പ്രധാനമന്ത്രിയുടെ ഓഫീസ്
AIIA-യിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
Posted On:
29 OCT 2024 5:28PM by PIB Thiruvananthpuram
ഈ പരിപാടിയിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ശ്രീ ജഗത് പ്രകാശ് നദ്ദ ജി, മൻസുഖ് മാണ്ഡവ്യ ജി, പ്രതാപ് റാവു ജാദവ് ജി, ശ്രീമതി. അനുപ്രിയ പട്ടേൽ ജി, ശോഭ കരന്ദ്‌ലജെ ജി, ഇവിടത്തെ എൻ്റെ സഹ എംപി, ശ്രീ രാംവീർ സിംഗ് ബിധുരി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട ഗവർണർമാർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ ബഹുമാന്യരായ പ്രതിനിധികൾ, ഡോക്ടർമാർ, ആയുർവേദ ചികിത്സകർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധർ... ആരോഗ്യ സംവിധാനത്തിൻ്റെ ഭാഗമായ സഹോദരന്മാരെ സഹോദരികളെ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ എല്ലാ ഡോക്ടർമാരേ, ജീവനക്കാരെ, സ്ത്രീകളേ, മാന്യരേ!
ഇന്ന്, രാജ്യം മുഴുവൻ ധന്വന്തരി ഭഗവാൻ്റെ ജന്മവാർഷികവും ധന്തേരാസും ആഘോഷിക്കുകയാണ്. ഞാൻ നിങ്ങൾക്കെല്ലാവർക്കും എൻ്റെ ധന്തേരാസ്, ധന്വന്തരി ജയന്തി ആശംസകൾ നേരുന്നു. ഈ ദിവസം, രാജ്യത്തുടനീളമുള്ള ധാരാളം ജനങ്ങൾ അവരുടെ വീടുകളിലേക്ക് പുതിയ എന്തെങ്കിലും വാങ്ങുന്നു. നമ്മുടെ വ്യാപാര സമൂഹത്തിന് ഞാൻ പ്രത്യേകിച്ച് എല്ലാ സൗഭാഗ്യവും നേരുന്നു. നിങ്ങൾക്കെല്ലാവർക്കും ഞാൻ ദീപാവലി ആശംസകൾ നേരുന്നു. നമ്മളിൽ പലരും പല ദീപാവലികൾ കണ്ടിട്ടുണ്ടാകും, എന്നാൽ നമ്മൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഈ ദീപാവലി ചരിത്രപരമാണ്. ഇത്രയധികം ദീപാവലികൾ കണ്ടിട്ട് നമുക്ക് വാർദ്ധക്യമായെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, ഈ ചരിത്രപരമായ ദീപാവലി എവിടെ നിന്നാണ് മോദിജി കൊണ്ടുവന്നതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. 500 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അവസരം സംജാതമായിരിക്കുന്നത്... രാം ലല്ലയുടെ ജന്മസ്ഥലമായ അയോധ്യയിലെ ക്ഷേത്രത്തിൽ ആയിരക്കണക്കിന് വിളക്കുകൾ തെളിച്ച് വിസ്മയകരമായ ഒരു ഉത്സവം സൃഷ്ടിക്കും. നമ്മുടെ രാമൻ ഒരിക്കൽ കൂടി നാട്ടിലേക്ക് മടങ്ങുന്ന നല്ലൊരു ദീപാവലി ആയിരിക്കും ഇത്തവണതേത്. ഇത്തവണ, ഈ കാത്തിരിപ്പ് അവസാനിക്കുന്നത് 14 വർഷത്തിന് ശേഷമല്ല, 500 വർഷത്തിന് ശേഷമാണ്.
സുഹൃത്തുക്കളെ,
ധന്തേരാസിലെ ഭാഗ്യത്തിൻ്റെയും ആരോഗ്യത്തിൻ്റെയും ആഘോഷം കേവലം യാദൃശ്ചികമല്ല. ഇത് ഇന്ത്യൻ സംസ്കാരത്തിലെ ജീവിത തത്വശാസ്ത്രത്തെ പ്രതീകപ്പെടുത്തുന്നു. നമ്മുടെ ഋഷിമാർ പറഞ്ഞിട്ടുണ്ട് — आरोग्यम् परमम् भाग्यम्! അർത്ഥം, ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യം, ഏറ്റവും വലിയ സമ്പത്ത്. പലപ്പോഴും പറയാറുണ്ട് - ആരോഗ്യമാണ് സമ്പത്ത്. ഈ പുരാതന ചിന്തയാണ് ഇപ്പോൾ ആയുർവേദ ദിനമായി ആഗോളതലത്തിൽ പ്രബലമാകുന്നത്. ഇന്ന് 150 ലധികം രാജ്യങ്ങളിൽ ആയുർവേദ ദിനം ആഘോഷിക്കുന്നു എന്നത് നമുക്കെല്ലാവർക്കും സന്തോഷകരമായ കാര്യമാണ്. ആയുർവേദത്തോടുള്ള ആഗോള ആകർഷണം വർദ്ധിക്കുന്നതിൻ്റെ തെളിവാണിത്! ഒരു പുതിയ ഭാരതത്തിന് അതിൻ്റെ പുരാതന അനുഭവങ്ങളിലൂടെ ലോകത്തിന് എങ്ങനെ ഗണ്യമായ സംഭാവന നൽകാമെന്ന് ഇത് തെളിയിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ആയുർവേദത്തെക്കുറിച്ചുള്ള അറിവ് ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് ആരോഗ്യരംഗത്ത് രാജ്യം ഒരു പുതിയ അധ്യായം ചേർത്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഇതിനുള്ള പ്രധാന കേന്ദ്രമായി മാറി. ഏഴ് വർഷം മുമ്പ്, ഈ ദിവസം, ഈ സ്ഥാപനത്തിൻ്റെ ആദ്യ ഘട്ടം സമർപ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. ഇന്ന്, ധന്വന്തരി ജയന്തി ദിനത്തിൽ, അതിൻ്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ട്. പഞ്ചകർമ്മം പോലെയുള്ള പ്രാചീന ആചാരങ്ങൾ ആധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്നതിന് ഇവിടം സാക്ഷിയാകും. ആയുർവേദം, മെഡിക്കൽ സയൻസ് എന്നീ മേഖലകളിലും വിപുലമായ ഗവേഷണങ്ങൾ നടക്കും. ഇതിനായി രാജ്യത്തെ എല്ലാ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഒരു രാജ്യത്തെ പൗരന്മാർ എത്ര ആരോഗ്യവാന്മാരാണോ, അത്രയും വേഗത്തിലായിരിക്കും അതിൻ്റെ പുരോഗതി. ഇത് മനസ്സിൽ വെച്ചുകൊണ്ട്, ആരോഗ്യ നയത്തിൻ്റെ അഞ്ച് സ്തംഭങ്ങൾ നിർവചിച്ച് കേന്ദ്ര ഗവണ്മെൻ്റ് പൗരന്മാരുടെ ആരോഗ്യത്തിന് മുൻഗണന നൽകി. ആദ്യത്തേത് പ്രിവൻ്റീവ് ഹെൽത്ത് കെയർ, അതായത്, രോഗം വരുന്നതിന് മുമ്പുള്ള പ്രതിരോധം... രണ്ടാമത്തേത് സമയബന്ധിതമായ രോഗനിർണയം... മൂന്നാമത്തേത് സൗജന്യവും താങ്ങാനാവുന്നതുമായ ചികിത്സ, താങ്ങാനാവുന്ന മരുന്നുകൾ... നാലാമത്തേത് ചെറിയ പട്ടണങ്ങളിൽ നല്ല ചികിത്സ, ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുക. ... അഞ്ചാമത്തേത് ആരോഗ്യ സേവനങ്ങളിലെ സാങ്കേതിക വിദ്യയുടെ വിപുലീകരണമാണ്. ഭാരതം ഇപ്പോൾ ആരോഗ്യ മേഖലയെ കാണുന്നത് സമഗ്രമായ ആരോഗ്യ സംരക്ഷണത്തിൻ്റെ വീക്ഷണകോണിൽ നിന്നാണ്. ഇന്ന്, ഈ അഞ്ച് സ്തംഭങ്ങളുടെയും ഒരു ഏകദേശരൂപം ഈ പരിപാടി കാണിക്കുന്നു. ഇവിടെ, ഏകദേശം 13,000 കോടി രൂപയുടെ പദ്ധതികൾ ഒന്നുകിൽ ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ തറക്കല്ലിടൽ നടത്തുകയോ ചെയ്തിട്ടുണ്ട്. ആയുർസ്വാസ്ത്യ യോജനയ്ക്ക് കീഴിൽ, നാല് മികവിൻ്റെ കേന്ദ്രങ്ങൾ... ഡ്രോണുകൾ വഴി ആരോഗ്യ സേവനങ്ങളുടെ വിപുലീകരണം... എയിംസ് ഋഷികേശിൽ ഹെലികോപ്റ്റർ സേവനങ്ങൾ... ഡൽഹി എയിംസിലും എയിംസ് ബിലാസ്പൂരിലും പുതിയ അടിസ്ഥാന സൗകര്യങ്ങൾ... മറ്റ് അഞ്ച് എയിംസുകളിലെ സേവനങ്ങളുടെ വിപുലീകരണം... മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ... നഴ്സിംഗ് കോളേജുകൾക്ക് തറക്കല്ലിടൽ... എന്നിങ്ങനെ രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ പരിവർത്തനവുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങൾ ഇന്ന് ഏറ്റെടുത്തിരിക്കുന്നു. ഈ ആശുപത്രികളിൽ പലതും നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ ചികിത്സയ്ക്കായി നിർമ്മിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ആശുപത്രികൾ നമ്മുടെ തൊഴിലാളിവർഗത്തിൻ്റെ കേന്ദ്രങ്ങളായി വർത്തിക്കും. ഇന്ന്, ഉദ്ഘാടനം ചെയ്ത ഫാർമ യൂണിറ്റുകൾ രാജ്യത്തിനുള്ളിൽ അത്യാധുനിക മരുന്നുകളും ഉയർന്ന നിലവാരമുള്ള സ്റ്റെൻ്റുകളും ഇംപ്ലാൻ്റുകളും ഉത്പാദിപ്പിക്കും. ഈ യൂണിറ്റുകൾ ഭാരതത്തിൻ്റെ ഫാർമ മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ ഉത്തേജനം നൽകും.
സുഹൃത്തുക്കളെ,
കുടുംബത്തെ മുഴുവനും ബാധിക്കുന്ന ഒരു ഇടിമിന്നൽ പോലെ അസുഖം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ നിന്നാണ് നമ്മളിൽ ഭൂരിഭാഗവും വരുന്നത്. ഒരു പാവപ്പെട്ട വീട്ടിലെ ഒരാൾക്ക് ഗുരുതരമായ രോഗം വന്നാൽ അത് കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ബാധിക്കുന്നു. ചികിത്സയ്‌ക്കായി കുടുംബങ്ങൾക്ക് വീടും സ്ഥലവും ആഭരണങ്ങളും വിൽക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഗുരുതരമായ രോഗങ്ങളുടെ ചികിത്സ ചെലവുകൾ കേൾക്കുമ്പോൾ തന്നെ ഒരു പാവപ്പെട്ടവൻ്റെ ആത്മാവ് നടുങ്ങും. പ്രായമായ അമ്മമാർ അവരുടെ ചികിത്സയ്‌ക്കോ പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിനോ ഈ പണം ചെലവഴിക്കണോ എന്ന് ചിന്തിക്കും, പ്രായമായ അച്ഛൻമാർ അവരുടെ ആരോഗ്യത്തിനായി ചെലവഴിക്കണോ അതോ വീട്ടുചെലവുകൾ കൈകാര്യം ചെയ്യണോ എന്ന് ചിന്തിക്കും. തൽഫലമായി, ദരിദ്ര കുടുംബങ്ങളിലെ മുതിർന്നവർ പലപ്പോഴും ഒരേയൊരു വഴി മാത്രമേ കണ്ടിട്ടുള്ളൂ: യാതനകൾ നിശബ്ദമായി സഹിക്കുക, വേദന സഹിക്കുക, മരണത്തിനായി നിശബ്ദമായി കാത്തിരിക്കുക. പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ പാവപ്പെട്ടവരെ തകർത്തു.
എൻ്റെ പാവപ്പെട്ട സഹോദരങ്ങളെ ഈ നിസ്സഹായാവസ്ഥയിൽ കാണുന്നത് എനിക്ക് സഹിച്ചില്ല. അങ്ങനെ, ആ സഹാനുഭൂതിയിൽ നിന്നും, ആ വേദനയിൽ നിന്നും, ആ കഷ്ടപ്പാടിൽ നിന്നും എൻ്റെ സഹവാസികൾക്കുള്ള സമ്പൂർണ്ണ സമർപ്പണത്തിൽ നിന്നാണ് ആയുഷ്മാൻ ഭാരത് പദ്ധതി പിറന്നത്. പാവപ്പെട്ടവരുടെ ആശുപത്രി ചെലവിനായി ചികിത്സയ്ക്ക് 5 ലക്ഷം രൂപ വരെ വഹിക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചു. ഇന്ന്, രാജ്യത്തെ നാല് കോടിയോളം ദരിദ്രർ ആയുഷ്മാൻ പദ്ധതിയുടെ പ്രയോജനം നേടിയതിൽ ഞാൻ സംതൃപ്തനാണ്. ഈ നാല് കോടി പാവങ്ങൾ ആശുപത്രിയിൽ കിടന്നു, അവരിൽ ചിലർ വിവിധ രോഗങ്ങൾക്ക് ഒന്നിലധികം തവണ, ഒരു രൂപ പോലും ചിലവാക്കാതെ ചികിത്സ നേടി. ആയുഷ്മാൻ പദ്ധതി നിലവിലില്ലായിരുന്നുവെങ്കിൽ ഈ പാവങ്ങൾക്ക് സ്വന്തം കീശയിൽ നിന്ന് 1.25 ലക്ഷം കോടി രൂപ നൽകേണ്ടി വരുമായിരുന്നു. രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിലെ ആയുഷ്മാൻ പദ്ധതിയുടെ ഗുണഭോക്താക്കളെ ഞാൻ പലപ്പോഴും കാണാറുണ്ട്, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കുന്നു, അവരുടെ അനുഭവങ്ങൾ കേൾക്കുന്നു, സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിറഞ്ഞ സന്തോഷാശ്രു ആയുഷ്മാൻ പദ്ധതിയുമായി ബന്ധപ്പെട്ട ഓരോ ഡോക്ടർമാർക്കും, ഓരോ പാരാമെഡിക്കൽ ജീവനക്കാർക്കും ഒരു അനുഗ്രഹമാണ്. ഇതിലും വലിയ അനുഗ്രഹം വേറെയില്ല.
നിങ്ങൾക്ക് എന്നെ വിശ്വസിക്കാം; ഇത്തരം പ്രതിസന്ധികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ഒരു പദ്ധതി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇന്ന്, ആയുഷ്മാൻ പദ്ധതി വിപുലീകരിക്കുന്നതിൽ എനിക്ക് വലിയ സംതൃപ്തിയുണ്ട്. രാജ്യത്തെ എല്ലാ പ്രായമായവരും ഈ പരിപാടി പ്രതീക്ഷയോടെ നോക്കി കാണുന്നു. എൻ്റെ മൂന്നാം ടേമിൽ 70 വയസ്സിനു മുകളിലുള്ള എല്ലാ വയോധികരെയും ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ ഉറപ്പുനൽകിയിരുന്നു... ഇന്ന് ധന്വന്തരി ജയന്തി ദിനത്തിൽ ഈ ഉറപ്പ് പൂർത്തീകരിക്കുകയാണ്. ഇപ്പോൾ, രാജ്യത്തെ 70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും. ഈ പ്രായമായ വ്യക്തികൾക്ക് ആയുഷ്മാൻ വയ വന്ദന കാർഡ് നൽകും. 70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ആയുഷ്മാൻ വയ വന്ദന കാർഡ് എത്രയും വേഗം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഗവണ്മെൻ്റിൻ്റെ ശ്രമം. വരുമാന നിയന്ത്രണങ്ങളില്ലാത്ത ഒരു പദ്ധതിയാണിത്-ദരിദ്രരോ മധ്യവർഗക്കാരോ സമ്പന്നരോ ആകട്ടെ, എല്ലാവർക്കും ഇതിൽ നിന്ന് പ്രയോജനം നേടാം. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഈ രാജ്യത്തെ 70 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരു പൗരനും അത് ചെയ്യാൻ കഴിയും.
ഓരോ വയോജനവും ആശങ്കകളില്ലാതെ അന്തസ്സോടെ ആരോഗ്യകരമായ ജീവിതം നയിക്കണം. അത് നേടുന്നതിനുള്ള നാഴികക്കല്ലായി ഈ പദ്ധതി മാറും. ആയുഷ്മാൻ വയ വന്ദന കാർഡ് ഉപയോഗിച്ച് വീട്ടുചെലവുകളും കുറയും, അവരുടെ ആശങ്കകളും പരിഹരിക്കപ്പെടും. ഈ സ്കീമിന് എല്ലാ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു, കൂടാതെ 70 വയസ്സിന് മുകളിലുള്ള എല്ലാ വൃദ്ധർക്കും ഞാൻ ഇവിടെ നിന്ന് എൻ്റെ ആദരം അർപ്പിക്കുന്നു. എന്നിരുന്നാലും, 70 വയസ്സിനു മുകളിലുള്ള ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും പ്രായമായവരോട് ഞാൻ ക്ഷമ ചോദിക്കുന്നു, കാരണം എനിക്ക് നിങ്ങളെ സേവിക്കാൻ കഴിയില്ല. നിങ്ങളെ സഹായിക്കാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ കഷ്ടപ്പാടുകൾ ഞാൻ അറിയും, എനിക്ക് അതിനെ കുറിച്ച് അറിവ് ലഭിക്കും, പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല, കാരണം ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും ഗവണ്മെൻ്റുകൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണം ഈ ആയുഷ്മാൻ പദ്ധതിയുമായി സ്വയം ബന്ധപ്പെടുന്നില്ല എന്നതാണ്. . സ്വന്തം സംസ്ഥാനങ്ങളിലെ രോഗികളെ ദുരിതത്തിലാക്കുന്ന ഈ മനോഭാവം മാനുഷിക കാഴ്ചപ്പാടിൽ അംഗീകരിക്കാനാവില്ല. അതിനാൽ, പശ്ചിമ ബംഗാളിലെയും ഡൽഹിയിലെയും പ്രായമായവരോട് ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് എൻ്റെ നാട്ടുകാരെ സേവിക്കാൻ കഴിയും, പക്ഷേ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ മതിലുകൾ ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും പ്രായമായവരെ സേവിക്കുന്നതിൽ നിന്ന് എന്നെ തടയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല; ഞാൻ സംസാരിക്കുന്ന ഡൽഹിയിലെ പ്രായമായവരും ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നു എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എൻ്റെ സങ്കടത്തിൻ്റെ ആഴം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല.
സുഹൃത്തുക്കളെ,
ദരിദ്രനായാലും ഇടത്തരക്കാരനായാലും, എല്ലാവരുടെയും ചികിത്സാ ചെലവ് കുറയ്ക്കുക എന്നത് ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ മുൻഗണനയാണ്. ഇന്ന്, രാജ്യത്തുടനീളമുള്ള 14,000 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ നമ്മുടെ ഗവണ്മെൻ്റ് എത്ര സൂക്ഷ്മസംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നു എന്നതിന് സാക്ഷ്യം വഹിക്കുന്നു. ഈ കേന്ദ്രങ്ങളിൽ മരുന്നുകൾ 80 ശതമാനം വിലക്കിഴിവിൽ ലഭിക്കും. ഈ ജൻ ഔഷധി കേന്ദ്രങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, പാവപ്പെട്ടവരും ഇടത്തരക്കാരും 30,000 കോടി രൂപ അധികമായി മരുന്നുകൾക്കായി ചിലവഴിക്കുമായിരുന്നു, ഈ കേന്ദ്രങ്ങളിൽ നിന്ന് 80 ശതമാനം വിലക്കിഴിവിൽ മരുന്നുകൾ ലഭിച്ചതിനാൽ അവർ ആ പണം ലാഭിച്ചു.
ഞങ്ങൾ സ്റ്റെൻ്റുകളും മുട്ട് ഇംപ്ലാൻ്റുകളും വിലകുറച്ച് ഉണ്ടാക്കിയതായി നിങ്ങൾക്കറിയാം. ഞങ്ങൾ ഈ തീരുമാനങ്ങൾ എടുത്തില്ലായിരുന്നുവെങ്കിൽ, ഈ ഓപ്പറേഷനുകൾക്ക് വിധേയരായവർക്ക് 80,000 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരുമായിരുന്നു. ഞങ്ങളുടെ പരിശ്രമത്തിൻ്റെ ഫലമാണ് 80,000 കോടി രൂപ അവർ ലാഭിച്ചത്. സൗജന്യ ഡയാലിസിസ് പദ്ധതിയിലൂടെ ദശലക്ഷക്കണക്കിന് രോഗികളുടെ ആയിരക്കണക്കിന് കോടി രൂപയുടെ ലാഭവും ഉണ്ടായിട്ടുണ്ട്. മാരകമായ രോഗങ്ങൾ തടയുന്നതിനായി നമ്മുടെ ഗവണ്മെൻ്റ് മിഷൻ ഇന്ദ്രധനുഷ് കാമ്പയിൻ നടത്തിവരികയാണ്. ഇത് ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ജീവൻ രക്ഷിക്കുക മാത്രമല്ല, ഗുരുതരമായ രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. എൻ്റെ രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരും ചെലവേറിയ ചികിത്സകളുടെ ഭാരത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്നുവെന്ന് ഞാൻ ഉറപ്പാക്കും, രാജ്യം ഈ ദിശയിലാണ് മുന്നോട്ട് പോകുന്നത്
സുഹൃത്തുക്കളെ,
രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അപകടസാധ്യതകളും കുറയ്ക്കുന്നതിന് സമയബന്ധിതമായ രോഗനിർണയം അനിവാര്യമാണെന്ന് നിങ്ങൾക്കറിയാം. ആർക്കെങ്കിലും അസുഖം വന്നാൽ, അവർക്ക് വേഗത്തിലുള്ള പരിശോധനയും ഉടനടി ചികിത്സയും ലഭ്യമാക്കണം. ഇത് സുഗമമാക്കുന്നതിന് രാജ്യത്തുടനീളം 200,000 ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ തുറന്നിട്ടുണ്ട്. ഇന്ന്, കോടിക്കണക്കിന് ജനങ്ങൾ ഈ ആരോഗ്യ മന്ദിരങ്ങളിൽ ക്യാൻസർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കായി എളുപ്പത്തിൽ പരിശോധിക്കപ്പെടുന്നു. ഈ ലാളിതമാക്കിയ പരിശോധന കൃത്യസമയത്ത് ചികിത്സ ആരംഭിക്കാൻ അനുവദിക്കുകയും ജനങ്ങൾക്ക് പണം ലാഭിക്കുകയും ചെയ്യുന്നു.
ആരോഗ്യമേഖലയിൽ സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗത്തിലൂടെ നമ്മുടെ ഗവണ്മെൻ്റ് പൗരന്മാരുടെ പണം ലാഭിക്കുകയും ചെയ്യുന്നു. ഇ-സഞ്ജീവനി സ്കീമിന് കീഴിൽ, 30 കോടി ജനങ്ങൾ - ഇത് ചെറിയ സംഖ്യയല്ല - ആദരണീയരായ ഡോക്ടർമാരിൽ നിന്ന് ഓൺലൈൻ കൺസൾട്ടേഷനുകൾ സ്വീകരിച്ചു. ഡോക്ടർമാരിൽ നിന്നുള്ള സൗജന്യവും കൃത്യവുമായ കൺസൾട്ടേഷനുകൾ അവർക്ക് ധാരാളം പണം ലാഭിച്ചു. ഇന്ന് ഞങ്ങൾ U-WIN പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചു. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, ഭാരതിത്തിന് അതിൻ്റേതായ സാങ്കേതികമായി നൂതനമായ ഇൻ്റർഫേസ് ഉണ്ടായിരിക്കും. കോവിഡ്-19 മഹാമാരി സമയത്ത് ഞങ്ങളുടെ കോ-വിൻ പ്ലാറ്റ്‌ഫോമിൻ്റെ വിജയം ആഗോളതലത്തിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. യുപിഐ പേയ്‌മെൻ്റ് സംവിധാനത്തിൻ്റെ വിജയവും ആഗോള കഥയായി മാറി. ആരോഗ്യമേഖലയിലെ ആ വിജയം ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിലൂടെ (ഡിപിഐ) ഇപ്പോൾ ഭാരതം ആവർത്തിക്കുകയാണ്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 6-7 ദശാബ്ദങ്ങളിൽ ആരോഗ്യമേഖലയിൽ ചെയ്യാത്ത പ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ പൂർത്തീകരിച്ചത്. കഴിഞ്ഞ ദശകത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണമുള്ള പുതിയ എയിംസും മെഡിക്കൽ കോളേജുകളുമാണ് തുറന്നത് . ഇന്ന്, ഈ പരിപാടിയിൽ തന്നെ, കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിരവധി ആശുപത്രികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. കർണാടകയിലെ നർസാപൂർ, ബൊമ്മസാന്ദ്ര, മധ്യപ്രദേശിലെ പിതാംപൂർ, ആന്ധ്രാപ്രദേശിലെ അച്യുതപുരം, ഹരിയാനയിലെ ഫരീദാബാദ് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. യുപിയിലെ മീററ്റിൽ പുതിയ ഇഎസ്ഐസി ആശുപത്രിയുടെ നിർമാണവും ആരംഭിച്ചു. ഇൻഡോറിൽ ഒരു ആശുപത്രിയും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മെഡിക്കൽ സീറ്റുകളുടെ എണ്ണവും അതിവേഗം ഉയരുന്നുണ്ടെന്നാണ് ആശുപത്രികളുടെ എണ്ണം വർധിക്കുന്നത് സൂചിപ്പിക്കുന്നത്. ഡോക്ടറാകാൻ സ്വപ്നം കാണുന്ന ഒരു പാവം കുട്ടിയുടെയും ആ സ്വപ്നം തകരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു യുവജനങ്ങളുടെയും സ്വപ്‌നം തകരാതിരിക്കുന്നതിലാണ് ഗവണ്മെൻ്റിൻ്റെ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു. സ്വപ്നങ്ങൾക്ക് അതിൻ്റേതായ ശക്തിയുണ്ട്, ചിലപ്പോൾ പ്രചോദനത്തിൻ്റെ ഉറവിടമായി മാറിയേക്കാം. സാമ്പത്തിക പരാധീനതകൾ കാരണം ഒരു മധ്യവർഗ കുടുംബത്തിലെ കുട്ടിക്കും മെഡിക്കൽ പഠനത്തിനായി വിദേശത്ത് പോകേണ്ടിവരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ 10 വർഷമായി ഭാരതത്തിൽ മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കണമെന്ന പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദശകത്തിൽ ഏകദേശം 100,000 പുതിയ MBBS, MD സീറ്റുകൾ കൂട്ടിച്ചേർക്കപ്പെട്ടു. ഈ വർഷം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ മേഖലയിൽ 75,000 പുതിയ സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്ന് ഞാൻ ചുവപ്പ് കോട്ടയിൽ നിന്ന് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ എത്ര മാത്രം ഡോക്ടർമാർ ലഭ്യമാകും എന്ന് സങ്കൽപ്പിക്കുക.
സുഹൃത്തുക്കളെ,
ഇന്ന് നമ്മുടെ രാജ്യത്ത് 750,000-ത്തിലധികം രജിസ്റ്റർ ചെയ്ത ആയുഷ് ഡോക്ടർമാരുണ്ട് . ഈ എണ്ണം ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആരോഗ്യ, വെൽനസ് ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമായാണ് ലോകം ഇപ്പോൾ ഭാരതത്തെ കാണുന്നത്. യോഗ, പഞ്ചകർമം, ധ്യാനം എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ജനങ്ങൾ ഭാരതത്തിലേക്ക് വരുന്നു. വരും കാലങ്ങളിൽ ഈ എണ്ണം അതിവേഗം വളരും. നമ്മുടെ യുവാക്കളും നമ്മുടെ ആയുഷ് ചികിത്സകരും ഇതിന് തയ്യാറാകേണ്ടതുണ്ട്. പ്രിവൻ്റീവ് കാർഡിയോളജി, ആയുർവേദ ഓർത്തോപീഡിക്‌സ്, ആയുർവേദ സ്‌പോർട്‌സ് മെഡിസിൻ, ആയുർവേദ പുനരധിവാസ കേന്ദ്രങ്ങൾ - ഭാരതത്തിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിലും ആയുഷ് പരിശീലകർക്ക് ധാരാളം അവസരങ്ങളുണ്ട്. നമ്മുടെ യുവജനങ്ങൾ ഈ അവസരങ്ങളിലൂടെ മുന്നേറുക മാത്രമല്ല, മാനവരാശിയെ കാര്യമായ രീതിയിൽ സേവിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, വൈദ്യശാസ്ത്രരംഗത്ത് ശാസ്ത്രം അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. ഒരുകാലത്ത് ഭേദമാക്കാനാവില്ലെന്ന് കരുതിയിരുന്ന രോഗങ്ങൾക്ക് ഇപ്പോൾ ചികിത്സ ലഭ്യമാണ്. ചികിത്സയ്‌ക്കൊപ്പം ആരോഗ്യത്തെയും ലോകം വിലമതിക്കുന്നു. വെൽനെസിൻ്റെയും ആരോഗ്യത്തിൻ്റെയും കാര്യത്തിൽ ഭാരതത്തിന് ആയിരക്കണക്കിന് വർഷത്തെ അനുഭവമുണ്ട്. ആധുനിക ശാസ്ത്രത്തിൻ്റെ കണ്ണിലൂടെ നമ്മുടെ പുരാതന അറിവുകളെ സാധൂകരിക്കാനുള്ള സമയമാണിത്. അതുകൊണ്ടാണ് ഞാൻ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആയുർവേദത്തിന് തുടർച്ചയായി ഊന്നൽ നൽകുന്നത്. വ്യക്തിഗതമാക്കിയ ചികിത്സാ പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് ആയുർവേദത്തിന് അഗാധമായ അറിവുണ്ട്; എന്നിരുന്നാലും, ആധുനിക ശാസ്ത്രീയ വീക്ഷണകോണിൽ നിന്നുള്ള മൂർത്തമായ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഇതുവരെ നടന്നിട്ടില്ല. ഈ ദിശയിൽ രാജ്യം ഒരു സുപ്രധാന കാമ്പെയ്ൻ ആരംഭിക്കുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ കാമ്പയിൻ ആണ് ‘പ്രകൃതി പരീക്ഷൻ അഭിയാൻ’ (പ്രകൃതി പരിശോധന കാമ്പെയ്ൻ)! കാരണം ആയുർവേദം മൂലം ഒരു രോഗി സുഖം പ്രാപിക്കുമ്പോൾ അതിൻ്റെ ഫലം ദൃശ്യമാണ്, പക്ഷേ തെളിവുകൾ ലഭ്യമല്ല. ആഗോള ആരോഗ്യത്തിന് ആവശ്യമായ ഔഷധസസ്യങ്ങൾ നമ്മുടെ പക്കലുണ്ടെന്ന് ലോകത്തെ കാണിക്കാൻ ഫലങ്ങളും തെളിവുകളും ആവശ്യമാണ്. ഈ കാമ്പെയ്‌ന് കീഴിൽ, ആയുർവേദ തത്വങ്ങളെ അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും അനുയോജ്യമായ ഒരു ജീവിതശൈലി രൂപപ്പെടുത്താൻ നമുക്ക് കഴിയും. രോഗങ്ങൾ വരുന്നതിന് മുമ്പ് നമുക്ക് വ്യക്തികൾക്കായി അപകടസാദ്ധ്യത വിശകലനം നടത്താം. ഈ ദിശയിലുള്ള നല്ല പുരോഗതി നമ്മുടെ ആരോഗ്യമേഖലയെ പൂർണ്ണമായും പുനർനിർവചിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ നമുക്ക് ലോകത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകാൻ കഴിയും.
സുഹൃത്തുക്കളെ,
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ വിജയത്തിൻ്റെ മറ്റൊരു പ്രധാന കാരണം എല്ലാ തത്വങ്ങളുടെയും ലാബിലെ സാധൂകരണമാണ്. നമ്മുടെ പരമ്പരാഗത ആരോഗ്യസംരക്ഷണ സംവിധാനവും ഈ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. അശ്വഗന്ധ, മഞ്ഞൾ, കുരുമുളക് എന്നിവ നോക്കൂ- തലമുറകളായി എത്രയെത്ര ഔഷധസസ്യങ്ങളാണ് നാം വിവിധ ചികിത്സകൾക്കായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, ഉയർന്ന സ്വാധീനമുള്ള പഠനങ്ങൾ അവയുടെ പ്രയോജനം തെളിയിക്കുന്നു. തൽഫലമായി, അശ്വഗന്ധ പോലുള്ള ഔഷധസസ്യങ്ങളുടെ ആവശ്യം ലോകമെമ്പാടും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ, അശ്വഗന്ധ സത്തയുടെ വിപണി ഏകദേശം 2.5 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലാബുകളിൽ സാധൂകരിക്കുന്നതിലൂടെ ഈ ഔഷധസസ്യങ്ങളുടെ മൂല്യനിർണ്ണയം എത്രത്തോളം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്! നമുക്ക് ഒരു വലിയ വിപണി സൃഷ്ടിക്കാൻ കഴിയും!
അതുകൊണ്ട് സുഹൃത്തുക്കളെ,
ആയുഷിൻ്റെ വിജയത്തിൻ്റെ സ്വാധീനം ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. ആഗോള ക്ഷേമ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം ഭാരതത്തിൽ ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് അതിവേഗം വളരുന്ന മേഖലകളിലൊന്നായി ആയുഷ് മാറി. 2014ൽ ആയുഷുമായി ബന്ധപ്പെട്ട നിർമാണ മേഖലയുടെ മൂല്യം 3 ബില്യൺ ഡോളറായിരുന്നു; ഇന്ന് അത് ഏകദേശം 24 ബില്യൺ ഡോളറായി വളർന്നു. പത്ത് വർഷത്തിനുള്ളിൽ 8 മടങ്ങ് വളർച്ചയെന്നാണ് ഇതിനർത്ഥം. അതുകൊണ്ടാണ് ഇന്ന് രാജ്യത്തെ യുവജനങ്ങൾ പുതിയ ആയുഷ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നത്. 900-ലധികം ആയുഷ് സ്റ്റാർട്ടപ്പുകൾ നിലവിൽ രാജ്യത്ത് പരമ്പരാഗത ഉൽപന്നങ്ങൾ, സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള പുതിയ ഉൽപ്പന്നങ്ങൾ, പുതിയ സേവനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് 150 രാജ്യങ്ങളിലേക്ക് ബില്യൺ കണക്കിന് ഡോളറിൻ്റെ ആയുഷ് ഉൽപ്പന്നങ്ങൾ ഭാരതം കയറ്റുമതി ചെയ്യുന്നു. ഇത് നമ്മുടെ കർഷകർക്ക് നേരിട്ട് ഗുണം ചെയ്യും. ഒരുകാലത്ത് പ്രാദേശിക വിപണികളിൽ മാത്രം ഒതുങ്ങിയിരുന്ന ഔഷധസസ്യങ്ങളും സൂപ്പർഫുഡുകളും ഇന്ന് ആഗോള വിപണിയിൽ എത്തുകയാണ്.
സുഹൃത്തുക്കളെ,
കർഷകർക്ക് ഈ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, ഗവണ്മെൻ്റ് ഔഷധസസ്യ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നു. നമാമി ഗംഗെ പദ്ധതിക്ക് കീഴിൽ ഗംഗയുടെ തീരത്ത് പ്രകൃതി കൃഷിയും ഔഷധസസ്യ ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ ദേശീയ സവിശേഷതയുടെയും സാമൂഹിക ഘടനയുടെയും സാരാംശം ഈ വാചകത്തിൽ ഉൾക്കൊള്ളുന്നു: “सर्वे भवन्तु सुखिनः, सर्वे सन्तु निरामयः” എല്ലാവരും സന്തോഷത്തോടെയിരിക്കട്ടെ; എല്ലാവരും രോഗത്തിൽ നിന്ന് മുക്തരാവട്ടെ. കഴിഞ്ഞ പത്ത് വർഷമായി, 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന മന്ത്രം പിന്തുടർന്ന് ഞങ്ങൾ ഈ വികാരത്തെ രാജ്യത്തിൻ്റെ നയങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വരുന്ന 25 വർഷങ്ങളിൽ, ആരോഗ്യമേഖലയിലെ ഞങ്ങളുടെ ശ്രമങ്ങൾ ഒരു 'വികസിത ഭാരതത്തിന്' ശക്തമായ അടിത്തറയിടും. ധന്വന്തരി ഭഗവാൻ്റെ അനുഗ്രഹത്താൽ, ‘നിരാമയ് ഭാരത്’ (ആരോഗ്യകരമായ ഇന്ത്യ) എന്നതിനൊപ്പം ‘വികസിത ഭാരതം’ എന്ന സ്വപ്നവും നാം തീർച്ചയായും സാക്ഷാത്കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഫലങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചും ഞാൻ സംസാരിക്കുമ്പോൾ, ആയുർവേദവുമായി ബന്ധപ്പെട്ട നമ്മുടെ രാജ്യത്തിൻ്റെ വിശാലമായ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിന് നാം കാര്യമായ ശ്രമങ്ങൾ നടത്തുകയാണ്. അത്തരം കൈയെഴുത്തുപ്രതികൾ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നു. ഈ പൈതൃകം സംരക്ഷിക്കുന്നതിനായി രാജ്യം ദൗത്യ മാതൃകയിൽ പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ഈ വിജ്ഞാന നിധികളെല്ലാം കല്ലുകളിൽ ആലേഖനം ചെയ്‌തിരിക്കാം, ചെമ്പ് തകിടുകളിൽ എഴുതിയിരിക്കാം, അല്ലെങ്കിൽ കൈയെഴുത്തു പ്രതികളിൽ കണ്ടെത്താം. ഇതെല്ലാം ശേഖരിക്കാനും നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ, ആ അറിവിൽ നിന്ന് പുതിയ സ്ഥിതിവിവരക്കണക്കുകൾ വേർതിരിച്ചെടുക്കാൻ സാങ്കേതികവിദ്യയുമായി അതിനെ ബന്ധിപ്പിക്കാനും നാം ലക്ഷ്യമിടുന്നു. ആ ദിശയിലുള്ള സുപ്രധാനമായ ഒരു ശ്രമത്തിലാണ് ഞങ്ങൾ.
സുഹൃത്തുക്കളെ,
ഈ അവസരത്തിൽ, രാജ്യത്തെ 70 വയസ്സിനു മുകളിലുള്ള എല്ലാ ബഹുമാന്യരായ മുതിർന്നവർക്കും ഒരിക്കൽ കൂടി ഞാൻ എൻ്റെ ആദരം അർപ്പിക്കുന്നു, നിങ്ങളെ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
നന്ദി!
-SK-
(Release ID: 2097616)
Visitor Counter : 22
Read this release in:
Tamil
,
Gujarati
,
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Telugu
,
Kannada