പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാകുംഭമേളയെ കുറിച്ച് പ്രധാനമന്ത്രി ലോക്‌സഭയിൽ നടത്തിയ പ്രസംഗം
പോസ്റ്റഡ് ഓണ്‍:
18 MAR 2025 1:05PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,
പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയെക്കുറിച്ച് ഒരു പ്രസ്താവന നടത്താനാണ് ഞാൻ ഇവിടെ സന്നിഹിതനായിട്ടുള്ളത്. മഹാകുംഭമേള മഹത്തായ വിജയമാക്കിയ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ബഹുമാനപ്പെട്ട സഭയിലൂടെ ഞാൻ എൻ്റെ അഭിവാദനങ്ങൾ അർപ്പിക്കുന്നു. മഹാകുംഭമേളയുടെ വിജയം ഉറപ്പാക്കുന്നതിൽ നിരവധി വ്യക്തികൾ നിർണായക പങ്ക് വഹിച്ചു. ഗവൺമെന്റിനേയും സമൂഹത്തെയും സമർപ്പിതരായ എല്ലാ തൊഴിലാളികളെയും ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തുടനീളമുള്ള ഭക്തർക്കും ഉത്തർപ്രദേശിലെ ജനങ്ങൾക്കും പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ പൗരന്മാർക്കും ഞാൻ നന്ദി പറയുന്നു.
മിസ്റ്റർ സ്പീക്കർ സർ,
പവിത്രമായ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ അസാധാരണമായ പരിശ്രമം ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ മഹാകുംഭമേളയുടെ ഗംഭീരമായ സംഘാടനവും സമാനമായ ഒരു മഹത്തായ ശ്രമത്തിന് സാക്ഷ്യം വഹിച്ചു. ചെങ്കോട്ടയിൽ നിന്ന് 'സബ്കാ പ്രയാസിൻ്റെ' പ്രാധാന്യം ഞാൻ ഊന്നിപ്പറഞ്ഞിരുന്നു. മഹാകുംഭമേളയിലൂടെ ലോകം മുഴുവൻ ഭാരതത്തിൻ്റെ വിശാലത കണ്ടു. ഇതാണ് 'സബ്കാ പ്രയാസിൻ്റെ' യഥാർത്ഥ രൂപം. ഈ മഹാകുംഭമേള, ബഹുജനങ്ങളുടെ ഭക്തിയാലും അർപ്പണബോധത്താലും പ്രചോദിതരായ ജനങ്ങളുടെ പരിപാടിയായിരുന്നു.
ബഹുമാനപ്പെട്ട മിസ്റ്റർ സ്പീക്കർ സർ,
മഹത്തായ മഹാകുംഭമേളയിൽ നമ്മുടെ ദേശീയ അവബോധം ഗംഭീരമായ തോതിൽ ഉയരുന്നത് നാം കണ്ടു. ഈ ദേശീയ ബോധമാണ് നമ്മുടെ രാജ്യത്തെ പുതിയ പ്രമേയങ്ങളിലേക്ക് നയിക്കുന്നതും അവ നേടിയെടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതും. നമ്മുടെ കൂട്ടായ ശക്തിയെ സംബന്ധിച്ച് ചിലർക്കുണ്ടായേക്കാവുന്ന സംശയങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും മഹാകുംഭമേള ഉചിതമായ മറുപടിയും നൽകിയിട്ടുണ്ട്.
