ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ട്രേഡ് ഡോക്യുമെന്റേഷനും സാമ്പത്തിക സേവനങ്ങള്‍ക്കുമായി ഏകീകൃത പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഭാരത് ട്രേഡ് നെറ്റ്: കേന്ദ്ര ബജറ്റ് 2025-26

Posted On: 01 FEB 2025 1:15PM by PIB Thiruvananthpuram
എല്ലാ മേഖലയിലും സന്തുലിത വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 'സബ്കാ വികാസ്' യാഥാര്‍ത്ഥ്യമാക്കാനുള്ള നമ്മുടെ യാത്രയില്‍, ഇന്ത്യയുടെ വളര്‍ച്ചയുടെ പാതയില്‍ ശക്തമായ ഉത്തേജകങ്ങളില്‍ ഒന്നായി കയറ്റുമതി കണക്കാക്കപ്പെടുന്നു. കേന്ദ്ര ധന, കമ്പനികാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2025-26ലെ കേന്ദ്ര ബജറ്റ്, ആഭ്യന്തര ഉത്പാദന മേഖലയിലും ആഗോള വിതരണ ശൃംഖലയുമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സമന്വയിപ്പിക്കുന്നതിനും പരിവര്‍ത്തനപരമായ പരിഷ്‌കാരങ്ങള്‍ക്കു  തുടക്കമിടുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ്. 


ഭാരത് ട്രേഡ് നെറ്റ്

അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ട്രേഡ് ഡോക്യുമെന്റേഷനും സാമ്പത്തിക പരിഹാരങ്ങള്‍ക്കുമായി ഏകീകൃത പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ' ഭാരത് ട്രേഡ്‌നെറ്റ്' (BTN) രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ' ബിടിഎന്‍ ഏകീകൃത ലോജിസ്റ്റിക്‌സ് ഇന്റര്‍ഫേസിനെ പൂരകമാക്കുകയും അന്താരാഷ്ട്ര രീതികളുമായി സംയോജിപ്പിക്കുകയും ചെയ്യും' എന്ന് ശ്രീമതി സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.



അന്താരാഷ്ട്ര വിതരണ ശൃംഖലയുമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംയോജിപ്പിക്കുന്നു

അന്താരാഷ്ട്ര വിതരണ ശൃംഖലയുമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംയോജിപ്പിക്കുന്നതിന് ആഭ്യന്തര ഉത്പാദന ശേഷി വികസിപ്പിക്കുന്നതിനു പിന്തുണ നല്‍കുമെന്ന് 2025-26 ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി മേഖലകള്‍ കണ്ടെത്തും.

നിശ്ചിത ഉത്പന്നങ്ങള്‍ക്കും വിതരണ ശൃംഖലകള്‍ക്കുമായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ഫെസിലിറ്റേഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കാനും നിര്‍ദ്ദേശിക്കുന്നു.

ഇന്‍ഡസ്ട്രി 4.0 യുമായി ബന്ധപ്പെട്ട അവസരങ്ങള്‍ മുതലാക്കാന്‍ ആവശ്യമായ ഉയര്‍ന്ന വൈദഗ്ധ്യവും കഴിവും ഇന്ത്യയിലെ യുവാക്കള്‍ക്കുണ്ടെന്ന് ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. ' യുവാക്കള്‍ക്കു പ്രയോജനകരമായ രീതിയില്‍ ഈ അവസരം ഉപയോഗിക്കുന്നതിന് നമ്മുടെ സര്‍ക്കാര്‍ ആഭ്യന്തര ഇലക്ട്രോണിക് ഉപകരണ വ്യവസായത്തെ പിന്തുണയ്ക്കും ' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജിസിസിക്കുള്ള ദേശീയ ചട്ടക്കൂട്

വളര്‍ന്നു വരുന്ന ടയര്‍ 2 നഗരങ്ങളില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കാനും നിര്‍ദ്ദേശിക്കുന്നു. പ്രതിഭകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ലഭ്യത, വ്യവസായങ്ങളുമായി സഹകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിയമ പ്രകാരം ഒരുക്കുന്നതിനുള്ള 16 നടപടികള്‍ തുടങ്ങിയവ ഇതില്‍ നിര്‍ദ്ദേശിക്കുന്നു.
 
************************
 

(Release ID: 2098548) Visitor Counter : 30