പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ - ചിലി സംയുക്ത പ്രസ്താവന (ഏപ്രിൽ 1, 2025)

Posted On: 01 APR 2025 6:11PM by PIB Thiruvananthpuram

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് 2025 ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഇന്ത്യ സന്ദർശിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികത്തിന്റെ സ്മരണയ്ക്കായാണു സന്ദർശനം. വിദേശകാര്യം, കൃഷി, ഖനനം, വനിത, ലിംഗസമത്വം, സംസ്കാരം, കല, പൈതൃകം എന്നീ വകുപ്പുകളുടെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നിരവധി വ്യവസായപ്രമുഖർ എന്നിവർ പ്രസിഡന്റ് ബോറിക്കിനൊപ്പമുണ്ട്. ന്യൂഡൽഹിക്ക് പുറമേ, ആഗ്ര, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ പ്രസിഡന്റ് ബോറിക് സന്ദർശിക്കും. പ്രസിഡന്റ് ബോറിക്കിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. 2024 നവംബറിൽ റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിലാണു പ്രസിഡന്റ് ബോറിക്കും പ്രധാനമന്ത്രി മോദിയും ആദ്യമായി കണ്ടുമുട്ടിയത്.
പാലം വ്യോമസേനാ താവളത്തിൽ എത്തിയ പ്രസിഡന്റ് ബോറിക്കിന് ഊഷ്മളവും ആചാരപരവുമായ സ്വീകരണം നൽകി. 2025 ഏപ്രിൽ ഒന്നിനു ഹൈദരാബാദ് ഹൗസിൽ പ്രസിഡന്റ് ബോറിക്കുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷിചർച്ചകൾ നടത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിനും പ്രതിനിധിസംഘത്തിനും ആദരസൂചകമായി വിരുന്നും സംഘടിപ്പിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറും പ്രസിഡന്റ് ബോറിക്കുമായി കൂടിക്കാഴ്ച നടത്തി. 
1949ൽ സ്ഥാപിതമായ ചരിത്രപരമായ നയതന്ത്ര ബന്ധങ്ങൾ, വർധിച്ചുവരുന്ന വ്യാപാരബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാംസ്കാരിക ബന്ധങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും സൗഹാർദപരവുമായ ഉഭയകക്ഷിബന്ധങ്ങൾ എന്നിവ പ്രസിഡന്റ് ബോറിക്കും പ്രധാനമന്ത്രി മോദിയും അനുസ്മരിച്ചു. പരസ്പരതാൽപ്പര്യമുള്ള എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖബന്ധം കൂടുതൽ വികസിപ്പിക്കാനും ആഴത്തിലാക്കാനുമുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു.
വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഔഷധങ്ങൾ, പ്രതിരോധം, സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ, ഖനനം, ധാതുവിഭവങ്ങൾ, കൃഷി, ഭക്ഷ്യസുരക്ഷ, ഹരിതോർജം, ഐസിടി, ഡിജിറ്റൈസേഷൻ, നവീകരണം, ദുരന്തനിവാരണം, ശാസ്ത്ര-സാങ്കേതിക മേഖലയിലെ സഹകരണം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും ഇരുനേതാക്കളും കൂടിക്കാഴ്ചയിൽ സമഗ്രമായി അവലോകനം ചെയ്തു. ഉഭയകക്ഷിബന്ധത്തിനു കൂടുതൽ ആക്കം കൂട്ടുന്നതിനായി വിവിധ തലങ്ങളിൽ പതിവായുള്ള വിനിമയം തുടരാൻ ഇരുനേതാക്കളും ധാരണയായി.
ഉഭയകക്ഷിബന്ധത്തിന്റെ കരുത്തുറ്റ സ്തംഭമാണു വ്യാപാരവും വാണിജ്യവും എന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. 2017 മെയ് മാസത്തിൽ ഇന്ത്യ-ചിലി മുൻഗണനാ വ്യാപാര കരാറിന്റെ വിപുലീകരണം സൃഷ്ടിച്ച നല്ല ഫലങ്ങൾ എടുത്തുകാട്ടിയതിനൊപ്പം, ഉഭയകക്ഷിവ്യാപാരത്തിന്റെ വികാസത്തിനു പുതിയ അവസരങ്ങൾ തുറക്കുന്ന ഉഭയകക്ഷി വ്യാപാര സംവിധാനങ്ങൾക്കു കൂടുതൽ കരുത്തേകേണ്ടതിന്റെ ആവശ്യകതയ്ക്കും ഇരുനേതാക്കളും ഊന്നൽ നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികളുടെ സമീപകാല സന്ദർശനങ്ങളിലെ വർധനയിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതിന് സഹായകമാകുന്ന വലിയ വ്യാപാര പ്രതിനിധിസംഘത്തെ കൊണ്ടുവന്നതിനു പ്രധാനമന്ത്രി മോദി പ്രസിഡന്റ് ബോറിക്കിനു നന്ദി പറഞ്ഞു. വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചർച്ചകൾ തുടരാൻ ഇരുവരും ധാരണയായി.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചിലിയുടെ മുൻഗണനാപങ്കാളിയാണ് ഇന്ത്യയെന്നു പ്രസിഡന്റ് ബോറിക് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ അനാവരണം ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. പരസ്പരസമ്മതത്തോടെയുള്ള നിബന്ധനകളിൽ ഒപ്പുവച്ചതായി പ്രസിഡന്റും പ്രധാനമന്ത്രിയും അംഗീകരിച്ചു. ആഴത്തിലുള്ള സാമ്പത്തിക സംയോജനം കൈവരിക്കുന്നതിന്, സന്തുലിതവും അഭിലാഷപൂർണവും സമഗ്രവും പരസ്പരപ്രയോജനകരവുമായ കരാറിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകൾക്കു തുടക്കമിടുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു. ഇന്ത്യയും ചിലിയും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധത്തിന്റെ മുഴുവൻ സാധ്യതകളും തുറക്കുക, തൊഴിലും ഉഭയകക്ഷിവ്യാപാരവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കുക എന്നിവയാണ് CEPA ലക്ഷ്യമിടുന്നത്.