മിസ്റ്റർ സ്പീക്കർ സർ,
കഴിഞ്ഞ വർഷം, അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ, അടുത്ത 1,000 വർഷത്തേക്ക് രാഷ്ട്രം എങ്ങനെ തയ്യാറെടുക്കുന്നുവെന്ന് നാമെല്ലാവരും അനുഭവിച്ചറിഞ്ഞു. ഒരു വർഷത്തിനുശേഷം, മഹാകുംഭമേളയുടെ വിജയകരമായ സംഘാടനം ഈ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. രാഷ്ട്രത്തിൻ്റെ ഈ കൂട്ടായ ബോധം അതിൻ്റെ അപാരമായ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ചരിത്രത്തിലുടനീളം, വരും തലമുറകൾക്ക് മാതൃകയാകുന്ന നിർണായക നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ ഉണർത്തുകയും അവർക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്ത നിമിഷങ്ങൾക്ക് നമ്മുടെ രാഷ്ട്രവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭക്തി പ്രസ്ഥാനത്തിൻ്റെ കാലത്ത്, രാജ്യത്തുടനീളം ഒരു ആത്മീയ ഉണർവ് വ്യാപിക്കുന്നത് നാം കണ്ടു. ഒരു നൂറ്റാണ്ടിനുമുമ്പ്, സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ തൻ്റെ പ്രസംഗം നടത്തിയപ്പോൾ, ഇന്ത്യക്കാരിൽ ആഴത്തിലുള്ള ആത്മാഭിമാനം വളർത്തി, അത് ഭാരതത്തിൻ്റെ ആത്മീയ ബോധത്തിൻ്റെ ഉജ്ജ്വലമായ പ്രഖ്യാപനമായി മാറി. അതു പോലെ, നമ്മുടെ സ്വാതന്ത്ര്യസമരം അത്തരം നിരവധി വഴിത്തിരിവുകൾ കൊണ്ട് അടയാളപ്പെടുത്തി-1857 ലെ പ്രക്ഷോഭം, വീർ ഭഗത് സിംഗിൻ്റെ രക്തസാക്ഷിത്വം, നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ "ഡൽഹി ചലോ" എന്ന ആഹ്വാനം, മഹാത്മാഗാന്ധിയുടെ ദണ്ഡി മാർച്ച്. ഈ സംഭവങ്ങൾ രാഷ്ട്രത്തെ പ്രചോദിപ്പിക്കുകയും സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുകയും ചെയ്തു. ഉണർന്നിരിക്കുന്ന ഒരു ജനതയുടെ പ്രതിഫലനം നമുക്ക് കാണാൻ കഴിയുന്ന മറ്റൊരു നിർണായക നിമിഷമായാണ് ഞാൻ പ്രയാഗ്‌രാജ് മഹാകുംഭ മേളയെ കാണുന്നത്.
മിസ്റ്റർ സ്പീക്കർ സർ,
ഏകദേശം ഒന്നര മാസത്തോളം ഭാരതത്തിലെ മഹാകുംഭമേളയുടെ ആവേശവും ചൈതന്യവും നാം കണ്ടു. സൗകര്യങ്ങളുടെയോ ബുദ്ധിമുട്ടുകളുടെയോ ആശങ്കകൾക്ക് അതീതമായി, ദശലക്ഷക്കണക്കിന് ഭക്തർ അഗാധമായ വിശ്വാസത്തോടെ ഒത്തുകൂടി. ഈ അചഞ്ചലമായ ഭക്തി നമ്മുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. എന്നാൽ ഈ സന്തോഷവും ആവേശവും ഭാരതത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. കഴിഞ്ഞ ആഴ്‌ച, ഞാൻ മൗറീഷ്യസിലായിരുന്നു, അവിടെ മഹാകുംഭമേളയുടെ സമയത്ത് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ നിന്ന് പവിത്രമായ ജലം കൊണ്ടുപോയി. മൗറീഷ്യസിലെ ഗംഗാ തടാകത്തിൽ ഈ പുണ്യജലം സമർപ്പിച്ചപ്പോൾ, ഭക്തിയുടെയും വിശ്വാസത്തിൻ്റെയും ആഘോഷത്തിൻ്റെയും അന്തരീക്ഷം ശരിക്കും ശ്രദ്ധേയമായി. നമ്മുടെ പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും മൂല്യങ്ങളും എത്രമാത്രം തീവ്രതയോടെ സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു എന്ന് ആ നിമിഷം വീണ്ടും ഉറപ്പിച്ചു.
മിസ്റ്റർ സ്പീക്കർ സർ,
നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും ഞാൻ കാണുന്നു. ഇന്നത്തെ നമ്മുടെ ആധുനിക യുവാക്കളെ നോക്കൂ-മഹാകുംഭ മേളയുമായും മറ്റ് പരമ്പരാഗത ഉത്സവങ്ങളുമായും അവർ എത്രമാത്രം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണൂ. ഭാരതത്തിൻ്റെ യുവതലമുറ അതിൻ്റെ പൈതൃകത്തെയും വിശ്വാസത്തെയും പാരമ്പര്യങ്ങളെയും അപാരമായ അഭിമാനത്തോടും ഭക്തിയോടും കൂടി അഭിമാനത്തോടെ സ്വീകരിക്കുന്നു.
മിസ്റ്റർ സ്പീക്കർ സർ,
ഒരു സമൂഹം അതിൻ്റെ പൈതൃകത്തിൽ അഭിമാനിക്കുമ്പോൾ, മഹാകുംഭമേളയുടെ വേളയിൽ കണ്ടതുപോലുള്ള ഗംഭീരവും പ്രചോദനാത്മകവുമായ നിമിഷങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുന്നു. ഇത് നമ്മുടെ സാഹോദര്യബോധം ശക്തിപ്പെടുത്തുകയും ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മഹത്തായ നാഴികക്കല്ലുകൾ നേടാനാകുമെന്ന ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു. നമ്മുടെ പാരമ്പര്യങ്ങൾ, വിശ്വാസം, പൈതൃകം എന്നിവയുമായുള്ള ആഴത്തിലുള്ള ബന്ധം ഇന്നത്തെ ഭാരതത്തിന് വിലമതിക്കാനാകാത്ത സമ്പത്താണ്.
