ആഭ്യന്തരകാര്യ മന്ത്രാലയം
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന 38-ാമത് 'ദേശീയ ഗെയിംസിന്റെ' സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു
Posted On:
14 FEB 2025 7:58PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന 38-ാമത് 'ദേശീയ ഗെയിംസിന്റെ' സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, മേഘാലയ മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മ, കേന്ദ്ര റോഡ്,ഗതാഗത, ഹൈവേ സഹമന്ത്രി ശ്രീ അജയ് തംത എന്നിവരും മറ്റ് നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
38-ാമത് ദേശീയ ഗെയിംസിന്റെ വിജയകരമായ സംഘാടനത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തതായും ഇതോടെ ദേവ് ഭൂമി (ഉത്തരാഖണ്ഡ്) ഇപ്പോൾ 'ഖേൽ(കായിക) ഭൂമി'യായി മാറിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ പരിശ്രമഫലമായി, കായിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ദേവ് ഭൂമി രാജ്യത്തെ 21-ാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ദേശീയ ഗെയിംസിൽ നിരവധി മെഡലുകൾ നേടിയ ഉത്തരാഖണ്ഡിൽ നിന്നുള്ള കായികതാരങ്ങളെ അഭിനന്ദിച്ച അദ്ദേഹം ദേവ് ഭൂമിയെ യഥാർത്ഥത്തിൽ കായിക ഭൂമിയാക്കി മാറ്റിയത് അവരാണെന്ന് പറഞ്ഞു.
38-ാമത് ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയെയും കായിക ഫെഡറേഷനുകളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. ഉത്തരാഖണ്ഡ് പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഈ ഗെയിമുകൾ ഇത്രയും മികവുറ്റ രീതിയിൽ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത് അവരുടെ പരിശ്രമം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസിന്റെ ഭാഗമായി ഏകദേശം 435 മത്സര ഇനങ്ങളിൽ ഏകദേശം 16,000 അത്‌ലറ്റുകൾ പങ്കെടുത്തതായി അദ്ദേഹം പരാമർശിച്ചു. കായിക മത്സരങ്ങളുടെ യഥാർത്ഥ സന്ദേശം പരാജയത്തിൽ നിരാശരാകുന്നതല്ല മറിച്ച് വിജയത്തിൽ ഉണ്ടാകുന്ന ആവേശമാണെന്ന് ശ്രീ ഷാ പറഞ്ഞു. അടുത്ത ദേശീയ ഗെയിംസ് നടക്കുന്ന മേഘാലയയിൽ മെഡലുകൾ നേടാൻ അത്‌ലറ്റുകൾക്ക് മറ്റൊരു അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
38-ാമത് ദേശീയ ഗെയിംസിൽ പരിസ്ഥിതി സൗഹൃദ ഗെയിമുകൾക്കൊപ്പം പരിസ്ഥിതി സൗഹൃദ രീതികളും യാഥാർത്ഥ്യമാക്കിയതായി ശ്രീ അമിത് ഷാ പറഞ്ഞു. ഭാരോദ്വഹനം, ഷൂട്ടിംഗ്, അത്‌ലറ്റിക്‌സ് എന്നിവയുൾപ്പെടെ നിരവധി കായിക ഇനങ്ങളിൽ ദേശീയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടത് അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടാനുള്ള രാജ്യത്തിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതായി അദ്ദേഹം പരാമർശിച്ചു. മേഘാലയയിൽ നടക്കുന്ന അടുത്ത ദേശീയ ഗെയിംസിൽ, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചില പരിപാടികൾ സംഘടിപ്പിക്കുമെന്നും, അങ്ങനെ വടക്കുകിഴക്കൻ മേഖലയിലാകെ ദേശീയ ഗെയിംസിന്റെ ആവേശം പ്രതിധ്വനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ്, മേഘാലയ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഈ സംസ്ഥാനങ്ങളുടെ കായിക മേഖലയോടുള്ള സമർപ്പണത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യത്തെ കായിക അന്തരീക്ഷത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. രാജ്യത്തെ പല ജില്ലകളിലും കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും, അത്‌ലറ്റുകളെയും പരിശീലകരെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക മത്സരങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത കൊണ്ടുവന്നിട്ടുണ്ടെന്നും, ഇത് ആഗോളതലത്തിൽ ഇന്ത്യൻ കായിക രംഗത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യൻ കായിക ഇനങ്ങളുടെ ഭാവി ശോഭനമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ യുവാക്കളെയും കായിക മേഖലയിലേക്ക് പ്രചോദിപ്പിച്ചിട്ടുണ്ട്. കായിക മത്സരങ്ങളുടെ അന്തസത്ത എന്നത് വിജയത്തിൽ ആവേശം ഉണ്ടായിരിക്കുകയും തോൽവിയിൽ നിരാശപ്പെടാതെ തോൽവിക്ക് ശേഷം വീണ്ടും വിജയിക്കാൻ പ്രചോദിതരാകുകയും ചെയ്യുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവാക്കളിൽ കായിക മേഖലയോടുള്ള ആവേശം, സ്നേഹം, കളിക്കാനുള്ള ആത്മവിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവിച്ചു. കായികതാരങ്ങൾ പ്രധാനമന്ത്രി മോദിയെ "ഖേൽ മിത്ര" എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം പരാമർശിച്ചു.
2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ രാജ്യത്തിന്റെ കായിക ബജറ്റ് 800 കോടിരൂപയായിരുന്നുവെന്നും 2025-26 ആയപ്പോഴേക്കും കായിക ബജറ്റ് 3,800 കോടിരൂപയായി വർദ്ധിച്ചുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 2014 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 15 മെഡലുകൾ നേടി, ഇപ്പോൾ അത് 26 ആയി ഉയർന്നു. അതുപോലെ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 2014-ൽ 57 മെഡലുകൾ നേടി, ഇപ്പോൾ എണ്ണം 107 ആയി ഉയർന്നു. പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ തുടക്കത്തിൽ 33 മെഡലുകൾ നേടി, ഇപ്പോൾ അത് 111 ആയി ഉയർന്നു.
രാജ്യത്തെ കായികതാരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളിലും രാജ്യത്തിന് അഭിമാനം പകർന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവിച്ചു. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും നമ്മുടെ കായികതാരങ്ങൾ നിരവധി മെഡലുകൾ നേടിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഇത് രാജ്യത്തിന്റെ കായിക അടിസ്ഥാന സൗകര്യങ്ങൾ, കായിക അന്തരീക്ഷം, വിജയത്തോടുള്ള ആവേശം എന്നിവയിലെ ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു.
ഉത്തരാഖണ്ഡ് പോലുള്ള മലനിരകൾ നിറഞ്ഞ ഒരു സംസ്ഥാനം ഇത്രയും വലിയൊരു പരിപാടി വിജയകരമായി സംഘടിപ്പിച്ചത്, ഇന്ത്യയിലെ ഓരോ സംസ്ഥാനവും കളിക്കാൻ തയ്യാറാണെന്ന് മാത്രമല്ല, കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും തയ്യാറാണെന്നതിന്റെ സൂചനയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ടോപ്സ് (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം) ഉപയോഗപ്പെടുത്തി, നമ്മുടെ നിരവധി കായികതാരങ്ങൾ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മികച്ച വിജയത്തിനായി തയ്യാറെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2036 ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ശ്രീ ഷാ പരാമർശിച്ചു. ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ശ്രമം നടത്തിയിട്ടുണ്ട്. 2036 ൽ ഇന്ത്യയിൽ ഒളിമ്പിക്സ് നടക്കുമ്പോൾ, ഉത്തരാഖണ്ഡിലെ ഈ കായിക പരിപാടിയിൽ പങ്കെടുത്ത കായികതാരങ്ങൾ മെഡലുകൾ നേടുമെന്നും അതുവഴി ത്രിവർണ്ണ പതാക ഉയർത്തി രാജ്യത്തിന് അഭിമാനം പകരുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.
2019 ൽ ഇതേ ദിവസം, ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സൈനികർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. അവരുടെ ത്യാഗം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, തീവ്രവാദികൾക്കെതിരെ അതിർത്തി കടന്നുള്ള വ്യോമാക്രമണം നടത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതികരണത്തിനും കാരണമായി എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതുമൂലം ഇന്ത്യയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് മാറിയിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തികളെയും സൈന്യത്തെയും അവമതിക്കാൻ ആർക്കും കഴിയില്ലെന്ന സന്ദേശം ഈ നടപടികൾ ലോകമെമ്പാടുമുള്ള എല്ലാ തീവ്രവാദികളിലും എത്തിച്ചതായി അദ്ദേഹം പറഞ്ഞു.
*****
(Release ID: 2103425)
Visitor Counter : 41