വ്യാപാര ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള സാഹകരണവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യൻ ബിസിനസുകാർക്ക് മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് നൽകാനുള്ള ചിലിയുടെ തീരുമാനം പ്രസിഡന്റ് ബോറിക് പ്രഖ്യാപിച്ചു, ഇത് വിസ പ്രക്രിയയെ കൂടുതൽ ലളിതമാക്കും. വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനുള്ള സന്നദ്ധതയും ചിലിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതിനാൽ പ്രധാനമന്ത്രി മോദി ഈ നടപടിയെ സ്വാഗതം ചെയ്തു. വ്യാപാരം, വിനോദസഞ്ചാരം, തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കുന്നതിനും, അക്കാദമിക രംഗത്തെ പങ്കാളിത്തത്തിനും, വിദ്യാർഥികളുടെ കൈമാറ്റം ഉൾപ്പെടെയുള്ള പരിപാടികൾക്കും ജനങ്ങൾ തമ്മിലുള്ള ബന്ധം ഒരു പ്രധാന ഘടകമാണെന്ന് അംഗീകരിച്ചുകൊണ്ട്, ഇന്ത്യ ഇതിനകം തന്നെ, ചിലിയൻ പൗരന്മാർർക്ക് ഇന്ത്യയിലേക്കുള്ള ഇ-വിസ സൗകര്യം വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള വളരെ ലളിതമായ വിസ വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടുണ്ട്.

അതിവേഗം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ, നൂതന ഉൽപ്പാദന രീതികൾ , ശുദ്ധ ഊർജ്ജത്തിലേക്കുള്ള പരിവർത്തനം എന്നിവയിൽ നിർണായക ധാതുക്കളുടെ പ്രാധാന്യം ഇരു രാഷ്ട്ര നേതാക്കളും തിരിച്ചറിഞ്ഞു. പരസ്പര നേട്ടത്തിനായി നിർണായക ധാതു മൂല്യ ശൃംഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, ഇതിനായി പര്യവേക്ഷണം, ഖനനം, സംസ്കരണം എന്നിവയോടൊപ്പം, ഈ മേഖലയുമായി ബന്ധപ്പെട്ട  ഗവേഷണ-വികസന പ്രവർത്തനങ്ങളിലെ സഹകരണം ത്വരിതപ്പെടുത്തുവാനും ഇരു നേതാക്കളും ധാരണയിലെത്തി. നിർണായക ധാതുക്കളുടെയും മൂല്യ വർദ്ധിത വസ്തുക്കളുടെയും മറ്റും സുരക്ഷിതവും, സ്ഥിരതയുള്ളതുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിതരണ ശൃംഖലകളും പ്രാദേശിക മൂല്യ ശൃംഖലകളും ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. ചിലിയിൽ നിന്ന് ഇന്ത്യയിലേക്ക് ധാതുക്കളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും ദീർഘകാല വിതരണ സാധ്യത ഉറപ്പിക്കാനും, ഖനനത്തിലും ധാതുക്കളിലും പരസ്പര പ്രയോജനകരമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനും ഇതിലൂടെ സാധിക്കും.