മിസ്റ്റർ സ്പീക്കർ സർ,
മഹാകുംഭം നമുക്ക് അമൂല്യമായ നിരവധി പാഠങ്ങൾ നൽകി, അതിൻ്റെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് ഐക്യത്തിൻ്റെ അമൃതാണ്. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ ഒറ്റക്കെട്ടായി ഒത്തുകൂടിയ ഒരു സംഭവമായിരുന്നു അത്. വ്യക്തിപരമായ അഹങ്കാരം വെടിഞ്ഞ്, അവർ ഞാൻ (വ്യക്തി ഞാൻ) എന്നതിനേക്കാൾ വയം (കൂട്ടായ നാം) എന്ന ആത്മാവിനെ സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ വിശുദ്ധ ത്രിവേണിയുടെ ഭാഗമായി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദേശീയതയുടെ ആത്മാവിനെ ശക്തിപ്പെടുത്തുമ്പോൾ, നമ്മുടെ രാജ്യത്തിൻ്റെ ഐക്യം കൂടുതൽ ശക്തമാകുന്നു. വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ സംഗമത്തിൻ്റെ തീരത്ത് 'ഹർ ഹർ ഗംഗേ' എന്ന് ജപിക്കുമ്പോൾ, അത് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിൻ്റെ സാരാംശം പ്രകടിപ്പിക്കുകയും ഐക്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചെറുതും വലുതുമായ വേർതിരിവ് ഇല്ലെന്ന് മഹാകുംഭമേള തെളിയിച്ചു - അത് ഭാരതത്തിൻ്റെ അപാരമായ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഐക്യത്തിൻ്റെ അഗാധമായ ഘടകം നമ്മുടെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് അത് വീണ്ടും ഉറപ്പിച്ചു. നമ്മുടെ ഐക്യത്തിൻ്റെ ശക്തി വളരെ വലുതാണ്, അത് നമ്മെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമത്തെയും മറികടക്കും. ഈ അചഞ്ചലമായ ഏകത്വ മനോഭാവം ഓരോ ഇന്ത്യക്കാരനും അനുഗ്രഹമാണ്. ലോകം ശിഥിലീകരണത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സമയത്ത്, ഈ മഹത്തായ ഐക്യദാർഢ്യ പ്രകടനമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. നാനാത്വത്തിൽ ഏകത്വം എന്നത് എല്ലായ്‌പ്പോഴും ഭാരതത്തെ നിർവചിക്കുന്ന ഗുണമാണ്-നാം എല്ലായ്പ്പോഴും അതിൽ വിശ്വസിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ അതിൻ്റെ ഏറ്റവും മഹത്തായ രൂപം ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. നാനാത്വങ്ങൾക്കിടയിൽ ഏകത്വത്തിൻ്റെ ഈ അതുല്യ പൈതൃകത്തെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
മിസ്റ്റർ സ്പീക്കർ സർ,
മഹാകുംഭമേള നമുക്ക് നിരവധി പ്രചോദനങ്ങൾ നൽകിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ചെറുതും വലുതുമായ നിരവധി നദികൾ ഉള്ളതാണ്, അവയിൽ ചിലത് ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു. കുംഭമേളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 'നദീ ഉത്സവ' (നദീ ഉത്സവങ്ങൾ) എന്ന പാരമ്പര്യം വിപുലീകരിക്കുന്നത് പരിഗണിക്കണം. ഈ സംരംഭം ഇന്നത്തെ തലമുറയെ ജലത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും നദികളുടെ ശുചിത്വം പരിപാലിച്ച് പ്രോത്സാഹിപ്പിക്കാനും നമ്മുടെ നദികളുടെ സംരക്ഷണത്തിന് സംഭാവന നൽകാനും സഹായിക്കും.
മിസ്റ്റർ സ്പീക്കർ സർ,
മഹാകുംഭമേളയിൽ നിന്ന് ലഭിച്ച ജ്ഞാനത്തിൻ്റെ അമൃത് നമ്മുടെ ദേശീയ പ്രമേയങ്ങൾ കൈവരിക്കുന്നതിനുള്ള ശക്തമായ അടിത്തറയായി വർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഒരിക്കൽ കൂടി, മഹാകുംഭമേള സംഘടിപ്പിക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ഭക്തജനങ്ങളെയും ഞാൻ വണങ്ങുകയും ഈ ബഹുമാനപ്പെട്ട ഈ സഭയ്ക്ക് വേണ്ടി എൻ്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.
-NK-
( റിലീസ് ഐ.ഡി: 2117622)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada