ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
2025-26 സാമ്പത്തിക വർഷം ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് 5272 കോടി രൂപയുടെ ബജറ്റ് വിഹിതം
Posted On:
04 FEB 2025 11:26AM by PIB Thiruvananthpuram
2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചു. 2025-26 ൽ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് 5272 കോടി രൂപ (ബജറ്റ് അടങ്കൽ) ബജറ്റ് വിഹിതമായി അനുവദിച്ചു. 2024-25 ലെ അടങ്കൽ തുകയേക്കാൾ (4417.03 കോടി രൂപ) 19 ശതമാനം കൂടുതലാണിത്.
പരുത്തി ഉത്പാദനത്തിൽ പൊതുവെയുള്ള മുരടിപ്പ് നേരിടാനും വെല്ലുവിളികൾ പരിഹരിക്കുന്നതിനും ഉന്നത നിലവാരമുള്ള തുണിത്തരങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നീളമുള്ള നാരുകളുള്ള പരുത്തി ഇനങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി അഞ്ച് വർഷത്തെ പരുത്തി ദൗത്യം (Cotton Mission) 2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ദൗത്യത്തിന് കീഴിൽ കർഷകർക്ക് ആവശ്യമായ ശാസ്ത്ര സാങ്കേതിക പിന്തുണ ഉറപ്പാക്കും. മിഷൻ 5 എഫ് തത്വം പാലിച്ചും, കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചും ഗുണനിലവാരമുള്ള പരുത്തിയുടെ സ്ഥായിയായ വിതരണം മെച്ചപ്പെടുത്തിയും ആയിരിക്കും ദൗത്യം മുന്നോട്ടു പോവുക. ആഭ്യന്തര ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ, അസംസ്കൃത വസ്തുക്കളുടെ സ്ഥിരതയാർന്ന ലഭ്യത ഉറപ്പാക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയുടെ ആഗോള മത്സരശേഷി മെച്ചപ്പെടുത്തുകയും ലക്ഷ്യങ്ങളാണ്. ഇന്ത്യൻ തുണിത്തര നിർമ്മാണ മേഖലയുടെ 80% സൂക്ഷ്മ ചെറുകിട ഇടത്തരം (MSMEs) മേഖലയിലാണ്.
കാർഷിക-തുണിത്തരങ്ങൾ, വൈദ്യശാസ്ത്ര തുണിത്തരങ്ങൾ, ഭൗമ തുണിത്തരങ്ങൾ (agro, medical, geo textiles) തുടങ്ങിയ സാങ്കേതിക തുണിത്തരങ്ങളുടെ ആഭ്യന്തര ഉത്പാദനം മത്സരാധിഷ്ഠിത വിലയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി, തീരുവ പൂർണ്ണമായും ഒഴിവാക്കിയ ടെക്സ്റ്റൈൽ യന്ത്രങ്ങളുടെ പട്ടികയിൽ രണ്ട് തരം ഷട്ടിൽ-ലെസ് ലൂമുകൾ കൂട്ടിച്ചേർത്തു. തുണിത്തര വ്യവസായത്തിൽ ഉപയോഗിക്കുന്നതിനുള്ള ഷട്ടിൽ ലെസ് ലൂം റാപ്പിയർ ലൂമുകൾ (മിനിറ്റിൽ 650 മീറ്ററിൽ താഴെ), ഷട്ടിൽ ലെസ് ലൂം എയർ ജെറ്റ് ലൂമുകൾ (മിനിറ്റിൽ 1000 മീറ്ററിൽ താഴെ) എന്നിവയുടെ തീരുവ നിലവിലുള്ള 7.5% ൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഈ വ്യവസ്ഥ ഇറക്കുമതി ചെയ്യുന്ന ഉന്നത നിലവാരമുള്ള യന്ത്രത്തറികളുടെ വില കുറയ്ക്കുകയും നെയ്ത്ത് മേഖലയിലെ നവീകരണത്തിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യും.കാർഷിക-തുണിത്തരങ്ങൾ, വൈദ്യശാസ്ത്ര- തുണിത്തരങ്ങൾ, ഭൗമ -തുണിത്തരങ്ങൾ തുടങ്ങിയ സാങ്കേതിക തുണിത്തര മേഖലകളിലെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളെ നടപടി ഉത്തേജിപ്പിക്കും.
