രാഷ്ട്രപതിയുടെ കാര്യാലയം
ദേശീയ ഗോത്രോത്സവമായ 'ആദി മഹോത്സവം' രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു
Posted On:
16 FEB 2025 6:21PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഫെബ്രുവരി 16, 2025) ന്യൂഡൽഹിയിൽ ദേശീയ ഗോത്രോത്സവം 'ആദി മഹോത്സവം ' ഉദ്ഘാടനം ചെയ്തു.
ഗോത്ര പൈതൃകം ഉയർത്തിക്കാട്ടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന പരിപാടിയാണ് ആദി മഹോത്സവം എന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. "ഗോത്ര സമൂഹത്തിലെ സംരംഭകർക്കും കരകൗശല വിദഗ്ധർക്കും കലാകാരന്മാർക്കും വിപണിയുമായി ബന്ധപ്പെടാൻ ഇത്തരം പരിപാടികൾ മികച്ച അവസരം നൽകുന്നു."
ഗോത്ര സമൂഹത്തിന്റെ കരകൗശല വസ്തുക്കൾ, ഭക്ഷണം, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചികിത്സാ രീതികൾ, വീട്ടുപകരണങ്ങൾ, കായിക വിനോദങ്ങൾ എന്നിവ നമ്മുടെ രാജ്യത്തിന്റെ വിലയേറിയ പൈതൃകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അതേസമയം, പ്രകൃതിയുമായും സുസ്ഥിര ജീവിതശൈലീ തത്വങ്ങളുമായി സ്വാഭാവികചേർച്ചയുള്ളതിനാൽ അവ ആധുനികവും ശാസ്ത്രീയവുമാണ് എന്ന് രാഷ്‌ട്രപതി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഗോത്ര സമൂഹത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്രവിഭാഗങ്ങളുടെ വികസനത്തിനുള്ള ബജറ്റ് അഞ്ച് മടങ്ങ് വർദ്ധിച്ച് ഏകദേശം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയായി. ഇതിനുപുറമെ, ഗോത്ര ക്ഷേമ ബജറ്റ് വിഹിതം മൂന്ന് മടങ്ങ് വർദ്ധിച്ച് ഏകദേശം 15, 000 കോടി രൂപയായി. ഗോത്ര സമൂഹം പുരോഗമിക്കുമ്പോൾ മാത്രമേ നമ്മുടെ രാജ്യവും യഥാർത്ഥ അർത്ഥത്തിൽ പുരോഗമിക്കുകയുള്ളൂ എന്നതാണ് ഗോത്ര സമൂഹത്തിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിനു പിന്നിലെ ആശയമെന്ന് രാഷ്‌ട്രപതി പറഞ്ഞു. അതുകൊണ്ടാണ്, ഗോത്ര സ്വത്വത്തോടുള്ള ആദരം വർദ്ധിപ്പിക്കുന്നതിനൊപ്പം, ഗോത്ര സമൂഹത്തിന്റെ ദ്രുത ഗതിയിലുള്ള വികസനത്തിനായി ബഹുമുഖ ശ്രമങ്ങൾ നടക്കുന്നത്.
ഗോത്ര സമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിലും തൊഴിലിലെ പുരോഗതിയിലും രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു . ഏതൊരു സമൂഹത്തിന്റെയും വികസനത്തിൽ വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ എടുത്തുപറഞ്ഞു. രാജ്യത്തെ 470-ലധികം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലൂടെ ഗോത്ര വിഭാഗത്തിലെ ഏകദേശം 1.25 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഗോത്ര വിഭാഗത്തിന് ആധിപത്യമുള്ള പ്രദേശങ്ങളിൽ 30 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. ഗോത്ര സമൂഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക പ്രശ്നം പരിഹരിക്കുന്നതിനായി പ്രത്യേക ദേശീയ ദൗത്യം ആരംഭിച്ചു. ഈ ദൗത്യത്തിന് കീഴിൽ, 2047 ആകുമ്പോഴേക്കും സിക്കിൾ സെൽ അനീമിയ നിർമാർജനം ചെയ്യുക എന്നതാണ് ലക്ഷ്യം.
2025 ഫെബ്രുവരി 16 മുതൽ 24 വരെ ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് ഗോത്ര കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 'ആദി മഹോത്സവം' സംഘടിപ്പിച്ചിരിക്കുന്നത് . നമ്മുടെ രാജ്യത്തെ ഗോത്ര സമൂഹങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പരമ്പരാഗത സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
******************
(Release ID: 2103870)
Visitor Counter : 32