പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
രാഷ്ട്രപതിയുടെ അഭിസംബോധന വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തെ സ്പഷ്ടമായി ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി
ഞങ്ങൾ പാവപ്പെട്ടവർക്കു നൽകിയതു വെറും തെറ്റായ മുദ്രാവാക്യങ്ങളല്ല; മറിച്ച്, യഥാർഥ വികസനമാണ്; സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഗവൺമെന്റിനെയാണ്: പ്രധാനമന്ത്രി
പൊതുജനക്ഷേമത്തിനായി വിഭവങ്ങൾ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു: പ്രധാനമന്ത്രി
ഞങ്ങളുടെ ഗവൺമെന്റ് മധ്യവർഗത്തിന്റെ കാര്യത്തിൽ അഭിമാനിക്കുന്നു; എല്ലായ്പ്പോഴും അതിനെ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ യുവശക്തിയിൽ അഭിമാനിക്കുന്നു; 2014 മുതൽ, ഞങ്ങൾ രാജ്യത്തെ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ ഉത്കൃഷ്ട ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തു; ഇന്നു നമ്മുടെ യുവാക്കൾ എല്ലാ മേഖലകളിലും വിജയിക്കുന്നു: പ്രധാനമന്ത്രി
വികസനം കാംക്ഷിക്കുന്ന ഇന്ത്യ കെട്ടിപ്പടുക്കുന്നതിനു നാം നിർമിതബുദ്ധിയുടെ കരുത്തു പ്രയോജനപ്പെടുത്തുന്നു: പ്രധാനമന്ത്രി
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്കു കരുത്തേകുന്നതിൽ അചഞ്ചലമായ പ്രതിജ്ഞാബദ്ധത: പ്രധാനമന്ത്രി
പൊതുസേവനം എന്നാൽ രാഷ്ട്രനിർമാണമാണ്: പ്രധാനമന്ത്രി
ഭരണഘടനയോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത കരുത്തുറ്റതും ജനോപകാരപ്രദവുമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു: പ്രധാനമന്ത്രി
പട്ടികജാതി, പട്ടികവർഗ, ഒബിസി സമുദായങ്ങളിൽ നിന്നുള്ളവർക്കു പരമാവധി അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രവർത്തിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും എങ്ങനെ പരിപാലിക്കാമെന്നും ഐക്യവും കരുതലും ശക്തിപ്പെടുത്താമെന്നും ഞങ്ങളുടെ ഗവൺമെന്റ് കാണിച്ചുതന്നു: പ്രധാനമന്ത്രി
പരിപൂർണതയിൽ ഊന്നൽ നൽകുന്നതു മികച്ച ഫലങ്ങൾ നൽകുന്നു: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ, എംഎസ്എംഇ മേഖലയ്ക്ക് അഭൂതപൂർവമായ പിന്തുണ നൽകി: പ്രധാനമന്ത്രി
Posted On:
04 FEB 2025 9:13PM by PIB Thiruvananthpuram
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.
2025 ആകുമ്പോഴേക്കും 21-ാം നൂറ്റാണ്ടിന്റെ കാൽഭാഗം കടന്നുപോയെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സ്വാതന്ത്ര്യാനന്തര ഇരുപതാം നൂറ്റാണ്ടിന്റെയും 21-ാം നൂറ്റാണ്ടിന്റെ ആദ്യ 25 വർഷങ്ങളുടെയും നേട്ടങ്ങൾ കാലം വിലയിരുത്തുമെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗം വിശദമായി പഠിച്ചാൽ, അത്, വരുന്ന 25 വർഷങ്ങളിൽ പുതിയ ആത്മവിശ്വാസവും വികസിത ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും പകരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധന വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തിനു കരുത്തേകുകയും പുതിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും പൊതുജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി പേർ ദാരിദ്ര്യത്തിൽനിന്നു കരകയറിയതായി നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരോടും കരുതൽ ആവശ്യമുള്ളവരരോടും ഗവണ്മെന്റ് അർപ്പണബോധത്തോടെയും അങ്ങേയറ്റം സംവേദനക്ഷമതയോടെയും പ്രവർത്തിച്ചു പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയതിനാലാണ് ഈ ശ്രമം സാധ്യമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന യാഥാർഥ്യം അറിയുന്നവർ അടിസ്ഥാനതലത്തിൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ, മാറ്റം അനിവാര്യവും അടിസ്ഥാനപരമായി ഉറപ്പുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ ഗവണ്മെന്റ് ദരിദ്രർക്കു നൽകിയതു തെറ്റായ മുദ്രാവാക്യങ്ങളല്ല; മറിച്ച് യഥാർഥ വികസനമാണ്” - ശ്രീ മോദി പറഞ്ഞു. ദരിദ്രരുടെ വേദനയും മധ്യവർഗത്തിന്റെ അഭിലാഷങ്ങളും അങ്ങേയറ്റം അഭിനിവേശത്തോടെ മനസ്സിലാക്കി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിച്ച ഗവണ്മെന്റാണു തന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരിൽ ഇതു കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലത്ത് അടച്ചുറപ്പില്ലാത്ത വീടുകളിലും കുടിലുകളിലും താമസിക്കുന്നതു തീർത്തും നിരാശാജനകമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതുവരെ നാലു കോടി വീടുകൾ ദരിദ്രർക്കായി ഗവണ്മെന്റ് വിതരണം ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. സ്ത്രീകൾ തുറസ്സായ സ്ഥലത്തു മലമൂത്ര വിസർജനം നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ എടുത്തുകാട്ടിയ അദ്ദേഹം, സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഗവണ്മെന്റ് 12 കോടിയിലധികം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഹർ ഘർ ജൽ പദ്ധതിയിലൂടെ എല്ലാ വീട്ടിലും ടാപ്പുകളിലൂടെ വെള്ളം ഉറപ്പാക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കുശേഷവും ഏകദേശം 75% അല്ലെങ്കിൽ 16 കോടിയിലധികം വീടുകളിൽ ടാപ്പിലൂടെയുള്ള കുടിവെള്ള വിതരണം ഇല്ലായിരുന്നെന്നു പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ 12 കോടി കുടുംബങ്ങൾക്കു ഗവണ്മെന്റ് ടാപ്പിലൂടെ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ടെന്നും പണി വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രർക്കായി നടത്തിയ പ്രവർത്തനങ്ങൾ വിവരിച്ച രാഷ്ട്രപതിയുടെ പ്രസംഗത്തിലെ വിശദാംശങ്ങൾ അടിവരയിട്ട്, ഒരു പ്രശ്നം തിരിച്ചറിഞ്ഞാൽ മാത്രം പോരെന്നും പ്രതിവിധി കണ്ടെത്തുന്നതിന് അത്യധികം അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങളിലും രാഷ്ട്രപതിയുടെ പ്രസംഗത്തിലും കാണുന്നതുപോലെ, പ്രശ്നങ്ങൾക്കു പരിഹാരം ഉറപ്പാക്കാൻ തന്റെ ഗവണ്മെന്റ് അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെലവഴിക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രം ഉദ്ദേശിച്ചയിടത്ത് എത്തിയിരുന്ന മുൻ സാഹചര്യം ചൂണ്ടിക്കാട്ടി, ഇപ്പോൾ ജനങ്ങളുടെ പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, സമ്പാദ്യത്തോടൊപ്പം പുരോഗതിയും എന്നർഥം വരുന്ന “ബച്ചത് ഭീ, വികാസ് ഭീ” എന്ന ഗവണ്മെന്റിന്റെ മാതൃക അടിവരയിട്ടു. ജൻധൻ-ആധാർ-മൊബൈൽ (JAM) സംവിധാനത്തിലൂടെ, ഗവണ്മെന്റ് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (DBT) ആരംഭിച്ചതായും ഏകദേശം 40 ലക്ഷം കോടി രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികൾ ഏകദേശം 10 കോടി വ്യാജ ഗുണഭോക്താക്കൾ പ്രയോജനപ്പെടുത്തിയിരുന്നെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷത്തിനിടെ സാമൂഹ്യനീതി ഉറപ്പാക്കാൻ വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കിയതായും വിവിധ പദ്ധതികളിലൂടെ യഥാർഥ ഗുണഭോക്താക്കളെ കൂട്ടിച്ചേർത്തതായും പറഞ്ഞു. ഇത് ഏകദേശം 3 ലക്ഷം കോടി രൂപ തെറ്റായ കൈകളിൽ എത്തുന്നതിൽനിന്നു രക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു സംഭരണത്തിൽ ഗവണ്മെന്റ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും, GeM (ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ്) പോർട്ടൽവഴി സുതാര്യത കൊണ്ടുവന്നുവെന്നും ശ്രീ മോദി പറഞ്ഞു. ഇത് ഇപ്പോൾ സംസ്ഥാന ഗവണ്മെന്റുകളും ഉപയോഗിക്കുന്നു. പരമ്പരാഗത സംഭരണ രീതികളെ അപേക്ഷിച്ച് ജിഇഎം പോർട്ടൽവഴി നടത്തിയ സംഭരണം വലിയ തോതിൽ ചെലവു കുറഞ്ഞതാണ്. ഇതു ഗവണ്മെന്റിന് 1,15,000 കോടി രൂപയുടെ ലാഭം നേടിത്തന്നു.