ഒൻപത് താരിഫ് ലൈനുകളിൽ ഉൾപ്പെടുന്ന നെയ്ത തുണിത്തരങ്ങളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്ക് യഥാക്രമം “10% അഥവാ 20%” ൽ നിന്ന് “കിലോയ്ക്ക് 20% അഥവാ 115 രൂപ, ഏതാണോ ഉയർന്നത്” ആ നിലയിൽ വർദ്ധിപ്പിച്ചു. ഇത് ഇന്ത്യൻ തുണിത്തര നിർമ്മാതാക്കളുടെ മത്സരശേഷി മെച്ചപ്പെടുത്തുകയും കുറഞ്ഞ വിലയുള്ള തുണിത്തരങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയും ചെയ്യും.
കരകൗശല വസ്തുക്കളുടെ കയറ്റുമതി സുഗമമാക്കുന്നതിന്, കയറ്റുമതിയ്ക്കുള്ള സമയപരിധി ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി നീട്ടി. ആവശ്യമെങ്കിൽ മൂന്ന് മാസം കൂടി നീട്ടി നൽകും. കയറ്റുമതി ചെയ്യാനുദ്ദേശിച്ചുള്ള ഉത്പാദനത്തിനായി ഇറക്കുമതി ചെയ്ത തീരുവ രഹിത അസംസ്കൃത വസ്തുക്കളെ ഉത്പന്നങ്ങളിലേക്കുള്ള പരിവർത്തനം ചെയ്യുന്നതിനുള്ള സമയപരിധിയും ഇനങ്ങളുടെ പട്ടികയും ആവശ്യമെങ്കിൽ വിപുലീകരിക്കുന്നതിലൂടെ കരകൗശല കയറ്റുമതിക്കും വ്യവസ്ഥയുടെ പ്രയോജനം ചെയ്യും. കമ്പിളി പോളിഷ് വസ്തുക്കൾ, ചിപ്പി,മുത്തുച്ചിപ്പി (Mother of Pearl -MOP), കന്നുകാലികളുടെ കൊമ്പ് എന്നിവയുൾപ്പെടെ ഒമ്പത് ഇനങ്ങൾ നികുതി രഹിത പട്ടികയിൽ ചേർത്തു.
ഇന്ത്യൻ തുണിത്തര നിർമ്മാണ മേഖലയുടെ 80% സൂക്ഷ്മ ചെറുകിട ഇടത്തരം (MSMEs) മേഖലയിലാണ്. ബജറ്റിൽ കയറ്റുമതിയ്ക്ക് നൽകിയിരിക്കുന്ന ഊന്നലും, വായ്പയുടെ പരിധിയും മേഖലയും വിപുലീകരിക്കുന്നതും സൂക്ഷ്മ ചെറുകിട ഇടത്തരം ടെക്സ്റ്റൈൽസ് സംരംഭങ്ങൾക്ക് സഹായകമാകും. മറ്റ് പ്രഖ്യാപനങ്ങളായ ദേശീയ ഉത്പാദന ദൗത്യം, കയറ്റുമതി പ്രോത്സാഹന ദൗത്യം, ഭാരത് വ്യാപാര ശൃംഖല, ഫണ്ട് ഓഫ് ഫണ്ട്സ്, തൊഴിൽ-സംരംഭകത്വ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തൊഴിൽ-വർദ്ധിത മേഖലകൾക്കുള്ള സംരംഭങ്ങൾ, സൂക്ഷ്മ ചെറുകിട ഇടത്തരം (MSMEs) സംരംഭങ്ങളുടെയും മറ്റു സംരംഭങ്ങളുടെയും മാനദണ്ഡങ്ങളിലെ പരിഷ്കരണം എന്നിവ ടെക്സ്റ്റൈൽ മേഖലയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
SKY
(Release ID: 2099509)
Visitor Counter : 21