ധനകാര്യ മന്ത്രാലയം
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ ഉപഭോഗവും വരുമാനവും വർദ്ധിപ്പിക്കുന്നതിന് ഗവണ്മെന്റ് ക്ഷേമ പദ്ധതികൾ സഹായിക്കുകയും , അസമത്വം കുറച്ചുകൊണ്ട് ജീവിത നിലവാരത്തിൽ അനുകൂല സ്വാധീനം പ്രകടമാക്കുകയും ചെയ്യുന്നു : സാമ്പത്തിക സർവേ 2024-25
ഗവണ്മെന്റിന്റെ മൊത്തം ചെലവിൽ (TE) സാമൂഹിക സേവന ചെലവ് (സോഷ്യൽ സർവീസ് എക്സ്പെൻഡിച്ചർ - എസ്എസ്ഇ) 2021 സാമ്പത്തിക വർഷത്തിലെ 23.3% ൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ (BE) 26.2% ആയി വർധിച്ചു.
ഉപഭോഗ ചെലവിലെ നഗര-ഗ്രാമീണ അന്തരം 2011-12 ൽ 84% ആയിരുന്നത് 2023-24 ൽ 70% ആയി കുറഞ്ഞു
Posted On:
31 JAN 2025 1:38PM by PIB Thiruvananthpuram
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, സാമൂഹിക അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് 2024-25 വർഷത്തെ സാമ്പത്തിക സർവേ പറയുന്നു. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2024-25 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചു.
സാമൂഹിക സേവന ചെലവിലെ പ്രവണതകൾ
ഗവണ്മെന്റിന്റെ സാമൂഹിക സേവന ചെലവ് 2021 സാമ്പത്തിക വർഷത്തിൽ 23.3% ആയിരുന്നത് 2025 സാമ്പത്തിക വർഷത്തിൽ (ബിഇ) 26.2% ശതമാനം അഥവാ 15% സിഎജിആർ ആയി വർദ്ധിച്ചത് ചൂണ്ടിക്കാട്ടി മൊത്തം ചെലവിൽ ഗവണ്മെന്റിന്റെ സാമൂഹിക സേവന ചെലവിലെ വർദ്ധിച്ചുവരുന്ന പ്രവണത സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ എസ്എസ്ഇ വിഹിതം 2021 സാമ്പത്തിക വർഷത്തിൽ 14.8 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ, അത് ക്രമാനുഗതമായി വർദ്ധിച്ച് 2025 സാമ്പത്തിക വർഷത്തിൽ (ബിഇ) 25.7 ലക്ഷം കോടി രൂപയായി.
വിദ്യാഭ്യാസ മേഖലയിലെ ചെലവ് 12% സിഎജിആർ വർധിച്ച് 2021 സാമ്പത്തിക വർഷത്തിലെ 5.8 ലക്ഷം കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ (ബി ഇ ) 9.2 ലക്ഷം കോടി രൂപയായതായി സർവേ സൂചിപ്പിക്കുന്നു. മറുവശത്ത്, ആരോഗ്യ മേഖലയിലെ ചെലവ് 18 ശതമാനം സിഎജിആറിൽ വർധിക്കുന്ന പ്രവണത സർവേ രേഖപ്പെടുത്തിക്കൊണ്ട് 2021 സാമ്പത്തിക വർഷത്തിലെ 3.2 ലക്ഷം കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ (ബി ഇ ) 6.1 ലക്ഷം കോടി രൂപയായി ഉയർന്നു. 2015 നും 2022 സാമ്പത്തിക വർഷത്തിനും ഇടയിൽ രാജ്യത്തിന്റെ മൊത്തം ആരോഗ്യ ചെലവിലെ ഗവണ്മെന്റ് വിഹിതം 29.0 ശതമാനത്തിൽ നിന്ന് 48.0 ശതമാനമായി വർദ്ധിച്ചതായി സർവേ ചൂണ്ടിക്കാട്ടുന്നു.
ഉപഭോഗച്ചെലവ്
ഗവണ്മെന്റിന്റെ പദ്ധതികളിലൂടെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ ഉപഭോഗവും വരുമാനവും ഉയർത്തുന്ന പ്രവർത്തനങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വസ്തുതകൾ തെളിയിക്കുന്നതായി സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. സൗജന്യ അല്ലെങ്കിൽ സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ, സബ്സിഡിയുള്ള പാചക ഇന്ധനം, ഇൻഷുറൻസ് പരിരക്ഷ, വിവിധ പദ്ധതികൾക്ക് കീഴിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ തുടങ്ങിയ ഗവണ്മെന്റിന്റെ വിവിധ ക്ഷേമ പദ്ധതികൾ ഗാർഹിക വരുമാനം ഉയർത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അധിക വിഭവങ്ങൾ ലഭ്യമാക്കാൻ ഈ സാമ്പത്തിക കൈമാറ്റങ്ങൾ സഹായിക്കുകയും അത് ജനങ്ങളുടെ ജീവിത നിലവാരത്തെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യുന്നു.
സർവേയിൽ പ്രതിഫലിക്കുന്നതുപോലെ, സാമൂഹിക മേഖലയിലെ ഉദ്യമങ്ങൾ അസമത്വം കുറയ്ക്കുകയും ഉപഭോഗ ചിലവ് വർദ്ധിപ്പിക്കുകയും ചെയ്തു. ഉപഭോഗച്ചിലവിലെ അസമത്വത്തിന്റെ അളവുകോലായ ഗിനി കോഎഫിഷ്യന്റ് അടുത്തകാലത്തായി കുറഞ്ഞുവരികയാണ്. അത് ഗ്രാമപ്രദേശങ്ങളിൽ 2022-23-ൽ 0.266 ആയിരുന്നത് 2023-24-ൽ 0.237 ആയും നഗരപ്രദേശങ്ങളിൽ 2022-23-ൽ 0.314 ൽ നിന്ന് 2023-24-ൽ 0.284 ആയി കുറയുകയും ചെയ്തു.
2023-24 ലെ ഗാർഹിക ഉപഭോഗ ചിലവ് എടുത്തുകാട്ടിക്കൊണ്ട് ഉപഭോഗ ചിലവിലെ നഗര-ഗ്രാമീണ അന്തരം കുറഞ്ഞുവരുന്നതായി സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിനും 2023-24 സാമ്പത്തിക വർഷത്തിനും ഇടയിൽ ശരാശരി പ്രതിമാസ പ്രതിശീർഷ ചിലവിലെ (MPCE) ഏറ്റവും വലിയ വളർച്ച ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും ജനസംഖ്യയുടെ ഏറ്റവും താഴേത്തട്ടിലുള്ള 5-10% ആളുകളിലാണ് ഉണ്ടായത്. ശരാശരി MPCE യിലെ നഗര-ഗ്രാമീണ അന്തരം 2011-12 ലെ 84% ൽ നിന്ന് 2022-23 ൽ 71% ആയി കുറഞ്ഞു. 2023-24 ൽ ഇത് 70% ആയി കുറഞ്ഞത് ഗ്രാമപ്രദേശങ്ങളിലെ ഉപഭോഗ വളർച്ചയുടെ സുസ്ഥിരമായ ആക്കം സ്ഥിരീകരിക്കുന്നു.
ഗവണ്മെന്റിന്റെ വിവിധ ധനകാര്യ നയങ്ങൾ വരുമാന വിതരണം പുനഃക്രമീകരിക്കുന്നുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു. ഗവണ്മെന്റിന്റെ വൈവിധ്യമാർന്ന സാമൂഹിക പദ്ധതികളിലെ ഏറ്റവും വലിയ സാമ്പത്തിക വിഹിതമാണ് ഭക്ഷ്യ സബ്സിഡികൾ. 2022-23 ൽ, സൗജന്യവും സബ്സിഡിയുള്ളതുമായ ഭക്ഷ്യ റേഷൻ നൽകുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ബജറ്റിന്റെ 6.5% പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) യിലൂടെ ചിലവഴിച്ചു.
താഴ്ന്ന ഉപഭോഗ വിഭാഗങ്ങൾക്കിടയിലെ വൻതോതിലുള്ള ആനുകൂല്യങ്ങളുടെ കേന്ദ്രീകരണം സൂചിപ്പിക്കുന്നത്, PDS/PMGKAY നയങ്ങൾ താഴ്ന്ന വരുമാനക്കാരെ പിന്തുണയ്ക്കുകയും മറ്റ് ദുർബല കുടുംബങ്ങളെ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. 2022-23ൽ ശരാശരി, സബ്സിഡിയുടെ മൂല്യം ഗ്രാമീണ മേഖലയിലെ ഏറ്റവും താഴ്ന്ന വിഭാഗമായ 20% പേർക്കിടയിൽ ഗാർഹിക ഉപഭോഗത്തിന്റെ 7% ആയിരുന്നു, എന്നാൽ ഉയർന്ന 20% പേരിൽ 2% മാത്രമായിരുന്നു. നഗരപ്രദേശങ്ങളിലും സമാനമായ ഒരു പുരോഗമന രീതി നിരീക്ഷിക്കപ്പെടുന്നു.
ജനസംഖ്യയുടെ വിവിധ വിഭാഗങ്ങളിലായി ഈ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും സർവേ നൽകുന്നു. 2022-23 ൽ, റേഷൻ കാർഡ് ലഭ്യമായ ജനസംഖ്യയുടെ 84% പേരിൽ 59% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL)വരും അന്ത്യോദയ അന്ന യോജന (AAY) അല്ലെങ്കിൽ മുൻഗണനാ കുടുംബം (PHH) വിഭാഗത്തിലെ കാർഡ് ഉടമകളാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
***
NK
(Release ID: 2097994)
Visitor Counter : 19