വിവിധ മേഖലകളിലെ പരസ്പര സഹകരണവും പാങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും തീരുമാനിച്ചു. ആരോഗ്യം, ഔഷധങ്ങൾ, ബഹിരാകാശം, വിവര സാങ്കേതിക വിദ്യ, കൃഷി, ഹരിത ഊർജ്ജം, പരമ്പരാഗത വൈദ്യശാസ്ത്രം, അന്റാർട്ടിക്ക, ശാസ്ത്ര സാങ്കേതിക വിദ്യ, പ്രകൃതി ദുരന്ത നിവാരണ-പ്രതിരോധം, കായികം, സ്റ്റാർട്ടപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, ദൃശ്യ-ശ്രവ്യ പരിപാടികളുടെ നിർമ്മാണം, തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ തുറക്കാൻ ധാരണയായി. ഈ മേഖലകളിൽ പ്രാവീണ്യവും അറിവുമുള്ള ഏജൻസികൾ പരസ്പരം സഹകരിച്ച്, അവരുടെ മികച്ച അനുഭവങ്ങളുടെയും, നൂതന പ്രവർത്തന രീതികളുടെയും കൈമാറ്റം വഴി ഇത് സാധിക്കും.

ലോകത്തെ ഔഷധ നിർമ്മാണ വ്യവസായത്തിലെ അതികായന്മാരിൽ പ്രധാനിയാണ് ഇന്ത്യയെന്ന് പ്രസിഡന്റ് ബോറിക്  പ്രകീർത്തിച്ചു. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിൽ ചിലിയുടെ ഒരു പ്രധാന പങ്കാളിയാണ് ഇന്ത്യൻ ഔഷധ വ്യവസായം എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഔഷധങ്ങൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ പരസ്പരം സമ്മതിച്ചു. ആരോഗ്യ സംരക്ഷണ, ഔഷധ നിർമ്മാണ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ ഔഷധങ്ങൾക്ക് ചിലിയുടെ വിപണിയിൽ സുഗമമായി പ്രവേശിക്കുന്നതിനും ഉള്ള സാഹചര്യം ഒരുക്കാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അതുപോലെ ഇന്ത്യയിലെ ഔഷധ നിർമ്മാണ രീതികൾക്കും, ശാസ്ത്രീയ അറിവുകൾക്കും, ഗ്രന്ഥങ്ങൾക്കും, ചിലിയിലും വേണ്ടത്ര പ്രചാരണം നൽകുന്നതിനും അതുവഴി ഈ മേഖലയിൽ  മുന്നേറുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.

ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ പരമ്പരാഗത ചികിത്സാ സംബ്രദായങ്ങളുടെയും യോഗയുടെയും പ്രാധാന്യം ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. കൂടുതൽ സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത മരുന്നുകളെക്കുറിച്ചുള്ള ധാരണാപത്രം എത്രയും വേഗം പൂർത്തിയാക്കാൻ അവർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇതിനായി, പരീക്ഷണങ്ങൾ  അടിസ്ഥാനമാക്കിയുള്ള, സംയോജിത, പരമ്പരാഗത ചികിത്സ സമ്പ്രദായങ്ങൾ, ഹോമിയോപ്പതി, യോഗ എന്നിവ പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഇരു രാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ ഇരു കൂട്ടരും ധാരണയായി. റെയിൽവേ മേഖല ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കമ്പനികളെ ചിലി സ്വാഗതം ചെയ്തു.

സൈനിക ശേഷി വർദ്ധിപ്പിക്കൽ, പ്രതിരോധ വ്യാവസായിക സഹകരണം എന്നിവയുൾപ്പെടെ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിനുള്ള സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും ആഹ്വനം ചെയ്തു. നിലവിലുള്ള ഔപചാരിക പ്രതിരോധ സഹകരണ കരാറിന് കീഴിൽ പരസ്പരം കഴിവുകൾ വികസിപ്പിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും അറിവുകൾ പങ്കിടുന്നതിനും ഇരുവരും സമ്മതിച്ചു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, എൻ‌ഡി‌എ, എച്ച്‌ഡി‌എം‌സി എന്നിവയിൽ പരിശീലനത്തിനുള്ള അവസരങ്ങൾ നൽകുന്നതിൽ ചിലിക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് ഇന്ത്യ എടുത്തുപറഞ്ഞു. പർവ്വത മേഖലയിലെ യുദ്ധത്തിലും, സമാധാന പരിപാലന പ്രവർത്തനങ്ങളിലും പ്രത്യേക പരിശീലന പരിപാടി കൂടാതെയാണ് ഇത്. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ചിലിയൻ സൈന്യത്തെ സ്വീകരിക്കാനും പരിശീലിപ്പിക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചു.

നിലവിലെ  അന്റാർട്ടിക്ക് സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ഉദ്ദേശ പത്രത്തിൽ ഒപ്പുവെച്ചതിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ഇത് അന്റാർട്ടിക്ക് സമുദ്രജീവി വിഭവങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട  ഉഭയകക്ഷി സംഭാഷണങ്ങൾ, സംയുക്ത സംരംഭങ്ങൾ, അന്റാർട്ടിക്ക് നയങ്ങളുമായി ബന്ധപ്പെട്ട അക്കാദമിക് വിനിമയങ്ങൾ എന്നിവയെ കൂടുതൽ സുഗമമാക്കും. ഇന്ത്യയും ചിലിയും അന്റാർട്ടിക്ക് ഉടമ്പടിയിലെ ബന്ധപ്പെട്ട  പാർട്ടികളെന്ന നിലയിൽ,ഇരു കക്ഷികളുടെയും ഒപ്പം  ആഗോള സമൂഹത്തിന്റെയും പ്രയോജനത്തിനായി അന്റാർട്ടിക്കുമായി ബന്ധപ്പെട്ട്  ശാസ്ത്രീയ ധാരണ വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുവരും വീണ്ടും ഉറപ്പിച്ചു.

ദേശീയ അധികാരപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള ഒരു പ്രധാന നിയമ ചട്ടക്കൂടായി മാറിയ കരാർ (ബിബിഎൻജെ) അംഗീകരിച്ചതിനെയും ഒപ്പുവയ്ക്കുന്നതിനുള്ള അവസരം നൽകിയതിനെയും ഇരുപക്ഷവും സ്വാഗതം ചെയ്തു. കര മുതൽ കടൽ വരെ ജൈവവൈവിധ്യം സംരക്ഷിക്കാനും  പ്രോത്സാഹിപ്പിക്കാനും ഇരു വിഭാഗവും അവരുടെ  ദൃഢനിശ്ചയം ഊന്നി പറഞ്ഞു. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കാനും പരസ്പരം പിന്തുണയ്ക്കാനും  ഇരു രാജ്യങ്ങളും സമ്മതിച്ചു. പൊതുവായതും എന്നാൽ വ്യത്യസ്തമായതുമായ ഉത്തരവാദിത്തങ്ങളുടെയും വികസനത്തിനുള്ള അവകാശത്തിന്റെയും തത്വത്തെ അടിസ്ഥാനമാക്കി, സഹകരണത്തിലൂടെയും സംയുക്ത ശ്രമങ്ങളിലൂടെയും ആഗോള ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ നിന്നുള്ള ബഹുരാഷ്ട്രവാദ കാഴ്ചപ്പാട് ശക്തിപ്പെടുത്താനുള്ള ഉദ്ദേശ്യം ഇരു രാജ്യങ്ങളും ആവർത്തിച്ചു. 

ബഹിരാകാശ രംഗത്ത് ഇരു രാജ്യങ്ങളുടെയും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പങ്കാളിത്തത്തെ അനുസ്മരിച്ചുകൊണ്ട്, 2017 ൽ ഇന്ത്യ, വാണിജ്യാടിസ്ഥാനത്തിൽ ചിലിയുടെ ഒരു ഉപഗ്രഹം (SUCHAI-1) വിക്ഷേപിച്ചത് ഉൾപ്പെടെ, ഇരു രാജ്യങ്ങളും തമ്മിൽ  ബഹിരാകാശ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇടപെടലുകൾ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ബഹിരാകാശ, ജ്യോതിർഭൗതിക മേഖലകളിലെ പരിശീലനവും ശേഷി വികസനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ സഹകരണത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ, ബഹിരാകാശ പര്യവേക്ഷണം, ഗവേഷണ വികസനം, പരിശീലനം, ഉപഗ്രഹ നിർമ്മാണം, വിക്ഷേപണം, പ്രവർത്തനം, എന്നിവ കൂടാതെ ബഹിരാകാശ മേഖലയെ സമാധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ ISRO യുടെ IN-SPACE (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ), സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി ചിലി, സ്‌പേസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചതിനെ ഇരുവരും  സ്വാഗതം ചെയ്തു.

ഇരു നേതാക്കളും തങ്ങളുടെ ചലനാത്മകമായ വിവര, ഡിജിറ്റൽ സാങ്കേതിക മേഖലകളെ പരാമർശിക്കുകയും ഈ മേഖലയിലെ കൂട്ടായ  സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഐടി, ഡിജിറ്റൽ മേഖലകളിലെ നിക്ഷേപം, സംയുക്ത സംരംഭങ്ങൾ, സാങ്കേതിക വികസനം, വിപണികൾ എന്നിവയുടെ വളർച്ചയിൽ ഇരുവരും  പരസ്പരം താൽപ്പര്യം പ്രകടിപ്പിച്ചു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറുകളിൽ (ഡിപിഐ) സഹകരണം പ്രോത്സാഹിപ്പിക്കുക, അതുവഴി ആളുകൾക്കും ബിസിനസുകൾക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ പേയ്‌മെന്റ് മേഖലകളിൽ സഹകരണം നേരത്തെയാക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിൽ ഇരു വിഭാഗവും നടത്തിയ ശ്രമങ്ങളെ ഇരു നേതാക്കളും അംഗീകരിച്ചു. ഇരു രാജ്യങ്ങളിലെയും ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾക്കിടയിൽ കൂടുതൽ അടുത്ത സഹകരണം വികസിപ്പിക്കുന്നതിന് ഇരുവരും പ്രതിജ്ഞാബദ്ധരാണ്. ഇരു രാജ്യങ്ങളിലെയും സാങ്കേതിക സമൂഹങ്ങൾക്കിടയിൽ ആഴത്തിലുള്ള ഇടപെടൽ സാധ്യമാക്കുന്നതിന് ഡിജിറ്റൽ പരിവർത്തനത്തിന്റെ മേഖലകളിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണയിൽ ഒപ്പുവെക്കുന്നതിൽ മുന്നോട്ട് പോകാനുള്ള ആഗ്രഹം ഇരു നേതാക്കളും പ്രകടിപ്പിച്ചു.

21-ാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗത്വ വിഭാഗങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ സമഗ്ര പരിഷ്കാരങ്ങൾക്കും, പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിനുമുള്ള പ്രതിബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു. പരിഷ്കരിച്ചതും വികസിപ്പിച്ചതുമായ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് ചിലിയൻ പക്ഷം പിന്തുണ ആവർത്തിച്ചു. സമാധാനപരമായ സംഭാഷണത്തിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ലോകസമാധാനം ശക്തിപ്പെടുത്തുന്നതിന് ജനാധിപത്യ തത്വങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രോത്സാഹനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളേയും ഇരു നേതാക്കളും ശക്തമായി അപലപിക്കുകയും ആഗോളതലത്തിലെ ഭീകരതവാദത്തിനെതിരായ പൊതുവായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനുള്ള ദൃഢനിശ്ചയം പങ്കുവയ്ക്കുകയും ചെയ്തു. ഭീകരവാദത്തെ യോജിച്ച ആഗോള നടപടികളിലൂടെയാണ് ചെറുക്കേണ്ടതെന്നും അവർ അംഗീകരിച്ചു.

ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ 1267 നമ്പർ പ്രമേയം നടപ്പിലാക്കുന്നതിനും തീവ്രവാദ സുരക്ഷിത താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതാക്കുന്നതിനും തീവ്രവാദ ശൃംഖലകളേയും എല്ലാ ഭീകരവാദ ധനസഹായ മാർഗ്ഗങ്ങളേയും തടസ്സപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനും ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളോടും ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്), നോ മണി ഫോർ ടെറർ (എൻ.എം.എഫ്.ടി), ഭീകരവാദത്തിനെതിരായ പോരാട്ടത്തിനുള്ള മറ്റ് ബഹുമുഖ വേദികൾ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു. അന്താരാഷ്ട്ര ഭീകരവാദത്തിനെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ എത്രയും വേഗം അന്തിമമാക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ആവർത്തിച്ചു.

രാഷ്ട്രങ്ങളുടെ പരമാധികാരത്തേയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്ന, നിയമപരമായ തടസ്സരഹിത വാണിജ്യത്തിനോടൊപ്പം സമുദ്രയാത്രയുടെയും വ്യോമയാത്രയുടെയും സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും, അന്താരാഷ്ട്ര നിയമത്തിന്റെ സാർവത്രികമായി അംഗീകരിക്കപ്പെട്ട തത്വങ്ങൾക്ക്, പ്രത്യേകിച്ച് യു.എൻ.സി.എൽ.ഒ.എസിന്, അനുസൃതമായി തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം തേടുന്നതുമായ ഒരു നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമത്തിന്റെ ദർശനത്തിനോടുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും സ്വയം വ്യക്തമാക്കി.

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളെ അവരുടെ വികസന കാഴ്ചപ്പാടുകളും മുൻഗണനകളും പങ്കിടുന്നതിനായി ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിച്ചുകൊണ്ട് ''വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്'' ഉച്ചകോടിയുടെ മൂന്ന് പതിപ്പുകളിലുമുണ്ടായ ചിലിയുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. 2024 ഓഗസ്റ്റിൽ നടന്ന മൂന്നാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ തന്റെ വിലയേറിയ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവച്ചതിന് പ്രസിഡന്റ് ബോറിക്കിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ഫലപ്രദമായ ആഗോള ഭരണ പരിഷ്‌കാരങ്ങളുടെ ആവശ്യകതയും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ശുദ്ധ, ഹരിത സാങ്കേതികവിദ്യകളുടെ തുല്യമായ പ്രാപ്യതയും ഉൾപ്പെടെ നിരവധി ആഗോള സമകാലിക വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും ശക്തമായ യോജിപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ തമ്മിലുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിലെ ഇന്ത്യയുടെ നേതൃത്വത്തെ പ്രസിഡന്റ് ബോറിക് സ്വാഗതവാും ചെയ്തു.

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ (ഡി.പി.ഐ) സാദ്ധ്യതകൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സാങ്കേതികവിദ്യയുടെ പരിവർത്തനാത്മകവും ഉൾച്ചേർക്കുന്നതുമായ പങ്കിനെ അംഗീകരിച്ചുകൊണ്ട് വികസന അജൻഡയെ കേന്ദ്രബിന്ദുവിലേയ്ക്ക് കൊണ്ടുവന്ന ഇന്ത്യയുടെ ജി-20 നേതൃത്വത്തെ പ്രസിഡന്റ് ബോറിക് അഭിനന്ദിച്ചു. ജി-20യിൽ ആഫ്രിക്കൻ യൂണിയന്റെ ഉൾപ്പെടുത്തൽ, സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലികളുടെ (ലൈഫ്) പ്രോത്സാഹനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ (ഡി.പി.ഐ) പുരോഗതി, ബഹുമുഖ വികസന ബാങ്കുകളിലെ (എം.ഡി.ബികൾ) പരിഷ്‌കാരങ്ങൾ, സ്ത്രീകൾ നയിക്കുന്ന വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ പ്രധാനപ്പെട്ട മുൻകൈകളും ഫലങ്ങളും കൊണ്ടുവന്ന് വോയ്സ് ഓഫ് ദി ഗ്ലോബൽ സൗത്തിനെ ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷത പിന്തുണച്ചിട്ടുണ്ടെന്നത് ഇരു നേതാക്കളും അംഗീകരിച്ചു. ഇക്കാര്യത്തിൽ, കൂടുതൽ സംയോജനവും പ്രാതിനിധ്യവും ജി-20-ൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലിയേയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളേയും ജി-20-യുടെ അതിഥി രാജ്യങ്ങളായി ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചയെ ഇന്ത്യ പിന്തുണയ്ക്കും.

കാലാവസ്ഥാ വ്യതിയാനവും ലോ എമിഷൻ ക്ലൈമറ്റ് റസീലിയന്റ് ഇക്കണോമി (കുറഞ്ഞ ഉദ്‌വമനമുള്ള കാലാവസ്ഥ പ്രതിരോധ സമ്പദ്ഘടന)യിലേക്കുള്ള മാറ്റവും തങ്ങളുടെ സമ്പദ്വ്യവസ്ഥകൾക്കുണ്ടാക്കാവുന്ന വെല്ലുവിളികളെ ഇരുപക്ഷവും തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമമായ ഊർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തിലൂടെ ശുദ്ധമായ ഊർജ്ജവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കാനുള്ള തീവ്രമായ ആഗ്രഹവും അവർ പ്രകടിപ്പിച്ചു. പുനരുപയോഗ ഊർജ്ജം, ഹരിത ഹൈഡ്രജൻ, വിനിയോഗ സംഭരണ സാങ്കേതികവിദ്യകൾ, ഊർജ്ജ കാര്യക്ഷമത, സുസ്ഥിര സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാദ്ധ്യതയുള്ള മറ്റ് കാർബൺ-കുറഞ്ഞ (ലോ കാർബൺ) പരിഹാരങ്ങൾ എന്നിവയിൽ സംയുക്ത നിക്ഷേപം വർദ്ധിപ്പിക്കാനും ഇരു നേതാക്കളും ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലെ (ഐ.എസ്.എ) ഇന്ത്യയുടെ നേതൃത്വത്തെ സ്വാഗതം ചെയ്ത പ്രസിഡന്റ് ബോറിക് 2023 നവംബർ മുതലുള്ള അംഗമെന്ന നിലയിൽ ശക്തമായ പിന്തുണ ആവർത്തിക്കുകയും ചെയ്തു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി) ഉദ്ദേശ്യങ്ങൾ കൈവരിക്കുന്നതിന് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മയിൽ (സി.ഡി.ആർ.ഐ) 2021 ജനുവരിയിൽ ചിലി ചേർന്നതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. അതിനുപുറമെ, ലാറ്റിൻ അമേരിക്കയ്ക്കും കരീബിയൻ രാജ്യങ്ങൾക്കും വേണ്ടിയുള്ള ഐ.എസ്.എ റീജിയണൽ കമ്മിറ്റിയുടെ 7-ാമത് യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള ചിലിയുടെ വാഗ്ദാനത്തെ ഇരു നേതാക്കളും മാനിച്ചു.

സാങ്കേതികവിദ്യ വഴിയുള്ള പഠന പരിഹാരങ്ങൾ, നൈപുണ്യ വികസനം, സ്ഥാപനപരമായ ശേഷി വികസനം എന്നിവയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ ഇന്ത്യയും ചിലിയും ഈ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.    EdCIL (ഇന്ത്യ) ലിമിറ്റഡും പ്രധാന ചിലിയൻ സ്ഥാപനങ്ങളായ കൗൺസിൽ ഓഫ് റെക്ടർസ് ഓഫ് ചിലിയൻ യൂണിവേഴ്‌സിറ്റീസ് (CRUCH), ചിലിയൻ വിദ്യാഭ്യാസ മന്ത്രാലയ സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ (CFT) എന്നിവയും തമ്മിലുള്ള പങ്കാളിത്തം സുഗമമാക്കാൻ ഇരു രാജ്യങ്ങളും ധാരണയായി. അതുവഴി ഡിജിറ്റൽ പഠനം, ഗവേഷണ കൈമാറ്റങ്ങൾ, സ്മാർട്ട് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്യാഭ്യാസത്തിൽ നവീകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും കഴിവുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 പ്രകാരം ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനാത്മക മാറ്റങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി മോദി, മുൻനിര ചിലിയൻ സർവകലാശാലകളും ഇന്ത്യൻ സ്ഥാപനങ്ങളുമായി അക്കാദമിക്, ഗവേഷണ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്താനും സംയുക്ത/ഇരട്ട ബിരുദം, സംയുക്ത സംവിധാനങ്ങൾ എന്നിവയിലൂടെ സ്ഥാപനപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും പ്രോത്സാഹിപ്പിച്ചു. ജ്യോതിശാസ്ത്രത്തിലും അസ്‌ട്രോഫിസിക്സിലുമുള്ള  ഇരു രാജ്യങ്ങളുടെയും പരസ്പര ശേഷി കണക്കിലെടുത്ത്, ഈ മേഖലകളിലെ സ്ഥാപനപരമായ ഇടപെടലുകൾ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സമ്മതമറിയിച്ചു. ചിലിയിലെ ഒരു സർവകലാശാലയിൽ ഇന്ത്യൻ പഠനത്തിൽ ഐസിസിആർ ചെയർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും എത്രയും വേഗം ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.

പരിശീലനത്തിലും ശേഷി വികസനത്തിലും നയതന്ത്ര മേഖലയിൽ നിലവിലുള്ള സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ആഗോള നയതന്ത്ര ശ്രമങ്ങൾക്കും നയതന്ത്ര സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്ന പുതിയ സാങ്കേതികവിദ്യയ്ക്കും അനുസൃതമായി, ഈ മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ അടുത്ത് ഇടപഴകുന്നതിൽ സാംസ്കാരിക ബന്ധങ്ങൾക്കുള്ള പങ്ക് ഇരു നേതാക്കളും അംഗീകരിച്ചു. ഇന്ത്യയുടെയും ചിലിയുടെയും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തെ നേതാക്കൾ പ്രകീർത്തിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന സാംസ്കാരിക കൈമാറ്റങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയിലെ ജനപ്രിയ വിദേശ ഭാഷകളിൽ സ്പാനിഷ് ഉൾപ്പെടുന്നതിനാൽ ഇരു രാജ്യങ്ങളിലെയും സംസ്കാരങ്ങളെയും ഭാഷകളെയും കുറിച്ചുള്ള പഠനത്തിലുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ നേതാക്കൾ പ്രശംസിച്ചു. ഇന്ത്യ - ചിലി സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളിലെയും സാംസ്കാരിക സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ദൃഢമാക്കുന്നതിലുമുള്ള പരസ്പര താൽപ്പര്യം നേതാക്കൾ എടുത്തുപറഞ്ഞു. സംഗീതം, നൃത്തം, നാടകം, സാഹിത്യം, മ്യൂസിയങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ ഉഭയകക്ഷി വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ സാംസ്കാരിക വിനിമയ പരിപാടിയിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു.

മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും നിയമവിരുദ്ധമായ കടത്ത് തടയുന്നതിനും കസ്റ്റംസ് നിയമ ലംഘനങ്ങൾ അന്വേഷിക്കുന്നതിനും, അവ തടയുന്നതിനും മികച്ച രീതികൾ പരസ്പരം പങ്കിടുന്നതിനും, ശേഷി വർദ്ധിപ്പിക്കുന്നതിനും, ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായകമായ, കസ്റ്റംസ് കാര്യങ്ങളിലെ സഹകരണം സംബന്ധിച്ച കരാർ അന്തിമമാക്കുന്നതിൽ ഉണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ആരും പിന്നാക്കം പോകാത്ത, കൂടുതൽ മാനുഷികവും നീതിയുക്തവുമായ സമൂഹത്തിന് സംഭാവന നൽകാൻകഴിയുന്ന ഭിന്നശേഷി മേഖലയിലെ സഹകരണം സംബന്ധിച്ച കരാറിൽ ഒപ്പുവെക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു. കരാർ എത്രയും വേഗം അന്തിമമാക്കാൻ ഇരു നേതാക്കളും തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ പതിവ് ആശയവിനിമയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അംഗീകരിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ സവിശേഷതയായ സഹകരണത്തിന്റെയും പരസ്പര ധാരണയുടെയും ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്താനുമുള്ള സന്നദ്ധത അവർ ആവർത്തിച്ചു.

ഇന്ത്യാ സന്ദർശന വേളയിൽ തനിക്കും പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. പരസ്പരം സൗകര്യപ്രദമായ വേളയിൽ ചിലിയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താൻ പ്രധാനമന്ത്രിയെ അദ്ദേഹം ക്ഷണിച്ചു.

***

NK


(Release ID: 2117671) Visitor Counter : 9