ധനകാര്യ മന്ത്രാലയം
ആഗോളവൽക്കരണത്തിനുപകരം ലോകമെമ്പാടും, സാമ്പത്തിക സംയോജനത്തിൽ നിന്ന് പിൻതിരിഞ്ഞുകൊണ്ടുള്ള ജിയോ സാമ്പത്തിക വിഘടനം: സാമ്പത്തിക സർവ്വേ 2024-25
2024 ഒക്ടോബറിലെ 887.7 ബില്യൺ ഡോളറിന്റെ 169 പുതിയ വ്യാപാര-നിയന്ത്രണ നടപടികൾ ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു; ഇത് 2023 ഒക്ടോബറിലെ 337.1 ബില്യൺ ഡോളർ വ്യാപാര നിയന്ത്രണത്തിൽ നിന്നുള്ള വർധന.
2020 നും 2024 നും ഇടയിൽ ആഗോളതലത്തിൽ വ്യാപാരത്തിലും നിക്ഷേപത്തിലും 24000-ത്തിലധികം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
പുതിയതും ഉയർന്നുവരുന്നതുമായ ആഗോള യാഥാർത്ഥ്യത്തിനിടയിൽ ഇന്ത്യ ആന്തരിക ഉപാധികളും ആഭ്യന്തര വളർച്ചാ നിരക്കുകളും പുനരുജ്ജീവിപ്പിക്കണം: സാമ്പത്തിക സർവേ
Posted On:
31 JAN 2025 2:14PM by PIB Thiruvananthpuram
“ലോകമെമ്പാടും, ആഗോളവൽക്കരണത്തിന് പകരമായി ജിയോ-സാമ്പത്തിക വിഭജനം (GEF) വരുന്നതോടെ സാമ്പത്തിക സംയോജനത്തിന്റെ പിന്നോട്ടടിക്കൽ നമുക്ക് കാണാൻ കഴിയും. സാമ്പത്തിക പുനഃക്രമീകാരണം ആസന്നമായിരിക്കുന്നു”, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2024-25 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. തന്ത്രപരമായ പരിഗണനകളാൽ നയിക്കപ്പെടുന്ന ആഗോള സാമ്പത്തിക സംയോജനത്തിന്റെ നയാധിഷ്ഠിത വിപരീത ദിശാബോധമായാണ് ‘ജിയോ-സാമ്പത്തിക വിഘടനത്തെ ’ സർവേ നിർവചിക്കുന്നത്. വ്യാപാരം, മൂലധനം, കുടിയേറ്റ പ്രവാഹങ്ങൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ചാനലുകൾ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.
ശീതയുദ്ധ കാലഘട്ടത്തിന്റെ പുനരാവിഷ്കാരത്തിൽ, രാജ്യങ്ങൾ വീണ്ടും രണ്ട് ബ്ലോക്കുകളായി തിരിയുകയും, 'ഫ്രണ്ട്-ഷോറിംഗ്' പോലുള്ള പ്രയോഗങ്ങൾ ആഗോള നയരൂപീകരണത്തിൽ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തിരിക്കുന്നു. വ്യാപാരം, സാങ്കേതിക മാനദണ്ഡങ്ങൾ, സുരക്ഷ എന്നിവയെച്ചൊല്ലിയുള്ള സംഘർഷങ്ങൾ വർഷങ്ങളായി വളർന്നുവരികയും അത് നിലവിലെ ആഗോള സാമ്പത്തിക വളർച്ചയെയും വിശ്വാസത്തെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, വിഘടനം എന്നത് - സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിഘടനവും അതുപോലെ സാമൂഹിക, തൊഴിൽ മാനദണ്ഡങ്ങളും പാശ്ചാത്യ രാജ്യങ്ങൾ 'എല്ലാവരിലും ഒരുപോലെ' അടിച്ചേൽപ്പിക്കുന്നതിന്റെ നേരിട്ടുള്ള അനന്തരഫലമാണ്. ഈ സംഭവവികാസങ്ങൾ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്
ലോക വ്യാപാര സംഘടനാ ഡയറക്ടർ ജനറലിന്റെ ആഗോള വ്യാപാര സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർഷിക അവലോകനത്തിന്റെ ഭാഗമായി WTO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 നവംബറിലെ അവസാന വ്യാപാര നിരീക്ഷണ റിപ്പോർട്ടിനെ അപേക്ഷിച്ച്, 2023 ഒക്ടോബർ മധ്യത്തിനും 2024 ഒക്ടോബർ മധ്യത്തിനും ഇടയിൽ WTO അംഗങ്ങൾ നടത്തിയ വ്യാപാര നിയന്ത്രണ നടപടികളിൽ കുത്തനെ വർധനയുണ്ടായാതായി കാണാം. കണക്കുകൾ പ്രകാരം, 2023 ഒക്ടോബർ മുതൽ 2024 ഒക്ടോബർ വരെയുള്ള 169 പുതിയ വ്യാപാര നിയന്ത്രണ നടപടികളിൽ ഉൾപ്പെട്ട വ്യാപാര മൂല്യം 887.7 ബില്യൺ യുഎസ് ഡോളറാണ്, ഇത് മുൻ വർഷത്തെ നിയന്ത്രണങ്ങളിൽ ഉൾപ്പെട്ട 337.1 ബില്യൺ യുഎസ് ഡോളർ വ്യാപാര മൂല്യത്തേക്കാൾ അര ട്രില്യൺ ഡോളർ കൂടുതലാണ്.
വ്യാപാര, നിക്ഷേപ നിയന്ത്രണങ്ങളുടെ വ്യാപനത്തോടെ ആഗോള സാമ്പത്തിക ഇടപെടലുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2020 നും 2024 നും ഇടയിൽ, വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട 24000-ത്തിലധികം പുതിയ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ നിലവിൽ വന്നു. ആഗോള തലത്തിലെ ഘടനാപരമായ ഈ മാറ്റത്തിന്റെ ആഘാതം ആഗോള വ്യാപാര വളർച്ചയിൽ പ്രതിഫലിക്കുന്നു. വ്യാപാരത്തിന്റെ വളർച്ച മന്ദഗതിയിലാവുകയും ആഗോള സമ്പദ്വ്യവസ്ഥയിൽ വ്യവഹാര സ്തംഭനത്തിന്റെ ലക്ഷണങ്ങൾ ദൃശ്യമാകാനും തുടങ്ങിയിരിക്കുന്നു.
ശീതയുദ്ധത്തിന്റെ തുടക്കത്തിൽ ചരക്ക് വ്യാപാരം ജിഡിപി വിഹിതത്തിലെ 16 ശതമാനമായിരുന്ന അവസ്ഥയിൽ നിന്നു വ്യത്യസ്തമായി, ഇപ്പോൾ 45 ശതമാനമായി നിലനിൽക്കുന്നതിനാൽ വ്യാപാര വിഘടനം വളരെ ചെലവേറിയതാണെന്ന് ഐഎംഎഫ് നിരീക്ഷിക്കുന്നു. കുറഞ്ഞ വ്യാപാരം എന്നാൽ കുറഞ്ഞ വിജ്ഞാന വ്യാപനത്തെ സൂചിപ്പിക്കുന്നു. അതിർത്തി കടന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വിഘടനം വഴി ഇത് കുറയ്ക്കാനും കഴിയും.
ജിഇഎഫിന്റെ ആഘാതം ആഗോള എഫ്ഡിഐ പ്രവാഹങ്ങളിൽ കാണപ്പെടുകയും, ഇവ ഭൗമരാഷ്ട്രീയ രാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് തന്ത്രപരമായ മേഖലകളിൽ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഈ സ്ഥാന മാറ്റം നിരവധി വളർന്നുവരുന്ന വിപണികളുടെയും വികസ്വര സമ്പദ്വ്യവസ്ഥകളുടെയും ദുർബലത വർദ്ധിപ്പിക്കുന്നു. ഫ്രണ്ട്-ഷോറിംഗിൽ നിന്നും റീ-ഷോറിംഗിൽ നിന്നും ഉളവാകുന്ന ഈ എഫ്ഡിഐ സ്ഥാന മാറ്റവുമായി ബന്ധപ്പെട്ട ഉൽപാദന നഷ്ടങ്ങൾ പ്രത്യേകിച്ച് വളർന്നുവരുന്ന വിപണികൾക്കും വികസ്വര സമ്പദ്വ്യവസ്ഥകൾക്കും അപകടകരമാണ്. അവരുടെ പ്രധാന എഫ്ഡിഐ ഉറവിടങ്ങളായ വികസിത സമ്പദ്വ്യവസ്ഥകളിൽ നിന്നുള്ള വർധിച്ച നിയന്ത്രണങ്ങൾ അവർ നേരിട്ടുകൊണ്ടിരിക്കുന്നു.