ശുചിത്വ ഭാരത യജ്ഞം തുടക്കത്തിൽ പരിഹസിക്കപ്പെട്ടിരുന്നുവെന്നും, പലരും അതിനെ തെറ്റോ പാപമോ ആയി കണക്കാക്കിയിരുന്നെന്നും ശ്രീ മോദി പറഞ്ഞു. വിമർശനങ്ങൾക്കിടയിലും, ഈ ശുചിത്വ ശ്രമങ്ങൾ കാരണം, സമീപ വർഷങ്ങളിൽ, ഗവണ്മെന്റ് ഓഫീസുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വിറ്റ് ഗവണ്മെന്റ് 2300 കോടി രൂപ സമ്പാദിച്ചുവെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഭാരവാഹിത്വ തത്വത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, അവർ പൊതുജനങ്ങളുടെ സ്വത്തിന്റെ രക്ഷാധികാരികളാണെന്നും ഓരോ പൈസയും ലാഭിക്കാനും അതു ശരിയായി ഉപയോഗിക്കാനും അവർ പ്രതിജ്ഞാബദ്ധരാണെന്നും ചൂണ്ടിക്കാട്ടി.
എഥനോൾ മിശ്രണം സംബന്ധിച്ചു ഗവൺമെന്റ് സുപ്രധാന തീരുമാനമെടുത്തിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഊർജമേഖലയിൽ ഇന്ത്യ സ്വതന്ത്രമല്ലെന്നും ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കുന്നുവെന്നും സമ്മതിച്ചു. എഥനോൾ മിശ്രണം അവതരിപ്പിച്ചതിലൂടെ പെട്രോളിനും ഡീസലിനുമായുള്ള ചെലവു കുറഞ്ഞുവെന്നും അതുവഴി ഒരു ലക്ഷം കോടി രൂപ ലാഭിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ തുക കർഷകർക്കു നേരിട്ടു പ്രയോജനം ചെയ്തുവെന്നും ഏകദേശം ഒരു ലക്ഷം കോടി രൂപ അവരുടെ കൈകളിലെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികളെക്കുറിച്ചുള്ള തലക്കെട്ടുകൾ പത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് പതിവായിരുന്നുവെന്ന്, സമ്പാദ്യത്തെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പത്തുവർഷമായി അത്തരം അഴിമതികൾ നടക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരത്തിലുള്ള അഴിമതികളുടെ അഭാവം രാജ്യത്തിന് ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നതും ഉയർത്തിക്കാട്ടി. ഈ സമ്പാദ്യം പൊതുജനങ്ങളെ സേവിക്കുന്നതിലേയ്ക്ക് തിരിച്ചുവിടുകയാണ്.
ലക്ഷക്കണക്കിന് കോടി രൂപയുടെ ഈ സമ്പാദ്യമുണ്ടാകാൻ, കൈക്കൊണ്ട വിവിധ നടപടികളും സഹായിച്ചിട്ടുണ്ടെന്നതിന് ഊന്നൽ നൽകിയ ശ്രീ മോദി, ഈ ഫണ്ടുകൾ വലിയ കൊട്ടാരങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുകയായിരുന്നില്ലെന്നും, പകരം ഇവ രാഷ്ട്രനിർമ്മാണത്തിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. തങ്ങളുടെ അധികാരകാലത്തിന് പത്ത് വർഷം മുൻപ് അടിസ്ഥാന സൗകര്യ ബജറ്റ് 1.8 ലക്ഷം കോടി രൂപയായിരുന്നുവെന്നും ഇന്ന് അടിസ്ഥാന സൗകര്യ ബജറ്റ് 11 ലക്ഷം കോടി രൂപയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ അടിത്തറ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നത് രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ വിവരിച്ചിട്ടുണ്ടെന്നും പറഞ്ഞു. റോഡുകൾ, ഹൈവേകൾ, റെയിൽവേകൾ, ഗ്രാമീണ റോഡുകൾ തുടങ്ങിയ മേഖലകളിൽ വികസനത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ടെന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
''ട്രസ്റ്റീഷിപ്പ് തത്വത്തിലൂടെ എടുത്തുകാട്ടുന്നതനുസരിച്ച്, ഗവൺമെന്റ് ട്രഷറിയിൽ നീക്കിയിരുപ്പ് അനിവാര്യമാണ്. അതേസമയം, സാധാരണ പൗരന്മാർക്ക് അത്തരം നീക്കിയിരുപ്പിൽ നിന്നുള്ള ഗുണം ലഭിക്കേണ്ടതിനും തുല്യ പ്രധാന്യമുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ സമ്പാദ്യം ഉറപ്പാക്കുന്ന പദ്ധതികൾ രൂപപ്പെടുത്തണമെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. അസുഖങ്ങൾ മൂലം പൗരന്മാർക്ക് ഉണ്ടാകുന്ന ചിലവുകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ആയുഷ്മാൻ ഭാരത് പദ്ധതിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി ജനങ്ങൾക്ക് ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ മിച്ചമുണ്ടാക്കികൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രാധാന്യത്തിന് അടിവരയിട്ട ശ്രീ മോദി, 60-70 വയസ്സ് പ്രായമുള്ള മുതിർന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ ചികിത്സാ ചിലവുകളിലുണ്ടാകുന്ന ഗണ്യമായ വർദ്ധനവും ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിൽ 80% വില കുറച്ചു മരുന്നുകൾ നൽകുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ കുടുംബങ്ങളുടെ ചികിത്സാ ചിലവുകളിൽ ഏകദേശം 30,000 കോടി രൂപ ലാഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നതും ശ്രീ മോദി ചൂണ്ടിക്കാട്ടി.
ശരിയായ ശുചീകരണ നടപടികളും ശൗചാലയങ്ങളുമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം ഏകദേശം 70,000 രൂപ ലാഭിക്കാനാകുമെന്ന യൂണിസെഫിന്റെ കണക്ക് ശ്രീ മോദി എടുത്തുപറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാൻ, ശൗചാലയ നിർമ്മാണം, ശുദ്ധജല ലഭ്യത തുടങ്ങിയ മുൻകൈകൾ സാധാരണ കുടുംബങ്ങൾക്ക് നൽകിയിട്ടുള്ള പ്രധാന നേട്ടങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകാരോഗ്യ സംഘടന ''നൽ സേ ജൽ'' മുൻകൈയെ പ്രശംസിച്ചതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, മറ്റ് രോഗങ്ങൾ മൂലമുള്ള ചികിത്സാ ചിലവുകളിൽ കുടുംബങ്ങൾക്ക് പ്രതിവർഷം ശരാശരി 40,000 രൂപ വരെ ലാഭിക്കാൻ ശുദ്ധജലം ലഭ്യമാക്കുന്ന ഈ മുൻകൈ സഹായിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. സാധാരണ പൗരന്മാരുടെ ചിലവുകൾ ലാഭിക്കാൻ സഹായിക്കുന്ന ഇത്തരം നിരവധി പദ്ധതികളുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ദശലക്ഷക്കണക്കിന് പൗരന്മാർക്ക് സൗജന്യ ധാന്യം വിതരണം ചെയ്യുന്നത് കുടുംബങ്ങൾക്ക് ഗണ്യമായ ലാഭം ഉണ്ടാക്കികൊടുത്തിട്ടുണ്ടെന്നതും ശ്രീ മോദി ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി സൂര്യഗൃഹ് സൗജന്യ വൈദ്യുതി പദ്ധതി കുടുംബങ്ങളുടെ വൈദ്യുതി ചിലവുകളിൽ പ്രതിവർഷം ശരാശരി 25,000 മുതൽ 30,000 രൂപ വരെ ലാഭമുണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതിനുപുറമെ, അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയത്രയും വിറ്റ് വരുമാനവും നേടാം. ഇത്തരം വിവിധ മുൻകൈകളിലൂടെ സാധാരണ പൗരന്മാർക്ക് ഗണ്യമായ ലാഭം ലഭിക്കുന്നുണ്ടെന്നതും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തങ്ങളുടെ കാലാവധിക്ക് മുൻപ് ഒരു എൽ.ഇ.ഡി ബൾബ് 400 രൂപയ്ക്കാണ് വിറ്റിരുന്നതെന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എൽ.ഇ.ഡി ബൾബ് ക്യാമ്പയിനെക്കുറിച്ചും പരാമർശിച്ചു. ഈ ക്യാമ്പയിൻ കാരണം എൽ.ഇ.ഡി. ബൾബുകളുടെ വില 40 രൂപയായി കുറയുകയും അത് വൈദ്യുതി ലാഭിക്കുന്നതിനും പ്രകാശം വർദ്ധിപ്പിക്കുന്നതിനും കാരണമാകുകയും ചെയ്തു. ഈ ക്യാമ്പയിനിലൂടെ പൗരന്മാർക്ക് ഏകദേശം 20,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. സോയിൽ ഹെൽത്ത് കാർഡ് ശാസ്ത്രീയമായി ഉപയോഗിച്ച കർഷകർക്ക് കാര്യമായ നേട്ടമുണ്ടായിട്ടുണ്ടെന്നും ഏക്കറിന് 30,000 രൂപ ലാഭിക്കാനായെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ആദായനികുതിയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ പത്ത് വർഷമായി ആദായനികുതി നിരക്കുകൾ ഗവൺമെന്റ് കുറയ്ക്കുന്നുണ്ടെന്നും അതുവഴി മധ്യ വർഗത്തിന്റെ സമ്പാദ്യം വർദ്ധിപ്പിച്ചതായും എടുത്തുപറഞ്ഞു. 2013-14 ൽ 2 ലക്ഷം രൂപ വരെ മാത്രമായിരുന്നു ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നത്, എന്നാൽ ഇന്ന് 12 ലക്ഷം രൂപ വരെ ആദായനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. ആശ്വാസം നൽകുന്നതിനായി 2014, 2017, 2019, 2023 വർഷങ്ങളിലൊക്കെ ഗവൺമെന്റ് തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെന്നും 75,000 രൂപയുടെ സ്റ്റാൻഡേർഡ് കിഴിവ് കൂട്ടിചേർത്തതോടെ, ശമ്പളക്കാരായ വ്യക്തികൾ ഏപ്രിൽ 1 മുതൽ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് മുൻകാലങ്ങളിൽ നടത്തിയിരുന്ന വിതരണത്തേയും ഉപരിപ്ലവമായ വാഗ്ദാനങ്ങളെയും വിമർശിച്ച പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടിനെക്കുറിച്ച് സംസാരിച്ച നേതാക്കൾക്ക് 20-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകൾക്ക് മുൻപ് പൂർത്തിയാക്കേണ്ട കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ രാജ്യം 40-50 വർഷം പിന്നിലാണെന്ന് മനസ്സിലാക്കിയതിലുണ്ടായ വേദനയും അദ്ദേഹം പ്രകടിപ്പിച്ചു. സേവനമനുഷ്ഠിക്കാൻ പൊതുജനങ്ങൾ അവസരം നൽകിയ 2014 മുതൽ, ഗവൺമെന്റ് യുവജനങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകുകയും അവർക്കായി നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. അതിന്റെ ഫലമായി, യുവജനങ്ങൾ ഇന്ന് അഭിമാനത്തോടെ അവരുടെ കഴിവുകളും നേട്ടങ്ങളും പ്രകടിപ്പിക്കുന്നു. ബഹിരാകാശ മേഖല, പ്രതിരോധ മേഖല എന്നിവ തുറന്നുകൊടുത്തതും സെമികണ്ടക്ടർ ദൗത്യത്തിന് സമാരംഭം കുറിച്ചതും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, നിരവധി പുതിയ പദ്ധതികൾ അവതരിപ്പിച്ചു, കൂടാതെ സ്റ്റാർട്ടപ്പ് ഇന്ത്യ പരിസ്ഥിതി പൂർണ്ണമായും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അതിനും പുറമെ, നിലവിലെ ബജറ്റിലുള്ള ഒരു സുപ്രധാന തീരുമാനമാണ് 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് നൽകുക എന്നത്, അത് വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, ആണവോർജ്ജ മേഖല തുറന്നുകൊടുക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണപരമായ നേട്ടങ്ങളും ഫലങ്ങളും നൽകും.
നിർമ്മിത ബുദ്ധി (എ.ഐ), 3ഡി പ്രിന്റിംഗ്, റോബോട്ടിക്‌സ്, വെർച്വൽ റിയാലിറ്റി എന്നിവയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ഗെയിമിംഗ് മേഖലയിലെ പരിശ്രമങ്ങൾക്ക് അടിവരയിടുകയും ചെയ്ത ശ്രീ മോദി, ഈ മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതി ചൂണ്ടിക്കാട്ടികൊണ്ട് ഇന്ത്യയെ ആഗോളതലത്തിൽ സർഗാത്മക ഗെയിമിംഗിന്റെ തലസ്ഥാനമാക്കാൻ രാജ്യത്തെ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം എ.ഐ എന്നത് നിർമ്മിത ബുദ്ധി മാത്രമല്ല, അത് ഇന്ത്യയുടെ അഭിലാഷത്തേയും പ്രതിനിധീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂളുകളിൽ 10,000 അടൽ ടിങ്കറിംഗ് ലാബുകൾ ആരംഭിച്ചത് ഉയർത്തിക്കാട്ടിയ അദ്ദേഹം, അവിടെ വിദ്യാർത്ഥികൾ അവരുടെ റോബോട്ടിക് സൃഷ്ടികൾ കൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയാണെന്നും പറഞ്ഞു. ഈ ബജറ്റിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾക്കുള്ള വകയിരുത്തലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ എ.ഐ ദൗത്യം ആഗോളതലത്തിൽ ശുഭാപ്തിവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ലോക എ.ഐ വേദിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യത്തിന് പ്രാധാന്യമേറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ ബജറ്റിൽ ഡീപ് ടെക്ക് മേഖലയിലെ നിക്ഷേപം ഉൾപ്പെടുത്തിയിട്ടുണ്ടെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, പൂർണ്ണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 21-ാം നൂറ്റാണ്ടിൽ അതിവേഗം പുരോഗമിക്കണമെങ്കിൽ ഇന്ത്യ ഡീപ് ടെക്ക് മേഖലയിൽ വേഗത്തിൽ മുന്നേറേണ്ടത് അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞു. യുവജനങ്ങളുടെ ഭാവി മനസ്സിൽ വച്ചുകൊണ്ടുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് ഗവൺമെന്റ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് യുവജനങ്ങളെ വഞ്ചിക്കുകയും അത് നിറവേറ്റാൻ പരാജയപ്പെടുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാർട്ടികളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഈ പാർട്ടികൾ യുവജനങ്ങളുടെ ഭാവിക്ക് ഒരു ദുരന്തമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പരാമർശിക്കവേ, ഗവൺമെന്റ് രൂപീകരിച്ച ഉടൻ തന്നെ ചെലവോ ഇടനിലക്കാരോ ഇല്ലാതെ ജോലി നൽകുമെന്ന വാഗ്ദാനം നിറവേറ്റപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവായി അദ്ദേഹം ഉയർത്തിക്കാട്ടി. ചരിത്രം കുറിച്ചുകൊണ്ടുള്ള ഹരിയാനയിലെ തുടർച്ചയായ മൂന്നാം വിജയം സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമായി അടയാളപ്പെടുത്തിക്കൊണ്ട് അദ്ദേഹം എടുത്തുപറഞ്ഞു. അതുപോലെ, മഹാരാഷ്ട്രയിൽ ഭരണകക്ഷിക്ക് മുൻപൊരിക്കലും ലഭിക്കാത്ത തരത്തിൽ സീറ്റുകൾ ലഭിച്ചുവെന്നും ജനങ്ങളുടെ അനുഗ്രഹമാണ് ഈ വിജയത്തിന് കാരണമെന്നും പറഞ്ഞു കൊണ്ട് മഹാരാഷ്ട്രയിലെ തെരഞ്ഞടുപ്പിന്റെ ചരിത്രപരമായ ഫലത്തെ പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഭരണഘടന 75 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത രാഷ്ട്രപതിയുടെ പ്രസംഗത്തെ പ്രധാനമന്ത്രി പരാമർശിച്ചു. ഭരണഘടനയുടെ അനുച്ഛേദങ്ങൾക്ക് പുറമേ, അതിൻ്റെ ആത്മാവ് സചേതനമായി നിൽക്കുമെന്നും നാം അതിനോടൊപ്പം നില കൊള്ളണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവർണർമാർ തങ്ങളുടെ പ്രസംഗങ്ങളിൽ അതാത് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതുപോലെ, കഴിഞ്ഞ വർഷത്തെ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ വിവരിക്കുന്നത് ഒരു പാരമ്പര്യമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഗുജറാത്ത് അതിൻ്റെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെയും യഥാർത്ഥ ചൈതന്യം പ്രകടമായെന്നും താൻ അപ്പോൾ മുഖ്യമന്ത്രിയായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സുവർണ ജൂബിലി വർഷത്തിൽ, കഴിഞ്ഞ 50 വർഷമായി നിയമസഭയിൽ ഗവർണർമാർ നടത്തിയ എല്ലാ പ്രസംഗങ്ങളും സമാഹരിച്ച് ഒരു പുസ്തകമാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു, അത് ഇപ്പോൾ എല്ലാ ലൈബ്രറികളിലും ലഭ്യമാണ്. ഈ പ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ തൻ്റെ ഭരണകൂടം അഭിമാനിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആത്മാവ് അനുസരിച്ച് ജീവിക്കാനും സ്വയം സമർപ്പിക്കാനും മനസ്സിലാക്കാനും ഉള്ള അവരുടെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു.
2014ൽ അധികാരത്തിലെത്തിയപ്പോൾ അംഗീകൃത പ്രതിപക്ഷ കക്ഷിയൊന്നും ഉണ്ടായിരുന്നില്ല, കാരണം ആർക്കും ആവശ്യമായ സീറ്റുകൾ ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല നിയമങ്ങളും ഗവൺമെൻ്റിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചു, പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തണമെന്ന് പല കമ്മറ്റികളും വ്യവസ്ഥ ചെയ്തു, പക്ഷേ ഒന്നുമുണ്ടായില്ല. ഭരണഘടനയുടെ ആത്മാവിനും ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കും അനുസൃതമായി, അംഗീകൃത പ്രതിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ പാർട്ടിയുടെ നേതാവിനെ യോഗങ്ങളിൽ ക്ഷണിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനാധിപത്യത്തിൻ്റെ സത്തയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇത് പ്രകടമാക്കിയത്. മുൻകാലങ്ങളിൽ പ്രധാനമന്ത്രിമാർ സ്വതന്ത്രമായാണ് ഫയലുകൾ കൈകാര്യം ചെയ്തിരുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ ഭരണം ഈ പ്രക്രിയകളിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിയമങ്ങൾ പോലും നടപ്പിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുമ്പോൾ, ഭരണഘടനയ്ക്ക് അനുസൃതമായി ജീവിക്കാനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ പലയിടത്തും കുടുംബങ്ങൾ സൃഷ്ടിച്ച സ്വകാര്യ മ്യൂസിയങ്ങൾ ഉണ്ടെന്ന് എടുത്തുകാണിച്ച ശ്രീ മോദി, പൊതു ഫണ്ട് വിനിയോഗിക്കുമ്പോൾ ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും ആത്മാവിന് അനുസൃതമായി ജീവിക്കേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിമാർ മുതൽ തൻ്റെ മുൻഗാമികൾ വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവർത്തനവും പ്രദർശിപ്പിക്കുന്ന പി എം മ്യൂസിയത്തിൻ്റെ സൃഷ്ടിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. പി എം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള മഹാൻമാരായ നേതാക്കളുടെ കുടുംബങ്ങൾ ഇവിടം സന്ദർശിക്കാനും മ്യൂസിയത്തെ കൂടുതൽ സമ്പന്നമാക്കുന്നതിന് കൂട്ടിച്ചേർക്കലുകൾ നിർദ്ദേശിക്കാനും ഇതു വഴി യുവതലമുറയെ പ്രചോദിപ്പിക്കാനും പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കുവേണ്ടി ജീവിക്കുന്നത് സാധാരണമാണെന്നും എന്നാൽ ഭരണഘടനയ്ക്ക് വേണ്ടി ജീവിക്കുക എന്നത് അവർ പിന്തുടരാൻ ബാധ്യസ്ഥരായ ഒരു ഉന്നതമായ ആഹ്വാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
"അധികാരം സേവനത്തിനായി ഉപയോഗിക്കുമ്പോൾ അത് രാഷ്ട്രനിർമ്മാണത്തിലേക്ക് നയിക്കുന്നു, എന്നാൽ അധികാരം ഒരു പൈതൃകമായി മാറുമ്പോൾ അത് ആളുകളെ നശിപ്പിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ ഭരണഘടനയുടെ അന്തസത്ത മുറുകെ പിടിക്കുന്നവരാണെന്നും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദേശീയ ഐക്യത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ച അദ്ദേഹം, സർദാർ വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥാപിച്ചത് അനുസ്മരിച്ചു. ഭരണഘടന അനുസരിച്ച് ജീവിക്കാനുള്ള പ്രതിബദ്ധതയാണ് അവരുടെ പ്രവർത്തനങ്ങളെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചിലർ അർബൻ നക്സലുകളുടെ ഭാഷ പരസ്യമായി ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് തൻ്റെ ആശങ്ക പ്രകടിപ്പിച്ച ശ്രീ മോദി, ഈ ഭാഷ സംസാരിക്കുകയും ഇന്ത്യൻ ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവർക്ക് ഭരണഘടനയോ രാജ്യത്തിൻ്റെ ഐക്യമോ മനസ്സിലാക്കാൻ കഴിയില്ലെന്ന് എടുത്തുപറഞ്ഞു.
