പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ് (സോൾ) ദേശീയമായും ആഗോളമായും മികച്ച നേതാക്കളെ രൂപപ്പെടുത്തും: പ്രധാനമന്ത്രി

ഇന്ത്യ ഇന്ന് ഒരു ആഗോള ശക്തികേന്ദ്രമായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി

നേതാക്കൾ പുതിയ പ്രവണതകൾ സൃഷ്ടിക്കണം: പ്രധാനമന്ത്രി

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് എല്ലാ മേഖലയിലും ഭാവി നേതൃത്വത്തിൽ ഊജ്ജവും ഉത്സാഹവും വളർത്തുക എന്നതായിരിക്കണം സോളിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

ആഗോള മികവിന്റെ പുതിയ സ്ഥാപനങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം: പ്രധാനമന്ത്രി

ഒരു ലക്ഷ്യം പങ്കിടുന്നതിലൂടെ ഉണ്ടാകുന്ന ബന്ധം രക്തബന്ധത്തേക്കാൾ ശക്തമാണ്: പ്രധാനമന്ത്രി

Posted On: 21 FEB 2025 12:54PM by PIB Thiruvananthpuram

സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. "രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ  മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്", പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത്‌ ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.

സോൾ ഇന്ന് അതിന്റെ യാത്രയിലെ ആദ്യ ചുവടുവെപ്പ് നടത്തുമ്പോൾ, സ്ഥാപനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന നിർണായക പങ്ക് ഓർക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയെ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാനും  പ്രതിഭാശാലികളും കാര്യക്ഷമതയുമുള്ള വെറും 100 നേതാക്കളുടെ സഹായത്തോടെ അതിനെ രൂപാന്തരപ്പെടുത്താനും ദീഘദർശിയായ ആ നേതാവ് എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യം അതേ തീക്ഷ്ണതയോടെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ വികസിത ഭാരതത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഓരോ പൗരനും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 140 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് എല്ലാ മേഖലകളിലും, മികച്ച  നേതൃത്വത്തിന്റെ ആവശ്യകത അടിവരയിട്ടു. രാഷ്ട്രീയ മേഖലയിലുൾപ്പെടെ ലോകമെമ്പാടും മുദ്രചാർത്താനുതകുന്ന നേതാക്കളെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യവിഭവശേഷിയുടെയും പ്രകൃതിവിഭവങ്ങളുടെയും നിർണായക പ്രാധാന്യത്തെക്കുറിച്ചും ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മതിയായ പ്രകൃതിവിഭവങ്ങളുടെ അഭാവമുണ്ടായിട്ടും, മനുഷ്യ മൂലധനത്താൽ നയിക്കപ്പെടുന്ന നേതൃത്വത്തിലൂടെ ഗുജറാത്ത് എങ്ങനെ ഒരു മികച്ച സംസ്ഥാനമായി ഉയർന്നുവന്നുവെന്ന് ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. "ഏറെ സാധ്യതയുള്ളതാണ് മനുഷ്യവിഭവശേഷി" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 21-ാം നൂറ്റാണ്ടിന് നൂതനാശയങ്ങളെ നയിക്കാനും കഴിവുകൾ ഉചിതമായി പ്രയോജനപ്പെടുത്താനും ശേഷിയുള്ള  വിഭവങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലുടനീളം കഴിവുകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ശാസ്ത്രീയവും ഘടനാപരവുമായ സമീപത്തോടെ പിന്തുടർന്നുകൊണ്ടുള്ള നേതൃത്വ വികസനത്തിന്റെ ആവശ്യകത ശ്രീ മോദി വ്യക്തമാക്കി. സോൾ പോലുള്ള സ്ഥാപനങ്ങൾ ഈ പ്രക്രിയയിൽ വഹിക്കേണ്ട സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട് ഈ ദിശയിൽ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാർ, സംസ്ഥാന പ്രോജക്ട് ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കായി ശില്പശാലകൾ നടത്തിയിട്ടുള്ള കാര്യവും അദ്ദേഹം പരാമർശിച്ചു. ഇതിന് പുറമെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാർക്കായി ഒരു