ചൈന,ആഗോള ഉൽപ്പാദന, ഊർജ്ജ പരിവർത്തന ആവാസവ്യവസ്ഥകളിൽ ഒരു പ്രബല ശക്തിയായി ഉയർന്നുവരുന്നതിനെ സാമ്പത്തിക സർവേ കുണ്ടിക്കാട്ടുന്നു. ആഗോള വിതരണ ശൃംഖലകൾക്ക് ഇന്ന് നിർണായകമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന പ്രധാന വിഭവങ്ങൾ പ്രാപ്യമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവരുടെ മത്സരശേഷിയും സാമ്പത്തിക നയവും പ്രയോജനപ്പെടുത്തി അവർ തന്ത്രപരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. യുഎസിനെയും അതിന്റെ സഖ്യകക്ഷികളെയും ഒറ്റയ്ക്ക് മെരുക്കുകയോ മറികടക്കുകയോ ചെയ്യുന്ന തരത്തിൽ, ആഗോള ഉൽപ്പാദനത്തിന്റെ 45 ശതമാനം ചൈനയുടെ കൈവശമാകുമെന്ന് UNIDO പ്രവചിക്കുന്നു. ഊർജ്ജ പരിവർത്തന സാങ്കേതികവിദ്യകളിൽ ചൈനയുടെ നിലവിലെ ആധിപത്യവും സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. സോളാർ പാനലുകളുടെ (പോളിസിലിക്കൺ, ഇൻഗോട്ടുകൾ, വേഫറുകൾ, സെല്ലുകൾ, മൊഡ്യൂളുകൾ) എല്ലാ നിർമ്മാണ ഘട്ടങ്ങളിലും ചൈനയുടെ പങ്ക് 80 ശതമാനത്തിലധികമാണ്. ഊർജ്ജ പരിവർത്തനത്തിന് നിർണായകമായ, ലോകത്തിലെ ബാറ്ററി നിർമ്മാണ ശേഷിയുടെ ഏകദേശം 80 ശതമാനവും ചൈനയിലാണ്. ലോകത്തിലെ കാറ്റാടിയന്ത്ര സ്ഥാപിത ശേഷിയുടെ ഏകദേശം 60 ശതമാനവും ചൈനയിൽ നിന്നാണ്.
ആഗോള സമ്പദ്വ്യവസ്ഥ ദീർഘകാലമായി പിന്തുടരുന്ന തത്വങ്ങളും രീതികളും പുനർമൂല്യനിർണയം ചെയ്യപ്പെടുകയും ചില സന്ദർഭങ്ങളിൽ അവയുടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സുപ്രധാന ദശാസന്ധിയിലാണ്. തൽഫലമായി, പല രാജ്യങ്ങളിലും പരമ്പരാഗത നിയമങ്ങൾ പുനഃപരിശോധിക്കപ്പെടുകയും അവയ്ക്ക് പകരം എന്തുണ്ടാകുമെന്നതിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവർ ശീലിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഈ പുതിയതും ഉയർന്നുവരുന്നതുമായ ആഗോള യാഥാർത്ഥ്യത്തിനിടയിൽ ഇന്ത്യയ്ക്ക് മുന്നോട്ടുള്ള വഴി, വളർച്ചയുടെ ആഭ്യന്തര ഉപാധികളെയും ആഭ്യന്തര ചലന ശേഷിയെയും പുനരുജ്ജീവിപ്പിക്കുകയും ഒരു കേന്ദ്ര ഘടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് - അതായത് വ്യവസ്ഥാപിതമായ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലൂടെ നിയമാനുസൃതമായ സാമ്പത്തിക പ്രവർത്തനങ്ങൾ പിന്തുടരാൻ വ്യക്തികൾക്കും സംഘടനകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം നൽകുക എന്നതാണ്.
****
NK
(Release ID: 2098269)
Visitor Counter : 13