രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

എയ്‌റോ ഇന്ത്യ 2025 ചിറക് വിരിക്കുന്നു; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ,പ്രതിരോധ പ്രദർശനത്തിന്റെ 15-ാമത് പതിപ്പ് രക്ഷാ മന്ത്രി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു

Posted On: 10 FEB 2025 11:57AM by PIB Thiruvananthpuram
കാലികമായ അനിശ്ചിതത്വങ്ങളെ നേരിടുന്നതിനും, “ഉഭയകക്ഷി ബഹുമാനം, ഉഭയകക്ഷി താത്പര്യങ്ങൾ, ഉഭയകക്ഷി നേട്ടങ്ങൾ" എന്നിവ ആധാരമാക്കി സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനും, നിർണായകവും നൂതനവുമായ ശാസ്ത്ര സാങ്കേതികവിദ്യകളുടെ സംഗമമായ എയ്‌റോ ഇന്ത്യ 2025 വേദിയാകുമെന്ന്   ഇന്ന് (2025 ഫെബ്രുവരി 10 ന്) കർണാടകയിലെ ബെംഗളൂരുവിലുള്ള യെലഹങ്ക വ്യോമ താവളത്തിൽ എയ്‌റോ ഇന്ത്യയുടെ 15-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്യവേ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സൗഹൃദ രാജ്യങ്ങളുമായുള്ള സഹവർത്തിത്വവും  ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, രാജ്യത്തിന്റെ വ്യാവസായിക ശേഷിയും സാങ്കേതിക പുരോഗതിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും എയ്‌റോ ഇന്ത്യ വേദിയാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് ദിവസത്തെ പരിപാടിയിൽ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, വ്യോമസേനാ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, പ്രതിരോധ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക സമൂഹം ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ഈ സംഗമം ഇന്ത്യയുടെ പങ്കാളികൾക്കെല്ലാം പ്രയോജനപ്രദമാകുമെന്നും രക്ഷാ മന്ത്രി പറഞ്ഞു.

നിലവിലെ, അനിശ്ചിതത്വത്തിന്റെ ആഗോള അന്തരീക്ഷത്തിൽ, സമാധാനവും സമൃദ്ധിയും ദൃശ്യമാകുന്ന വലിയ രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, വലിയ ശീതയുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ല. നാം എല്ലായ്പ്പോഴും സമാധാനത്തിന്റെയും സ്ഥിരതയുടെയും വക്താക്കളാണ്. അത് നമ്മുടെ അടിസ്ഥാന ആദർശങ്ങളുടെ ഭാഗമാണ്,” അദ്ദേഹം പറഞ്ഞു. ആഗോള സമാധാനത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും ഇന്ത്യയുമായുള്ള സഹകരണം ലോകരാജ്യങ്ങൾക്ക് നിർണ്ണായകമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ചടങ്ങിൽ പങ്കെടുത്ത പ്രതിരോധ മന്ത്രിമാരോടും മുതിർന്ന ഉദ്യോഗസ്ഥരോടും വിദേശരാജ്യങ്ങളിൽ നിന്നെത്തിയ മൗലിക ഉപകരണ നിർമ്മാതാക്കളുടെ പ്രതിനിധികളോടും വ്യക്തമാക്കി.

2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് 6.81 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിഹിതം അനുവദിച്ചത് പ്രതിരോധത്തെ ഒരു മുൻ‌ഗണനാ മേഖലയായി സർക്കാർ കണക്കാക്കുന്നു എന്നതിന്റെ തെളിവാണെന്ന് രക്ഷാ മന്ത്രി പറഞ്ഞു. മൂലധന ഏറ്റെടുക്കലിനായി ഇതിൽ 1.80 ലക്ഷം കോടി രൂപ നീക്കി വച്ചിട്ടുണ്ട്. മുൻ ബജറ്റിനെപ്പോലെ, ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക മേഖലയുടെ ആഴവും പരപ്പും മെച്ചപ്പെടുത്താനുതകും വിധം, ആധുനികവത്ക്കരണത്തിന് അനുവദിച്ചിട്ടുള്ള ബജറ്റിന്റെ 75% ആഭ്യന്തര സ്രോതസ്സുകൾ വഴിയുള്ള സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമഗ്രമായ ഈ വളർച്ചാ ഗാഥയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. "പല വികസിത രാജ്യങ്ങളിലും, സ്വകാര്യ വ്യവസായ മേഖല പ്രതിരോധ ഉത്പാദനത്തിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നു. ഇവിടെയും, സ്വകാര്യ മേഖല പ്രതിരോധ വ്യവസായത്തിൽ തുല്യ പങ്കാളികളാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും" അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ എയ്‌റോ ഇന്ത്യ സമ്മാനിച്ച നേട്ടങ്ങളിലേക്ക് വെളിച്ചം വീശവെ, ആസ്ട്ര മിസൈൽ, ന്യൂ ജനറേഷൻ ആകാശ് മിസൈൽ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ, അൺമാൻഡ് സർഫസ് വെസൽ, പിനാക ഗൈഡഡ് റോക്കറ്റ് തുടങ്ങി ഒട്ടേറെ ഹൈടെക് ഉത്പന്നങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാനാരംഭിച്ച കാര്യം  ശ്രീ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. നിലവിലെ 1.27 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പാദനവും 21,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയും ഭാവിയിൽ മറികടക്കാനുള്ള സർക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയം അദ്ദേഹം ആവർത്തിച്ചു. പ്രതിരോധ മേഖല അഭൂതപൂർവമായ വേഗതയിൽ മുന്നേറുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025 നെ 'പരിഷ്‌ക്കാരങ്ങളുടെ വർഷ'മായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത് പരാമർശിക്കവെ, ഇത് ഒരു സർക്കാർ മുദ്രാവാക്യം മാത്രമല്ല, പരിഷ്കാരങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് രക്ഷാ മന്ത്രി പറഞ്ഞു. മന്ത്രാലയ തലത്തിൽ മാത്രമല്ല പരിഷ്‌ക്കാരങ്ങളെന്നും, സായുധ സേനകളും DPSU കളും ഈ ശ്രമത്തിൽ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ വിശിഷ്ടാതിഥികളെ ശ്രീ രാജ്‌നാഥ് സിംഗ് സ്വാഗതം ചെയ്തു. 'അതിഥികൾ ദൈവ തുല്യരാണ്' എന്നർത്ഥം വരുന്ന അതിഥി ദേവോ ഭവ എന്ന ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം അവരോട് വിശദീകരിച്ചു. ഈ മനോഭാവം പുണ്യനഗരമായ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ വ്യക്തമായി കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. “മഹാ കുംഭം ആത്മപരിശോധനയുടെ കുംഭമാണെങ്കിൽ, എയ്‌റോ ഇന്ത്യ ഗവേഷണത്തിന്റെ കുംഭമാണ്. മഹാ കുംഭം ആന്തരിക ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, എയ്‌റോ ഇന്ത്യ ബാഹ്യ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മഹാ കുംഭമേള ഇന്ത്യയുടെ സംസ്‌ക്കാരം പ്രദർശിപ്പിക്കുമ്പോൾ, എയ്‌റോ ഇന്ത്യ ഇന്ത്യയുടെ ശക്തി പ്രദർശിപ്പിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാ മന്ത്രി ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ  ഏറ്റവും വലിയ വ്യോമ,പ്രതിരോധ പ്രദർശനത്തിന്റെ  15-ാമത് പതിപ്പ്, അടുത്ത അഞ്ച് ദിവസങ്ങളിൽ, ആഗോള എയ്‌റോസ്‌പേസ് കമ്പനികളുടെ അത്യാധുനിക ഉത്പന്നങ്ങൾക്കൊപ്പം ഇന്ത്യയുടെ വ്യോമ വൈദഗ്ധ്യവും തദ്ദേശീയമായ അത്യാധുനിക കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കും. 'ആത്മനിർഭർ ഭാരത്', 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്നീ ദർശനങ്ങൾക്ക് അനുസൃതമായി, തദ്ദേശീയവത്ക്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിന് അന്താരാഷ്ട്ര സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള വേദി കൂടിയാകും ഈ പരിപാടി. അതുവഴി 2047 ഓടെ രാജ്യത്തെ വികസിത ഭാരതമാക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തിന് പ്രോത്സാഹനമേകും.  

ഫെബ്രുവരി 10 മുതൽ 12 വരെ സ്വകാര്യ പ്രവൃത്തി ദിനങ്ങളായി നീക്കിവച്ചിട്ടുണ്ട്. 13, 14 തീയതികൾ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ കഴിയുന്ന പൊതു ദിവസങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രിമാരുടെ യോഗം; CEO മാരുടെ വട്ടമേശസമ്മേളനം; ഇന്ത്യ, iDEX പവലിയനുകളുടെ ഉദ്ഘാടനം; മൻഥൻ iDEX പരിപാടി; 'സമർത്ഥ്യ' തദ്ദേശീയവത്ക്കരണ പരിപാടി; സമാപന സമ്മേളനം; സെമിനാറുകൾ; ആവേശകരമായ എയർഷോകൾ, എയ്‌റോസ്‌പേസ് കമ്പനികളുടെ പ്രദർശനങ്ങൾ എന്നിവയുണ്ടാകും.

(Release ID: 2101290) Visitor Counter : 73