ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

തൊഴില്‍ വിപണിയിലെ സൂചികകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗണ്യമായ പുരോഗതി കാണിക്കുന്നു: സാമ്പത്തിക സര്‍വ്വേ 2024-25

Posted On: 31 JAN 2025 2:00PM by PIB Thiruvananthpuram
മഹാമാരിക്കു ശേഷമുള്ള തിരിച്ചു വരവ്, വര്‍ദ്ധിച്ച സ്ഥായീകരണം എന്നിവയിലൂടെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ തൊഴില്‍ വിപണി സൂചികകള്‍ ഗണ്യമായി മെച്ചപ്പെട്ടു. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ (PLFS) പ്രകാരം, ഇന്ത്യയിലെ തൊഴിലില്ലായ്മ ഗണ്യമായി കുറയുകയും, തൊഴില്‍ പങ്കാളിത്തത്തിലും തൊഴിലാളികളുടെ എണ്ണത്തിലെ അനുപാതത്തിലും ഗണ്യമായ പുരോഗതി പ്രകടമാവുകയും ചെയ്തു. കൂടാതെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിപുലമായ സാദ്ധ്യതകളാണു വാഗ്ദാനം ചെയ്യുന്നത്. ഇതു വികസിത ഭാരത് സങ്കല്‍പ്പത്തിന് അനിവാര്യമാണ്. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ഇന്ന്  പാർലമെൻ്റിൽ സമർപ്പിച്ച 2024-25ലെ സാമ്പത്തിക സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
 
തൊഴില്‍ വിപണിയിലെ പ്രധാന സൂചികകള്‍:
 
. 15 വയസിനും അതിനു മുകളിലുമുള്ള വ്യക്തികളുടെ തൊഴിലില്ലായ്മ നിരക്ക് (UR), 2017-18 ലെ ആറു ശതമാനത്തില്‍ നിന്നും 2023-24ല്‍ 3.2 ശതമാനമായി കുറഞ്ഞു.
 
. 2019 സാമ്പത്തിക വര്‍ഷത്തില്‍ 61 ലക്ഷമായിരുന്ന ഇപിഎഫ്ഓ വരിക്കാരുടെ എണ്ണം ഇരട്ടിയിലധികമായി ഉയര്‍ന്ന് 2024 സമ്പത്തിക വര്‍ഷത്തില്‍ 131 ലക്ഷമായി , ഇതു തൊഴില്‍ വിപണിയുടെ സ്ഥിരതയെ കാണിക്കുന്നു.
 
. ശമ്പളപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരില്‍ 29 വയസില്‍ താഴെയുള്ളവര്‍ 61 ശതമാനമായത് സംഘടിത മേഖലയില്‍ യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന്റെ സൂചനയാണ്.
 
. തൊഴില്‍ സേനയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ അനുപാതം 2017ല്‍ 52.2 ശതമാനത്തില്‍ നിന്നും 2023-24ല്‍ 58 ശതമാനമായി ഉയര്‍ന്നു. ഇതു സംരഭകത്വ പ്രവര്‍ത്തനങ്ങളുടെയും കൂടുതൽ പേർ ഇഷ്ടതൊഴില്‍ തെരഞ്ഞെടുക്കുന്നതിന്റെയും സൂചനയാണ്.
 
.കാഷ്വല്‍ തൊളിലാളികളുടെ എണ്ണം 24.9 ശതമാനത്തില്‍ നിന്നും 19.8 ശതമാനമായി കുറഞ്ഞത് സ്ഥിരതയുള്ള സ്വയംതൊഴില്‍ മേഖലയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.
 
.2023 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക  വ്യവസായാതാപന സർവേ (ASI) ഫലങ്ങള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനത്തിലധികം തൊഴില്‍ വര്‍ദ്ധന കാണിക്കുന്നു.  2019 സാമ്പത്തിക വര്‍ഷത്തേ അപേക്ഷിച്ച്  (മഹാമാരിക്കു മുമ്പുള്ളത്) 2023 സാമ്പത്തിക വര്‍ഷത്തില്‍ 22 ലക്ഷത്തിലധികളം തൊഴിലുകള്‍ കൂട്ടിച്ചേർക്കപ്പെട്ടു.
 
. സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് (FLFPR) 2017-18ല്‍ 23.3 ശതമാനമായിരുന്നത് 2023-24ല്‍ 41.7 ശതമാനമായി വര്‍ദ്ധിച്ചു. ഗ്രാമ, നഗര മേഖലകളിലെ വിവിധ വിഭാഗങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തെയാണ് ഇതു കാണിക്കുന്നത്.
 
സംരഭകത്വങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചു വരുന്ന പങ്കാളിത്തം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കാനുള്ള അവരുടെ മറഞ്ഞിരിക്കുന്ന സാദ്ധ്യതകളുടെ വിനിയോഗം എന്നിവ രാജ്യത്തെ ഉയര്‍ന്ന വികസനത്തിലേക്കു നയിക്കുമെന്നു സാമ്പത്തിക സര്‍വ്വേ പ്രത്യാശിക്കുന്നു.
 
അസംഘടിത മേഖലയിലെ തൊളിലാളികളുടെ ക്ഷേമം:
ഒരു യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (UAN) നല്‍കിക്കൊണ്ട് അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സമഗ്രമായ ഒരു ഡാറ്റാ ബേസ് (NDUW) സൃഷ്ടിക്കുന്നതിനുമായി 2021 ഓഗസ്റ്റ് 26ന് ഇ-ശ്രം പോര്‍ട്ടല്‍ ആരംഭിച്ചു. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 30.51 കോടിയിലധികം അസംഘടിത തൊഴിലാളികള്‍ ഇതിനകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു സാദ്ധ്യതയുള്ള മേഖലകള്‍:
 
വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയും പുനരുപയോഗ ഊര്‍ജ്ജ മേഖലയും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പ്രദാനം ചെയ്യുന്നതായി സാമ്പത്തിക സര്‍വ്വേ സൂചിപ്പിക്കുന്നു. ഈ രണ്ടു മേഖലകളും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവസരങ്ങള്‍ തുറക്കുകയും അതുവഴി അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും ശാക്തീകരണത്തിലേക്കും അവരെ നയിക്കുകയും ചെയ്യുന്നതിലൂടെ, വമ്പിച്ച തൊഴിൽ സാദ്ധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.
 
****

(Release ID: 2098186) Visitor Counter : 13