വിദ്യാഭ്യാസ മന്ത്രാലയം
പരീക്ഷാ പേ ചർച്ച
വിദ്യാർഥിശാക്തീകരണവും ജീവിതപരിവർത്തനവും
Posted On:
09 FEB 2025 12:21PM by PIB Thiruvananthpuram
പരീക്ഷകൾ പലപ്പോഴും വിദ്യാഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സമ്മർദം സൃഷ്ടിക്കുന്നവയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “പരീക്ഷാ പേ ചർച്ച” (PPC) സംരംഭം ഈ ആഖ്യാനത്തെ മാറ്റിമറിക്കുകയാണ്. 2025 ഫെബ്രുവരി 10ന് രാവിലെ 11നു നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ വർഷത്തെ PPC, വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി പ്രധാനമന്ത്രി നേരിട്ടിടപഴകുന്ന സംവേദനാത്മകവേദിയായി ഒരിക്കൽകൂടി പ്രവർത്തിക്കും. PPC-യുടെ ഓരോ പതിപ്പും പരീക്ഷയുമായി ബന്ധപ്പെട്ട ഉത്കണ്ഠയെ നേരിടുന്നതിനുള്ള നൂതനമായ സമീപനങ്ങൾ ഉയർത്തിക്കാട്ടുന്നു. ഒപ്പം, പഠനത്തോടും ജീവിതത്തോടുമുള്ള ആഘോഷ മനോഭാവം വളർത്തുകയും ചെയ്യുന്നു.

റെക്കോർഡ് ഭേദിക്കുന്ന PPC 2025
2025 ഫെബ്രുവരി 10നു നടക്കാനിരിക്കുന്ന PPC-യുടെ 8-ാം പതിപ്പ് ഇതിനകം പുതിയ മാനദണ്ഡം സ്ഥാപിച്ചു. അഞ്ചുകോടിയിലധികം പേരുടെ പങ്കാളിത്തത്തോടെ, ഈ വർഷത്തെ പരിപാടി ജനകീയ മുന്നേറ്റം എന്നതിന്റെ ഉദാഹരണമായി മാറുന്നു. ഇതു പഠനത്തിന്റെ കൂട്ടായ ആഘോഷത്തിനു പ്രചോദനമേകുന്നു. ഈ വർഷം, എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള 36 വിദ്യാർഥികളെ സംസ്ഥാന/കേന്ദ്രഭരണപ്രദേശ ബോർഡ് ഗവണ്മെന്റ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, സൈനിക് സ്കൂൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, സിബിഎസ്ഇ, നവോദയ വിദ്യാലയം എന്നിവിടങ്ങളിൽനിന്നു തെരഞ്ഞെടുത്തു. ജീവിതത്തിന്റെയും പഠനത്തിന്റെയും അവശ്യവശങ്ങളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിന്, വ്യത്യസ്ത മേഖലകളിൽനിന്നുള്ള പ്രശസ്തരായ വ്യക്തികളെ ഒരുമിച്ചു കൊണ്ടുവരുന്ന ഉൾക്കാഴ്ചയുള്ള ഏഴ് എപ്പിസോഡുകൾ ‘പരീക്ഷ പേ ചർച്ച 2025’ അവതരിപ്പിക്കും. ഓരോ എപ്പിസോഡും പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യും:

കായികരംഗവും അച്ചടക്കവും – എം സി മേരി കോം, അവാനി ലേഖര, സുഹാസ് യതിരാജ് എന്നിവർ അച്ചടക്കത്തിലൂടെയുളള ലക്ഷ്യനിർണയം, പുനരുജ്ജീവനശേഷി, സമ്മർദനിയന്ത്രണം എന്നിവയെക്കുറിച്ചു ചർച്ച ചെയ്യും.
മാനസികാരോഗ്യം - ദീപിക പദുക്കോൺ വൈകാരിക ക്ഷേമത്തിന്റെയും സ്വയം ആവിഷ്കരണനത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകും.
പോഷകാഹാരം - വിദഗ്ധരായ ശോനാലി സഭർവാൾ, റുജുത ദിവേക്കർ, രേവന്ത് ഹിമാത്‌സിങ്ക (ഭക്ഷ്യ കർഷകൻ) എന്നിവർ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ ഉയർത്തിക്കാട്ടും.
സാങ്കേതികവിദ്യയും ധനകാര്യവും - ഗൗരവ് ചൗധരി (ടെക്നിക്കൽ ഗുരുജി) രാധിക ഗുപ്ത എന്നിവർ സാങ്കേതികവിദ്യയെ പഠനോപകരണമായും സാമ്പത്തിക സാക്ഷരതയായും അനാവരണം ചെയ്യും.
സർഗാത്മകതയും ശുഭചിത്തതയും - വിക്രാന്ത് മാസിയും ഭൂമി പെഡ്‌നേക്കറും വിദ്യാർഥികളിൽ ശുഭചിന്തകൾ വളർത്തിയെടുക്കാനും വിഫലചിന്തകൾ നേരിടാനും പ്രചോദനമേകും.
പരിപൂർണ ശ്രദ്ധയും മനഃശാന്തിയും - മാനസിക വ്യക്തതയ്ക്കും പരിപൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള പ്രായോഗിക വിദ്യകൾ സദ്ഗുരു അവതരിപ്പിക്കും.
വിജയഗാഥകൾ - UPSC, IIT-JEE, CLAT, CBSE, NDA, ICSE, മുൻ PPC പങ്കാളികൾ എന്നിവയിലെ ഉന്നതവിജയികൾ PPC അവരുടെ തയ്യാറെടുപ്പും മാനസികാവസ്ഥയും എങ്ങനെ രൂപപ്പെടുത്തിയെന്ന കാര്യം പങ്കിടും.
വർഷങ്ങളായുള്ള പ്രയണം
2024: രാജ്യവ്യാപക പങ്കാളിത്തം
2024 ജനുവരി 29-ന് നടന്ന പിപിസിയുടെ ഏഴാം പതിപ്പ് MyGov പോർട്ടലിൽ 2.26 കോടി രജിസ്ട്രേഷനുകളുമായി വിപുലമായി നടന്നു. ഇതു പരിപാടിയുടെ വലിയ ജനപ്രീതിയും പ്രസക്തിയും പ്രതിഫലിപ്പിക്കുന്നു. ഇതാദ്യമായി, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (ഇഎംആർഎസ്) നിന്നുള്ള 100 വിദ്യാർഥികൾ പങ്കെടുത്തു. ഇത് സംരംഭത്തിന്റെ ഉൾപ്പെടുത്തൽപ്രകൃതത്തെ പ്രതിഫലിപ്പിക്കുന്നു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനം ഐടിപിഒയിലെ ഭാരത് മണ്ഡപത്തിൽ ടൗൺ-ഹാൾ മാതൃകയിലാണ് പരിപാടി നടന്നത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കലോത്സവ വിജയികൾ എന്നിവരുൾപ്പെടെ ഏകദേശം 3000 പേർ പങ്കെടുത്തു.
2023: പങ്കാളിത്തം വർധിപ്പിക്കൽ
പിപിസിയുടെ ആറാം പതിപ്പ് 2023 ജനുവരി 27നു ന്യൂഡൽഹിയിലെ താൽക്കടോര സ്റ്റേഡിയത്തിൽ നടന്നു. ഈ പരിപാടിയിൽ പ്രധാനമന്ത്രി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംവദിക്കുകയും എല്ലാ പങ്കാളികൾക്കും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്തു. നിരവധി ടിവി ചാനലുകളും യൂട്യൂബ് ചാനലുകളും പരിപാടി തത്സമയം സംപ്രേഷണം ചെയ്തു. 7,18,110 വിദ്യാർഥികളും 42,337 ജീവനക്കാരും 88,544 രക്ഷിതാക്കളും പിപിസി-2023ന്റെ തത്സമയ പരിപാടി കണ്ടു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം ഏവർക്കും പ്രചോദനവും ചിന്തോദ്ദീപകവുമായിരുന്നു.


2022: നേരിട്ടുള്ള ഇടപെടലുകളുടെ പുനരുജ്ജീവനം
പിപിസിയുടെ അഞ്ചാം പതിപ്പ് 2022 ഏപ്രിൽ ഒന്നിനു ന്യൂഡൽഹിയിലെ താൽക്കടോര സ്റ്റേഡിയത്തിൽ നടന്നു. ഈ പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി പ്രധാനമന്ത്രി സംവദിക്കുകയും അവർക്കു വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്തു. 9,69,836 വിദ്യാർഥികളും 47,200 ജീവനക്കാരും 1,86,517 രക്ഷിതാക്കളും പരീക്ഷാ പേ ചർച്ച-2022ന്റെ തത്സമയ പരിപാടി കണ്ടു. നിരവധി ടിവി ചാനലുകളും യൂട്യൂബ് ചാനലുകളും പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.
2021: വെർച്വൽ കണക്ഷൻ
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, പിപിസിയുടെ നാലാമത്തെ പതിപ്പ് 2021 ഏപ്രിൽ ഏഴിന് ഓൺലൈനായാണു നടന്നത്. മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും, ഈ ആശയവിനിമയം വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും പ്രചോദിപ്പിച്ചു. അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ മുന്നോട്ടുപോകുന്നതിനു വിദ്യാർഥികളെ സഹായിക്കാൻ ജീവിതനൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിലൂടെ പുനരുജ്ജീവനത്തിലേക്കും പൊരുത്തപ്പെടുത്തലിലേക്കും ശ്രദ്ധ മാറി.

2020: പങ്കാളിത്തം വിപുലീകരിക്കൽ
2020 ജനുവരി 20നു ന്യൂഡൽഹിയിലെ താൽക്കടോര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി സ്കൂൾ വിദ്യാർഥികളുമായി നേരിട്ടു സംവദിച്ച പരിപാടിയുടെ സവിശേഷമായ ടൗൺ ഹാൾ മാതൃക നടന്നു. വിദ്യാർഥികളിൽനിന്ന് 2.63 ലക്ഷം അപേക്ഷൾ ലഭിച്ച ഓൺലൈൻ മത്സരത്തോടെ പരിപാടി അതിന്റെ വ്യാപ്തി വിപുലമാക്കി. ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളും 25 വിദേശരാജ്യങ്ങളിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികളും പങ്കെടുത്തു. വെല്ലുവിളികളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളായി കണക്കാക്കേണ്ടതിന്റെ ആവശ്യകത ഈ പരിപാടി എടുത്തുകാട്ടി.
2019: വ്യാപനം വർധിക്കൽ
2019 ജനുവരി 29-ന്, പിപിസിയുടെ രണ്ടാം പതിപ്പ് അതേ വേദിയിൽ നടന്നു. അതും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. തൊണ്ണൂറ് മിനിറ്റിലധികം നീണ്ടുനിന്ന ഈ സംവാദത്തിൽ, വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പ്രധാനമന്ത്രിയുടെ നർമം കലർന്ന സരസമായ നിരീക്ഷണങ്ങളിൽ ശാന്തരായി നിലകൊള്ളുകയും ചിരിക്കുകയും ആവർത്തിച്ച് കരഘോഷം മുഴക്കുകയും ചെയ്തു.
2018: ഉദ്ഘാടന സംവാദം
ആദ്യത്തെ പരീക്ഷ പേ ചർച്ച 2018 ഫെബ്രുവരി 16നു ന്യൂഡൽഹിയിലെ താൽക്കടോര സ്റ്റേഡിയത്തിൽ നടന്നു. 2018 ഫെബ്രുവരി 16നു താൽക്കടോര സ്റ്റേഡിയത്തിൽ നടന്ന സംവാദത്തിൽ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നുമായി 2500-ലധികം വിദ്യാർഥികൾ പങ്കെടുത്തു, കൂടാതെ രാജ്യത്തുടനീളമുള്ള 8.5 കോടിയിലധികം വിദ്യാർഥികൾ ഡിഡി/ടിവി ചാനലുകൾ/റേഡിയോ ചാനലുകൾ വഴി പരിപാടി കാണുകയോ കേൾക്കുകയോ ചെയ്തു. സമഗ്ര വികസനം, പുനരുജ്ജീവനശേഷി, പരീക്ഷാ സമയത്ത് സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ പരിപാടിയുടെ വിജയം ഭാവി പതിപ്പുകൾക്കു പാതയൊരുക്കി.
പരീക്ഷാ പേ ചർച്ചയുടെ സ്വാധീനം
വർഷങ്ങളായി, പരീക്ഷാസംബന്ധമായ സമ്മർദത്തെ ആശാവഹമായ ഉണർവാക്കി മാറ്റുന്നതിനുള്ള അവസരമായി പിപിസി പരിണമിച്ചു. യഥാർഥ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെയും പ്രായോഗികമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും, പ്രധാനമന്ത്രി മോദി നയത്തിനും പ്രയോഗത്തിനും ഇടയിലുള്ള വിടവുനികത്തി, സമ്മർദത്തിലും അഭിവൃദ്ധി പ്രാപിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കി. പരിപാടിയുടെ ഉൾക്കൊള്ളൽ സ്വഭാവം, ഡിജിറ്റൽ വ്യാപ്തി, നൂതനമായ സമീപനങ്ങൾ എന്നിവ ഇന്ത്യയിലെ വിദ്യാർഥി ഇടപെടലിന്റെ ആധാരശില എന്ന നിലയിൽ അതിന്റെ വിജയത്തുടർച്ച ഉറപ്പാക്കുന്നു. ഓരോ വർഷം കഴിയുംതോറും, പരീക്ഷകൾ അവസാനമല്ല, തുടക്കമാണെന്ന സന്ദേശത്തിനു പിപിസി കരുത്തേകുന്നു!

-SK-
(Release ID: 2101130)
Visitor Counter : 55