പ്രധാനമന്ത്രിയുടെ ഓഫീസ്
റോസ്ഗാർ മേളയിൽ 71,000+ നിയമന കത്തുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
23 DEC 2024 12:13PM by PIB Thiruvananthpuram
നമസ്കാരം!
എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരെ, രാജ്യത്തുടനീളമുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, എന്റെ യുവ സുഹൃത്തുക്കളേ!
ഇന്നലെ രാത്രി വൈകിയാണ് ഞാൻ കുവൈത്തിൽ നിന്ന് മടങ്ങിയെത്തിയത്. അവിടെ, ഇന്ത്യൻ യുവജനങ്ങളും പ്രൊഫഷണലുകളുമായും വിപുലമായ ഒരു കൂടിക്കാഴ്ച നടത്തി, അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെട്ടു. ഇപ്പോൾ, ഞാൻ തിരിച്ചെത്തിയപ്പോൾ, എന്റെ ആദ്യ പരിപാടി നമ്മുടെ രാജ്യത്തെ യുവജനങ്ങളുമായാണ് - തീർച്ചയായും ഒരു സന്തോഷകരമായ യാദൃശ്ചികതയാണിത്. നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് യുവജനങ്ങൾക്ക് ഈ ദിവസം ഒരു സുപ്രധാന നാഴികക്കല്ലാണ്. നിങ്ങളുടെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. നിങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു, നിങ്ങളുടെ അക്ഷീണ പരിശ്രമങ്ങൾ ഫലം കണ്ടു. 2024 എന്ന ഈ കടന്നുപോകുന്ന വർഷം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പുതിയ സന്തോഷം നൽകുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
ഭാരതത്തിലെ യുവജനങ്ങളുടെ സാധ്യതകളും കഴിവുകളും പരമാവധിയാക്കുക എന്നത് നമ്മുടെ ഗവൺമെന്റിന്റെ മുൻഗണനയായി തുടരുന്നു. റോസ്ഗാർ മേളകൾ (തൊഴിൽ മേളകൾ) പോലുള്ള സംരംഭങ്ങളിലൂടെ ഈ ലക്ഷ്യത്തിലേക്ക് ഞങ്ങൾ ദൃഢചിത്തതയോടെ പ്രവർത്തിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലൂടെ ഗവണ്മെൻ്റ് ജോലികൾ നൽകുന്നതിനുള്ള സമഗ്രമായ ഒരു കാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നും, 71,000-ത്തിലധികം യുവജനങ്ങൾക്ക് നിയമന കത്തുകൾ കൈമാറി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ മാത്രം, നമ്മുടെ ഗവൺമെന്റ് ഏകദേശം 10 ലക്ഷത്തോളം യുവജനങ്ങൾക്ക് സ്ഥിരമായ ഗവണ്മെൻ്റ് ജോലികൾ നൽകി - അത് തന്നെ ഒരു റെക്കോർഡാണ്. ഗവൺമെന്റിനുള്ളിൽ സ്ഥിരമായ തൊഴിൽ വാഗ്ദാനം ചെയ്യുന്നതിനുള്ള ഇത്തരമൊരു ദൗത്യനിർവ്വഹണ സമീപനം മുൻ ഭരണകൂടങ്ങളുടെ കീഴിൽ ഒരിക്കലും ഉണ്ടായിട്ടില്ല. മാത്രമല്ല, ഈ അവസരങ്ങൾ തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും കൂടി നൽകപ്പെടുന്നു. ഈ സുതാര്യമായ പാരമ്പര്യത്തിൽ വളർത്തിയെടുത്ത യുവജനങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടും സത്യസന്ധതയോടും കൂടി രാഷ്ട്രത്തെ സേവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തിന്റെയും പുരോഗതി അതിന്റെ യുവജനങ്ങളുടെ പരിശ്രമം, കഴിവുകൾ, നേതൃത്വം എന്നിവയുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു. 2047 ഓടെ ഒരു വികസിത രാഷ്ട്രമായി ഉയർന്നുവരാൻ ഭാരതം ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, ഈ അഭിലാഷത്തിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഭാരതത്തിന്റെ ഓരോ നയത്തിന്റെയും തീരുമാനത്തിന്റെയും കാതലായി കഴിവുള്ള യുവജനങ്ങൾ ഉണ്ടെന്ന വസ്തുതയിൽ നിന്നാണ് ഞങ്ങളുടെ ആത്മവിശ്വാസം ഉടലെടുക്കുന്നത്. കഴിഞ്ഞ ദശകത്തിൽ, മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് അഭിയാൻ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെല്ലാം യുവജനങ്ങളെ കേന്ദ്രബിന്ദുവായി കണ്ട് രൂപപ്പെടുത്തിയതാണ്. ബഹിരാകാശം, പ്രതിരോധ ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതിന് ഭാരതം നയങ്ങൾ പരിഷ്കരിച്ചു. ഇന്ന്,എല്ലാ മേഖലകളിലും മികവ് പുലർത്തികൊണ്ട്, ഭാരതത്തിന്റെ യുവത്വം ആത്മവിശ്വാസം പ്രസരിപ്പിക്കുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നാം ഉയർന്നുവന്നിരിക്കുന്നു, ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെന്ന നിലയിൽ അഭിമാനിക്കുന്നു. ഇന്ന് ഒരു യുവാവ് ഒരു സ്റ്റാർട്ടപ്പ് യാത്ര ആരംഭിക്കുമ്പോൾ, ശക്തമായ ഒരു ആവാസവ്യവസ്ഥ അവരെ പിന്തുണയ്ക്കുന്നു. അതുപോലെ, ഒരു യുവാവ് കായികരംഗത്ത് ഒരു കരിയർ വിഭാവനം ചെയ്യുമ്പോൾ, പരാജയഭീതിയില്ലാതെ അചഞ്ചലമായ ആത്മവിശ്വാസത്തോടെ അവർക്ക് അത് ചെയ്യാൻ കഴിയും. പരിശീലനം മുതൽ മത്സര ടൂർണമെന്റുകൾ വരെയുള്ള ആധുനിക സൗകര്യങ്ങൾ വിജയം ഉറപ്പാക്കുന്നതിനായി സ്ഥാപിച്ചുവരികയാണ്. വിവിധ മേഖലകളിൽ, ശ്രദ്ധേയമായ പരിവർത്തനത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവാണ് ഭാരതം. പുനരുപയോഗ ഊർജ്ജം മുതൽ ജൈവകൃഷി വരെയും, ബഹിരാകാശ മേഖല മുതൽ പ്രതിരോധം വരെയും, ടൂറിസം മുതൽ ക്ഷേമം വരെയും, രാജ്യം പുതിയ ഉയരങ്ങൾ താണ്ടുകയും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നതിന് നമ്മുടെ യുവജനങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കണം, ഈ ഉത്തരവാദിത്തം പ്രധാനമായും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിക്ഷിപ്തമാണ്. ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിന് ഒരു ആധുനിക വിദ്യാഭ്യാസ ചട്ടക്കൂടിന്റെ ആവശ്യകത പതിറ്റാണ്ടുകളായി രാഷ്ട്രത്തിന് അനുഭവപ്പെട്ടിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തോടെ, ഈ പരിവർത്തനാത്മക യാത്രയിൽ നാം ഏർപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് വിദ്യാർത്ഥികളെ അതിന്റെ കർക്കശതയാൽ പരിമിതപ്പെടുത്തിയിരുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോൾ അവർക്ക് ധാരാളം പുതിയ അവസരങ്ങൾ നൽകുന്നു. അടൽ ടിങ്കറിംഗ് ലാബുകൾ, ആധുനിക പിഎം-ശ്രീ സ്കൂളുകൾ തുടങ്ങിയ സംരംഭങ്ങൾ ചെറുപ്പം മുതലേ നൂതനമായ ഒരു മനോഭാവം വളർത്തിയെടുക്കുന്നു. മുമ്പ്, ഗ്രാമീണ, ദലിത്, പിന്നോക്ക, ഗോത്രവർഗ യുവജനങ്ങൾക്ക് ഭാഷ ഒരു പ്രധാന തടസ്സമായിരുന്നു. ഇത് പരിഹരിക്കുന്നതിന്, പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസവും പരീക്ഷകളും പ്രാപ്തമാക്കുന്ന നയങ്ങൾ ഞങ്ങൾ അവതരിപ്പിച്ചു. ഇന്ന്, നമ്മുടെ ഗവണ്മെൻ്റ് 13 വ്യത്യസ്ത ഭാഷകളിൽ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്താൻ അനുവദിക്കുന്നു. കൂടാതെ, അതിർത്തി ജില്ലകളിലെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി, ഞങ്ങൾ അവരുടെ റിക്രൂട്ട്മെന്റ് ക്വാട്ട വർദ്ധിപ്പിക്കുകയും പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിക്കുകയും ചെയ്തു. തൽഫലമായി, 50,000-ത്തിലധികം യുവജനങ്ങൾക്ക് കേന്ദ്ര സായുധ പോലീസ് സേനയിലെ തസ്തികകളിലേക്ക് നിയമന കത്തുകൾ ലഭിച്ചു. ഈ യുവജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
ഇന്ന് ചൗധരി ചരൺ സിംഗ് ജിയുടെ ജന്മദിനം കൂടിയാണ്. ഈ വർഷം ചൗധരി സാഹബിന് ഭാരതരത്നം സമ്മാനിക്കാൻ നമ്മുടെ ഗവൺമെന്റിന് ഭാഗ്യമുണ്ടായി. ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. ഈ ദിവസം നാം കിസാൻ ദിവസ് അല്ലെങ്കിൽ ദേശീയ കർഷക ദിനമായി ആഘോഷിക്കുന്നു, ഈ അവസരത്തിൽ, നമ്മുടെ രാജ്യത്തെ എല്ലാ കർഷകരെയും, നമ്മുടെ ഭക്ഷ്യ ദാതാക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഗ്രാമപ്രദേശങ്ങൾ അഭിവൃദ്ധി പ്രാപിച്ചാലേ ഭാരതം പുരോഗമിക്കൂ എന്ന് ചൗധരി സാഹബ് പലപ്പോഴും പറയാറുണ്ടായിരുന്നു. ഇന്ന്, നമ്മുടെ ഗവണ്മെന്റിൻ്റെ നയങ്ങളും തീരുമാനങ്ങളും ഗ്രാമീണ ഭാരതത്തിൽ പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്നു. കാർഷിക മേഖലയിൽ ഗണ്യമായ എണ്ണം യുവജനങ്ങൾ അർത്ഥവത്തായ തൊഴിൽ കണ്ടെത്തി, അവരുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ജോലികളിൽ ഏർപ്പെടുന്നു. ഗോബർധൻ യോജന പ്രകാരം, നൂറുകണക്കിന് ബയോഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണം വൈദ്യുതി ഉൽപ്പാദിപ്പിക്കുക മാത്രമല്ല, ആയിരക്കണക്കിന് യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്തു. നൂറുകണക്കിന് കാർഷിക വിപണികളെ ഇ-നാം യോജനയുമായി സംയോജിപ്പിക്കുന്നത് നിരവധി തൊഴിലവസരങ്ങൾ തുറന്നു നൽകി. അതുപോലെ, എത്തനോൾ മിശ്രിതം 20 ശതമാനമായി വർദ്ധിപ്പിക്കാനുള്ള ഗവണ്മെൻ്റ് തീരുമാനം കർഷകർക്ക് ഗുണം ചെയ്യുക മാത്രമല്ല, പഞ്ചസാര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഏകദേശം 9,000 കർഷക ഉൽപ്പാദക സംഘടനകൾ (FPO-കൾ) സ്ഥാപിക്കുന്നതിലൂടെ, ഗ്രാമീണ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കുന്നതിനൊപ്പം കർഷകർക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം നേടാനും ഞങ്ങൾ പ്രാപ്തരാക്കി. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംഭരണ പദ്ധതി ഗവണ്മെൻ്റ് നടപ്പിലാക്കുന്നു, ആയിരക്കണക്കിന് സംഭരണശാലകൾ നിർമ്മിക്കുന്നു. ഈ സംരംഭം ഗണ്യമായ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. രാജ്യത്തെ ഓരോ പൗരനും ഇൻഷുറൻസ് പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ഗവണ്മെൻ്റ് അടുത്തിടെ ബീമ സഖി യോജന ആരംഭിച്ചു. ഈ പരിപാടി ഗ്രാമപ്രദേശങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഡ്രോൺ ദീദി അഭിയാൻ, ലക്ഷ്പതി ദീദി അഭിയാൻ, അല്ലെങ്കിൽ ബാങ്ക് സഖി യോജന എന്നിവയിലൂടെ, ഈ സംരംഭങ്ങളെല്ലാം കാർഷിക മേഖലയിലും ഗ്രാമപ്രദേശങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ആയിരക്കണക്കിന് യുവതികൾക്ക് നിയമന കത്തുകൾ ലഭിച്ചു. നിങ്ങളുടെ വിജയം എണ്ണമറ്റ മറ്റ് സ്ത്രീകൾക്ക് ഒരു പ്രചോദനമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 26 ആഴ്ച പ്രസവാവധി അനുവദിക്കാനുള്ള ഞങ്ങളുടെ തീരുമാനം ലക്ഷക്കണക്കിന് സ്ത്രീകളുടെ കരിയർ സംരക്ഷിക്കുകയും അവരുടെ അഭിലാഷങ്ങൾ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. സ്ത്രീകളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കാൻ ഞങ്ങളുടെ ഗവണ്മെൻ്റ് അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം വർഷങ്ങളോളം, സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റുകൾ ഇല്ലാത്തതിനാൽ നിരവധി പെൺകുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരായി. സ്വച്ഛ് ഭാരത് അഭിയാനിലൂടെ ഞങ്ങൾ ഈ പ്രശ്നം പരിഹരിച്ചു. സാമ്പത്തിക പരിമിതികൾ ഇനി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുന്നില്ലെന്ന് സുകന്യ സമൃദ്ധി യോജന ഉറപ്പാക്കി. ഗവണ്മെൻ്റ് പദ്ധതികളിൽ നിന്ന് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കാൻ 30 കോടി സ്ത്രീകൾക്ക് ജൻ ധൻ അക്കൗണ്ടുകൾ തുറന്നു. മുദ്ര യോജനയ്ക്ക് കീഴിൽ സ്ത്രീകൾക്ക് ഈടില്ലാത്ത വായ്പകൾ ലഭിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ, സ്ത്രീകൾ പലപ്പോഴും മുഴുവൻ വീടുകളും കൈകാര്യം ചെയ്തിരുന്നു, എന്നാൽ സ്വത്തിന്റെ ഉടമസ്ഥാവകാശം അവരുടെ പേരിൽ വളരെ അപൂർവമായിരുന്നു. ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നൽകുന്ന മിക്ക വീടുകളും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോഷൻ അഭിയാൻ, സുരക്ഷിത് മാതൃത്വ അഭിയാൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങൾ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ ലഭ്യത ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. നാരി ശക്തി വന്ദൻ നിയമത്തിലൂടെ, നിയമസഭകളിലും ലോക്സഭയിലും സ്ത്രീകൾ സംവരണം നേടിയിട്ടുണ്ട്. നമ്മുടെ സമൂഹവും രാജ്യവും സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് അതിവേഗം മുന്നേറുകയാണ്.
സുഹൃത്തുക്കളേ,
ഇന്ന് നിയമന കത്തുകൾ സ്വീകരിക്കുന്ന യുവ പ്രൊഫഷണലുകൾ ആധുനികവൽക്കരിച്ച ഒരു ഗവണ്മെൻ്റ് സംവിധാനത്തിന്റെ ഭാഗമായി മാറും. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഗവണ്മെൻ്റ് ഓഫീസുകളുടെയും അവയുടെ പ്രവർത്തനത്തിന്റെയും കാലഹരണപ്പെട്ട പ്രതിച്ഛായയിൽ മാറ്റം സംഭവിച്ചു. ഇന്ന്, ഗവണ്മെൻ്റ് ജീവനക്കാരുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിച്ചതായി നാം കാണുന്നു, അവരുടെ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നേടിയ വിജയമാണിത്. പഠിക്കാനുള്ള നിങ്ങളുടെ ഉത്സാഹവും മികവ് പുലർത്താനുള്ള നിങ്ങളുടെ ദൃഢനിശ്ചയവും മൂലമാണ് നിങ്ങൾ ഈ നാഴികക്കല്ലിൽ എത്തിയിരിക്കുന്നത്. നിങ്ങളുടെ കരിയറിൽ ഉടനീളം ഇതേ ആവേശം നിലനിർത്തുക. iGOT കർമ്മയോഗി പ്ലാറ്റ്‌ഫോം നിങ്ങളുടെ തുടർച്ചയായ പഠന യാത്രയെ പിന്തുണയ്ക്കും. ഇത് 1,600-ലധികം വൈവിധ്യമാർന്ന കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു, വിവിധ വിഷയങ്ങളിൽ ഫലപ്രദമായും കുറഞ്ഞ സമയത്തിനുള്ളിലും അറിവ് നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങൾ ചെറുപ്പമാണ്, നമ്മുടെ രാജ്യത്തിന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. നമ്മുടെ യുവജനങ്ങൾക്ക് കൈവരിക്കാൻ കഴിയാത്തതായി ഒരു ലക്ഷ്യവുമില്ല. നവീകരിച്ച ഊർജ്ജത്തോടും ലക്ഷ്യബോധത്തോടും കൂടി ഈ പുതിയ അധ്യായം ആരംഭിക്കുക. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാ യുവജനങ്ങൾക്കും ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. ശോഭനവും വിജയകരവുമായ ഒരു ഭാവിക്ക് എന്റെ ആശംസകൾ.
വളരെ നന്ദി.
ഡിസ്ക്ലെയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
***
NK
(Release ID: 2110287)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada