ആയുഷ്
മഹാകുംഭത്തിൽ ആയുഷ് മന്ത്രാലയം
1.21 ലക്ഷത്തിലധികം പേർക്ക് സൗജന്യ ചികിത്സയും മരുന്നുകളും ലഭിച്ചു
അന്താരാഷ്ട്ര സന്ദർശകരുടെ പ്രധാന ആകർഷണ വേദികളിൽ ഒന്നായി ആയുഷ് സ്റ്റാളുകൾ
Posted On:
23 JAN 2025 4:56PM by PIB Thiruvananthpuram
പ്രയാഗ്‌രാജിലെ മഹാകുംഭ മേളയിൽ ഭക്തർക്കും തീർത്ഥാടകർക്കും സന്ദർശകർക്കും ആയുഷ് ഒപിഡികൾ, ക്ലിനിക്കുകൾ, സ്റ്റാളുകൾ, സെഷനുകൾ എന്നിവ പ്രധാന ആകർഷണമായി മാറുന്നു.ഉത്തർപ്രദേശിലെ നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് ആയുഷ് മന്ത്രാലയം, നിരവധി ആയുഷ് ചികിത്സാസൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ആഭ്യന്തര, അന്തർദേശീയ ഭക്തർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നു. 1.21 ലക്ഷത്തിലധികം ഭക്തർ ഈ സംവിധാനങ്ങളിൽ നിന്നും ആയുഷ് സേവനങ്ങൾ പ്രയോജനപ്പെടുത്തി.
മഹാകുംഭ മേളയോടനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്ന ആയുഷ് സംഘത്തിൽ 20 ഒപിഡികളിലായി 80 ഡോക്ടർമാർ 24 മണിക്കൂറും വൈദ്യസേവനങ്ങൾ നൽകുന്നു. ഈ ഒപിഡികൾ സാധാരണമോ ദീർഘസ്ഥായിയോ ആയ വിവിധ രോഗാവസ്ഥകൾ ചികിത്സിക്കുന്നതിന് സജ്ജമാണ്. വിദേശ ഭക്തരും ഒപിഡി ചികിത്സ ഉൾപ്പെടെയുള്ള ആയുഷ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു. കൂടാതെ, ന്യൂഡൽഹിയിലെ ആയുഷ് മന്ത്രാലയത്തിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) യിലെ പരിശീലകരുടെ നേതൃത്വത്തിൽ സംഗമ പ്രദേശത്തെയും സെക്ടർ-8 ലെയും നിശ്ചിത ക്യാമ്പുകളിൽ ദിവസേന രാവിലെ 8:00 മുതൽ 9:00 വരെ ചികിത്സയുടെ ഭാഗമായി യോഗ സെഷനുകൾ നടത്തുന്നു. ഈ സെഷനുകളിൽ അന്താരാഷ്ട്ര ഭക്തരുടെ പങ്കാളിത്തം, ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിൽ ആയുഷ് സേവനങ്ങളിലുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യവും വിശ്വാസവും എടുത്തുകാണിക്കുന്നു.
ആയുഷ് വൈദ്യ സംവിധാനങ്ങളുടെ പുരോഗതിയെക്കുറിച്ചുള്ള അറിവ് ഭക്തർക്ക് നൽകുന്നതിലും ഈ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ ഔഷധസസ്യ ബോർഡ്, ഔഷധ സസ്യങ്ങളുടെ ഒരു കലാപരമായ പ്രദർശനം നടത്തുകയും ഈ സസ്യങ്ങളുടെ പ്രയോജനങ്ങൾ ഉൾപ്പെടെ വിവരങ്ങൾ പങ്കിടാൻ വിദഗ്ധരെ നിയോഗിക്കുകയും ചെയ്തു. ഈ ഔഷധ സസ്യങ്ങൾ വളർത്തുന്നതിന്റെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ഭക്തരെ ബോധവൽക്കരിക്കുകയും സൗജന്യ തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് .
മഹാ കുംഭത്തിലെ ആയുഷ് നോഡൽ ഓഫീസർ ഡോ. അഖിലേഷ് സിംഗ്, “ഞങ്ങളുടെ സംഘം രോഗികളെ ചികിത്സിക്കുക മാത്രമല്ല, ഔഷധ സസ്യങ്ങളുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് അവരെ മനസ്സിലാക്കുകയും ചെയ്യുന്നു. അവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ജനങ്ങൾക്ക് ഉപജീവനമാർഗ്ഗവും സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” ന്നു അഭിപ്രായപ്പെട്ടു.
വയോജന പരിചരണവും സൗജന്യ ഔഷധ വിതരണവും
മഹാ കുംഭമേളയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളും കാൽസ്യം ഗുളികകളും ഉൾപ്പെടെയുള്ള മരുന്നുകളുടെ സൗജന്യ വിതരണവും ആയുഷ് സംഘം ഒരുക്കിയിട്ടുണ്ട്. വയോജനങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുന്നതിനുള്ള ആയുഷ് മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, വയോജനങ്ങൾക്ക് ആയുഷ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ മഹാ കുംഭിലെ ആയുഷ് സംംഘം പ്രതിബദ്ധത പുലർത്തുന്നു. ഇതുവരെയുള്ള ഗുണഭോക്താക്കളിൽ 45% പേരും പ്രായമേറിയവരാണ്. രോഗങ്ങളെയും അവയുടെ ആയുഷ് പരിഹാരങ്ങളെയും കുറിച്ചുള്ള വിജ്ഞാനപ്രദമായ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
ചർമ്മരോഗം ബാധിച്ച സുൽത്താൻപൂരിൽ നിന്നുള്ള ഭക്തനായ രഘുനന്ദൻ പ്രസാദ് തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു: “ആയുഷ് ക്യാമ്പിൽ നിന്ന് മരുന്നുകൾ കഴിച്ചതിനുശേഷം, എന്റെ അവസ്ഥ ക്രമേണ മെച്ചപ്പെട്ടു. ഇത്തരം സൗകര്യങ്ങൾ നൽകുന്നതിന് ഗവൺമെന്റിനോടും ആയുഷിനോടും ഞാൻ നന്ദി അറിയിക്കുന്നു.”
(Release ID: 2095771)
Visitor Counter : 9