വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2025 മെയ് 1 മുതൽ മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ& വിനോദ ഉച്ചകോടിയ്ക്ക് മുന്നോടിയായി ആഗോള സമൂഹത്തിനിടയിൽ പ്രചാരണവുമായി കേന്ദ്ര ഗവൺമെന്റ്; ആഗോള മാധ്യമ സംഭാഷണ പരിപാടിയിൽ വിപുലമായ പങ്കാളിത്തം തേടുന്നു.


മാധ്യമ, വിനോദ മേഖലയുടെ വളർച്ചയ്ക്ക് ഒരു സമന്വയ സമീപനത്തിനായുള്ള ആഗോള വേദി എന്ന നിലയിൽ WAVES ന്റെ നേട്ടങ്ങൾ 2025 മാർച്ച് 13 ന് ന്യൂഡൽഹിയിൽ കേന്ദ്ര ഗവൺമെന്റ്  വിശദമാക്കും ;ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരായ ഡോ. എസ്. ജയ്ശങ്കർ, ശ്രീ അശ്വിനി വൈഷ്ണവ്,കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ, ആതിഥേയ സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ 100 ലധികം അംബാസഡർമാരെയും ഹൈക്കമ്മീഷണർമാരെയും വിവരങ്ങൾ ധരിപ്പിക്കും

Posted On: 12 MAR 2025 4:09PM by PIB Thiruvananthpuram
മാധ്യമ, വിനോദ മേഖലയിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ,ലോക ദൃശ്യ ശ്രവ്യ& വിനോദ ഉച്ചകോടി (WAVES) 2025 ന് മുന്നോടിയായി, 2025 മാർച്ച് 13 ന് വൈകുന്നേരം 4.30 ന് ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഗവൺമെന്റ് ആഗോള സമൂഹവുമായി സംവദിക്കും. 2025 മെയ് 2 ന് മുംബൈയിൽ നടക്കുന്ന ആദ്യ WAVES പ്രഖ്യാപനത്തിന് മുന്നോടിയായി നടക്കുന്ന ഒരു ആഗോള മാധ്യമ സംഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ വിവിധ ഗവണ്മെന്റുകളുടെ പങ്കാളിത്തം തേടാനും കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സംവേദന പരിപാടി ലക്ഷ്യമിടുന്നു

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ, ആതിഥേയ സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്ന് അതിവേഗം വളരുന്ന മാധ്യമ, വിനോദ മേഖലയ്ക്കുള്ള ഏകീകൃത ആഗോള പ്ലാറ്റ്‌ഫോമായി WAVES ന്റെ പരിവർത്തന സാധ്യതകൾ ഉയർത്തിക്കാട്ടും. 100-ലധികം അംബാസഡർമാരും ഹൈക്കമ്മീഷണർമാരും പങ്കെടുക്കുന്ന ഈ പരിപാടിയിൽ മാധ്യമ & വിനോദ മേഖലയിലെ ഒരു സമന്വയ സമീപനത്തിനുള്ള അവസരങ്ങൾ വിശദീകരിക്കും.

ആഗോള മാധ്യമ സംഭാഷണ പരിപാടി

2025 മെയ് 2 ന് മുംബൈയിൽ ലോക ദൃശ്യ ശ്രവ്യ& വിനോദ ഉച്ചകോടി (WAVES)യുടെ ഭാഗമായി നടക്കുന്ന ആഗോള മാധ്യമ സംഭാഷണ (Global Media Dialogue)  പരിപാടി, ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ, മാധ്യമ പ്രൊഫഷണലുകൾ, കലാകാരന്മാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.അന്താരാഷ്ട്ര സഹകരണം, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, ധാർമ്മിക രീതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ദൃശ്യ,ശ്രവ്യ, വിനോദ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിന്  ഫലപ്രദവും ചലനാത്മകവുമായ സംഭാഷണത്തിനാണ് പരിപാടി ലക്ഷ്യമിടുന്നത്.

പ്രധാന ചർച്ചാ വിഷയങ്ങൾ

 മാധ്യമ& വിനോദ മേഖലയുടെ ന്യായവും സുതാര്യവുമായ വളർച്ച ഉറപ്പാക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ തുറന്ന സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഭാഷണത്തിന്റെ ഒരു പ്രധാന ലക്ഷ്യം. അതിർത്തി കടന്നുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുവായ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്നതിനായി അറിവ് പങ്കിടുന്നതിനും പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ഇത് വർത്തിക്കും.


മാധ്യമ& വിനോദ മേഖലയിലെ തുറന്നതും നീതിയുക്തവുമായ വ്യാപാര രീതി; എല്ലാ പങ്കാളികൾക്കും തുല്യമായ പ്രവേശനവും വളർച്ചയും ഉറപ്പാക്കൽ എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ഈ സംഭാഷണം ലക്ഷ്യമിടുന്നു . ആഗോള ഐക്യം വളർത്തിയെടുക്കുന്നതിനായി, മാധ്യമ, വിനോദ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും പൊതുവായുള്ള അവസരങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്നതും WAVES ന്റെ ആഭിമുഖ്യത്തിലുള്ള ആഗോള മാധ്യമ സംഭാഷണ പരിപാടിയുടെ പ്രധാന അജണ്ടയിൽ ഉൾപ്പെടുന്നു.

വേവ്സ് 2025

ദൃശ്യ, ശ്രവ്യ, വിനോദം(M&E) മേഖലയെ ഒരുമിച്ച് കൊണ്ടുവരുന്നതിന് 2025 മെയ് 1 മുതൽ മെയ് 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ സംഘടിപ്പിച്ചിട്ടുള്ള ഒരു പ്രമുഖ ആഗോള പരിപാടിയാണ് WAVES. ഇന്ത്യയുടെ ദൃശ്യ, ശ്രവ്യ വ്യവസായത്തെ ആഗോള വിപണിയുമായും, തിരിച്ചും ബന്ധിപ്പിക്കുക, വളർച്ച, സഹകരണങ്ങൾ, നൂതനാശയങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാധ്യമങ്ങൾക്കും വിനോദ വ്യവസായത്തിനുമുള്ള ഒരു ആഗോള ഒത്തുചേരൽ ഉച്ചകോടിയായി മാറുക എന്നതാണ് WAVES ലക്ഷ്യമിടുന്നത്.


ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക മേഖലയിലെ നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സർഗാത്മക ശക്തി വർദ്ധിപ്പിക്കാനും അതിന്റെ സ്ഥാനം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. പ്രക്ഷേപണ മാധ്യമങ്ങൾ, അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, ഫിലിംസ്, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, സൗണ്ട് ആൻഡ് മ്യൂസിക്, പരസ്യം , ഡിജിറ്റൽ, സാമൂഹ്യ മാധ്യമങ്ങൾ , ജനറേറ്റീവ് AI, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഈ ഉച്ചകോടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വ്യവസായങ്ങളും മേഖലകളും.
 
SKY
 

(Release ID: 2110890) Visitor Counter : 23