ആഭ്യന്തരകാര്യ മന്ത്രാലയം
ന്യൂഡൽഹിയിൽ സംഘടിപ്പിച്ച വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റുഡന്റ് എക്സ്പീരിയൻസ് ഇൻ ഇന്റർ-സ്റ്റേറ്റ് ലിവിംഗ് (SEIL) ന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
Posted On:
11 MAR 2025 4:49PM by PIB Thiruvananthpuram
ഇന്ത്യയുടെ സാംസ്‌ക്കാരിക ഘടനയെ ശക്തിപ്പെടുത്തുന്ന പൈതൃകങ്ങളാൽ സമ്പന്നമായ ഭാരതീയ സംസ്കൃതിയുടെ വിലമതിക്കാനാവാത്ത രത്നമാണ് വടക്കുകിഴക്കൻ മേഖലയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. വിനോദ സഞ്ചാര സാധ്യതകളുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ, ആഗോള ശ്രദ്ധ ആകർഷിക്കാനുള്ള മേഖലയുടെ അപാരമായ സാധ്യത, അദ്ദേഹം എടുത്തു പറഞ്ഞു. ബുദ്ധിശക്തിയുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന വടക്കുകിഴക്കൻ മേഖലയിലെ യുവാക്കളെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ അത്യന്തം കഠിനാധ്വാനികളായ ഗോത്രവിഭാഗങ്ങളുടെ കേന്ദ്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 220-ലധികം ഗോത്ര വിഭാഗങ്ങൾ, 160 ഗോത്രങ്ങൾ, 200-ലധികം ഭാഷകളും ഭാഷാഭേദങ്ങളും, 50 അനുപമമായ ഉത്സവങ്ങൾ, ആഗോള പ്രശസ്തമായ 30-ലധികം നൃത്തരൂപങ്ങൾ എന്നിവയുള്ള വൈവിധ്യത്തിന്റെ നാടാണ് വടക്കുകിഴക്കൻ മേഖലയെന്നും ശ്രീ ഷാ വ്യക്തമാക്കി.
ഒട്ടേറെ സവിശേഷതകൾ ഉള്ള പ്രദേശമായിരുന്നിട്ടും, മിഥ്യാധാരണകളും തർക്കങ്ങളും സൃഷ്ടിച്ച കലാപവും വിഘടനവാദവും വേരുറപ്പിച്ച ഒരു ഭൂതകാലം വടക്കുകിഴക്കൻ മേഖല വികസനത്തിൽ ഏറെ പിന്നിലാകാൻ കാരണമായതായി ശ്രീ അമിത് ഷാ പറഞ്ഞു. അക്രമം, ബന്ദുകൾ,ലഹരി മരുന്ന്, ഉപരോധങ്ങൾ, പ്രാദേശികവാദം എന്നിവ മേഖലയെ വിഘടിപ്പിച്ചു. ഇത് വടക്കുകിഴക്കൻ മേഖലയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിൽ മാത്രമല്ല, മേഖലയിലെ സംസ്ഥാനങ്ങൾ തമ്മിലും അകൽച്ചയ്ക്ക് കാരണമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തരഫലമെന്ന നിലയിൽ, വടക്കുകിഴക്കൻ മേഖല വികസനത്തിൽ 40 വർഷം പിന്നിലായി. ഭീകരവാദവും വിഘടനവാദ ഗ്രൂപ്പുകളുമായിരുന്നു ഈ കാലയളവിൽ വികസനം സാധ്യമാക്കുന്നതിനുള്ള പ്രധാന തടസ്സങ്ങൾ.
തന്റെ പാർട്ടി അധികാരത്തിലിരുന്ന കാലത്തെല്ലാം വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഇത്രയും വിശാലവും അവികസിതവുമായ ഒരു മേഖലയ്ക്ക് മുമ്പ് ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നില്ല. എന്നാൽ അടൽ ജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്താണ് മന്ത്രലയം സ്ഥാപിതമായതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ, കേന്ദ്ര സർക്കാരിന്റെ എല്ലാ പരിപാടികളിലും വടക്കുകിഴക്കൻ മേഖല പ്രത്യേക ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. 2027 ഓടെ വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയിൽ, വ്യോമ, റോഡ് ശൃംഖലകൾ വഴി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ മേഖലയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ഭൗതികമായ ബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല, വൈകാരിക വിഭജനം നികത്താനും പ്രധാനമന്ത്രി മോദി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമത സംഘങ്ങളുമായി ഒന്നൊന്നായി ചർച്ചകളിൽ ഏർപ്പെടുകയും അവരുടെ ആശങ്കകൾ മനസ്സിലാക്കുകയും കരാറുകളിലൂടെ അവരെ മുഖ്യധാരയിലേക്ക് ആനയിക്കാൻ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് മോദി സർക്കാർ വടക്കുകിഴക്കൻ മേഖലയെ എല്ലാ പദ്ധതികളുടെയും പ്രധാന ലക്ഷ്യസ്ഥാനമായി നിലനിർത്തിയെന്നും ശ്രീ ഷാ എടുത്തുപറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിൽ ഇപ്പോൾ ശാന്തിയും സമാധാനവും അനുഭവവേദ്യമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2004 നും 2014 നും ഇടയിൽ, ഈ മേഖലയിൽ 11,000 അക്രമ സംഭവങ്ങൾ ഉണ്ടായി. അതേസമയം 2014 മുതൽ 2024 വരെ അക്രമ സംഭവങ്ങൾ ഏകദേശം 70% കുറഞ്ഞ് 3,428 ആയി. സുരക്ഷാ സൈനികരുടെ മരണത്തിൽ 70% കുറവും സാധാരണക്കാരുടെ മരണത്തിൽ 89% കുറവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ എല്ലാ വിമത സംഘങ്ങളുമായും കരാറുകളിൽ ഒപ്പുവെച്ചതായും, 10,500 ൽ അധികം വിമതർ ആയുധങ്ങൾ വച്ചു കീഴടങ്ങാനും മുഖ്യധാരയിലേക്ക് ഇഴുകിച്ചേരാനും ഇത് കാരണമായതായും ശ്രീ ഷാ പരാമർശിച്ചു. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം സംരംഭത്തിന് കീഴിൽ, വടക്കുകിഴക്കൻ മേഖലയിലെ ഭാഷകൾ, ഭാഷാഭേദങ്ങൾ, സംസ്‌ക്കാരങ്ങൾ, വസ്ത്രങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ, കലകൾ എന്നിവയെ സർക്കാർ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു. 10,000 ത്തിലധികം വിമതർക്ക് ആയുധങ്ങൾ വച്ച് കീഴടങ്ങാൻ പ്രോത്സാഹനമേകിയതിലൂടെ മേഖലയിലുടനീളം സമാധാന അന്തരീക്ഷം സംജാതമാവുകയും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ മോദി സർക്കാർ ബദ്ധ ശ്രദ്ധമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. മോദി സർക്കാരിനു കീഴിൽ ബഹിരാകാശ സാങ്കേതികവിദ്യ മുഖാന്തിരം വടക്കുകിഴക്കൻ മേഖലയ്ക്ക് ലഭിച്ച ഗണ്യമായ നേട്ടങ്ങൾ ശ്രീ ഷാ എടുത്തുപറഞ്ഞു. നോർത്ത് ഈസ്റ്റേൺ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (NESAC) വഴി ഏകദേശം 110 പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്ക നിവാരണത്തിനായി, മേഖലയിലെ 300 ലധികം തടാകങ്ങളുടെ നിർമ്മാണം ആസൂത്രണം ചെയ്യുന്നതിന് ഉപഗ്രഹ മാപ്പിംഗും ഭൂപ്രകൃതിയും ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ സ്ഥായിയായ വെള്ളപ്പൊക്ക മാനേജ്‌മെന്റ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. വ്യോമയാന കണക്റ്റിവിറ്റിക്കായി 64 പുതിയ വ്യോമപാതകൾ ആരംഭിച്ചതായും, വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിനായി ₹4,800 കോടി ചെലവഴിച്ചതായും, റെയിൽവേയ്ക്കായി ₹18,000 കോടി അനുവദിച്ചതായും ശ്രീ ഷാ പരാമർശിച്ചു.
ബ്രഹ്മപുത്ര നദിക്ക് കുറുകെ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ-കം-റോഡ് ബിഡ്‌ജ് നിർമ്മിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദി ഭൂപൻ ഹസാരിക സേതു നിർമ്മിച്ചു, അരുണാചൽ പ്രദേശിന് ഒരു ഗ്രീൻ ഫീൽഡ് വിമാനത്താവളം നൽകി, റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം സാധ്യമാക്കി, അസമിൽ നിന്ന് ഭൂട്ടാനിലേക്ക് ഒരു പുതിയ റെയിൽവേ ലൈൻ നിർമ്മിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി. 2027 ഓടെ വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളെ ട്രെയിൻ, വ്യോമ, റോഡ് വഴി ബന്ധിപ്പിക്കുമെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു. സിക്കിമിൽ 100 ശതമാനം ജൈവകൃഷി എന്ന ലക്ഷ്യം സർക്കാർ പൂർത്തീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിൽ 27,000 കോടി രൂപയുടെ അർദ്ധചാലക പ്ലാന്റ് സ്ഥാപിതമാകാൻ പോകുന്നതായും ഇത് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം വടക്കുകിഴക്കൻ മേഖലയിലേക്ക് വരാനിരിക്കുന്നതായി ശ്രീ ഷാ പരാമർശിച്ചു.
2047 ആകുമ്പോഴേക്കും ഇന്ത്യ പൂർണ്ണമായും വികസിത രാഷ്ട്രമാകുമെന്നും എല്ലാ മേഖലകളിലും ആഗോള നേതൃത്വമേറ്റെടുക്കുമെന്നും 'ആസാദി കാ അമൃത് മഹോത്സവ്' വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ പ്രക്രിയയിൽ യുവാക്കളെ പങ്കാളികളാക്കാൻ, സർക്കാർ ഒട്ടേറെ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ശ്രീ ഷാ പരാമർശിച്ചു. പ്രാദേശിക ഭാഷകൾ സംരക്ഷിക്കുന്നതിനും മാതൃഭാഷകൾക്ക് പ്രാധാന്യം നൽകുന്നതിനും ഊന്നൽ നൽകുന്ന പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചത് പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വടക്ക് കിഴക്കൻ മേഖലയ്ക്ക് ബജറ്റ് വിഹിതമനുവദിക്കുന്നതിൽ മാത്രമല്ല, വടക്കുകിഴക്കൻ മേഖലയുടെ വികസനം, ഐക്യം, സമാധാനം എന്നിവ സാധ്യമാക്കുന്നതിലും പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി പറഞ്ഞു.
വിദ്യാർത്ഥി പാർലമെന്റ് അഭിനന്ദനാർഹമായ ഒരു പരിപാടിയാണെന്ന് ശ്രീ അമിത് ഷാ അഭിപ്രായപ്പെട്ടു. ദുരന്തസമയത്ത് സഹകരിക്കുന്നതിലായാലും, ദേശീയ പ്രതിസന്ധികളിൽ സഹായിക്കുന്നതിലായാലും, എല്ലാ വിധ ഉദ്യമങ്ങളിലും രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തെ അദ്ദേഹം പ്രശംസിച്ചു.
വടക്ക് കിഴക്കൻ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി വൈകാരികതലത്തിൽ ബന്ധിപ്പിക്കുന്നതിൽ സ്റ്റുഡന്റ്സ് എക്സ്പീരിയൻസ് ഇൻ ഇന്റർ-സ്റ്റേറ്റ് ലിവിംഗ് (SEIL) വഹിച്ച പങ്കിനെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്ലാഘിച്ചു. ഇന്ന്, രാജ്യത്തുടനീളമുള്ള 4,000-ത്തിലധികം കുടുംബങ്ങൾ SEIL മുഖേന വടക്കുകിഴക്കൻ മേഖലയിലെ കുട്ടികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും, അവരുമായി ഇടപഴകുന്നുണ്ടെന്നും, അതിന്റെ ശക്തി സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. SEIL പോലുള്ള സംരംഭങ്ങൾ അനവധി വർഷങ്ങൾ വിജയകരമായി തുടരാൻ സംഘടനാപരമായ സമർപ്പണബോധം സൃഷ്ടിച്ച വിദ്യാർത്ഥി പരിഷത്തിനെ ശ്രീ ഷാ അഭിനന്ദിച്ചു.
SKY
(Release ID: 2110612)
Visitor Counter : 6
Read this release in:
Assamese
,
Odia
,
Khasi
,
English
,
Urdu
,
Nepali
,
Hindi
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil