ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ചില്ലറ പണപ്പെരുപ്പം 24 സാമ്പത്തിക വര്‍ഷത്തിലെ 5.4 ശതമാനത്തില്‍ നിന്ന് 25 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനമായി കുറഞ്ഞു

24-25 സാമ്പത്തിക വര്‍ഷത്തിനിടയില്‍ പണപ്പെരുപ്പം(core inflation) 0.9 ശതമാനം കുറഞ്ഞു

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ബഫര്‍ സ്റ്റോക്കുകളുടെ ദൃഢീകരണവും ആനുകാലിക ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളും നിര്‍ണായകമായി

ഇന്ത്യയുടെ ഉപഭോക്തൃ വില നാണയപ്പെരുപ്പം 26 സാമ്പത്തിക വര്‍ഷത്തിലെ നാണയപ്പെരുപ്പ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് അടുക്കും

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു കാര്‍ഷിക ഗവേഷണവും കര്‍ഷകരുടെ പരിശീലനവും അത്യാവശ്യമാണ്

Posted On: 31 JAN 2025 1:55PM by PIB Thiruvananthpuram

വിവിധ ഗവണ്‍മെന്റ് സംരംഭങ്ങളുടെയും സാമ്പത്തിക നയ നടപടികളുടെയും സഹായത്തോടെ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 2024 സാമ്പത്തിക വര്‍ഷത്തില്‍ 5.4 ശതമാനത്തില്‍ നിന്ന് 25 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍-ഡിസംബര്‍) 4.9 ശതമാനമായി കുറഞ്ഞു.. കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 24-25 ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചില്ലറ പണപ്പെരുപ്പം കുറയുന്നതിനു പ്രധാന കാരണം 24 സാമ്പത്തിക വര്‍ഷത്തിനും 25 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ (ഏപ്രില്‍-ഡിസംബര്‍) പണപ്പെരുപ്പം(core inflation) 0.9 ശതമാനം പോയിന്റ് കുറഞ്ഞതാണ്. പ്രധാനമായും അടിസ്ഥാന സേവനങ്ങളുടെ പണപ്പെരുപ്പവും ഇന്ധന വിലയിലെ പണപ്പെരുപ്പത്തിലുണ്ടായ ഇടിവുമാണ് ഇതിനു പ്രധാന കാരണങ്ങള്‍.

അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ബഫര്‍ സ്റ്റോക്കുകള്‍ ശക്തിപ്പെടുത്തല്‍, ഓപ്പണ്‍ മാര്‍ക്കറ്റ് റിലീസുകള്‍, വിതരണക്ഷാമ സമയത്ത് ഇറക്കുമതി ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ഗവണ്‍മെന്റിന്റെ ഭരണപരമായ നടപടികള്‍ പണപ്പെരുപ്പം സ്ഥിരപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് സാമ്പത്തിക സര്‍വേ എടുത്തുകാണിക്കുന്നു.

ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഭരണപരമായ നടപടികള്‍

 

പച്ചക്കറികളും പയറുവര്‍ഗങ്ങളും പോലുള്ള ചില ഭക്ഷ്യവസ്തുക്കളുടെ സ്വാധീനത്തില്‍ ഇന്ത്യയുടെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഉറച്ചുനില്‍ക്കുന്നതായി സര്‍വേ പറയുന്നു. 25 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ) മൊത്തത്തിലുള്ള പണപ്പെരുപ്പത്തില്‍ പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും സംഭാവന 32.3 ശതമാനമായിരുന്നു. ഈ ഇനങ്ങളെ ഒഴിവാക്കുമ്പോള്‍, 25 സാമ്പത്തിക വര്‍ഷത്തിലെ (ഏപ്രില്‍-ഡിസംബര്‍) ശരാശരി ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് 4.3 ശതമാനമായിരുന്നു, ഇത് മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പത്തേക്കാള്‍ 4.1 ശതമാനം കുറവാണെന്നു സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു.

ചുഴലിക്കാറ്റ്, കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നല്‍, ആലിപ്പഴം, വരള്‍ച്ച തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങള്‍ പച്ചക്കറി ഉല്‍പ്പാദനത്തെയും വിലയെയും ബാധിക്കുമെന്ന് സര്‍വേ അടിവരയിടുന്നു. ഈ പ്രതികൂല കാലാവസ്ഥ സംഭരണത്തിനും ഗതാഗതത്തിനും കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ഇത് വിതരണ ശൃംഖലയില്‍ താല്‍ക്കാലിക തടസ്സങ്ങള്‍ സൃഷ്ടിക്കുകയും പച്ചക്കറി വിലയില്‍ വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യുന്നുവെന്നും സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു.

ഉല്‍പ്പാദനം കുറയുന്നതിന്റെ ഫലമായുണ്ടാകുന്ന പരിമിതമായ വിതരണത്തെത്തുടര്‍ന്ന് വില പിടിച്ചുനിര്‍ത്താന്‍ ഗവണ്‍മെന്റ് ഉടനടി നടപടികള്‍ സ്വീകരിച്ചിട്ടും ഉള്ളിയുടെ പണപ്പെരുപ്പ സമ്മര്‍ദം 2024 സാമ്പത്തിക വര്‍ഷത്തിലും നടപ്പുവര്‍ഷത്തിലും ഉറച്ചുനിന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2022-23, 2023-24 വര്‍ഷങ്ങളിലെ ഉല്‍പ്പാദനം കുറഞ്ഞത് 2024, 25 സാമ്പത്തിക വര്‍ഷങ്ങളില്‍ (ഏപ്രില്‍-ഡിസംബര്‍) ഉള്ളി വിലക്കയറ്റത്തിന് കാരണമായെന്ന് സര്‍വേ പറയുന്നു. പരിമിതമായ ലഭ്യത കാരണം 2023 സാമ്പത്തിക വര്‍ഷം മുതല്‍ തക്കാളിയുടെ വില സമ്മര്‍ദ്ദം ഇടയ്ക്കിടെ ഉയര്‍ന്ന നിലയിലാണ്. ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും, തക്കാളിയുടെ ഉയര്‍ന്ന തോതില്‍ നശിക്കുന്ന സ്വഭാവം നിമിത്തവും ഉല്‍പ്പാദനം ചില സംസ്ഥാനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാലും വില പൊങ്ങിയെന്നു സര്‍വേയില്‍ പരാമര്‍ശിക്കുന്നു.

പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, തക്കാളി, ഉള്ളി എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകള്‍ വികസിപ്പിക്കുന്നതിനും വിളവു വര്‍ദ്ധിപ്പിക്കുന്നതിനും വിളനാശം കുറയ്ക്കുന്നതിനും കേന്ദ്രീകൃത ഗവേഷണം ആവശ്യമാണെന്നു സര്‍വേ നിര്‍ദ്ദേശിക്കുന്നു. മികച്ച രീതികളില്‍ കര്‍ഷകര്‍ക്കു പരിശീലനം നല്‍കല്‍, അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിന് ഉയര്‍ന്ന ആവൃത്തിയിലുള്ള വില നിരീക്ഷിക്കല്‍ ഡാറ്റ എന്നിവയാണ് സര്‍വേ നിര്‍ദേശിക്കുന്ന മറ്റു നടപടികള്‍.

2022-23, 2023-24 വര്‍ഷങ്ങളില്‍ ടൂര്‍ പയർ ഉല്‍പ്പാദനം കുറവായത് 24 സാമ്പത്തിക വര്‍ഷത്തിലും 2025 സാമ്പത്തിക വര്‍ഷത്തിലും (ഏപ്രില്‍-ഡിസംബര്‍) പയറിന്റെ ഉയര്‍ന്ന വിലസമ്മര്‍ദത്തിലേക്കു നയിച്ചതായി സര്‍വേ പറയുന്നു. മതിയായ വിതരണം ഉറപ്പാക്കാന്‍, ഗവണ്‍മെന്റ് ഇടയ്ക്കിടെ സ്റ്റോക്ക് പരിധികള്‍ ഏര്‍പ്പെടുത്തുകയും സ്റ്റോക്ക് വെളിപ്പെടുത്തല്‍ പോര്‍ട്ടലിലൂടെ സജീവമായി നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന് സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.7 ലക്ഷം ടണ്‍ ടൂര്‍ പയർ ഇറക്കുമതി ചെയ്തതായി സര്‍വേ പറയുന്നുമുണ്ട്.

വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യയുടെ ഉപഭോക്തൃ വിലപ്പെരുപ്പം 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4 ശതമാനമായ പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി എത്തിച്ചേരുമെന്ന് ആര്‍ബിഐയും ഐഎംഎഫും പദ്ധതിയിടുന്നതായി സര്‍വേ കുറിപ്പുകള്‍ പറയുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള പണപ്പെരുപ്പം(Headline inflation) 4.2 ശതമാനമാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. 25 സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനവും 26 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനവും ആയിരിക്കും ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

എല്ലാ രാജ്യങ്ങളിലും പണനയം കര്‍ശനമാക്കിയിട്ടും ആഗോള സമ്പദ്വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നുവെന്ന് സര്‍വേ പറയുന്നു. 24 സാമ്പത്തിക വര്‍ഷത്തിലും നടപ്പുവര്‍ഷത്തിലും മിക്ക രാജ്യങ്ങളിലെയും പണപ്പെരുപ്പ നിരക്കിലുണ്ടായ ഇടിവില്‍ ഈ പ്രതിരോധശേഷി പ്രതിഫലിക്കുന്നു. ബ്രസീല്‍, ഇന്ത്യ, ചൈന തുടങ്ങിയ ചില വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലെ വ്യതിചലനത്തോടെ ആഗോള ഭക്ഷ്യവിലപ്പെരുപ്പം ലഘൂകരിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

2024 ഒക്ടോബറിലെ ലോകബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ് ഔട്ട്ലുക്ക് പ്രകാരം ചരക്കു വില 2025ല്‍ 5.1 ശതമാനവും 2026ല്‍ 1.7 ശതമാനവും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വേയില്‍ പരാമര്‍ശമുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ വില താഴുന്നത് ആഭ്യന്തര പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ അനുകൂലമാണെന്നു സര്‍വേ അടിവരയിടുന്നു.

AT

***


(Release ID: 2098190) Visitor Counter : 9