : 22