ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സക്ഷം അങ്കണവാടിയുടെയും പോഷൻ 2.0 പദ്ധതിയുടെയും കീഴിൽ മെച്ചപ്പെട്ട പോഷകാഹാരവ്യവസ്ഥ സൃഷ്ടിക്കും

Posted On: 01 FEB 2025 1:07PM by PIB Thiruvananthpuram
വികസനത്തിന്റെ മൂന്നാമത്തെ പ്രവർത്തനയന്ത്രമാണ് നിക്ഷേപമെന്നും ജനങ്ങൾ, സമ്പദ്‌വ്യവസ്ഥ, നൂതനാശയങ്ങൾ എന്നിവയിൽ ഉള്ള നിക്ഷേപം ഇതിൽ ഉൾപ്പെടുന്നു എന്നും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ പറഞ്ഞു.

ജനങ്ങളിൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി, സക്ഷം അങ്കണവാടി പോഷൺ 2.0 പരിപാടി പ്രകാരം പോഷകാഹാരലഭ്യത ഉറപ്പാക്കുന്നതിനുള്ള  ചെലവ് മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കാൻ 2025-26 ലെ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. രാജ്യത്തുടനീളമുള്ള 8 കോടിയിലധികം കുട്ടികൾ, ഒരു കോടി ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അഭിലാഷ ജില്ലകളിലെയും വടക്കുകിഴക്കൻ മേഖലയിലെയും ഏകദേശം 20 ലക്ഷം കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് ഈ പരിപാടി പോഷകാഹാരലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്നു .

അടുത്ത 3 വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. 2025-26 ൽ 200 കേന്ദ്രങ്ങൾ സ്ഥാപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആകെ 75,000 സീറ്റുകൾ കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത വർഷം മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലുമായി 10,000 സീറ്റുകൾ അധികമായി സൃഷ്ടിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയുമായി സഹകരിച്ച് നൈപുണ്യ വികസനം , വിസ മാനദണ്ഡങ്ങൾ ലളിതമാക്കൽ എന്നിവയിലൂടെ ഇന്ത്യയിലെ മെഡിക്കൽ വിനോദസഞ്ചാരവും ആരോഗ്യ ക്ഷേമവും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതിയിൽ ഇളവ്

രോഗികൾക്ക്, പ്രത്യേകിച്ച് അർബുദം , അപൂർവ രോഗങ്ങൾ, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതിനായി, അടിസ്ഥാന കസ്റ്റംസ് തീരുവയിൽ (ബിസിഡി) നിന്ന് പൂർണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയിൽ 36 ജീവൻരക്ഷാ മരുന്നുകൾ കൂടി ചേർക്കാൻ കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു.


 കസ്റ്റംസ് തീരുവയിൽ 5% ഇളവ് ലഭിക്കുന്ന 6 ജീവൻരക്ഷാ മരുന്നുകളെ പട്ടികയിൽ ഉൾപ്പെടുത്താനും ധനമന്ത്രി നിർദ്ദേശിച്ചു. മേൽപ്പറഞ്ഞവ നിർമ്മിക്കുന്നതിനുള്ള സജീവ ഘടകങ്ങൾക്ക് യഥാക്രമം പൂർണ്ണ ഇളവും ഇളവ് തീരുവയും ബാധകമാകും.

മരുന്നുകൾ രോഗികൾക്ക് സൗജന്യമായി നൽകുന്ന പക്ഷം,ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നടത്തുന്ന രോഗി സഹായ പരിപാടികൾക്ക് കീഴിലുള്ള മരുന്നുകളെയും ബിസിഡിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുമെന്നും ബജറ്റ് വ്യക്തമാക്കി.ഈ പദ്ധതിയിൽ 37 മരുന്നുകൾ കൂടി ചേർക്കാനും 13 പുതിയ രോഗി സഹായ പദ്ധതികൾക്കും ബജറ്റ് നിർദ്ദേശമുണ്ട്.
 
ഭക്ഷണ, പോഷകാഹാര പദ്ധതികളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക - https://pib.gov.in/PressReleasePage.aspx?PRID=2098449
*****
 

(Release ID: 2098575) Visitor Counter : 21