ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വിള ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന;

കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കാനും ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ദീർഘകാല, ഹ്രസ്വകാല വായ്പകൾ സുഗമമാക്കാനും 1.7 കോടി കർഷകരെ പദ്ധതി സഹായിക്കും: കേന്ദ്ര ബജറ്റ് 2025-26

Posted On: 01 FEB 2025 1:23PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 01 ഫെബ്രുവരി 2025 

കാർഷിക വളർച്ചയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുകയെന്നത് 2025-26 കേന്ദ്ര ബജറ്റിൽ നിർദേശിച്ചിരിക്കുന്ന വികസന നടപടികളിലൊന്നാണ്. എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി എന്നിവയ്ക്കൊപ്പം വികസനത്തിന്റെ നാല് സുശക്ത പ്രവര്‍ത്തനയന്ത്രങ്ങളിലൊന്നാണ് കാര്‍ഷികരംഗമെന്ന് 2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെ കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ പറഞ്ഞു.


കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക നിർദ്ദേശങ്ങൾ ഇവയാണ്:


പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന - കാർഷിക ജില്ലകളുടെ വികസന പദ്ധതി:


അഭിലഷണീയ ജില്ല പരിപാടിയുടെ വിജയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സംസ്ഥാനങ്ങളുമായി സഹകരിച്ച് 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന' സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. നിലവിലെ പദ്ധതികളുടെയും പ്രത്യേക നടപടികളുടെയും സംയോജനത്തിലൂടെ കുറഞ്ഞ ഉൽപ്പാദനക്ഷമത, മിതമായ വിളതീവ്രത, ശരാശരിയിൽ താഴെ വായ്പാ മാനദണ്ഡങ്ങള്‍ എന്നിവയുള്ള 100 ജില്ലകളെ ഈ പരിപാടിയിലുൾപ്പെടുത്തും. കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുക; വിള വൈവിധ്യവൽക്കരണവും സുസ്ഥിര കാർഷിക രീതികളും സ്വീകരിക്കുക; പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിനു ശേഷം സംഭരണം വർധിപ്പിക്കുക; ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദീർഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. 1.7 കോടി കർഷകരെ ഈ പരിപാടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഗ്രാമീണ സമൃദ്ധിയും പ്രതിരോധശേഷിയും കെട്ടിപ്പടുക്കല്‍


സംസ്ഥാനങ്ങളുമായി സഹകരിച്ച് സമഗ്ര ബഹുതല 'ഗ്രാമീണ സമൃദ്ധിയും പ്രതിരോധശേഷിയും' പരിപാടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു. വൈദഗ്ധ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ എന്നിവയിലൂടെ ഈ പദ്ധതി കാർഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കും.  ഗ്രാമപ്രദേശങ്ങളിൽ കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ  കുടിയേറ്റം  അനിവാര്യതയല്ലാത്ത ഒരു വഴി മാത്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഗ്രാമീണ സ്ത്രീകൾ, യുവ കർഷകർ, ഗ്രാമീണ യുവത,  ചെറുകിട - നാമമാത്ര കർഷകർ, ഭൂരഹിത കുടുംബങ്ങൾ എന്നിവരിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഗ്രാമീണ സ്ത്രീകൾക്ക് സംരംഭക വികസനവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും ഉത്തേജിപ്പിക്കുക; യുവ കർഷകർക്കും ഗ്രാമീണ യുവാക്കൾക്കും പുതിയ തൊഴിലവസരങ്ങളും വ്യാപാരസംരംഭങ്ങളും സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുക; ചെറുകിട - നാമമാത്ര കർഷകർക്ക് ഉള്‍പ്പെടെ  ഈ രംഗത്തെ  ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സംഭരണത്തിനും കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക;  ഭൂരഹിത കുടുംബങ്ങൾക്ക് അവസരങ്ങൾ വൈവിധ്യവൽക്കരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ആഗോള - ആഭ്യന്തര തലങ്ങളിലെ മികച്ച രീതികൾ ഉൾപ്പെടുത്തുമെന്നും ബഹുമുഖ വികസന ബാങ്കുകളിൽനിന്ന് ഉചിതമായ സാങ്കേതിക, സാമ്പത്തിക സഹായം തേടുമെന്നും കേന്ദ്രധനമന്ത്രി  പറഞ്ഞു. ആദ്യഘട്ടത്തിൽ 100 വികസ്വര കാർഷിക ജില്ലകൾ പദ്ധതിയുടെ ഭാഗമാകും.  


പയറുവർഗങ്ങളിലെ  സ്വയംപര്യാപ്തത:


ഭക്ഷ്യ എണ്ണകളിൽ സ്വയംപര്യാപ്തത  കൈവരിക്കുന്നതിനായി ഭക്ഷ്യ എണ്ണക്കുരുക്കൾക്കായുള്ള ദേശീയ ദൗത്യം സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. പയറുവർഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ സർക്കാർ സംഘടിത ശ്രമങ്ങൾ നടത്തുകയും വിജയത്തോടടുക്കുകയും ചെയ്തു. കൃഷിഭൂമിയുടെ വിസ്തൃതി 50 ശതമാനം വർധിപ്പിച്ചുകൊണ്ട് കർഷകർ ഈ ആവശ്യത്തോട് പ്രതികരിച്ചപ്പോള്‍ സംഭരണത്തിനും ലാഭകരമായ  വിലയ്ക്കും സർക്കാർ ക്രമീകരണമൊരുക്കി. ഇതോടെ വരുമാനം വർധിക്കുകയും താങ്ങാവുന്ന ചെലവില്‍ മികച്ച വില ലഭിക്കുകയും ചെയ്തപ്പോള്‍ പയറുവർഗങ്ങളുടെ ഉപഭോഗം ഗണ്യമായി കൂടി. തുവരപ്പരിപ്പ്,  ഉഴുന്ന്, ചുവന്ന പരിപ്പ് എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്  പയറുവർഗങ്ങളിലെ സ്വയംപര്യാപ്തതയുടെ ആറുവർഷ  ദൗത്യം  സർക്കാർ ആരംഭിക്കുമെന്ന് അവർ വ്യക്തമാക്കി.  കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തുകളുടെ വികസനവും വാണിജ്യ ലഭ്യതയും ഉറപ്പാക്കല്‍;  പ്രോട്ടീൻ അളവ് വർധിപ്പിക്കല്‍; ഉൽപ്പാദനക്ഷമത വർധിപ്പിക്കല്‍; വിളവെടുപ്പിനു ശേഷമുള്ള സംഭരണവും നിര്‍വഹണവും മെച്ചപ്പെടുത്തല്‍; കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കല്‍ എന്നിവയ്ക്ക് ദൗത്യം പ്രത്യേക ഊന്നൽ നൽകും. NAFED, NCCF എന്നീ കേന്ദ്ര ഏജൻസികളിൽ രജിസ്റ്റർ ചെയ്ത് കരാറിലേർപ്പെടുന്ന കർഷകരിൽ നിന്ന് ഈ മൂന്ന് പയറുവർഗ്ഗങ്ങൾ അടുത്ത 4 വർഷത്തേക്ക്  നല്‍കുന്നത്രയും സംഭരിക്കും. 


പച്ചക്കറികൾക്കും പഴങ്ങൾക്കും വേണ്ടി  സമഗ്ര പരിപാടി:


ജനങ്ങൾ അവരുടെ പോഷകാഹാര ആവശ്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നത് പ്രോത്സാഹനാജനകമാണെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞു. സമൂഹം കൂടുതൽ ആരോഗ്യപൂര്‍ണമായി മാറുന്നതിന്റെ സൂചനയാണിത്. വരുമാനം ഉയരുന്നതിനനുസരിച്ച് പച്ചക്കറികൾ, പഴങ്ങൾ, ശ്രീ-അന്ന എന്നിവയുടെ ഉപഭോഗം ഗണ്യമായി വർധിക്കുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് ഉൽപ്പാദനം, കാര്യക്ഷമമായ വിതരണം, സംസ്കരണം, കർഷകർക്ക് ആദായകരമായ വില എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്  സമഗ്ര പരിപാടി ആരംഭിക്കും. കാർഷികോൽപ്പാദന സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തിനും പങ്കാളിത്തത്തിനും ഉചിതമായ സ്ഥാപന സംവിധാനങ്ങൾ രൂപീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രാമീണ ക്രെഡിറ്റ് സ്കോർ:

സ്വയം സഹായ സംഘാംഗങ്ങളുടെയും ഗ്രാമീണ ജനതയുടെയും വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പൊതുമേഖലാ ബാങ്കുകൾ 'ഗ്രാമീണ ക്രെഡിറ്റ് സ്കോർ' ചട്ടക്കൂട് വികസിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.


(Release ID: 2098630) Visitor Counter : 87