ഏഴ് പതിറ്റാണ്ടായി ജമ്മു കശ്മീരിനും ലഡാക്കിനും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത് ഭരണഘടനയോടും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളോടും ചെയ്യുന്ന അനീതിയാണെന്ന് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലൂടെ, ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് രാജ്യത്തെ മറ്റ് പൗരന്മാർക്ക് ലഭിക്കുന്ന അതേ അവകാശങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവർ ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്യുന്നു, അതിനാലാണ് അവർ ശക്തമായ തീരുമാനങ്ങൾ എടുക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഭരണഘടന വിവേചനം അനുവദിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, പക്ഷപാതപരമായ മനോഭാവത്തോടെ ജീവിക്കുന്നവരെ വിമർശിക്കുകയും മുസ്ലിം സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മുത്തലാഖ് നിർത്തലാക്കിയതിലൂടെ, ഭരണഘടന അനുസരിച്ച് മുസ്ലിം പെൺമക്കൾക്ക് അർഹമായ തുല്യത നൽകിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു.
തങ്ങളുടെ ഗവൺമെൻ്റ് അധികാരത്തിലിരുന്നപ്പോഴെല്ലാം ദീർഘവീക്ഷണത്തോടെയാണ് പ്രവർത്തിച്ചതെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇച്ഛാഭംഗവും നിരാശയും കാരണം ചിലർ ഉപയോഗിക്കുന്ന ഭിന്നിപ്പിന്റെ ഭാഷയിൽ ആശങ്ക രേഖപ്പെടുത്തി. മഹാത്മാഗാന്ധി വിഭാവനം ചെയ്തതുപോലെ, തങ്ങളുടെ ശ്രദ്ധ എല്ലായ്പ്പോഴും കേന്ദ്രീകരിച്ചിരിക്കുന്നത് പിന്നാക്കം നിൽക്കുന്നവരിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഗോത്രവർഗകാര്യങ്ങൾക്കുമായി പ്രത്യേക മന്ത്രാലയങ്ങൾ രൂപീകരിച്ചത് ശ്രീ മോദി എടുത്തുകാണിച്ചു.
ഇന്ത്യയുടെ തെക്കൻ, കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ ഗണ്യമായ മത്സ്യബന്ധന സമൂഹങ്ങളുണ്ടെന്ന് എടുത്തുകാണിച്ച ശ്രീ മോദി, ചെറിയ ഉൾനാടൻ ജലപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഈ സമൂഹങ്ങളുടെ ക്ഷേമം പരിഗണിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനമാർഗത്തിന് പിന്തുണ നൽകുന്നതിനുമായി, മത്സ്യബന്ധനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് തങ്ങളുടെ ഗവൺമെന്റാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ളിലെ സാധ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ അഭിലാഷങ്ങൾക്കായി ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് നൈപുണ്യ വികസനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിലേക്ക് നയിച്ചു. ജനാധിപത്യത്തിൻ്റെ പ്രാഥമിക കർത്തവ്യം ഏറ്റവും സാധാരണക്കാരായ പൗരന്മാർക്ക് പോലും അവസരങ്ങൾ ഒരുക്കലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കോടിക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ സഹകരണ മേഖലയെ വിപുലീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ഗവൺമെന്റ് സഹകരണത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. ഇത് അവരുടെ കാഴ്ചപ്പാടിനെയാണ് പ്രകടമാക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജാതി ചർച്ച ചെയ്യുന്നത് ചില ആളുകൾക്ക് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും കഴിഞ്ഞ 30-35 വർഷമായി വിവിധ പാർട്ടികളിൽ നിന്നുള്ള ഒബിസി എംപിമാർ ഒബിസി കമ്മീഷന് ഭരണഘടനാ പദവി ആവശ്യപ്പെട്ട് വരികയായിരുന്നു വെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒബിസി കമ്മീഷന് ഭരണഘടനാ പദവി നൽകിയത് തങ്ങളുടെ ഗവണ്മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാക്ക വിഭാഗ കമ്മീഷൻ ഇപ്പോൾ ഭരണഘടനാ ചട്ടക്കൂടിന്റെ ഭാഗമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
എല്ലാ മേഖലകളിലും എസ്‌സി, എസ്ടി, ഒബിസി സമുദായങ്ങൾക്ക് പരമാവധി അവസരങ്ങൾ നൽകുന്നതിന് തങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു എസ്‌സി കുടുംബത്തിലെയോ എസ്‌ടി കുടുംബത്തിലെയോ മൂന്ന് എംപിമാർ ഒരേസമയം പാർലമെന്റിൽ സേവനമനുഷ്ഠിച്ച കാലം ഉണ്ടായിട്ടുണ്ടോ എന്ന പ്രധാനപ്പെട്ട ചോദ്യം അദ്ദേഹം ഉന്നയിച്ചു. ചില വ്യക്തികളുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വലിയ വ്യത്യാസം സൂചിപ്പിച്ച അദ്ദേഹം അവരുടെ വാഗ്ദാനങ്ങളും അതിന്റെ യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അന്തരം എടുത്തുപറഞ്ഞു.
സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കാതെ ഐക്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം പരാമർശിച്ചുകൊണ്ട് പട്ടികജാതി, പട്ടികവർഗ സമുദായങ്ങളുടെ ശാക്തീകരണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2014 ന് മുമ്പ് രാജ്യത്ത് 387 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 780 ആയി വർദ്ധിച്ചപ്പോൾ സീറ്റുകളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായതായി ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ന് മുമ്പ് പട്ടികജാതി വിദ്യാർത്ഥികൾക്ക് എംബിബിഎസ്സിന് 7,700 സീറ്റുകൾ മാത്രമാണുണ്ടായിരുന്നതെന്നും പത്ത് വർഷത്തിന് ശേഷം സീറ്റുകളുടെ എണ്ണം 17,000 ആയി വർദ്ധിക്കുകയും അതുവഴി സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കാതെയും ഓരോരുത്തരുടെയും അന്തസ്സിനെ മാനിച്ചുകൊണ്ടും ദളിത് സമൂഹത്തിന് ഡോക്ടർമാരാകാനുള്ള അവസരങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. 2014 ന് മുമ്പ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എംബിബിഎസ്സിന് 3,800 സീറ്റുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ഏകദേശം 9,000 ആയി വർധിച്ചതായും ശ്രീ മോദി എടുത്തുപറഞ്ഞു. 2014 ന് മുമ്പ് ഒബിസി വിദ്യാർത്ഥികൾക്ക് 14,000 ൽ താഴെ എംബിബിഎസ് സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, അത് ഏകദേശം 32,000 ആയി ഉയരുകയും 32,000 ഒബിസി വിദ്യാർത്ഥികളെ ഡോക്ടർമാരാകാൻ പ്രാപ്തമാക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ, എല്ലാ ആഴ്ചയും ഒരു പുതിയ സർവകലാശാല സ്ഥാപിക്കപ്പെട്ടുവെന്നും, എല്ലാ ദിവസവും ഒരു പുതിയ ഐടിഐ തുറക്കപ്പെട്ടുവെന്നും, ഓരോ രണ്ട് ദിവസത്തിലും ഒരു പുതിയ കോളേജ് ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. എസ്‌സി, എസ്ടി, ഒബിസി യുവാക്കൾക്കുള്ള അവസരങ്ങളിലെ ഗണ്യമായ വർദ്ധനവ് അദ്ദേഹം ഊന്നിപറഞ്ഞു.
"ഒരു ഗുണഭോക്താവിനെയും ഒഴിവാക്കാതെ എല്ലാ പദ്ധതികളുടെയും പൂർത്തീകരണം 100 ശതമാനവും ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്", ശ്രീ മോദി പറഞ്ഞു. കുറച്ച് പേർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന പഴഞ്ചൻ രീതി പാടെ തള്ളിക്കളഞ്ഞ അദ്ദേഹം ആനുകൂല്യങ്ങൾക്ക് അർഹതയുള്ള എല്ലാവർക്കും അത് ലഭിക്കണമെന്ന് എടുത്തുപറഞ്ഞു. പ്രീണന രാഷ്ട്രീയത്തെ വിമർശിച്ച പ്രധാനമന്ത്രി വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് രാജ്യം പ്രീണനത്തിൽ നിന്ന് മാറി സംതൃപ്തിയുടെ പാതയിലേക്ക് നീങ്ങണമെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിവേചനമില്ലാതെ അവരുടെ അവകാശങ്ങൾ ലഭിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 100% പൂർത്തീകരണം കൈവരിക്കുക എന്നാൽ യഥാർത്ഥ സാമൂഹിക നീതി, മതേതരത്വം, ഭരണഘടനയോടുള്ള ബഹുമാനം എന്നിവയാണ്.
എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുക എന്നതാണ് ഭരണഘടനയുടെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇന്ന് കാൻസർ ദിനമാണെന്നും രാജ്യത്തും ലോകമെമ്പാടും ആരോഗ്യ സുരക്ഷ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വാർത്ഥതയാൽ നയിക്കപ്പെടുന്ന ചില വ്യക്തികൾ ദരിദ്രർക്കും പ്രായംചെന്നവർക്കും ആരോഗ്യ സേവനങ്ങൾ നൽകുന്നത് തടസ്സപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുഷ്മാൻ കാർഡ് ഉടമകൾക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുമായി, സ്പെഷ്യലൈസ്ഡ് പ്രൈവറ്റ് ആശുപത്രികൾ ഉൾപ്പെടെ 30,000 ആശുപത്രികൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ ഇടുങ്ങിയ ചിന്താഗതിയും തെറ്റായ നയങ്ങളും കാരണം ഈ ആശുപത്രികളുടെ വാതിലുകൾ ദരിദ്രർക്ക് മുന്നിൽ, കാൻസർ രോഗികളെപ്പോലും ബാധിക്കുന്നതരത്തിൽ, കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്. ആയുഷ്മാൻ പദ്ധതിയുടെ കീഴിൽ സമയബന്ധിതമായ കാൻസർ ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന പബ്ലിക് ഹെൽത്ത് ജേണൽ ലാൻസെറ്റിന്റെ സമീപകാല പഠനത്തെ ഉദ്ധരിച്ചുകൊണ്ട്, കാൻസർ പരിശോധനയിലും ചികിത്സയിലും ഗവണ്മെന്റ് നൽകുന്ന പ്രാധാന്യം ശ്രീ മോദി ഊന്നിപറഞ്ഞു. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും കാൻസർ രോഗികളെ രക്ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാൻസെറ്റിന്റെ പ്രശംസയ്ക്ക് പാത്രമായ ആയുഷ്മാൻ പദ്ധതി ഇന്ത്യയിൽ ഈ ദിശയിലുള്ള ഗണ്യമായ പുരോഗതി ചൂണ്ടിക്കാട്ടുന്നു.
കാൻസർ മരുന്നുകൾ കൂടുതൽ താങ്ങാനാവുന്ന രീതിലിലേക്ക് എത്തിക്കുന്നതിനായി ഈ ബജറ്റിൽ സ്വീകരിച്ച സുപ്രധാന നടപടി ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രത്യേകിച്ച് കാൻസർ ദിനത്തിൽ, കാൻസർ രോഗികൾക്ക് പ്രയോജനം ചെയ്യുന്ന ഒരു സുപ്രധാന തീരുമാനമാണിതെന്ന് ശ്രീ മോദി പറഞ്ഞു. എല്ലാ മാന്യ എംപിമാരോടും ഈ ആനുകൂല്യം അവരവരുടെ നിയോജകമണ്ഡലങ്ങളിലെ രോഗികൾക്ക് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആശുപത്രികളുടെ കുറവ് കാരണം രോഗികൾ നേരിടുന്ന വെല്ലുവിളികൾ വ്യക്തമാക്കിയ അദ്ദേഹം, 200 പകൽ പരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഈ കേന്ദ്രങ്ങൾ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വളരെയധികം ആശ്വാസം നൽകും.
രാഷ്ട്രപതിയുടെ പ്രസംഗത്തിത്തിൽ പരാമർശിച്ച വിദേശനയത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന് ദോഷം വരുത്തുന്നതാണെങ്കിൽകൂടി, വലിയവരാണെന്ന് കാണിക്കാൻ വിദേശനയത്തെക്കുറിച്ച് സംസാരിക്കണമെന്ന് ചില വ്യക്തികൾക്ക് തോന്നുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശനയത്തിൽ യഥാർത്ഥ താൽപ്പര്യമുള്ളവർ ഒരു പ്രശസ്ത വിദേശകാര്യ വിദഗ്ധന്റെ "JFK's Forgotten Crisis" എന്ന പുസ്തകം വായിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയും തമ്മിലുള്ള പ്രധാന സംഭവങ്ങളെയും ചർച്ചകളെയും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു.
ദരിദ്ര കുടുംബത്തിൽ നിന്നുള്ള ഒരു വനിതയായ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം, അവരോട് കാണിച്ച അനാദരവിൽ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ മോഹഭംഗം തനിക്ക് മനസ്സിലാകുമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, രാഷ്ട്രപതിയോടുള്ള ഇത്തരം അനാദരവിന് പിന്നിലെ കാരണങ്ങളെ ചോദ്യം ചെയ്തു. പിന്തിരിപ്പൻ ചിന്താഗതികൾ ഉപേക്ഷിച്ച് സ്ത്രീകൾ നയിക്കുന്ന വികസനം എന്ന മന്ത്രം സ്വീകരിച്ചുകൊണ്ട് ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പരാമർശിച്ച ശ്രീ മോദി, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് പൂർണ്ണ അവസരങ്ങൾ നൽകിയാൽ ഇന്ത്യയ്ക്ക് ഇരട്ടി വേഗത്തിൽ പുരോഗതിയിലെത്താൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ 25 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് തന്റെ ഈ ബോധ്യം കൂടുതൽ ദൃഢമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ, പ്രധാനമായും പാർശ്വവൽക്കരിക്കപ്പെട്ടതും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ളതുമായ 10 കോടി വനിതകൾ സ്വയം സഹായ സംഘങ്ങളിൽ (എസ്എച്ച്ജി) ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം വനിതകളുടെ കഴിവുകൾ വർദ്ധിച്ചു, അവരുടെ സാമൂഹിക നില മെച്ചപ്പെട്ടു, അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗവണ്മെന്റ് അവർക്കുള്ള സഹായം 20 ലക്ഷമായി വർദ്ധിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ അനുകൂല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ലഖ്പതി ദീദി പ്രചാരണത്തെക്കുറിച്ചുള്ള പരാമർശം എടുത്തുകാണിച്ചുകൊണ്ട്, തുടർച്ചയായ മൂന്നാം തവണയും ഗവണ്മെന്റ് രൂപീകരിച്ചതിനുശേഷം 50 ലക്ഷത്തിലധികം ലഖ്പതി ദീദികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഉദ്യമം ആരംഭിച്ചതിനുശേഷം ഏകദേശം 1.25 കോടി സ്ത്രീകൾ ലഖ്പതി ദീദികളായി മാറിയിട്ടുണ്ടെന്നും സാമ്പത്തിക പരിപാടികളിലൂടെ മൂന്ന് കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിലെ ഗണ്യമായ മാനസിക മാറ്റത്തിലൂടെ, ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന, നമോ ഡ്രോൺ ദീദികൾ എന്നറിയപ്പെടുന്ന വനിതകൾ, സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണയെ മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രോൺ ദീദികൾ പാടത്ത് പണിയെടുത്തുകൊണ്ട് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നു. കോടിക്കണക്കിന് സ്ത്രീകൾ വ്യാവസായിക മേഖലയിലേക്ക് കടന്നുവരികയും സംരംഭകത്വം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുള്ള വനിതാശാക്തീകരണത്തിലെ മുദ്ര യോജനയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
കുടുംബങ്ങൾക്ക് നൽകുന്ന 4 കോടി വീടുകളിൽ 75 ശതമാനവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, "ഈ മാറ്റം ശക്തവും ശാക്തീകരിക്കപ്പെട്ടതുമായ 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അടിത്തറയിടുകയാണ്" എന്ന് ഊന്നിപ്പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താതെ വികസിത ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവില്ല എന്നും പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ കൃഷിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യയുടെ ശക്തമായ സ്തംഭമാണ് കർഷകരെന്നും ഓർമിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ, അതായത് 2014 മുതലുള്ള കാലത്തിൽ കാർഷിക ബജറ്റ് പതിന്മടങ്ങ് വർദ്ധിച്ച കാര്യവും, ഇത് ഗണ്യമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.
2014-ന് മുമ്പ് യൂറിയയുടെ ആവശ്യം മുന്നോട്ട് വച്ചപ്പോൾ കർഷകർക്കുണ്ടായ ബുദ്ധിമുട്ടുകളും അതിന്റെ പേരിൽ അവർക്ക് നേരിടേണ്ടി വന്ന പോലീസ് നടപടിയേയും പ്രധാനമന്ത്രി പരാമർശിച്ചു. അവർക്ക് ഒരു രാത്രി മുഴുക്കെ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വന്നതും, കർഷകർക്ക് വേണ്ടിയുള്ള വളം പലപ്പോഴും കരിഞ്ചന്തകളിൽ എത്തപ്പെട്ടതും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇന്ന് കർഷകർക്ക് ധാരാളം വളം ലഭിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. COVID-19 പ്രതിസന്ധിയുടെ സമയത്ത്, വിതരണ ശൃംഖല തടസ്സപ്പെടുകയും, ആഗോള വില കുതിച്ചുയർന്ന്, ഇറക്കുമതി ചെയ്യുന്ന യൂറിയയെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവന്ന സമയത്ത് അതിൻ്റെ ചെലവ് സർക്കാരിന് വഹിക്കാൻ കഴിഞ്ഞതും ശ്രീ മോദി ഓർമ്മിച്ചെടുത്തു. 3,000 രൂപ വിലയുള്ള ഒരു ചാക്ക് യൂറിയ കർഷകർക്ക് 300 രൂപയിൽ താഴെ നിരക്കിലാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നിരന്തര പരിശ്രമം കർഷകർക്ക് പരമാവധി നേട്ടങ്ങൾ ഉറപ്പാക്കുന്ന കാര്യവും പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.
“കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, കർഷകർക്ക് താങ്ങാനാവുന്ന തരത്തിൽ വളം ലഭ്യമാക്കാൻ 12 ലക്ഷം കോടി രൂപ ചെലവഴിച്ചു, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ഏകദേശം 3.5 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി,” ശ്രീ മോദി പറഞ്ഞു. എംഎസ്പിയിലെ റെക്കോർഡ് വർധനവ് അദ്ദേഹം എടുത്തുകാട്ടി. കഴിഞ്ഞ ദശകത്തിൽ സംഭരണം മൂന്നിരട്ടിയായതും കർഷക വായ്പകൾ കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമാക്കി മാറ്റിയതിനേയും വായ്പയുടെ തുകയിൽ മൂന്നിരട്ടി വർധന വരുത്തിയത്തിനേയും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് പ്രകൃതിദുരന്തങ്ങളുടെ സമയത്ത് കർഷകരെ സ്വയം രക്ഷനേടാൻ വിട്ടിരുന്നുവെങ്കിൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം 2 ലക്ഷം കോടി രൂപ കർഷകർക്ക് വിതരണം ചെയ്തുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ജലസേചനത്തിൽ കൈക്കൊണ്ട അഭൂതപൂർവമായ നടപടികൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ജല മാനേജ്മെൻ്റിനായുള്ള ഡോ. ബാബാസാഹെബ് അംബേദ്കറുടെ സമഗ്രവും ഉൾക്കൊള്ളുന്നതുമായ കാഴ്ചപ്പാടിനെയും പരാമർശിച്ചു. കർഷകർക്ക് അവരുടെ വയലുകളിൽ വെള്ളം എത്തുന്നത് ഉറപ്പാക്കാൻ പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന നൂറിലധികം വൻകിട ജലസേചന പദ്ധതികൾ പൂർത്തീകരിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. ഡോ. അംബേദ്കർ നദികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് വേണ്ടി വാദിച്ചു, വർഷങ്ങളായി പൂർത്തീകരിക്കപ്പെടാതെ പോയ ഒരു ദർശനമാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന്, കെൻ-ബെത്വ ലിങ്ക് പ്രോജക്റ്റ്, പാർവതി-കലിസിന്ധ്-ചമ്പൽ ലിങ്ക് പ്രോജക്ട് തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു. സമാനമായ നദീജല സംയോജന സംരംഭങ്ങളിലൂടെ ഗുജറാത്തിലെ തൻ്റെ വിജയകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.
"ഓരോ ഇന്ത്യക്കാരനും ലോകമെമ്പാടുമുള്ള തീന്മേശകളിൽ 'മെയ്ഡ് ഇൻ ഇന്ത്യ' ഭക്ഷണ പാക്കറ്റുകൾ കാണാൻ സ്വപ്നം കാണണം", പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ചായയും കാപ്പിയും ഇപ്പോൾ ആഗോളതലത്തിൽ പ്രചാരം നേടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു, കൂടാതെ കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മഞ്ഞളിന് ആവശ്യകത വർദ്ധിച്ചു. വരും കാലങ്ങളിൽ ഇന്ത്യയുടെ സംസ്കരിച്ച സമുദ്രവിഭവങ്ങളും ബിഹാറിലെ മഖാനയും ലോകമെമ്പാടും തങ്ങളുടെ മുദ്ര പതിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ അന്ന എന്നറിയപ്പെടുന്ന ഇന്ത്യയുടെ മില്ലറ്റുകൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ പ്രശസ്തി വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
വികസിത ഇന്ത്യക്കായി 'ഭാവിക്കായി തയ്യാറെടുക്കുന്ന നഗരങ്ങളുടെ' (Future Ready cities) പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, രാജ്യം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണെന്നും ഇത് ഒരു വെല്ലുവിളി എന്നതിലുപരി അവസരമായി കാണണമെന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു. വർദ്ധിച്ച കണക്റ്റിവിറ്റി, സാധ്യതകളെ വർദ്ധിപ്പിക്കുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഡൽഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ നമോ റെയിലിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി പരാമർശിക്കുകയും അതിൽ യാത്ര ചെയ്ത അനുഭവം പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തിൻ്റെ ഭാവി ദിശയെ പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും അത്തരം കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡൽഹിയുടെ മെട്രോ റെയിൽ ശൃംഖല ഇരട്ടിയായെന്നും ഇപ്പോൾ ടയർ-2, ടയർ-3 നഗരങ്ങളിലേക്ക് മെട്രോ ശൃംഖലകൾ വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മെട്രോ ശൃംഖല 1,000 കിലോമീറ്റർ പിന്നിട്ടെന്നും, അടുത്ത ഒരു 1,000 കിലോമീറ്റർ കൂടി നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് ദ്രുതഗതിയിലുള്ള പുരോഗതിയെയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിമാനത്തോടെ എടുത്തുപറഞ്ഞു. രാജ്യത്തുടനീളം 12,000 ഇലക്‌ട്രിക് ബസുകൾ ഏർപ്പെടുത്തിയതുൾപ്പെടെ മലിനീകരണം കുറയ്ക്കാൻ ഇന്ത്യൻ ഗവൺമെൻ്റ് സ്വീകരിച്ച നിരവധി സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു, ഇത് ഡൽഹിയ്ക്കും കാര്യമായ സേവനങ്ങൾ നൽകുന്നു.
ലക്ഷക്കണക്കിന് യുവാക്കൾ ചേരുന്ന പ്രധാന നഗരങ്ങളിലെ ഗിഗ് ഇക്കോണമിയുടെ വിപുലീകരണത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇ-ശ്രം പോർട്ടലിൽ (e-Shram portal) ഗിഗ് തൊഴിലാളികളുടെ രജിസ്ട്രേഷനും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള ഐഡി കാർഡ് വിതരണവും പ്രഖ്യാപിച്ചു. ഗിഗ് തൊഴിലാളികൾക്ക് ആയുഷ്മാൻ പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും അവർക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ ഒരു കോടിയോളം ഗിഗ് തൊഴിലാളികളുണ്ടെന്ന് അദ്ദേഹം കണക്കാക്കുകയും ഈ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ നിരന്തരമായ ശ്രമങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തു.
എംഎസ്എംഇ മേഖല മെച്ചപ്പെടുത്തുന്നതിനായി നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച ശ്രീ മോദി, 2006-ൽ സ്ഥാപിതമായ എംഎസ്എംഇ മാനദണ്ഡങ്ങൾ കഴിഞ്ഞ ദശകത്തിൽ രണ്ടുതവണ കാലോചിതമാക്കിയെന്നും 2020ലും ഈ ബജറ്റിലും അതിൽ കാര്യമായ നവീകരണങ്ങൾ കൊണ്ടുവന്നതായും പറഞ്ഞു. എംഎസ്എംഇകൾക്ക് നൽകുന്ന സാമ്പത്തിക പിന്തുണ, ഔപചാരിക സാമ്പത്തിക സ്രോതസ്സുകളുടെ വെല്ലുവിളി, കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ എംഎസ്എംഇ മേഖലയ്ക്ക് നൽകിയ പ്രത്യേക പിന്തുണ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പണമൊഴുക്ക് ഉറപ്പാക്കുകയും ഈടില്ലാതെ വായ്പകൾ നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിലുറപ്പ് നൽകുകയും ചെയ്യുന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് കസ്റ്റമൈസ്ഡ് ക്രെഡിറ്റ് കാർഡുകളും ക്രെഡിറ്റ് ഗ്യാരൻ്റി കവറേജും അവതരിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2014 ന് മുമ്പ് ഇന്ത്യ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്തിരുന്നു, എന്നാൽ ഇന്ന്, ഇന്ത്യൻ കളിപ്പാട്ട നിർമ്മാതാക്കൾ ലോകമെമ്പാടും കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യുന്നു, ഇറക്കുമതിയിൽ ഗണ്യമായ കുറവും കയറ്റുമതിയിൽ 239% വർദ്ധനവും ഉണ്ടായി. വസ്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ സാധനങ്ങൾ തുടങ്ങിയ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുന്നതോടെ, എംഎസ്എംഇകൾ നടത്തുന്ന വിവിധ മേഖലകൾ ആഗോള അംഗീകാരം നേടുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
വികസിത ഇന്ത്യയെന്ന സ്വപ്നം സർക്കാരിൻ്റെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെയും സ്വപ്നമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യ വളരെ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഓരോരുത്തരും അവരുടേതായ ഊർജ്ജം സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ചു. 20-25 വർഷത്തിനുള്ളിൽ രാജ്യങ്ങൾ വികസിക്കുന്നതിൻ്റെ ആഗോള ഉദാഹരണങ്ങളുണ്ടെന്നും ജനസംഖ്യാപരമായ നേട്ടം, ജനാധിപത്യം, ഡിമാൻഡ് എന്നിവയുള്ള ഇന്ത്യക്ക് 2047 ൽ, അതായത് ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം ആഘോഷിക്കുമ്പോൾ അത് നേടാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിൻ്റെ ആവശ്യകതയും വരും വർഷങ്ങളിൽ ആധുനികവും കഴിവുള്ളതും വികസിതവുമായ ഇന്ത്യ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരായി തുടരേണ്ടതിൻ്റെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാറ്റിനുമുപരിയായി രാഷ്ട്രത്തിന് മുൻഗണന നൽകാനും വികസിത ഇന്ത്യ എന്ന സ്വപ്നത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടും പൗരന്മാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുകയും സഭയിലെ അംഗങ്ങൾക്ക് തൻ്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
***
SK
(Release ID: 2099954)
Visitor Counter : 14
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada