ആഭ്യന്തരകാര്യ മന്ത്രാലയം
'സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി ന്യൂഡൽഹിയിൽ ചേർന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
Posted On:
11 FEB 2025 11:41AM by PIB Thiruvananthpuram
'സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി ന്യൂഡൽഹിയിൽ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ശ്രീ ബണ്ടി സഞ്ജയ് കുമാർ, സമിതി അംഗങ്ങൾ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 'സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും' സംബന്ധിച്ച വിവിധ വിഷയങ്ങൾ സമിതി ചർച്ച ചെയ്തു.
യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വലിയ വിപുലീകരണം സംഭവിച്ചിട്ടുണ്ടെന്നും, ഇത് സ്വാഭാവികമായും സൈബർ ആക്രമണങ്ങളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായിട്ടുണ്ടെന്നും വ്യക്തമാക്കി. സൈബർ ഇടങ്ങളെ വ്യത്യസ്തമായ വീക്ഷണ കോണുകളിൽ നോക്കിക്കാണുമ്പോൾ, 'സോഫ്റ്റ്‌വെയർ,' 'സേവനങ്ങൾ', 'ഉപയോക്താക്കൾ' എന്നീ ഘടകങ്ങളുടെ സങ്കീർണ്ണമായ ഒരു ശൃംഖല രൂപപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സോഫ്റ്റ്‌വെയർ', 'സേവനങ്ങൾ', 'ഉപയോക്താക്കൾ' എന്നിവ അടിസ്ഥാനമാക്കി സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കുന്നത് പരിഗണിക്കുന്നതുവരെ സൈബറിടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയെ സൈബർ സുരക്ഷിത രാഷ്ട്രമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഒട്ടേറെ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
സൈബർ കുറ്റകൃത്യങ്ങൾ ഭൂമിശാസ്ത്രപരമായ അതിർ വരമ്പുകളെ മായ്ച്ചുകളഞ്ഞതായി ശ്രീ അമിത് ഷാ പറഞ്ഞു. നിശ്ചിത പരിധികളോ രൂപമോ ഇല്ലാത്തതിനാൽ ഇത് 'അതിർത്തിരഹിത' 'രൂപരഹിത' കുറ്റകൃത്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ 'ഡിജിറ്റൽ വിപ്ലവത്തിന്' സാക്ഷ്യം വഹിച്ച കാര്യം അദ്ദേഹം പരാമർശിച്ചു. 'ഡിജിറ്റൽ വിപ്ലവത്തിന്റെ' ആഴവും പരപ്പും മനസ്സിലാക്കാതെ, സൈബർ മേഖലയിലെ വെല്ലുവിളികളെ നമുക്ക് നേരിടാൻ കഴിയില്ല.
ഇന്ന് രാജ്യത്തെ 95 ശതമാനം ഗ്രാമങ്ങളും ഡിജിറ്റൽ ബന്ധിതമാണെന്നും ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ പ്രവർത്തനക്ഷമമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 4.5 മടങ്ങ് വർദ്ധിച്ചു. 2024 ൽ 17.221 ലക്ഷം കോടി രൂപയുടെ 246 ട്രില്യൺ ഇടപാടുകൾ യുപിഐ വഴി നടന്നതായി അദ്ദേഹം പരാമർശിച്ചു. 2024 ൽ ആഗോള ഡിജിറ്റൽ ഇടപാടുകളുടെ 48 ശതമാനം ഇന്ത്യയിലാണ് നടന്നത്. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ കാര്യത്തിൽ, ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 2023 ൽ, മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന ഏകദേശം 32 ലക്ഷം കോടി രൂപ, അതായത് 12 ശതമാനം ആയിരുന്നു. ഏകദേശം 15 ദശലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ആഗോള ഡിജിറ്റൽ ഭൂമികയുടെ കാര്യമെടുത്താൽ ഇന്ത്യ ഇന്ന് മൂന്നാമത്തെ വലിയ രാജ്യമായി മാറിയിരിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ 20 ശതമാനം സംഭാവന ചെയ്യുന്നു. സൈബർ കുറ്റകൃത്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക, അഥവാ അതുമായി ബന്ധപ്പട്ട എഫ്‌ഐആറുകൾ ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പരാമർശിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്, കേന്ദ്രീകരണം, ഏകോപനം, ആശയവിനിമയം, ശേഷി എന്നിവ ഉൾപ്പെടുന്ന ചതുർമുഖ തന്ത്രങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വ്യക്തമായ ലക്ഷ്യങ്ങളും തന്ത്രപരമായ സമീപനവും ആധാരമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനുള്ളിൽ അന്തർ-മന്ത്രാലയ, അന്തർ-വകുപ്പ് ഏകോപനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തടസ്സരഹിത ആശയവിനിമയവും വിവരങ്ങളുടെ സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം, CERT-IN, I4C, ടെലികോം, ബാങ്കിംഗ് തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള വിവര കൈമാറ്റത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനായത് ഒട്ടേറെ സൈബർ കുറ്റകൃത്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകമായിട്ടുണ്ടന്നും ശ്രീ അമിത് ഷാ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറയുകയും I4C ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 പ്രോത്സാഹിപ്പിക്കാൻ സമിതി അംഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. സൈബർ സാമ്പത്തിക തട്ടിപ്പിന്റെ വെളിച്ചത്തിൽ, കാർഡുകൾ ബ്ലോക്ക് ചെയ്യുന്നത് പോലുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 'വൺ-പോയിന്റ്' പരിഹാരം '1930' ഹെൽപ്പ്‌ലൈൻ ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്കുൾപ്പെടെയുള്ള എല്ലാ ബാങ്കുകളുമായും സഹകരിച്ച് മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനായി നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. മ്യൂൾ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ അടച്ചുപൂട്ടൽ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കനത്ത ജാഗ്രത പുലർത്തുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'STOP-THINK-TAKE ACTION' എന്ന മന്ത്രത്തെക്കുറിച്ച് ജനങ്ങളിലുള്ള ബോധവത്ക്കരണം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
I4C പോർട്ടലിൽ ആകെ 1,43,000 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 19 കോടിയിലധികം പേർ ഈ പോർട്ടൽ ഉപയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ, I4C യുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 805 ആപ്പുകളും 3,266 വെബ്‌സൈറ്റ് ലിങ്കുകളും ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 399 ബാങ്കുകളും സാമ്പത്തിക ഇടനിലക്കാരും ഇതിൽ പങ്കാളികളായി. 6 ലക്ഷത്തിലധികം സംശയാസ്പദമായ ഡാറ്റാ പോയിന്റുകൾ പങ്കിട്ടു. 19 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ പിടികൂടി. ₹2,038 കോടി മൂല്യമുള്ള സംശയാസ്പദമായ ഇടപാടുകൾ തടഞ്ഞു.
33 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ കുറ്റകൃത്യ ഫോറൻസിക് പരിശീലന ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. "മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC)" പ്ലാറ്റ്‌ഫോമായ 'CyTrain' പ്ലാറ്റ്‌ഫോമിൽ 101,561 പോലീസ് ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 78,000-ത്തിലധികം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
'സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും' സംബന്ധിച്ച വിഷയങ്ങളിൽ സമിതി അംഗങ്ങൾ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സ്വീകരിച്ച സുപ്രധാന നടപടികളെ അഭിനന്ദിക്കുകയും ചെയ്തു.
SKY
(Release ID: 2101691)
Visitor Counter : 20
Read this release in:
Odia
,
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada