വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ: ലോകത്തിലെ അതിവേഗം വളരുന്ന പ്രബല സമ്പദ്‌വ്യവസ്ഥ

ആഗോളതതലത്തിലെ 2.7% സാമ്പത്തിക വളര്‍ച്ചയെ മറികടന്ന് 6.7% വളര്‍ച്ച ഇന്ത്യയ്ക്ക് പ്രവചിച്ച് ലോകബാങ്ക്

Posted On: 18 JAN 2025 4:11PM by PIB Thiruvananthpuram

ആമുഖം

അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി നിലനിർത്തിക്കൊണ്ട് ആഗോള സാമ്പത്തിക രംഗത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക വീക്ഷണ (ജിഇപി) റിപ്പോർട്ടിന്റെ 2025 ജനുവരി പതിപ്പില്‍ 2026, 2027 സാമ്പത്തിക വർഷങ്ങളില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ  ആഗോള, പ്രാദേശിക തലങ്ങളില്‍ മറ്റുള്ളവരെ മറികടന്ന്  6.7% എന്ന സുസ്ഥിര നിരക്ക് കൈവരിക്കുമെന്ന് പ്രവചിക്കുന്നു. 2025-26 ൽ ആഗോള സാമ്പത്തിക വളർച്ച 2.7 ശതമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ ഈ പ്രകടനം ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷിയെയും ലോക സാമ്പത്തികരംഗത്തെ രൂപപ്പെടുത്തുന്നതിൽ വർധിച്ചുവരുന്ന പ്രാധാന്യത്തെയും അടിവരയിടുന്നു.

സർക്കാറിന്റെ പരിവർത്തനാത്മക സംരംഭങ്ങളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന സേവന മേഖലയും പുനരുജ്ജീവിപ്പിക്കപ്പെട്ട ഉൽപ്പാദന അടിത്തറയുമാണ് ഈ അസാധാരണ മുന്നേറ്റത്തിന് കാരണമെന്ന് ജിഇപി റിപ്പോർട്ട് പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം മുതൽ നികുതി ലളിതമാക്കൽ വരെ   നടപടികൾ ആഭ്യന്തര വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ആഗോള സാമ്പത്തിക സുസ്ഥിരതയുടെ ആധാരശിലയായി ഇന്ത്യയെ രൂപപ്പെടുത്തുകയും ചെയ്യുന്നു.  ഏറ്റവുമടുത്ത എതിരാളിയായ ചൈന അടുത്തവര്‍ഷം 4 ശതമാനം വളർച്ചയിലേക്ക് താഴുന്ന  സാഹചര്യത്തില്‍ ഇന്ത്യയുടെ ഉയർച്ച കേവലം സ്ഥിതിവിവരക്കണക്കിനേക്കാളുപരിയാണ്.   അഭിലാഷത്തിന്റെയും നവീകരണത്തിന്റെയും സമാനതകളില്ലാത്ത സാധ്യതകളുടെയും ശക്തമായ ഒരു കഥയാണത്.

ലോകബാങ്ക് റിപ്പോർട്ടിന് അനുബന്ധമായി അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ (WEO) ഏറ്റവും പുതിയ വിവരങ്ങളും  ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പാതയെ എടുത്തുപറയുന്നു. ഒക്ടോബറിലെ മുൻ പ്രവചനങ്ങളുമായി ചേര്‍ന്നുപോകുന്ന തരത്തില്‍ 2025 ലും 2026 ലും ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തില്‍ ശക്തമായി തുടരുമെന്ന് IMF പ്രവചിക്കുന്നു. സ്ഥിരതയാര്‍ന്ന ഈ വളർച്ചാ വീക്ഷണം ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക അടിസ്ഥാനങ്ങളെയും ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സാമ്പത്തികഗതി നിലനിർത്താനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നു. ലോകബാങ്കും IMF ഉം പ്രവചിച്ചതുപോലെ തുടര്‍ച്ചയായി ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പ്രകടനം  സാമ്പത്തികരംഗത്തെ രാജ്യത്തിന്റെ  പ്രതിരോധശേഷിയെ അടിവരയിടുകയും  പ്രബലവും സുസ്ഥിരവുമായ സാമ്പത്തിക അടിത്തറ എടുത്തുകാണിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയെ ആഗോള സാമ്പത്തിക രംഗത്ത് ഒരു നിർണായക ശക്തിയാക്കി മാറ്റുന്നു.

ലോക ബാങ്കിന്റെ ജിഇപി റിപ്പോർട്ടിന്റെ അവലോകനം

ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രവണതകളും പ്രവചനങ്ങളും പരിശോധിക്കുന്ന ലോക ബാങ്ക് ഗ്രൂപ്പിന്റെ ഒരു മുൻനിര പ്രസിദ്ധീകരണമാണ് ആഗോള സാമ്പത്തിക വീക്ഷണ (ജിഇപി) റിപ്പോർട്ട്. വളർന്നുവരുന്ന വിപണികളിലും വികസ്വര സമ്പദ്‌വ്യവസ്ഥകളിലും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് അവയുടെ വളർച്ചാപാതകളെയും വെല്ലുവിളികളെയും കുറിച്ച് ഉൾക്കാഴ്ചകൾ നല്‍കുന്നു.  ജനുവരിയിലും ജൂണിലുമായി വർഷത്തിൽ രണ്ടുതവണ പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോർട്ട് നയരൂപകർത്താക്കൾക്കും  സാമ്പത്തിക വിദഗ്ധർക്കും  ഗവേഷകർക്കും  സുപ്രധാന വിവരശേഖരമാണ്. ജനുവരി പതിപ്പ് അടിയന്തര നയപ്രശ്നങ്ങളുടെ വിശദമായ അവലോകനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍  ജൂൺ പതിപ്പ് ചെറുതും കേന്ദ്രീകൃതവുമായ വിശകലനങ്ങളാണ് നൽകുന്നത്.



21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ പ്രകടനത്തെക്കുറിച്ചുള്ള ആദ്യ സമഗ്ര അവലോകനം നല്‍കിക്കൊണ്ട് ഏറ്റവും പുതിയ GEP റിപ്പോർട്ട് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. 2025 അതിന്റെ ആദ്യ പാദത്തിന്റെ അവസാനഘട്ട സൂചന നൽകുന്നതിനാൽ 2000 മുതൽ ഈ സമ്പദ്‌വ്യവസ്ഥകൾ കൈവരിച്ച പുരോഗതി റിപ്പോർട്ടില്‍ വിലയിരുത്തുകയും അടുത്ത 25 വർഷത്തില്‍ അവയുടെ ഭാവി സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നു. ഈ പതിപ്പിൽ രണ്ട് വിശകലന അധ്യായങ്ങളുണ്ട്. ഒന്ന് ഇടത്തരം വരുമാനമുള്ള വളർന്നുവരുന്ന വികസ്വര സമ്പദ്‌വ്യവസ്ഥകൾ നേരിടുന്ന അവസരങ്ങളും വെല്ലുവിളികളും പരിശോധിക്കുമ്പോൾ മറ്റൊന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പുരോഗതിയിലും തടസ്സങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2025 ജനുവരി  റിപ്പോർട്ടിലെ  പ്രധാന കണ്ടെത്തലുകൾ

  • 2026,  2027 സാമ്പത്തിക വർഷങ്ങളില്‍  ആഗോള സാമ്പത്തിക രംഗത്ത്  ആധിപത്യം വീണ്ടുമുറപ്പിച്ചുകൊണ്ട്  അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും.
  • 2026, 2027 സാമ്പത്തിക വർഷങ്ങളില്‍  ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം 6.7 ശതമാനം സുസ്ഥിര വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • യാത്രാ-ചരക്കുനീക്ക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നികുതി സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ സേവന മേഖലയിലെ വളർച്ച ശക്തമായി തുടരുമെന്നും  ഉൽപ്പാദന മേഖല ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
  • ശക്തമായ തൊഴിൽ വിപണി, വായ്പകള്‍ എളുപ്പം പ്രാപ്യമാക്കല്‍, പണപ്പെരുപ്പത്തിലെ കുറവ് എന്നിവയാൽ ഇന്ത്യയിലെ സ്വകാര്യ ഉപഭോഗം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
  • വർധിച്ചുവരുന്ന സ്വകാര്യ നിക്ഷേപങ്ങൾ, മെച്ചപ്പെട്ട കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ, അനുകൂല ധനകാര്യ സാഹചര്യങ്ങൾ എന്നിവ വഴി ഇന്ത്യയുടെ നിക്ഷേപ വളർച്ച സുസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
  • 2025-26  സാമ്പത്തികവര്‍ഷം ആഗോള സാമ്പത്തിക വളർച്ച 2.7 ശതമാനത്തിൽ തുടരുമെന്ന  പ്രതീക്ഷ  ഇന്ത്യയുടെ മികച്ച പ്രകടനത്തെ എടുത്തുകാണിക്കുന്നു
  • വളർന്നുവരുന്ന വിപണിയും വികസ്വര സമ്പദ്‌വ്യവസ്ഥകളും (EMDEs) 2000 മുതൽ ഗണ്യമായ പരിവർത്തനത്തിന് വിധേയമായതോടെ ഇപ്പോൾ ആഗോള ജിഡിപിയുടെ 45 ശതമാനത്തോളം സംഭാവന ചെയ്യുന്നു; നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് 25 ശതമാനമായിരുന്നു.
  • നൂറ്റാണ്ടിന്റെ തുടക്കം മുതൽ മൂന്ന് വന്‍കിട EMDE-കളായ ഇന്ത്യ, ചൈന, ബ്രസീൽ എന്നിവ സംയുക്തമായി വാർഷിക ആഗോള വളർച്ചയുടെ ഏകദേശം 60 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.

 

വളർച്ചയെ നയിക്കുന്ന സർക്കാർ പദ്ധതികളും സംരംഭങ്ങളും

രാജ്യത്തെ സുസ്ഥിര സാമ്പത്തിക വളർച്ചയിലേക്കും ആഗോള നേതൃത്വത്തിലേക്കും നയിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ദർശനാത്മക പദ്ധതികളും സംരംഭങ്ങളും ഭാരതസര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പിഎം ഗതിശക്തി ദേശീയ ആസൂത്രണ പരിപാടിയ്ക്ക് കീഴിലെ അടിസ്ഥാന സൗകര്യ വികസനം മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ, ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതി തുടങ്ങിയ സംരംഭങ്ങളിലൂടെ നവീകരണം വളർത്തിയെടുക്കുന്നതുവരെ  പരിഷ്കാരങ്ങൾ ഉൽപ്പാദനം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക ഉൾച്ചേര്‍ക്കല്‍‌ തുടങ്ങിയ മേഖലകളെ മാറ്റിമറിക്കുന്നു. സാമ്പത്തിക പ്രതിരോധശേഷി കൈവരിച്ച, സ്വാശ്രയവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ഇത്  പ്രതിഫലിപ്പിക്കുന്നത്.

ഉപസംഹാരം

സമഗ്ര വളർച്ചയും നവീകരണത്തിലധിഷ്ഠിതമായ വികസനവും എന്ന  കാഴ്ചപ്പാടിന്റെ തെളിവാണ് ഇന്ത്യയുടെ ശ്രദ്ധേയമായ സാമ്പത്തികപാത. ഭാവി നയങ്ങൾ നടപ്പാക്കുന്നതിലൂടെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ വളർത്തുന്നതിലൂടെയും ഡിജിറ്റൽ പരിവർത്തനം കൈക്കൊള്ളുന്നതിലൂടെയും രാജ്യം അതിന്റെ ആഗോള സ്ഥാനം പുനർനിർവചിക്കുകയാണ്. അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ 6.7% സുസ്ഥിര വളർച്ച പ്രതീക്ഷിക്കുന്ന ഇന്ത്യ ആഗോള എതിരാളികളെ മറികടക്കുകയും സാമ്പത്തിക പ്രതിരോധത്തിലും പുരോഗതിയിലും ഒരു നേതാവെന്ന നിലയിൽ  സ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു. വിപണിയെ ഏകീകരിക്കുന്ന ചരക്കുസേവന നികുതി മുതൽ സംരംഭകത്വത്തെയും ഉൽപ്പാദനത്തെയും ശക്തിപ്പെടുത്തുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ, ഉൽപ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി തുടങ്ങിയ സംരംഭങ്ങൾ വരെ ശക്തവും  ചലനാത്മകവുമായ  ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് രാജ്യം. ഈ ഗതിവേഗത്തില്‍  അതുല്യ പുരോഗതി കൈവരിക്കുന്നതിൽ അഭിലാഷത്തിന്റെയും പ്രതിരോധത്തിന്റെയും തന്ത്രപരമായ ഭരണ നിര്‍വഹണത്തിന്റെയും ശക്തമായ ഉദാഹരണമെന്നോണം  ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ.


അവലംബം:
https://openknowledge.worldbank.org/server/api/core/bitstreams/2f23708f-a06a-4dd5-872f-09b10e362ab4/content
https://openknowledge.worldbank.org/collections/09c5e8fc-187f-5c2f-a077-3e03044c7b62?spc.sf=dc.date.issued&spc.sd=DESC
https://www.imf.org/en/Publications/WEO/Issues/2025/01/17/world-economic-outlook-update-january-2025

PDF കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  
*****

(Release ID: 2094432) Visitor Counter : 19