പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസിൽ നടന്ന ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം
Posted On:
11 FEB 2025 11:59PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രസിഡന്റ് മാക്രോൺ,
ഇന്ത്യയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള വ്യവസായ നേതാക്കളെ,
നമസ്‌കാരം!
ഈ മുറിയിൽ എനിക്ക് അത്ഭുതകരമായ ഒരു ഊർജ്ജവും ആവേശവും ചലനാത്മകതയും അനുഭവപ്പെടുന്നു. ഇത് വെറുമൊരു സാധാരണ വ്യവസായിക പരിപാടിയല്ല.
ഇന്ത്യയിലെയും ഫ്രാൻസിലെയും മികച്ച വ്യവസായ മനസ്സുകളുടെ സംഗമമാണിത്. ഇപ്പോൾ അവതരിപ്പിച്ച സിഇഒ ഫോറത്തിന്റെ റിപ്പോർട്ട് സ്വാഗതാർഹമാണ്.
നിങ്ങളെല്ലാം നവീകരിക്കുക, സഹകരിക്കുക, ഉയർത്തുക എന്ന മന്ത്രവുമായി മുന്നോട്ട് പോകുന്നതായി ഞാൻ കാണുന്നു. നിങ്ങൾ ബോർഡ്‌റൂം ബന്ധങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളെല്ലാം ഇൻഡോ -ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനൊപ്പം ഈ ഫോറത്തിൽ ചേരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടക്കുന്ന ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ വർഷം, പ്രസിഡന്റ് മാക്രോൺ ഞങ്ങളുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായിരുന്നു.
ഇന്ന് രാവിലെ ഞങ്ങൾ ഒരുമിച്ച് എഐ ആക്ഷൻ ഉച്ചകോടിക്ക് സഹ അധ്യക്ഷത വഹിച്ചു . ഈ വിജയകരമായ ഉച്ചകോടിക്ക് പ്രസിഡന്റ് മാക്രോണിനെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയും ഫ്രാൻസും ജനാധിപത്യ മൂല്യങ്ങളാൽ മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. ആഴത്തിലുള്ള വിശ്വാസം, നൂതനത്വം, പൊതുജനക്ഷേമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ സൗഹൃദം.
നമ്മുടെ പങ്കാളിത്തം രണ്ട് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല. ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് സഹകരിക്കുന്നു. എന്റെ കഴിഞ്ഞ സന്ദർശന വേളയിൽ, ഞങ്ങളുടെ പങ്കാളിത്തത്തിനായുള്ള 2047-ലെ രൂപരേഖ ഞങ്ങൾ തയ്യാറാക്കിയിരുന്നു. അതിനുശേഷം, എല്ലാ മേഖലകളിലും സമഗ്രമായ സഹകരണം ഞങ്ങൾ പിന്തുടരുന്നു.
സുഹൃത്തുക്കളേ,
നിങ്ങളുടെ കമ്പനികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ്, തുറമുഖങ്ങൾ, പ്രതിരോധം, ഇലക്ട്രോണിക്‌സ്, ക്ഷീരോത്പാദനം, കെമിക്കൽസ്, ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിങ്ങൾ സജീവമാണ്.
ഇന്ത്യയിലെ നിരവധി സിഇഒമാരെ കാണാനും എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. സ്ഥിരതയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയും പ്രവചന യോഗ്യമായ നയ ആവാസവ്യവസ്ഥയും ഞങ്ങൾ സ്ഥാപിച്ചു.
പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയുടെ പാത പിന്തുടർന്ന്, ഇന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം ഉടൻ മാറും. ഇന്ത്യയുടെ വൈദഗ്ധ്യമുള്ള യുവ പ്രതിഭാ ഫാക്ടറിയും നൂതനത്വ മനോഭാവവുമാണ് ആഗോള വേദിയിൽ ഞങ്ങളുടെ വ്യക്തിത്വം.
ഇന്ന്, ഇന്ത്യ അതിവേഗം ഒരു പ്രിയപ്പെട്ട ആഗോള നിക്ഷേപ കേന്ദ്രമായി മാറുകയാണ്.
ഇന്ത്യയിൽ ഞങ്ങൾ AI, സെമികണ്ടക്ടർ, ക്വാണ്ടം ദൗത്യങ്ങൾ ആരംഭിച്ചു. പ്രതിരോധത്തിൽ, ഞങ്ങൾ മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളിൽ പലരും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഞങ്ങൾ പുതിയ ഉയരങ്ങൾ താണ്ടുകയാണ്. ഈ മേഖല എഫ്ഡിഐക്കായി തുറന്നുകൊടുത്തിരിക്കുന്നു. ഇന്ത്യയെ അതിവേഗം ഒരു ആഗോള ജൈവസാങ്കേതികവിദ്യാ പവർഹൗസാക്കി മാറ്റുകയാണ്.
അടിസ്ഥാന സൗകര്യ വികസനം ഞങ്ങൾ മുൻഗണന നൽകുന്ന കാര്യമാണ്. ഇതിൽ, പൊതുചെലവിൽ പ്രതിവർഷം 114 ബില്യൺ ഡോളറിലധികം പണം ഞങ്ങൾ ഇതിനായി ചെലവഴിക്കുന്നു. റെയിൽവേയെ ആധുനീകരിക്കുന്നതിനും നവീകരിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ വൻതോതിൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ അതിവേഗം നീങ്ങുകയാണ്. ഇതിനായി ഞങ്ങൾ സോളാർ സെൽ നിർമ്മാണം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നിർണായക ധാതു ദൗത്യവും ഞങ്ങൾ ആരംഭിച്ചു.
ഹൈഡ്രജൻ ദൗത്യവും ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി, ഇലക്ട്രോലൈസർ നിർമ്മാണത്തിന് ഞങ്ങൾ പ്രാധാന്യം നൽകുന്നു. 2047 ആകുമ്പോഴേക്കും 100 ജിഗാവാട്ട് ആണവോർജ്ജം ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ SMR, AMR സാങ്കേതികവിദ്യകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യ വൈവിധ്യവൽക്കരണത്തിന്റെയും റിസ്‌ക് കുറയ്ക്കലിന്റെയും ഏറ്റവും വലിയ കേന്ദ്രമായി മാറുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ ബജറ്റിൽ പുതു തലമുറ പരിഷ്കാരങ്ങൾ രൂപീകരിച്ചു.
വ്യാപാരം എളുപ്പമാക്കുന്നതിന് പുതിയ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 40,000-ത്തിലധികം ചട്ടങ്ങൾ ഞങ്ങൾ യുക്തിസഹമാക്കി. വിശ്വാസാധിഷ്ഠിത സാമ്പത്തിക ഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി, നിയന്ത്രണ പരിഷ്കാരങ്ങൾക്കായി ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. കസ്റ്റം നിരക്ക് ഘടന യുക്തിസഹമാക്കി.
അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന്, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്തോടെ "ഇന്ത്യ ട്രേഡ് നെറ്റ്" അവതരിപ്പിക്കുന്നു. ജീവിതം സുഗമമാക്കുന്നതിന് ഒരു പുതിയ ലളിതവൽക്കരിച്ച ആദായനികുതി നിയമം ഞങ്ങൾ കൊണ്ടുവരുന്നു.
ദേശീയ നിർമ്മാണ ദൗത്യം പ്രഖ്യാപിച്ചു. ഇൻഷുറൻസ് മേഖല പോലുള്ള പുതിയ മേഖലകൾ 100 ശതമാനം എഫ്ഡിഐക്കായി തുറന്നിരിക്കുന്നു. നിങ്ങൾ ഈ സംരംഭങ്ങളെല്ലാം ശ്രദ്ധാപൂർവ്വം പഠിക്കണം.
ഇന്ത്യയിലേക്ക് വരാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. എല്ലാവരുടെയും പുരോഗതി ഇന്ത്യയുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ കമ്പനികൾ വിമാനങ്ങൾക്കായി വലിയ ഓർഡറുകൾ നൽകിയപ്പോൾ വ്യോമയാന മേഖലയിൽ ഇതിന് ഒരു ഉദാഹരണം കാണാൻ കഴിഞ്ഞു. ഇനി, ഞങ്ങൾ 120 പുതിയ വിമാനത്താവളങ്ങൾ തുറക്കാൻ പോകുമ്പോൾ, നിങ്ങൾക്ക് ഭാവിയിലെ സാധ്യതകൾ സങ്കൽപ്പിക്കാൻ കഴിയും.
സുഹൃത്തുക്കളേ,
2047 ആകുമ്പോഴേക്കും ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. അത് പ്രതിരോധമോ നൂതന സാങ്കേതികവിദ്യയോ ആകട്ടെ, ഫിൻടെക് അല്ലെങ്കിൽ ഫാർമ, സാങ്കേതിക വിദ്യാ അല്ലെങ്കിൽ ടെക്സ്റ്റൈൽ, കൃഷി അല്ലെങ്കിൽ വ്യോമയാനം, ആരോഗ്യ സംരക്ഷണം അല്ലെങ്കിൽ ഹൈവേകൾ, ബഹിരാകാശം അല്ലെങ്കിൽ സുസ്ഥിര വികസനം എന്നിവയാകട്ടെ. ഈ മേഖലകളിലെല്ലാം നിക്ഷേപങ്ങൾക്കും സഹകരണത്തിനും നിങ്ങൾക്കെല്ലാവർക്കും ധാരാളം അവസരങ്ങളുണ്ട്.
ഇന്ത്യയുടെ വികസന യാത്രയിൽ പങ്കുചേരാൻ നിങ്ങളെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു.
ഫ്രാൻസിന്റെ വൈദഗ്ധ്യവും ഇന്ത്യയുടെ ബാഹുല്യവും ഒത്തുചേരുമ്പോൾ...
ഇന്ത്യയുടെ വേഗതയും ഫ്രാൻസിന്റെ കൃത്യതയും ഒന്നിക്കുമ്പോൾ...
ഫ്രാൻസിന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ കഴിവും സംഘടിക്കുമ്പോൾ...
അപ്പോൾ, വ്യവസായ ഭൂപ്രകൃതി മാത്രമല്ല, ആഗോള പരിവർത്തനവും സംഭവിക്കും.
ഒരിക്കൽ കൂടി, ഇവിടെ വരാൻ നിങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ചതിന് എല്ലാവർക്കും ഞാൻ വളരെ നന്ദി പറയുന്നു.
ഡിസ്ക്ലെയ്മർ - പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് നടത്തിയത്.
***
NK
(Release ID: 2112194)
Visitor Counter : 23