ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇടത് തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളുടെ എണ്ണം കേവലം 6 ആയി കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 


നക്സൽവാദം ഏറ്റവും തീവ്രമായി ബാധിച്ച ജില്ലകളുടെ എണ്ണം 12 ൽ നിന്ന് 6 ആയി കുറഞ്ഞു, നക്സൽവാദ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിലെ ഒരു നാഴികക്കല്ല്

2026 മാർച്ച് 31 ഓടെ നക്സൽ വാദത്തെ ഉന്മൂലനം ചെയ്യാൻ മോദി ഗവണ്മെന്റ് ദൃഢനിശ്ചയമെടുത്തിട്ടുണ്ട്

Posted On: 01 APR 2025 11:52AM by PIB Thiruvananthpuram
നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പിൽ, ഇടത് തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളുടെ എണ്ണം 12 ൽ നിന്ന് കേവലം 6 ആക്കി കുറച്ചുകൊണ്ട് നമ്മുടെ രാഷ്ട്രം ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
 
 
 നക്സൽ വാദത്തിനോട് സഹിഷ്ണുത ഇല്ലാത്ത സമീപനവും സമഗ്ര വികസനത്തിനായുള്ള അക്ഷീണ ശ്രമങ്ങളും കൊണ്ട് മോദി ഗവണ്മെന്റ് ശക്തവും, സുരക്ഷിതവും, സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2026 മാർച്ച് 31 ഓടെ രാജ്യത്തുനിന്ന് നക്സൽ വാദത്തെ ഉന്മൂലനം ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്എന്ന്  എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചു
 
 
രാജ്യത്ത് നക്സലിസം ബാധിച്ച ജില്ലകളുടെ എണ്ണം 38 ആയിരുന്നു. ഇതിൽ, തീവ്ര പ്രശ്ന ബാധിതമായ ജില്ലകളുടെ എണ്ണം 12 ൽ നിന്ന് 6 ആയി കുറഞ്ഞു. ആശങ്കാജനകമായ ജില്ലകളുടെ എണ്ണം 9 ൽ നിന്ന് 6 ആയി കുറഞ്ഞു. മറ്റ് എൽഡബ്ല്യുഇ ബാധിത ജില്ലകളുടെ എണ്ണവും 17 ൽ നിന്ന് 6 ആയി കുറഞ്ഞിട്ടുണ്ട്
 
 നക്സലിസം ബാധിച്ചആകെ ജില്ലകളിൽ, ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ജില്ലകളുടെ എണ്ണം 12 ൽ നിന്ന് 6 ആയി കുറഞ്ഞു. അതിൽ ഛത്തീസ്ഗഢിലെ 4 ജില്ലകൾ (ബീജാപൂർ, കാങ്കർ, നാരായൺപൂർ, സുക്മ), ജാർഖണ്ഡിലെ ഒരു ജില്ല (പടിഞ്ഞാറൻ സിംഗ്ഭൂം), മഹാരാഷ്ട്രയിലെ ഒരു ജില്ല (ഗഡ്ചിരോളി) എന്നിവ ഉൾപ്പെടുന്നു.
 
അതുപോലെ, പ്രശ്ന ബാധിതമായ ആകെ 38 ജില്ലകളിൽ, തീവ്രബാധിതമായ ജില്ലകൾക്ക് പുറമെ കൂടുതൽ സുരക്ഷാ വിഭവങ്ങൾ നൽകേണ്ട, ആശങ്കാജനകമായ ജില്ലകളുടെ എണ്ണം 9 ൽ നിന്ന് 6 ആയി കുറഞ്ഞു. ഈ 6 ജില്ലകൾ ഇവയാണ്: ആന്ധ്രാപ്രദേശ് (അല്ലൂരി സീതാരാമ രാജു), മധ്യപ്രദേശ് (ബലഘട്ട്), ഒഡീഷ (കലഹന്ദി, കണ്ഡമൽ, മൽകാംഗിരി), തെലങ്കാന (ഭദ്രാദ്രി-കോതഗുഡം).
 
നക്സൽ വാദത്തിനെതിരായ നിരന്തരമായ നടപടികൾ കാരണം, മറ്റ് ഇടത് തീവ്രവാദ ബാധിത ജില്ലകളുടെ എണ്ണവും 17 ൽ നിന്ന് 6 ആയി കുറഞ്ഞിട്ടുണ്ട്. ഇതിൽ ഛത്തീസ്ഗഢ് (ദന്തേവാഡ, ഗരിയാബന്ദ്, മൊഹ്‌ല-മാൻപൂർ-അംബഗഢ് ചൗക്കി), ജാർഖണ്ഡ് (ലത്തേഹാർ), ഒഡീഷ (നുവാപാഡ), തെലങ്കാന (മുളുഗു) എന്നീ ജില്ലകൾ ഉൾപ്പെടുന്നു.
 
തീവ്ര പ്രശ്ന ബാധിത ജില്ലകൾക്കും ആശങ്കാജനകമായ ജില്ലകൾക്കും പൊതു അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ നികത്തുന്നതിനായി പ്രത്യേക കേന്ദ്ര സഹായം (SCA) എന്ന പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റ് യഥാക്രമം 30 കോടി രൂപയും 10 കോടി രൂപയും സാമ്പത്തിക സഹായം നൽകുന്നു. ഇതിനുപുറമെ, ആവശ്യാനുസരണം ഈ ജില്ലകൾക്കായി പ്രത്യേക പദ്ധതിസഹായവും നൽകുന്നു.
 
 
കലാപബാധിത പ്രദേശങ്ങളിൽ പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചതും റോഡുകളുടെ വികസനം, ഗതാഗത സൗകര്യങ്ങൾ, വെള്ളം, വൈദ്യുതി, മറ്റ് വികസനോന്മുഖ ക്ഷേമ പദ്ധതികൾ എന്നിവ ഗവണ്മെന്റ് ഗ്രാമീണരിലേക്ക് നേരിട്ട് എത്തിച്ചു നൽകിയതുമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇടത് തീവ്രവാദ കേസുകളിൽ ദ്രുതഗതിയിലുള്ള കുറവ് ഉണ്ടായതിന് കാരണം.
*****

(Release ID: 2117237) Visitor Counter : 24