നേതൃത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്നും നേതൃത്വ വികസനത്തിനായി ലോകത്തിലെ മുൻനിര സ്ഥാപനമായി മാറാൻ സോൾ ലക്ഷ്യംവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ഒരു ആഗോള ശക്തികേന്ദ്രമായി ഉയർന്നുവരുന്നു", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ മേഖലകളിലും ഈ ഗതിവേഗം വർദ്ധിക്കണമെങ്കിൽ ലോകോത്തര നിലവാരത്തിലുള്ള നേതാക്കളും അന്താരാഷ്ട്ര നേതൃത്വവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോൾ പോലുള്ള നേതൃത്വ സ്ഥാപനങ്ങളുടെ, ഗെയിം ചേഞ്ചറുകളാകാനുള്ള സാധ്യത എടുത്തുകാട്ടിയ പ്രധാനമന്ത്രി, അത്തരം അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഐച്ഛികം മാത്രമല്ല ഒരു അനിവാര്യതയുമാണെന്ന് പ്രസ്താവിച്ചു. "ആഗോള വേദികളിൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ആഗോള സങ്കീർണ്ണതകൾക്കും ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്ന ഊർജ്ജസ്വലരായ നേതാക്കളുടെ ആവശ്യം എല്ലാ മേഖലകളിലും ഉണ്ട്", ശ്രീ മോദി അടിവരയിട്ടു. അത്തരം നേതാക്കൾക്ക് ഒരു ആഗോള സമീപനം ഉണ്ടായിരിക്കണമെന്നും അതേസമയം ഒരു പ്രാദേശിക മനോഭാവം നിലനിർത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ മനസ്സിനെയും അന്താരാഷ്ട്ര മനോഭാവത്തെയും മനസ്സിലാക്കുന്നതും തന്ത്രപരമായ തീരുമാനമെടുക്കൽ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, ഭാവി ചിന്ത എന്നിവയുള്ള വ്യക്തികളെ തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണികളും ആഗോള സ്ഥാപനങ്ങളുമായി  മത്സരിക്കുന്നതിന്, അന്താരാഷ്ട്ര ബിസിനസ് ചലനാത്മകത മനസ്സിലാക്കുന്ന നേതാക്കൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വലിയ തോതിൽ, ഉയർന്ന പ്രതീക്ഷകൾ പുലർത്താവുന്ന അത്തരം നേതാക്കളെ വാർത്തെടുക്കുക എന്നതാണ് സോളിന്റെ പങ്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിലെ നേതൃത്വം അധികാരത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, മറിച്ച് നേതൃത്വപരമായ പങ്കിന് നവീകരണത്തിലും സ്വാധീനത്തിലുമുള്ള കഴിവുകൾ ആവശ്യമാണെന്ന് ഓർക്കണമെന്നും ശ്രീ മോദി പറഞ്ഞു. അത്തരം ആവശ്യകതയ്ക്കനുസരിച്ച് രാജ്യത്തെ വ്യക്തികൾ ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വ്യക്തികളിൽ വിമർശനാത്മക ചിന്ത, അപകടസാധ്യതകൾ ഏറ്റെടുക്കൽ, പരിഹാരമാർഗ്ഗങ്ങൾ എന്നിവ വികസിപ്പിക്കാൻ സോൾ സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കലുഷിതമായ പരിണാമങ്ങൾക്കിടയിൽ  പ്രവർത്തിക്കാൻ തയ്യാറുള്ള നേതാക്കളെ ഈ സ്ഥാപനം സൃഷ്ടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പുത്തൻ പ്രവണതകൾ സൃഷ്ടിക്കുന്ന നേതാക്കളെ പിന്തുടരുന്നതിനുപകരം അത്തരത്തിലുള നേതാക്കളെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നയതന്ത്രം മുതൽ സാങ്കേതിക, നവീകരണം വരെയുള്ള മേഖലകളിൽ ഇന്ത്യ പുതിയ നേതൃത്വം കൈവരിക്കുമ്പോൾ, വിവിധ മേഖലകളിൽ രാജ്യത്തിന്റെ സ്വാധീനവും പ്രതിഫലനവും വർദ്ധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മുഴുവൻ കാഴ്ചപ്പാടും ഭാവിയും ശക്തമായ നേതൃത്വ തലമുറയെ ആശ്രയിച്ചിരിക്കുന്നുവെന്ന് എടുത്തുകാണിച്ച ശ്രീ മോദി, ആഗോള ചിന്തയും പ്രാദേശിക വളർച്ചയും സംയോജിപ്പിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഭരണനിർവ്വഹണത്തെയും നയരൂപീകരണത്തെയും ലോകോത്തരമാക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടുകൊണ്ട്, നയരൂപീകരണകർത്താക്കളും ഉദ്യോഗസ്ഥരും സംരംഭകരും ആഗോള മികച്ച രീതികൾ ഉൾക്കൊള്ളുന്ന നയങ്ങൾ രൂപപ്പെടുത്തുമ്പോൾ ഇത് കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സോൾ പോലുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന സുപ്രധാന പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് എല്ലാ മേഖലകളും ദ്രുതഗതിയിൽ പുരോഗമിക്കേണ്ട ആവശ്യകത ആവർത്തിച്ചുകൊണ്ട്, മഹാന്മാരായ വ്യക്തികളുടെ പെരുമാറ്റ രീതികൾ ആളുകൾ പിന്തുടരണമെന്ന് ഊന്നിപ്പറയുന്ന മഹത് വചനങ്ങൾ ശ്രീ മോദി ഉദ്ധരിച്ചു. ഇന്ത്യയുടെ ദേശീയ ദർശനത്തെ പ്രതിഫലിപ്പിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ശക്തിയും ചൈതന്യവും വളർത്തുക എന്നതായിരിക്കണം സോളിന്റെ ലക്ഷ്യമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശക്തമായ നേതൃത്വം സംജാതമായാൽ ആവശ്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളും സ്വാഭാവികമായി ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പൊതുനയത്തിലും സാമൂഹിക മേഖലകളിലും ശക്തിയും ചൈതന്യവും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഡീപ്-ടെക്, ബഹിരാകാശം, ബയോടെക്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ ഉയർന്നുവരുന്ന മേഖലകൾക്കായി ശക്തമായ നേതൃത്വത്തെ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെട്ടു. കായിക രംഗം, കൃഷി, ഉൽപ്പാദനം, സാമൂഹിക സേവനം തുടങ്ങിയ പരമ്പരാഗത മേഖലകൾക്ക് ശക്തമായ നേതൃത്വം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാ മേഖലകളിലും മികവ് ആഗ്രഹിക്കുക മാത്രമല്ല, അത് നേടാനും ഇന്ത്യയ്ക്ക് കഴിയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ആഗോള മികവിന്റെ പുതിയ സ്ഥാപനങ്ങൾ വികസിപ്പിക്കാൻ ശേഷിയുള്ള  നേതാക്കളെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്," ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചരിത്രം അത്തരം സ്ഥാപനങ്ങളുടെ മഹത്തായ കഥകളാൽ നിറഞ്ഞിരിക്കുന്നുവെന്നും ആ ചൈതന്യം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ കഴിവുള്ള നിരവധി വ്യക്തികളുണ്ടാകുമെന്ന്  ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മോദി, അവരുടെ സ്വപ്നങ്ങൾക്കും ദർശനത്തിനുമുള്ള ഒരു പരീക്ഷണശാലയായിരിക്കണം ഈ സ്ഥാപനമെന്ന് ആവശ്യപ്പെട്ടു. ഇന്ന് സ്ഥാപിക്കപ്പെടുന്ന അടിത്തറ ഭാവി തലമുറകൾക്ക് അഭിമാനത്തിന്റെ ഉറവിടമായിരിക്കണമെന്നും 25-50 വർഷങ്ങൾക്ക് ശേഷം അവർ ഇത് അഭിമാനത്തോടെ ഓർക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് സ്ഥാപനത്തിന് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മോദി എടുത്തുപറഞ്ഞു. വെല്ലുവിളികളും അവസരങ്ങളും ഉള്ള മേഖലകളെയും ഘടകങ്ങളെയും വ്യക്തമായി നിർവചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഒരു പൊതു ലക്ഷ്യത്തോടെയും കൂട്ടായ പരിശ്രമത്തിലൂടെയും നമ്മൾ മുന്നോട്ട് പോകുമ്പോൾ, ഫലങ്ങൾ അസാധാരണമായിരിക്കും", പ്രധാനമന്ത്രി പറഞ്ഞു. ഒരു പൊതു ലക്ഷ്യത്താൽ രൂപപ്പെടുന്ന ബന്ധം രക്തബന്ധത്തെക്കാൾ ശക്തമാണെന്നും അതാണ് മനസ്സുകളെ ഒന്നിപ്പിക്കുന്നതെന്നും, അഭിനിവേശം വളർത്തുന്നതെന്നും, കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രധാന പൊതു ലക്ഷ്യവും ഉദ്ദേശ്യവും നേതൃത്വത്തിന്റെയും ടീം സ്പിരിറ്റിന്റെയും വികസനത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തികൾ അവരുടെ ലക്ഷ്യങ്ങൾക്കായി സ്വയം സമർപ്പിക്കുകയും അവരുടെ മികച്ച കഴിവുകൾ പുറത്തുകൊണ്ടുവരികയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതു ലക്ഷ്യം വ്യക്തികളിൽ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരിക മാത്രമല്ല, വലിയ ലക്ഷ്യത്തിനനുസരിച്ച് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഉയർന്ന തലങ്ങളിലെത്താൻ ആവശ്യമായ കഴിവുകൾ നേടാൻ പരിശ്രമിക്കുന്ന നേതാക്കളെ ഈ പ്രക്രിയ വളർത്തിയെടുക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

"ഒരു പൊതു ലക്ഷ്യം ടീം സ്പിരിറ്റിനുള്ള അതുല്യമായ മനോഭാവം വളർത്തുന്നു", ശ്രീ മോദി പറഞ്ഞു. ഒരു പൊതു ലക്ഷ്യത്തോടെ ആളുകൾ ഒരുമിച്ച് മുന്നോട്ടുപോകുമ്പോൾ, ശക്തമായ ഒരു ബന്ധം വികസിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ടീം ബിൽഡിംഗ് പ്രക്രിയ നേതൃത്വത്തിനും വഴിതളിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പൊതു ലക്ഷ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് രാഷ്ട്രീയത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും നേതാക്കളെ സൃഷ്ടിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചൈതന്യം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

മന്ത്രമാക്കി മാറ്റാൻ കഴിയാത്ത ഒരു വാക്കുമില്ല, ഔഷധമാകാൻ കഴിയാത്ത ഒരു സസ്യവുമില്ല, കഴിവില്ലാത്ത ഒരു വ്യക്തിയുമില്ല എന്ന് ഒരു സംസ്കൃത വാക്യം ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തികളെ ശരിയായി ഉപയോഗപ്പെടുത്താനും നയിക്കാനും ഉള്ള ഒരു ആസൂത്രകന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. അത്തരമൊരു ആസൂത്രകന്റെ പങ്ക് സോൾ നിർവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത നിരവധി നേതാക്കൾ അവരുടെ നേതൃത്വപരമായ കഴിവുകൾ പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വികസനത്തിന്റെ വ്യത്യസ്ത തലങ്ങളെ ഊന്നിപ്പറയുന്ന ഒരു ഉദ്ധരണി അദ്ദേഹം പരാമർശിച്ചു: സ്വയം വികസനത്തിലൂടെ വ്യക്തിഗത വിജയം, ടീം വികസനത്തിലൂടെ സംഘടനാ വളർച്ച, നേതൃത്വ വികസനത്തിലൂടെ സ്ഫോടനാത്മകമായ വളർച്ച. ഈ തത്വങ്ങൾ എല്ലാവരുടെയും കടമകളെയും സംഭാവനകളെയും ഓർമ്മിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

21-ാം നൂറ്റാണ്ടിലും കഴിഞ്ഞ ദശകത്തിലും ജനിച്ച യുവാക്കൾ രൂപപ്പെടുത്തിയ ഒരു പുതിയ സാമൂഹിക ക്രമത്തിന്റെ ആവിർഭാവത്തെ എടുത്തുകാണിച്ചുകൊണ്ട്, ഈ തലമുറ യഥാർത്ഥത്തിൽ ഇന്ത്യയിലെ ആദ്യത്തെ വികസിത തലമുറയായിരിക്കുമെന്ന് പറയുകയും, അവരെ "അമൃത് പീഢി" (അമൃത തലമുറ) എന്ന് പരാമർശിക്കുകയും ചെയ്തു. ഈ "അമൃത് പീഢി"യുടെ നേതൃത്വത്തെ തയ്യാറാക്കുന്നതിൽ പുതിയ സ്ഥാപനമായ സോൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ. ഡാഷോ ഷെറിങ് ടോബ്ഗേ, സോൾ ബോർഡ് ചെയർമാൻ ശ്രീ സുധീർ മേത്ത, വൈസ് ചെയർമാൻ ശ്രീ ഹസ്മുഖ് അധിയ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയിൽ സംബന്ധിച്ചു. ഭൂട്ടാൻ രാജാവിന്റെ ജന്മദിനമായ ഇന്ന്, വളരെ പ്രധാനപ്പെട്ട ഒരു ദിനമായിരുന്നിട്ടുകൂടി ഈ പരിപാടിയിൽ പങ്കെടുത്തതിന് ഭൂട്ടാൻ പ്രധാനമന്ത്രിയോട് ശ്രീ മോദി നന്ദി പറഞ്ഞു.

പശ്ചാത്തലം

ഫെബ്രുവരി 21 മുതൽ 22 വരെ നടക്കുന്ന ദ്വിദിന സോൾ ലീഡർഷിപ്പ് കോൺക്ലേവ്, രാഷ്ട്രീയം, കായികം, കല, മാധ്യമങ്ങൾ, ആത്മീയ ലോകം, പൊതുനയം, ബിസിനസ്സ്, സാമൂഹികം  തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ അവരുടെ പ്രചോദനാത്മകമായ ജീവിത യാത്രകൾ പങ്കുവെക്കുകയും നേതൃ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായി വർത്തിക്കും. സഹകരണത്തിന്റെയും നേതൃത്വ ചിന്തയുടെയും ആവാസവ്യവസ്ഥയെ കോൺക്ലേവ് പരിപോഷിപ്പിക്കുകയും അത് ജയ-പരാജയങ്ങളിൽ നിന്നും  പാഠം ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിൽ യുവ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ചെയ്യും.

പൊതുനന്മയ്ക്കായി യഥാർത്ഥ നേതാക്കളെ തയ്യാറാക്കുന്നത്തിനായി ഗുജറാത്തിൽ ആരംഭിക്കുന്ന ഒരു നേതൃത്വ സ്ഥാപനമാണ് സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്. ഔപചാരിക പരിശീലനത്തിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭൂപ്രകൃതി വിശാലമാക്കുക, രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്ന് മാത്രമല്ലാതെ, യോഗ്യത, പ്രതിബദ്ധത, പൊതുസേവനത്തോടുള്ള അഭിനിവേശം എന്നിവയിലൂടെ ഉയർന്നുവരുന്നവരെയും  ഉൾപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആധുനികലോകത്തിൽ, നേതൃത്വ സ്ഥാനത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികൾ മറികടക്കാൻ ആവശ്യമായ ഉൾക്കാഴ്ചകളും കഴിവുകളും വൈദഗ്ധ്യവും സോൾ നൽകുന്നു

Addressing the SOUL Leadership Conclave in New Delhi. It is a wonderful forum to nurture future leaders. @LeadWithSoul
https://t.co/QI5RePeZnV

— Narendra Modi (@narendramodi) February 21, 2025

The School of Ultimate Leadership (SOUL) will shape leaders who excel nationally and globally. pic.twitter.com/x8RWGSZsFl

— PMO India (@PMOIndia) February 21, 2025

Today, India is emerging as a global powerhouse. pic.twitter.com/RQWJIW1pRz

— PMO India (@PMOIndia) February 21, 2025

Leaders must set trends. pic.twitter.com/6mWAwNAWKX

— PMO India (@PMOIndia) February 21, 2025

Instilling steel and spirit in every sector. pic.twitter.com/EkOVPGc9MI

— PMO India (@PMOIndia) February 21, 2025

 

***

SK


(Release ID: 2105307) Visitor Counter : 13